യുഎഎൻ ആധാറുമായി ബന്ധിപ്പിക്കണോ? ഓൺലൈനായും, ഓഫ് ലൈനായും ചെയ്യാം; വിശദാംശങ്ങൾ
ഇപിഎഫ്ഒ മാനദണ്ഡങ്ങൾ അനുസരിച്ച്, എല്ലാ ജീവനക്കാരും അസംഘടിത തൊഴിലാളികളും അവരുടെ ആധാർ കാർഡുകൾ എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.
സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവരുടെ റിട്ടയർമെന്റിന് ശേഷം സാമ്പത്തിക സുരക്ഷയ്ക്കായുള്ള ഒരു സേവിംഗ്സ് സ്കീമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അഥവാ ഇപിഎഫ് . എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ആണ് ഇപിഎഫ് നിക്ഷേപങ്ങൾ നിയന്ത്രിക്കുന്നത്. 20 ജീവനക്കാരോ അതിൽ കൂടുതലോ ഉള്ള സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ നിർബന്ധമായും ഇപിഎഫ്ഒയിൽ രജിസ്റ്റർ ചെയ്യണം. ജീവനക്കാർ പ്രതിമാസം അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 12 ശതമാനം ഇപിഎഫിലേയ്ക്ക് നീക്കിവെക്കുമ്പോൾ , അതേ തുക തൊഴിലുടമയും സംഭാവന ചെയ്യുന്നു.
യുഎഎൻ ആധാർ ലിങ്കിങ്
ഇപിഎഫ്ഒ മാനദണ്ഡങ്ങൾ അനുസരിച്ച്, എല്ലാ ജീവനക്കാരും അസംഘടിത തൊഴിലാളികളും അവരുടെ ആധാർ കാർഡുകൾ എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. 2023 ഏപ്രിലിലാണ് ഇപിഎഫിന്റെ യുഎഎൻ നമ്പർ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ഉത്തരവ് വന്നത്. നിലവിൽ ആധാറുമായി ബന്ധിപ്പിക്കുന്നതിന് 2024 മാർച്ച് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്.. ഇപിഎഫ് അംഗങ്ങൾക്ക് ഓൺലൈനായും ഓഫ്‌ലൈനായും ആധാറുമായി യുഎഎൻ ലിങ്ക് ചെയ്യാം.
ഉമാംഗ് ആപ്ലിക്കേഷൻ വഴി ലിങ്ക് ചെയ്യും വിധം
ആദ്യം ഉമാംഗ് ആപ്ലിക്കേഷൻ ലോഗിൻ ചെയ്‌ത് നിങ്ങളുടെ യുഎഎൻ നൽകുക.യുഎൻ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കും. ഒടിപി വെരിഫിക്കേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ, ആധാർ വിശദാംശങ്ങൾ നൽകുക. തുടർന്ന് ആധാർ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലും ഇമെയിൽ വിലാസത്തിലും മറ്റൊരു ഒടിപി നമ്പർ ലഭിക്കും. ഒടിപി നൽകുന്നതോടെ യുഎഎൻ-ആധാർ ലിങ്കിങ് പൂർത്തിയാകും.
.
യുഎഎൻ-ആധാർ ഓഫ്‌ലൈനായി ലിങ്ക് ചെയ്യും വിധം
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ശാഖകളോ, കോമൺ സർവീസ് സെന്ററുകളിലോ (സിഎസ്‌സി) സന്ദർശിച്ചും നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടുമായി ആധാർ ഓഫ്‌ലൈനായി ആധാർ ലിങ്ക് ചെയ്യാവുന്നതാണ്. ഇതിനായി യുഎഎൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അപേക്ഷ പൂരിപ്പിച്ച്, നിങ്ങളുടെ ആധാർ കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം നേരിട്ട് സമർപ്പിക്കേണ്ടതുണ്ട്.