വരുന്നു ന്യൂ ജെന്‍ പാന്‍ കാര്‍ഡ്, പഴയ പാന്‍ കാര്‍ഡ് മാറ്റണോ? ഉപയോക്താക്കൾ അറിയേണ്ടവ
പാന്‍/ടാന്‍ സേവനങ്ങളുടെ സാങ്കേതികവിദ്യാധിഷ്ഠിത മാറ്റത്തിലൂടെ നികുതിദായകരുടെ രജിസ്ട്രേഷന്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഒരു ഇ-ഗവേണന്‍സ് സംരംഭമാണ് പാന്‍ 2.0
ആദായ നികുതി വകുപ്പിന്‍റെ പാന്‍ 2.0 പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെ ക്യുആര്‍ കോഡ് സൗകര്യമുള്ള ഒരു പുതിയ പാന്‍ കാര്‍ഡ് ഉടന്‍ ലഭിക്കും. നിലവിലെ പാന്‍കാര്‍ഡ് സോഫ്റ്റ്വെയര്‍ 15-20 വര്‍ഷം പഴക്കമുള്ളതാണെന്നും നവീകരിക്കേണ്ടതുണ്ടെന്നും കണ്ടാണ് പാന്‍ 2.0 നടപ്പാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. നികുതിദായകര്‍ക്ക് പൂര്‍ണമായി ഡിജിറ്റല്‍ ആയി പാന്‍ സേവനം ലഭ്യമാക്കുന്നതിനായാണ് പുതിയ കാര്‍ഡ് നല്‍കുന്നത്. പാന്‍/ടാന്‍ സേവനങ്ങളുടെ സാങ്കേതികവിദ്യാധിഷ്ഠിത മാറ്റത്തിലൂടെ നികുതിദായകരുടെ രജിസ്ട്രേഷന്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഒരു ഇ-ഗവേണന്‍സ് സംരംഭമാണ് പാന്‍ 2.0 പദ്ധതി. 1435 കോടി രൂപയാണ് ഈ പദ്ധതിക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്.
പാന്‍ 2.0 പ്രത്യേകതകള്‍
* നികുതിദായകരുടെ രജിസ്ട്രേഷന്‍ സേവനങ്ങളില്‍ വലിയ മാറ്റത്തിന് സഹായിക്കും
* സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാം.
* ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കപ്പെടും
* ഗവണ്‍മെന്‍റ് ഏജന്‍സികളുടെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്കുള്ള ഒരു പൊതു തിരിച്ചറിയല്‍ മാര്‍ഗമായി പാന്‍ ഉപയോഗിക്കാം
പുതിയ പാന്‍ കാര്‍ഡ് എങ്ങനെ ലഭിക്കും?
പാന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് ഒരു പുതിയ പാന്‍ കാര്‍ഡ് ലഭിക്കും. ഇതിന് ഫീസൊന്നും നല്‍കേണ്ടതില്ല. ഉടമയുടെ വിലാസത്തില്‍ കാര്‍ഡ് എത്തിക്കും. പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കേണ്ടിവരും. രാജ്യത്ത് ഇതുവരെ 78 കോടി പാനുകള്‍ വിതരണം ചെയ്തിട്ടുണ്ട്, അതില്‍ 98 ശതമാനം പാനും വ്യക്തിഗത തലത്തിലാണ് നല്‍കിയത്.
പാന്‍കാര്‍ഡിന്‍റെ പ്രാധാന്യം
ഒരു ബാങ്ക് അക്കൗണ്ട് തുറക്കുന്നത് മുതല്‍ നിങ്ങളുടെ ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നത് വരെയുള്ള ഒരു പ്രധാന രേഖയാണ് പാന്‍ കാര്‍ഡ്. പണമിടപാടുകള്‍ ഉള്‍പ്പെടുന്ന മിക്കവാറും എല്ലാ സ്ഥലങ്ങളിലും പാന്‍ കാര്‍ഡ് ആവശ്യമാണ്. നിക്ഷേപം, വസ്തു വാങ്ങല്‍ തുടങ്ങിയ സമയങ്ങളില്‍ ഡോക്യുമെന്‍റ് പ്രൂഫ് ആയും ഇത് ഉപയോഗിക്കാറുണ്ട്.അതിനാല്‍ പാന്‍ കാര്‍ഡ് ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്.