പോക്കറ്റിലുള്ള നോട്ട് ഒറിജിനലാണോ? 500 രൂപയുടെ കള്ള നോട്ടുകൾ പെരുകുന്നു; വ്യാജനെ എങ്ങനെ തിരിച്ചറിയാം?
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 500 രൂപയുടെ വ്യാജ നോട്ടുകളില്‍ 317 ശതമാനം വര്‍ധനവുണ്ടായതായാണ് കണക്കുകള്‍
നമ്മുടെ പേഴ്സില്‍ കിടക്കുന്ന 500 രൂപ നോട്ട് വ്യാജമാണോ എന്ന് ഭയക്കേണ്ടിയിരിക്കുന്നു. കാരണം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 500 രൂപയുടെ വ്യാജ നോട്ടുകളില്‍ 317 ശതമാനം വര്‍ധനവുണ്ടായതായാണ് കണക്കുകള്‍. കേന്ദ്ര ധനമന്ത്രാലയം തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം, 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 21,865 ദശലക്ഷം വ്യാജ കറന്‍സികള്‍ ഉണ്ടായിരുന്നത് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 91,110 ദശലക്ഷം കറന്‍സികളായി വര്‍ധിച്ചു. അതേ സമയം 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 15 ശതമാനം കുറഞ്ഞിട്ടുണ്ട്, ഈ കാലയളവില്‍ വ്യാജ നോട്ടുകളുടെ എണ്ണം 85,711 ദശലക്ഷം ആയി
2021-22 സാമ്പത്തിക വര്‍ഷത്തില്‍ വ്യാജ 500 രൂപ നോട്ടുകളുടെ എണ്ണം കുത്തനെ കൂടി. ഇത് 2020-21 സാമ്പത്തിക വര്‍ഷത്തിലെ 39,453 ദശലക്ഷം കറന്‍സികളില്‍ നിന്ന് 79,669 ദശലക്ഷം ആയി ഇരട്ടിയായി. 102 ശതമാനം ആണ് വര്‍ധന. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ വിനിമയത്തിലുണ്ടായിരുന്ന 2000 രൂപയുടെ വ്യാജ നോട്ടുകള്‍ 166 ശതമാനം കുത്തനെ വര്‍ധിച്ചു. അതേ സമയം എല്ലാ വിഭാഗങ്ങളിലുമുള്ള വ്യാജ കറന്‍സികളില്‍ മൊത്തത്തില്‍ 30 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 3,17,384 വ്യാജ നോട്ടുകള്‍ ഉണ്ടായിരുന്നത് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 2,22,639 ആയി കുറഞ്ഞു.
ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത രീതിയിലാണ് പുതിയ വ്യാജ കറന്‍സികള്‍ പുറത്തിറങ്ങുന്നത്. 500 രൂപ ഒറിജിനലാണോ എന്ന് എങ്ങനെ മനസിലാക്കാം?
* യഥാര്‍ത്ഥ 500 രൂപ നോട്ടിന്‍റെ ഔദ്യോഗിക വലുപ്പം 66 എംഎം ഃ 150 എംഎം ആണ്.
* നോട്ടിലെ ദേവനാഗരിയിലാണ് മൂല്യ സംഖ്യ 500 എന്ന് പ്രിന്‍റ് ചെയ്തിരിക്കുന്നത്.
* നോട്ടിന്‍റെ മധ്യഭാഗത്തായി മഹാത്മാഗാന്ധിയുടെ ചിത്രമുണ്ടാകും.
* സൂക്ഷ്മ അക്ഷരങ്ങളില്‍ 'ഭാരത്', 'ഇന്ത്യ' എന്നിവ ഉണ്ടായിരിക്കും.
* 'ഇന്ത്യ', 'ആര്‍ബിഐ' എന്നീ ലിഖിതങ്ങളുള്ള കളര്‍ ഷിഫ്റ്റ് വിന്‍ഡോ ഉപയോഗിച്ച് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടാകും
* 500 രൂപ നോട്ട് വളയുമ്പോള്‍, നൂലിന്‍റെ നിറം പച്ചയില്‍ നിന്ന് നീലയിലേക്ക് മാറുന്നു.
* ഗ്യാരണ്ടി ക്ലോസ്, പ്രോമിസ് ക്ലോസ്, ഗവര്‍ണറുടെ ഒപ്പ്, വലതുവശത്ത് മഹാത്മാഗാന്ധിയുടെ ഛായാചിത്രം എന്നിവയില്‍ ആര്‍ബിഐ ചിഹ്നമുണ്ട്.
* നോട്ടില്‍ മഹാത്മാഗാന്ധിയുടെ ഛായാചിത്രവും ഇലക്ട്രോടൈപ്പും (500) വാട്ടര്‍മാര്‍ക്ക് ഉണ്ട്.
* നോട്ടിന്‍റെ മുകളില്‍ ഇടതുവശത്തും താഴെ വലതുഭാഗത്തും ഒരു നമ്പര്‍ പാനലുണ്ട്.
* താഴെ വലതുഭാഗത്ത് രൂപ ചിഹ്നത്തോടൊപ്പം നിറം മാറുന്ന മഷിയില്‍ (പച്ച മുതല്‍ നീല വരെ) മൂല്യമുള്ള നമ്പറും ഉണ്ട്.
* നോട്ടിന്‍റെ വലതുവശത്ത് അശോകസ്തംഭത്തിന്‍റെ ചിഹ്നമുണ്ട്.
* 500 രൂപ നോട്ടിന്‍റെ ഇടതുവശത്ത് നോട്ട് അച്ചടിച്ച വര്‍ഷമാണ്.
* നോട്ടില്‍ സ്വച്ഛ് ഭാരത് ലോഗോ മുദ്രാവാക്യമുണ്ട്.