സീനിയർ സിറ്റിസണ്‍സ്, ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നില്ലേ? ഏത് ഫോമാണ് നൽകേണ്ടത്
മുതിർന്ന പൗരന്മാർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും, ഫയലിംഗ് പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും ആദായനികുതി ഇളവുകൾക്കുള്ള യോഗ്യത ഉറപ്പാക്കുന്നതിനുമായി പ്രത്യേക ആദായ നികുതി റിട്ടേൺ ഫോമുകൾ ഉണ്ട്
ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി അടുത്തുകൊണ്ടിരിക്കുകയാണ്. മുതിർന്ന പൗരന്മാരായ നികുതി ദായകരിൽ നിന്ന് ടിഡിഎസ് ഈടാക്കിയിട്ടുണ്ടെങ്കിലും അത് അവരുടെ മുഴുവൻ നികുതി ബാധ്യതയും ഉൾക്കൊള്ളുന്നതായിരിക്കണമെന്നില്ല. അതുകൊണ്ട് തന്നെ ആദായ നികുതി റിട്ടേൺ ഫയലിംഗ് പ്രധാനമാണ്.
ആദായനികുതി നിയമത്തിലെ 194 പി പ്രകാരം 75 വയസും അതിനുമുകളിലും പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് റിട്ടേൺ ഫയൽ ചെയ്യുന്നതിന് ഇളവുണ്ടെങ്കിലും ഈ ഇളവ് പ്രത്യേക വ്യവസ്ഥകൾക്ക് വിധേയമാണ്.
1. മൊത്തം വരുമാനം 5 ലക്ഷം കവിയാൻ പാടില്ല. കൂടാതെ പെൻഷനും പലിശ വരുമാനവും മാത്രമായിരിക്കണം.
2. പെൻഷൻ ലഭിക്കുന്ന അതേ ബാങ്കിൽ നിന്നാണ് പലിശ വരുമാനവും ഉണ്ടായിരിക്കേണ്ടത്.
3. ഇളവ് ക്ലെയിം ചെയ്യുന്നതിന് ഒരു ഡിക്ലറേഷൻ സമർപ്പിക്കേണ്ടതുണ്ട്.
മുതിർന്ന പൗരന്മാർ ഏത് ഐടിആർ ഫോം തിരഞ്ഞെടുക്കണം?
മുതിർന്ന പൗരന്മാർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും, ഫയലിംഗ് പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും ആദായനികുതി ഇളവുകൾക്കുള്ള യോഗ്യത ഉറപ്പാക്കുന്നതിനുമായി പ്രത്യേക ആദായ നികുതി റിട്ടേൺ (ITR) ഫോമുകൾ ഉണ്ട്
ITR-1 (സഹജ്): ശമ്പളം/പെൻഷൻ, സേവിംഗ്‌സ് അക്കൗണ്ടുകളിൽ നിന്നുള്ള പലിശ/നിശ്ചിത നിക്ഷേപങ്ങളിൽ നിന്നുള്ള പലിശ, റെസിഡൻഷ്യൽ പ്രോപ്പർട്ടിയിൽ നിന്നുള്ള വാടക വരുമാനം എന്നിവ ഉൾപ്പെടുന്ന മുതിർന്ന പൗരന്മാർക്ക് ഈ ഫോം അനുയോജ്യമാണ്. ഈ ഫോമിൽ റിപ്പോർട്ട് ചെയ്യുന്ന മൊത്തം വരുമാനം ₹50 ലക്ഷം കവിയാൻ പാടില്ല.
ITR-2: മുതിർന്ന പൗരന്മാരുടെ വരുമാനം ഓഹരികൾ, സ്വത്ത് അല്ലെങ്കിൽ മറ്റ് ആസ്തികൾ എന്നിവയുടെ വിൽപ്പനയിൽ നിന്നുള്ള മൂലധന നേട്ടം ഉൾക്കൊള്ളുന്നുവെങ്കിൽ ITR-2 ഫോം ആവശ്യമാണ്.
ITR-3 അല്ലെങ്കിൽ ITR-4: ഈ ഫോമുകൾ ബിസിനസ് വരുമാനമോ പ്രൊഫഷണൽ വരുമാനമോ നേടുന്ന മുതിർന്ന പൗരന്മാർക്ക് അനുയോജ്യമാണ്.