എയർ ഇന്ത്യയ്ക്ക് വീണ്ടും ചീത്തപ്പേര്; 42 യാത്രക്കാരിൽ ഒരാൾക്ക് ലഗേജ് നഷ്ടപ്പെടാമെന്ന് റിപ്പോർട്ട്
എയർ ഇന്ത്യയിൽ യാത്ര ചെയ്യുമ്പോൾ ഒരു യാത്രക്കാരന്റെ ലഗേജ് നഷ്ടപ്പെടാനുള്ള സാധ്യത 2.42 ശതമാനം ആണന്നും വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.
എയർഇന്ത്യയെ ഏറ്റവും മികച്ച എയർലൈനുകളുടെ പട്ടികയിലേക്ക് കൊണ്ടുവരാനുള്ള കഠിന ശ്രമത്തിലാണ് ഉടമകളായ ടാറ്റ ഗ്രൂപ്പ്. പക്ഷെ പലപ്പോഴും പുറത്തുവരുന്നത് ചീത്തപ്പേരാണെന്ന് മാത്രം. ഏറ്റവുമൊടുവിലായി പുറത്തുവരുന്ന റിപ്പോർട്ട് എയർഇന്ത്യയെ നാണം കെടുത്തുന്നതാണ്. കണക്കുകൾ പ്രകാരം, ഒരു മാസത്തിനുള്ളിൽ എയർ ഇന്ത്യയ്ക്ക് നഷ്ടമായത് 43,680 ലഗേജുകൾ ആണ്. ഓരോ ദിവസവും ശരാശരി 1,456 ബാഗുകൾ ആണ് നഷ്ടപ്പെടുന്നത്. 'luggagelosers.com' എന്ന വെബ്‌സൈറ്റാണ്, വിമാനത്താവളങ്ങളിൽ നഷ്ടപ്പെട്ട ലഗേജുകളുടെ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. എയർ ഇന്ത്യയിൽ യാത്ര ചെയ്യുമ്പോൾ ഒരു യാത്രക്കാരന്റെ ലഗേജ് നഷ്ടപ്പെടാനുള്ള സാധ്യത 2.42 ശതമാനം ആണന്നും വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. 42 യാത്രക്കാരിൽ ഒരാൾക്ക് എയർ ഇന്ത്യയിൽ ബാഗുകൾ നഷ്ടപ്പെടാം. റിപ്പോർട്ട് പ്രകാരം മറ്റൊരു ഇന്ത്യൻ വിമാന കമ്പനിയായ സ്‌പൈസ് ജെറ്റിൽ ഒരു മാസത്തിനിടെ 11,081 ബാഗുകൾ നഷ്ടപ്പെട്ടു.
എയർപോർട്ട് ലഗേജ് കൈകാര്യം ചെയ്യുന്നതിൽ ഏറ്റവും മോശം രാജ്യങ്ങളുടെ പട്ടികയിൽ ആഗോളതലത്തിൽ ഇന്ത്യയാണ് ഒന്നാമത്. ഒരു മാസത്തിൽ 74,938 ബാഗുകൾ ആണ് ഇന്ത്യയിൽ നഷ്ടപ്പെടുന്നത്. ഇന്ത്യൻ വിമാനത്താവളത്തിൽ ഒരു യാത്രക്കാരന് ബാഗുകൾ നഷ്ടപ്പെടാനുള്ള സാധ്യത 85 ൽ 1 ആണ്.
ആഗോളതലത്തിൽ വെസ്റ്റ്‌ജെറ്റ് എയർലൈൻസ്, എയർ ലിംഗസ്, ബ്രിട്ടീഷ് എയർവേസ്, ഐബീരിയ എന്നിവയും ലഗേജ് കൈകാര്യം ചെയ്യുന്നതിൽ ഏറ്റവും മോശം കമ്പനികളുടെ പട്ടികയിൽ ഉണ്ട്. സാധാരണഗതിയിൽ, വിമാനക്കമ്പനിയിൽ നഷ്ടപ്പെട്ട ലഗേജ് രണ്ട് ദിവസത്തിനുള്ളിൽ ഉടമയ്ക്ക് തിരികെ നൽകും. ചട്ടങ്ങൾ അനുസരിച്ച്, പരാതി സമർപ്പിച്ച് 21 ദിവസത്തിനുള്ളിൽ ലഗേജ് കണ്ടെത്തി നൽകിയ വിലാസത്തിൽ ഉടമയ്ക്ക് കൈമാറണം.
ഉപഭോക്താക്കളുടെ ലഗേജ് നഷ്‌ടപ്പെടാതെ നോക്കുന്ന മികച്ച എയർലൈനുകളിൽ ലതാം ബ്രസീലും സിംഗപ്പൂർ ആസ്ഥാനമായ സ്‌കൂട്ടും ആണ് മുമ്പന്തിയിലുള്ളത്. അതേ സമയം ഈ കണക്കുകളെല്ലാം ഏതെങ്കിലും അംഗീകൃത ഏജൻസി പരിശോധിച്ചിട്ടില്ലെന്ന് റിപ്പോർട്ട് പുറത്തുവിട്ട മാധ്യമങ്ങൾ വ്യക്തമാക്കി.