ട്രംപിന് മുന്‍പില്‍ മോദിക്ക് മുട്ടിടിക്കുന്നുണ്ടോ?
- ഇറാനില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങരുതെന്ന് യുഎസ്
- അടിയന്തര സാഹചര്യം നേരിടാന്‍ പെട്രോളിയം കമ്പനികള്‍ക്ക് നിര്‍ദ്ദേശം
രൂപ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണിപ്പോള്‍. ഡോളറിനെതിരായി രൂപയുടെ മൂല്യം 69.10 എന്ന എക്കാലത്തെയും കുറഞ്ഞ നിരക്കിലെത്തിയതാണ് കാരണം. ഇതെത്തുടര്‍ന്ന് രാജ്യത്ത് സാമ്പത്തിക രക്ഷാപ്രവര്‍ത്തനത്തെപ്പറ്റിയുളള ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമാണ്. ആര്‍ബിഐ എന്ത് നടപടിയാണ് പ്രസ്തുത വിഷയത്തില്‍ സ്വീകരിക്കുകയെന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്. ക്രൂഡ് ഓയിലിന്‍റെ വിലക്കയറ്റവും, ചൈന - യുഎസ് വ്യാപാര യുദ്ധവുമാണ് പ്രധാന കാരണങ്ങള്‍. രൂപയുടെ ഡോളറിനെതിരെയുളള മൂല്യത്തകര്‍ച്ച 72 ലേക്ക് വരെ ഒരുപക്ഷേ ഉയര്‍ന്നേക്കുമെന്നാണ് ഓഹരി വിപണി നിരീക്ഷകരുടെ നിഗമനം.
"ഇനി വാങ്ങരുത്" ഇന്ത്യയോട് യുഎസ്
രൂപയെ ശക്തിപ്പെടുത്തുന്നതിന് പകരം കുറച്ചുകൂടി ദുര്‍ബലപ്പെടുന്ന നടപടിക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന സൂചന. യുഎസ്സിന്‍റെ സമ്മര്‍ദത്തെത്തുടര്‍ന്ന് ഇന്ത്യ ഇറാനുമായി തുടര്‍ന്ന് വന്നിരുന്ന ദശാബ്ദങ്ങള്‍ നിണ്ട എണ്ണവ്യാപാരത്തില്‍ നിന്ന് പിന്നോക്കം പോകാന്‍ തീരുമാനിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ ക്രൂഡ് ഉല്‍പ്പാദക രാജ്യമാണ് ഇറാന്‍. ഇറാനിലെ ടെഹ്റാന്‍ ആണവ പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറാന്‍ യുഎസ് തീരുമാനിച്ചതിന് പിന്നാലെ ഉപരോധ സമാനമായ നടപടികളുമായി യുഎസ് മുന്നോട്ട് പോവുകയായിരുന്നു.
അതിനെ തുടര്‍ന്ന് ഇന്ത്യ അടക്കമുളള രാജ്യങ്ങളോട് ഇറാനുമായുളള എണ്ണവ്യാപാരം "പൂജ്യം ശതമാനം" ത്തിലേക്ക് താഴ്ത്താന്‍ യുഎസ് നിര്‍ദ്ദേശിച്ചിരുന്നു. നിര്‍ദ്ദേശത്തെത്തുടര്‍ന്ന് യുഎസിന് അനുകൂലമായ തീരുമാനം എടുക്കാന്‍ ഇന്ത്യ തീരുമാനിച്ചതായാണ് ദില്ലിയില്‍ നിന്നുളള വാര്‍ത്തകള്‍ നല്‍കുന്ന സൂചന. യുഎസ് സാമ്പദ്ഘടനയ്ക്ക് അനുകൂലമാകുന്ന തരത്തിലുളള ഇന്ത്യന്‍ സര്‍ക്കാരിന്‍റെ നയവ്യതിയാനമായി ഇതിനെ കണക്കാക്കാം.
ടു പ്ലസ് ടുവില്‍ സമ്മര്‍ദ്ദം സൃഷ്ടിച്ച് ട്രംപ്
2017 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയിലാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ചര്‍ച്ചകളുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കാനായി ടു പ്ലസ് ടു എന്ന പേരില്‍ പുതിയ സംവിധാനം ആവിഷ്കരിച്ചത്. ഇരു രാജ്യങ്ങളുടെയും രണ്ട് വീതം ഉന്നത നേതാക്കള്‍ തമ്മില്‍ നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചകളാണിത്. ജൂലൈ ആറിന് വാഷിംങ്ടണില്‍ നടത്താനിരുന്ന ടു പ്ലസ് ടു ചര്‍ച്ചകള്‍ മാറ്റിവെക്കുകയാണെന്ന് കഴിഞ്ഞ ദിവസം യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ സുഷമ സ്വരാജിനെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. ഒഴിവാക്കാനാവാത്ത കാരണങ്ങളാല്‍ ചര്‍ച്ച മാറ്റുന്നു എന്നാണ് ഫോണ്‍ സംഭാഷണത്തില്‍ പോംപിയോ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയോട് പറഞ്ഞത്. ഉഭയകക്ഷി വിഷയങ്ങളുമായി ബന്ധമില്ലാത്ത കാരണങ്ങളാലാണ് ചര്‍ച്ച മാറ്റിയതെന്നാണ് ദില്ലിയിലെ യുഎസ് സ്ഥാനപതി കാര്യാലയം പ്രതികരിച്ചത്. എന്നാല്‍, ഇറാന്‍ എണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട വിഷയം കത്തിനില്‍ക്കുമ്പോള്‍ യുഎസ്സിന്‍റെ ടു പ്ലസ് ടു ഉഭയകക്ഷി ചര്‍ച്ചകളില്‍ നിന്നുളള അകാരണമായ പിന്‍മാറ്റം ഇന്ത്യയ്ക്കെതിരായുളള സമ്മര്‍ദ്ദ തന്ത്രമായാണ് സാമ്പത്തിക നിരീക്ഷകര്‍ കണക്കാക്കുന്നത്.
സാഹചര്യം അടിയന്തരമെന്ന് കേന്ദ്ര സര്‍ക്കാര്‍
ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. എണ്ണക്കമ്പനികളുമായി വ്യാഴാഴ്ച്ച പെട്രോളിയം മന്ത്രാലയം നടത്തിയ കൂടിക്കാഴ്ച്ചയില്‍ കമ്പനികളോട് ഇറാന്‍ എണ്ണയ്ക്ക് പകരം മറ്റ് മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഇറാനില്‍ നിന്നുളള എണ്ണ ഇറക്കുമതി അടിയന്തര നടപടിയെന്ന നിലയില്‍ വെട്ടിക്കുറയ്ക്കാനുളള പ്രാഥമിക നടപടിയായി ഇതിനെ കരുതാം.
എണ്ണ ഉല്‍പ്പാദന രംഗത്തെ സൂപ്പര്‍ പവറാണ് ഇറാന്‍. ആഗോള എണ്ണ ഉല്‍പ്പാദനത്തിന്‍റെ 5.1 ശതമാനം കൈയാളുന്നത് ഇറാനാണ്. ദിവസവും 4.67 മില്യണ്‍ ബാരല്‍ ക്രൂഡാണ് ഇറാന്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന രണ്ടാമത്തെ വലിയ രാജ്യം ഇന്ത്യയാണ്. ആദ്യ സ്ഥാനം ചൈനയ്ക്കും. അതിനാല്‍ തന്നെ ഇന്ത്യയുടെ പിന്‍മാറ്റം ഇറാന്‍ എണ്ണവിപണിക്ക് വലിയ പ്രതിസന്ധിയാവും.
രൂപയ്ക്ക് ഭീഷണി
രൂപയുടെ മൂല്യം ഇടിഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ ഇറാനുമായുളള എണ്ണവ്യാപാരത്തില്‍ നിന്ന് ഇന്ത്യയുടെ പിന്‍മാറ്റം അപകടകരമാണ്. ഇന്ത്യയുമായുളള വ്യാപാരം വിപുലമാക്കാന്‍ എണ്ണ സൗജന്യമായി നല്‍കാമെന്നും പണമടയ്ക്കുന്നതിന് 60 ദിവസത്തെ സാവകാശം നല്‍കാമെന്നും ഇറാന്‍ അടുത്തിടെ ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തിരുന്നു. ഇറാനില്‍ നിന്ന് എണ്ണ വാങ്ങുമ്പോള്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തേക്ക് ക്രൂഡ് എത്തിക്കാനും എളുപ്പവുമാണ്. ഇറാനില്‍ നിന്ന് ഇറക്കുമതി നിര്‍ത്തുമ്പോള്‍ പകരം മറ്റ് ഉല്‍പ്പാദക രാജ്യത്തെ കണ്ടുപിടിക്കുന്നതില്‍ ബുദ്ധിമുട്ടില്ലെങ്കിലും എണ്ണ വാങ്ങാന്‍ മുടക്കുന്ന തുക ഇന്ത്യന്‍ കമ്പനികള്‍ക്ക് കൂട്ടേണ്ടിവരും. ഇത് രൂപ കൂടുതല്‍ തളരാനും വിദേശ കറന്‍സികളോട് വ്യാപാരത്തില്‍ ഏറ്റുമുട്ടാനുളള രൂപയുടെ കരുത്ത് കുറയ്ക്കാനും ഇടവരുത്തിയേക്കാം. ആഭ്യന്തര എണ്ണ വിപണിയില്‍ വില വര്‍ദ്ധനയ്ക്കും ഇത് വഴി വച്ചേക്കാം. ഡോളറിനെതിരായുളള വിനിമയ നിരക്കില്‍ 70 ന് അടുത്ത് എത്തിനില്‍ക്കുന്ന രൂപയ്ക്ക് ഇത് കനത്ത പ്രഹരമായേക്കും.
എണ്ണയ്ക്ക് പകരം ഗോതമ്പ്
2012 ലും ഇറാനെതിരെ യുഎസ് - യൂറോപ്യന്‍ യൂണിയന്‍ ഉപരോധം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഐക്യരാഷ്ട്ര സഭ ഉപരോധം പ്രഖ്യാപിക്കും വരെ ഇറാനുമായി വ്യാപാരം തുടരുമെന്നായിരുന്നു ഇന്ത്യയുടെ അന്നത്തെ നിലപാട്. ഈ നിലപാടില്‍ നിന്നാണ് ഇന്ത്യ ഇപ്പോള്‍ പിന്നോക്കം പോയിരിക്കുന്നത്. അന്ന് യൂക്കോ ബാങ്കും തുര്‍ക്കിയിലെ ഒരു ബാങ്കുമായുണ്ടാക്കിയ കരാറിലൂടെ ഇറാന് ഇന്ത്യ പണം നല്‍കിയിരുന്നു. എണ്ണയ്ക്ക് പകരം ഗോതമ്പ് നല്‍കുന്ന രീതിയിലൂടെയും ഇന്ത്യ ഇറാനുമായി വ്യാപാരം തുടര്‍ന്നു.
എന്നാല്‍ ഇത്തവണ യുഎസ് ഏകപക്ഷീയമായാണ് ഉപരോധം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭയില്‍ ഇറാനെതിരെ ആഞ്ഞടിച്ച നിക്കി ഹാലെ എണ്ണ വ്യാപാരത്തില്‍ ഇന്ത്യ ഉചിതമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും, നരേന്ദ്ര മോദിയുമായി ഇത് സംബന്ധിച്ച് നടത്തിയ ചര്‍ച്ച ക്രിയാത്മകമായിരുന്നതായും പറഞ്ഞിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ ഇറാനുമായുളള എണ്ണവ്യാപാര വിഷയത്തില്‍ എടുക്കുന്ന തീരുമാനം ഇന്ത്യന്‍ സമ്പദ്ഘടനയെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ്. ഇന്ത്യയുടെ ഭാവി വിദേശനയത്തിലും ഈ തീരുമാനം കാതലായ മറ്റം വരുത്തിയേക്കാം. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉപഭോക്തൃ രാജ്യങ്ങളിലൊന്നായ ഇന്ത്യയ്ക്ക് എണ്ണവിലയിലുണ്ടാവുന്ന ചെറിയ ചലനങ്ങള്‍ പോലും നിര്‍ണ്ണായകമാണ്. കാരണം, നമ്മുടെ സമ്പദ്ഘടനയെ ക്രൂഡിനോളം സ്വാധീനിക്കുന്ന മറ്റൊന്നില്ല എന്നതിനാലാണത്