സ്വർണവിപണി നിശ്ചലമാകും, വ്യാപാരികൾ സമരത്തിലേക്ക്
രാജ്യത്തെ സ്വർണാഭരണ വിപണിയുടെ നാലിലൊന്ന് വിഹിതമാണ് കേരളത്തിലുള്ളത്. ഹാൾമാർക്കിങ്ങിലെ പുതിയ നിർദേശം കനത്ത നഷ്ടമുണ്ടാക്കുമെന്ന് വ്യാപാരികൾ
തിരുവനന്തപുരം: അനിശ്ചിതകാല സമരത്തിനിറങ്ങാന്‍ ഓൾകേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ. സ്വർണാഭരണങ്ങളിൽ പഴയ ഹാൾമാർക്കിംഗ് മുദ്ര മായ്ച്ച് പുതിയ ഹാൾമാർക്കിംഗ് മുദ്ര (എച്ച് യു ഐ ഡി) പതിപിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിലെ അപാകതകൾ പരിഹരിക്കണമെന്നും, 6 മാസത്തെ സാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സമരം.
ALSO READ: വിപണിയിൽ 'വിലയുദ്ധം'; കരുനീക്കി മുകേഷ് അംബാനി
ഇതിന്റെ ഭാഗമായി ഏപ്രിൽ 1 ന് ഓൾകേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ കരിദിനം ആചരിക്കുമെന്നും ഏപ്രിൽ 3 ന് കൊച്ചി ബ്യൂറോ ഓഫ് ഇൻഡ്യൻ സ്റ്റാൻഡേർസ് ഓഫീസിനു മുന്നിൽ ധർണ നടത്തുമെന്നും ഏപ്രിൽ 5 ന് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തുമെന്നും സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനിച്ചതായി ഓൾകേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
ALSO READ: 9 ശതമാനത്തിന് മുകളിൽ പലിശ; ഫിക്സഡ് ഡെപ്പോസിറ്റിന് വമ്പൻ പലിശയുമായി ഈ മൂന്ന് ബാങ്കുകൾ
സ്വർണ വ്യാപാര മേഖലയിലെ ഇടപാടുകൾ കൂടുതൽ സുതാര്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹാൾമാർക്കിങ് യുണീക് ഐഡന്റിഫിക്കേഷൻ (എച്ച്.യു.ഐ.ഡി.) നിർബന്ധമാക്കുന്നത്. എന്നാൽ നിലവിൽ ഒരു ആഭരണത്തിൽ നിന്നും ഹാൾമാർക്ക് മുദ്ര മായ്ച്ച് പുതിയ മുദ്ര പതിപ്പിക്കുമ്പോൾ 2 മില്ലിഗ്രാം മുതൽ 5 മില്ലിഗ്രാം വരെ സ്വർണം നഷ്ടപ്പെടുന്നു. ഇത് ലക്ഷക്കണക്കിന് ആഭരണത്തിലാവുമ്പോൾ വലിയ നഷ്ടമാണ് വ്യാപാരികൾക്കുണ്ടാവുക എന്ന് അഡ്വ. എസ്. അബ്ദുൽ നാസർ വ്യക്തമാക്കുന്നു. ഈ കാരണത്താൽ, ബിഐഎസ് നിബന്ധന അനുസരിച്ച് ഹാൾമാർക്കിങ് മുദ്ര പതിപ്പിച്ച ആഭരങ്ങൾ വിറ്റഴിക്കാൻ അനുവദിക്കണമെന്നതാണ് ഓൾകേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ ആവശ്യമെന്നും ഇത് സംബന്ധിച്ച നിവേദനം കേന്ദ്ര മന്ത്രി പീയൂഷ് ഗോയലിന് നൽകിയതായും അഡ്വ. എസ്. അബ്ദുൽ നാസർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
രാജ്യത്തെ സ്വർണാഭരണ വിപണിയുടെ നാലിലൊന്ന് വിഹിതമാണ് കേരളത്തിലുള്ളത്. കേരളത്തിലെ ചെറുതും വലുതുമായ വ്യാപാരികൾക്ക് കനത്ത നഷ്ടമാകും പഴയ ഹാൾമാർകിങ് മുദ്ര മായ്ച്ച് പുതിയവ പതിപ്പിക്കുമ്പോൾ. അതിനാൽ ഹാൾമാർക്ക് എച്ച് യു ഐ ഡി ചെയ്തു മാറുന്നതിനുള്ള വളരെ ന്യായമായ സാവകാശം മാത്രമാണ് ഓൾകേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ALSO READ:'ആ പണി ഞങ്ങൾ ചെയ്യില്ല'; വെളിപ്പെടുത്തലുമായി ഫ്ലിപ്കാർട്ട്
ALSO READ: റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തോ? സമയ പരിധി നീട്ടി; ഓൺലൈനായും ഓഫ്‌ലൈനായും ചെയ്യാം