ഉറക്കം മെച്ചപ്പെടുത്താം, ചെറുപ്പമായിരിക്കാം; ബ്രയാൻ ജോൺസൺ നൽകുന്ന 10 ടിപ്പുകൾ
പരമാവധി നേരത്തെ ഭക്ഷണം കഴിക്കുക, മദ്യം, കോഫി പോലുള്ളവ ഉറക്കത്തിന് മുൻപ് ഒഴിവാക്കുക എന്നതാണ് നാലും അഞ്ചും കാര്യങ്ങൾ.
"ഏജ് റിവേഴ്‌സിംഗ്" പ്രക്രിയയിലൂടെ ലോകശ്രദ്ധ നേടുന്ന ടെക് സംരംഭകനായ ബ്രയാൻ ജോൺസന്റെ പുതിയ വീഡിയോ വൈറലാകുന്നു. ചെറുപ്പമായിരിക്കാനും നല്ല ആരോഗ്യം കാത്തുസൂക്ഷിക്കാനും ഉറക്കം പ്രധാന വങ്കുവഹിക്കുന്നുെണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. തന്റെ സോഷ്യൽ മീഡിയാ പേജിൽ പങ്കുവെച്ച 10 മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിലാണ് ഇദ്ദേഹം നല്ല ഉറക്കം നേടുന്നതിനുള്ള 10 ടിപ്പുകൾ പങ്കുവെച്ചത്.
ഉറക്കം ഒരാളുടെ ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണന്നാണ് ബ്രയാൻ ജോൺസൺ പറയുന്നത്. ഉറക്കമില്ലാത്തവണ്ണം മനുഷ്യർ തിരക്കിലായി മാറുന്ന പുതിയകാല ജീവിതത്തെ ബ്രയാൻ വിമർശിച്ചു.
നല്ല ഉറക്കം ലഭിക്കുന്നതിനുള്ള ആദ്യ ടിപ്പായി ഇദ്ദേഹം സൂചിപ്പിക്കുന്നത് ഉറക്കത്തിന് ദിനചര്യയിൽ പ്രഥമ പരിഗണന കൊടുക്കുക എന്നതാണ്. മറ്റെല്ലാം ജോലികളും കഴിഞ്ഞ് ഉറങ്ങാൻ ശ്രമിക്കാതെ ഉറക്കത്തെ നമ്മുടെ മുൻഗണനയിൽ ആദ്യത്തേത് ആക്കുക എന്നാണദ്ദേഹം പറയുന്നത്.
രണ്ടാമതായി, എല്ലാവർക്കും സ്ഥിരമായ ഒരു സമയം ഉറങ്ങാനായി ഉണ്ടാകണമെന്നും താൻ എല്ലാ ദിവസവും രാത്രി 8.30 -ന് ഉറങ്ങി അഞ്ച് മണിക്ക് ഉണരുമെന്നും ഇദ്ദേഹം പറയുന്നു.
മൂന്നാമതായി, ഒരു സുപ്രധാന കാര്യത്തെക്കുറിച്ച് മറ്റുള്ളവരുമായി കലഹിച്ചതിന് ശേഷമോ നിർണായകമായ കാര്യങ്ങൾ ആലോചിച്ചുകൊണ്ടോ ഉറക്കത്തിന് തൊട്ടുമുൻപുള്ള സമയം ചെലവഴിക്കാൻ പാടില്ല.
പരമാവധി നേരത്തെ ഭക്ഷണം കഴിക്കുക, മദ്യം, കോഫി പോലുള്ളവ ഉറക്കത്തിന് മുൻപ് ഒഴിവാക്കുക എന്നതാണ് നാലും അഞ്ചും കാര്യങ്ങൾ.
ആറാമത്തെ പോയിന്റ്, കിടപ്പുമുറിയിലെ വെളിച്ചത്തെ കൃത്യമായി ക്രമീകരിക്കുക എന്നതാണ്. ഗാഡ്‌ജെറ്റ് സ്‌ക്രീനുകളുടെ നീല ലൈറ്റുകൾ ഒഴിവാക്കുന്നതിനെക്കുറിച്ചും കിടപ്പുമുറിയിൽ ബ്ലാക്ക്ഔട്ട് കർട്ടനുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
ഏഴാമതായി, ഒരാൾ ഉറങ്ങുമ്പോൾ മുറിയിൽ അനുയോജ്യമായ താപനില നിലനിർത്തുക എന്നതാണ്.
സമാധാനപരമായ ഉറക്കത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് എട്ടാമത്തെ കാര്യം.
ഒമ്പതാമത്തെ കാര്യമായി ഇദ്ദേഹം പറയുന്നത്, പ്രകാശത്തെ നിയന്ത്രിക്കുന്നതും കൈകാര്യം ചെയ്യുന്നതും ശീലമാക്കുക എന്നതാണ്. പുറത്ത് വെളിച്ചമുള്ളപ്പോൾ ശരീരത്തിന് ഊർജ്ജസ്വലതയും ഇരുട്ടായിരിക്കുമ്പോൾ ഉറക്കവും അനുഭവപ്പെടുന്ന തരത്തിൽ പരിശീലിപ്പിക്കണമെന്ന് ബ്രയാൻ ജോൺസൺ വിശദീകരിച്ചു.
അവസാനമായി വൂപ്പ് ബാൻഡ് വഴി സ്ലീപ്പ് ഡാറ്റ ശേഖരിക്കുകയും ഉറക്കത്തിന്റെ രീതികളെക്കുറിച്ച് നന്നായി അറിയാൻ അത് ഉപയോഗിക്കുകയും ചെയ്യണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.