ക്രൂസിനോട് അവസാന പോരിന് ഒരുങ്ങാന്‍ ജോസ്‌ലു! തിരിച്ചടിച്ച് ക്രൂസ്; ജര്‍മനി-സ്‌പെയ്ന്‍ പോരിന് മുമ്പ് വാക്‌പോര്
യൂറോയ്ക്ക് ശേഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ച ക്രൂസ് വിരമിക്കാന്‍ തയാറായിക്കോളുവെന്നാണ് ജോസ്‌ലുവിന്റെ ഡയലോഗ്.
മ്യൂണിച്ച്: യൂറോ കപ്പ് ക്വാര്‍ട്ടറിന് മുന്നേ വാക്‌പോരുമായി സ്‌പെയിന്‍ - ജര്‍മനി താരങ്ങള്‍. ജര്‍മന്‍ താരം ടോണി ക്രൂസിന്റെ അവസാന മത്സരമാകും ഇതെന്ന് സ്‌പെയിന്‍ താരം ജോസ്‌ലു പറഞ്ഞു. ജോസ്‌ലുവിന്റേത് വെറും ആഗ്രഹം മാത്രമെന്ന് ടോണി ക്രൂസ് തിരിച്ചടിച്ചു. നാളെ രാത്രി 9.30നാണ് സ്‌പെയിന്‍ - ജര്‍മനി ക്വാര്‍ട്ടര്‍ മത്സരം. മത്സരത്തിന് മുമ്പ് റയലില്‍ ഒപ്പമുണ്ടായിരുന്ന ജര്‍മന്‍ സൂപ്പര്‍ താരം ടോണി ക്രൂസിന് നേരെയാണ് ജോസ്‌ലുവിന്റെ ഷോട്ട്.
യൂറോയ്ക്ക് ശേഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ച ക്രൂസ് വിരമിക്കാന്‍ തയാറായിക്കോളുവെന്നാണ് ജോസ്‌ലുവിന്റെ ഡയലോഗ്. പക്ഷേ പറയുന്നത് പോലെ അതത്ര എളുപ്പമാവില്ലെന്ന് സ്‌പെയിന്‍ ടീമിന് നന്നായി അറിയാം. കാരണം ഈ യൂറോയില്‍ ജര്‍മനിയുടെ മൈതാനത്തെ കളി മെനയുന്നത് ക്രൂസിന്റെ തലച്ചോറാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ പാസിങ്ങിലെ കൃത്യത കൊണ്ട് ഞെട്ടിച്ച ക്രൂസ് തകര്‍പ്പന്‍ ഫോമിലുമാണ്. ചാംപ്യന്‍സ് ലീഗ് കിരീടം നേടിയ ക്രൂസിന്റെ ലക്ഷ്യം നാട്ടില്‍ കിരീട ജേതാവായി വിരമിക്കല്‍ തന്നെയാണ്. ജോസ്‌ലുവിന്റെ ഡയലോഗ് ക്രൂസ് ഗംഭീരമായി തടുത്തിട്ടു.
ക്വാര്‍ട്ടറിലേത് അവസാന മത്സരമാകുമെന്ന് പ്രതീക്ഷിക്കുന്നില്ല, മികച്ചതാണ് ജര്‍മന്‍ ടീം. മറ്റ് ടീമുകള്‍ക്ക് എന്തും ആഗ്രഹിക്കാമെന്നും ക്രൂസ് പറഞ്ഞു. കളത്തിന് പുറത്തെ വാക്‌പോരിലെ ആവേശം കളിക്കളത്തില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 2008 യൂറോ കപ്പ് ഫൈനലില്‍ സ്‌പെയിനോട് തോറ്റതിന് മധുരപ്രതികാരെ ചെയ്യണം ജര്‍മനിക്ക്. രണ്ട് ലോകകപ്പുകളില്‍ വേഗം പുറത്തായതിന് നാട്ടിലൊരു കിരീടം തന്നെയാണ് മറുമരുന്ന്.
സ്‌പെയിനാകട്ടെ അടുത്തെങ്ങും ലോക ഫുട്‌ബോളില്‍ പറയാനൊരു വമ്പന്‍ നേട്ടമില്ല. ഒരു യൂറോ ഷെല്‍ഫിലെത്തിച്ചാല്‍ അവേശമാകും ആരാധകര്‍ക്ക്.