ശബരിമല: തെറ്റിദ്ധാരണകള്‍ പരത്തുന്നത് ആരൊക്കെ?

പിന്നീട് ഹിന്ദു ക്ഷേത്രങ്ങൾ ഭരിക്കാൻ ദേവസ്വം ബോർ‍ഡ് എന്ന സ്വതന്ത്ര ബോർഡ് ഉണ്ടാക്കി. അക്കാലം മുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ഉടമസ്ഥതിയിൽ ഉള്ള ക്ഷേത്രമാണ് ശബരിമല. 

sabarimala facts

ശബരിമല ആരുടെ സ്വത്താണ്? അവിടെ പന്തളം രാജാവിന്‍റെയും തന്ത്രിയുടേയും അധികാരങ്ങള്‍ എന്തൊക്കെയാണ്? ചരിത്രപരമായ വസ്തുതകളോ? മുഖ്യമന്ത്രി പഇണറായി വിജയനും, പന്തളം രാജപ്രതിനിധിയും, തന്ത്രിയുമെല്ലാം പറയുന്നത് ഇതൊക്കെയാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ 23/10/18 രാവിലെ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

“ക്ഷേത്രം ആരുടെ സ്വത്താണ്? ക്ഷേത്രം ദേവസ്വം ബോർഡിന്‍റെ സ്വത്താണ്. അതിൽ വേറെ ആർക്കും അവകാശമില്ല എന്നതാണ് യാഥാർത്ഥ്യം. അത് എല്ലാവരും ഉൾക്കൊള്ളണം. 1949 -ലെ കവനന്‍റ് അനുസരിച്ച് അവകാശമുണ്ട് എന്ന് ചിലർ പറയുന്നുണ്ട്. 49 -ലെ കവനന്‍റ് തിരുവിതാംകൂർ രാജാവും കൊച്ചി രാജാവും കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച് വിപി മേനോനുമാണ് ഉണ്ടായിരുന്നത്. രണ്ട് കാര്യങ്ങളാണ് അതിൽ കൈകാര്യം ചെയ്തിരുന്നത്. ഒന്ന്, തിരുവിതാംകൂറും കൊച്ചിയും ലയിച്ച് ഒന്നാകുന്ന കാര്യം. രണ്ടാമത്, തിരുവിതാംകൂറിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോ‍ർഡിന് കീഴിൽ കൊണ്ടുവരാനും കൊച്ചിയിലേത് കൊച്ചി ദേവസ്വം ബോർഡിന് കീഴിൽ കൊണ്ടുവരാനുമുള്ള തീരുമാനമാണ്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് രൂപീകരിക്കുമ്പോൾ അമ്പത് ലക്ഷം രൂപ സർക്കാർ നൽകണമെന്ന തീരുമാനവും ഇതിലുണ്ട്. ഇതിൽ പന്തളം രാജകുടുംബം കക്ഷിയായിരുന്നില്ല. തിരുവിതാംകൂറിന് പന്തളം രാജ്യവും രാജാധികാരവും നേരത്തേ അടിയറ വച്ചിരുന്നു. കടക്കെണിയിൽ പെട്ടതായിരുന്നു കാരണം. അതിന്‍റെ ഭാഗമായി പന്തളം രാജ്യവും അവിടത്തെ എല്ലാവിധ ആദായങ്ങളും, ശബരിമല ക്ഷേത്രത്തിലെ നടവരവ് സഹിതം തിരുവിതാംകൂറിന് വിട്ടുകൊടുത്തിരുന്നു. അങ്ങനെ പരിശോധിച്ചാൽ ഇത്തരം അധികാരങ്ങൾ പണ്ടുമുതൽ തന്നെ ഇല്ലാതായതായി കാണാൻ കഴിയും. അപ്പോൾ അതോടുകൂടി ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ തിരുവിതാംകൂറിന്‍റെ സ്വത്തായിരുന്നു. പിന്നെയത് തിരുക്കൊച്ചി സംസ്ഥാനത്തിന്‍റേതായി. പിന്നീടാണ് ഐക്യകേരളം രൂപപ്പെടുന്നത്. അതോടെ അത് കേരളത്തിന്‍റെ സ്വത്തായി.

പിന്നീട് ഹിന്ദു ക്ഷേത്രങ്ങൾ ഭരിക്കാൻ ദേവസ്വം ബോർ‍ഡ് എന്ന സ്വതന്ത്ര ബോർഡ് ഉണ്ടാക്കി. അക്കാലം മുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ഉടമസ്ഥതിയിൽ ഉള്ള ക്ഷേത്രമാണ് ശബരിമല. ആ ക്ഷേത്രത്തിന്‍റെ നിയമപരമായ ഏക അവകാശി തിരുവിതാംകൂർ ദേവസ്വം ബോർഡ് മാത്രമാണ്. ഇതാണ് വസ്തുതകൾ. അപ്പോൾ തെറ്റായ അവകാശവാദങ്ങൾ ആരും ഉന്നയിക്കേണ്ടതില്ല. അതേസമയം ഇപ്പോൾ ഇവർക്ക് ഉത്സവകാലത്തും മറ്റും നൽകുന്ന ഉത്തരവാദിത്തങ്ങളുണ്ട്. ആ ഉത്തരവാദിത്തങ്ങൾ ഒന്നുംതന്നെ ഇല്ലാതാക്കുക എന്നത് സർക്കാരിന്‍റെ നയമല്ല. അതും ഈ കൂട്ടത്തിൽ വ്യക്തമാക്കുകയാണ്. അവർ ഏതെല്ലാം ഉത്തരവാദിത്തങ്ങളാണോ വഹിക്കുന്നത് അത് തുടർന്നും വഹിക്കുകതന്നെ ചെയ്യും.”

പത്തനംതിട്ടയിൽ നടന്ന വിശദീകരണ യോഗത്തിലും മുഖ്യമന്ത്രി തന്‍റെ നിലപാട് കൂടുതൽ ശക്തമായി ആവർത്തിച്ചു.

“ശബരിമലയിലെ തന്ത്രിയും സ്വീകരിച്ച നിലപാട് ആശ്ചര്യകരമാണ്. അദ്ദേഹം പറയുകയാണ് ഞാൻ ശബരിമല അടച്ചിട്ടുകളയുമെന്ന്. ശബരിമല അടയ്ക്കലും തുറക്കലും തന്ത്രിയുടെ അവകാശത്തിൽ പെട്ടതല്ല. ശബരിമല തന്ത്രിയുടേതായ സ്വത്തല്ല. ശബരിമലയടക്കമുള്ള ഇത്തരം ദേവാലയങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ സ്വത്താണ്. ഇത് മനസിലാക്കിയാൽ തന്ത്രിക്ക് നല്ലത്. ശബരിമലയും അവിടത്തെ പ്രതിഷ്ടയുമെല്ലാം ഉള്ളകാലം മുതൽ താഴമൺ കുടുംബം ഇല്ല. അതും ഈ തന്ത്രി മനസിലാക്കണം.

പൂട്ടിക്കെട്ടി താക്കോലുമായി അങ്ങു പോയാൽ ഈ അമ്പലം അടഞ്ഞുപോകും എന്ന് ധരിക്കരുത്

അവിടെ ആചാരങ്ങൾ മാറിയിട്ടുണ്ട്. മലയരയരുടെ തേനഭിഷേകം ആയിരുന്നു ഒരു ഘട്ടത്തിൽ അവിടെ പ്രധാനം. അത് അവരുടെ അവകാശമായിരുന്നു. ചരിത്രവസ്തുതകൾ മറന്നുപോകരുത്. രാജാക്കൻമാർ തമ്മിൽ യുദ്ധം ഉണ്ടാകാറുണ്ട്. ചില പ്രത്യേകതകൾ ഉയർന്നുവന്നിട്ടുണ്ട്. ചില പ്രത്യേകതകൾ ഉയർന്നുവന്നിട്ടുണ്ട്. ഒരു ഘട്ടത്തിൽ പാണ്ഡ്യരാജവംശം കടന്നുവന്നു. അതോടൊപ്പം മറ്റൊരു മാറ്റം ഇവിടെയുണ്ടായി. കേരളത്തിലേക്ക് ബ്രാഹ്മണരെ കുടിയേറ്റുന്ന അവസ്ഥയുണ്ടായി. അങ്ങനെ ആന്ധ്രയിൽ നിന്നുവന്ന ഒരു കുടുംബമാണ് ഈ താഴമൺ കുടുംബം എന്നതാണ് വസ്തുത.

പൂട്ടിക്കെട്ടി താക്കോലുമായി അങ്ങു പോയാൽ ഈ അമ്പലം അടഞ്ഞുപോകും എന്ന് ധരിക്കരുത്. അങ്ങനെ പണ്ട് ധരിച്ചവരുണ്ടായിരുന്നു. ഗുരുവായൂർ സത്യാഗ്രഹ കാലം, വലിയ പ്രക്ഷോഭം. ഗുരുവായൂരമ്പലം ഒരു മാസക്കാലത്തോളം അടച്ചിട്ടുകളഞ്ഞു. അവസാനം അതിനെതിരെ ശക്തമായ പ്രക്ഷോഭം വന്നു. അതിന്‍റെ ഭാഗമായി തുറക്കേണ്ടിവന്നു.പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്കും പിന്നോക്കാക്കാർക്കുമെല്ലാം പ്രവേശനം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭത്തെ നേരിടാനാണ് അടച്ചിട്ടത്. തുറന്നപ്പോഴും പ്രവേശനം നൽകിയില്ല, കുറച്ചുനാൾ കഴിഞ്ഞാണ് നൽകിയത്, അത് വേറെ കാര്യം. ഇതൊക്കെ ചരിത്ര വസ്തുതയാണ്.

മലബാറിൽ തച്ചോളി ഒതേനന്‍റെ ഒക്കെ വീരഗാഥ പറയുന്ന വടക്കൻ പാട്ടുകളുണ്ടല്ലോ.. അതിലൊരു ലോകനാർ കാവുണ്ട്. ലോകനാർ കാവ് കടത്തനാട് രാജാവ് എല്ലാവർക്കും തുറന്നുകൊടുത്തു. പട്ടികജാതി, പട്ടികവർഗ്ഗം, പിന്നോക്കവിഭാഗം അടക്കം എല്ലാവർക്കും തുറന്നുകൊടുത്തു. അപ്പോ അവിടെയുള്ള ഇവിടുത്തെ തന്ത്രിയെപ്പോലുള്ള ആള് അതുംപൂട്ടി സ്ഥലം വിട്ടു. അയാൾ ആ പോയ പോക്കിൽ കടത്തനാട് രാജാവ് വേറെ ആളെ വച്ചു, അവിടെ അമ്പലവും തുറന്നു. ഇത്രയൊക്കെയേ തന്ത്രിക്ക് അധികാരമുള്ളൂ എന്ന് കണ്ടോളണം. അതാണ് ഞാൻ പറയുന്നത്. തങ്ങളുടെ കോന്തലയിൽ കെട്ടുന്ന താക്കോലിന്‍റെ മേലെയാണ് അധികാരം മുഴുവൻ കേന്ദ്രീകരിച്ചുനിൽക്കുന്നത് എന്ന് തെറ്റിദ്ധരിച്ചേക്കരുത്, അതേയുള്ളൂ.

സാധാരണ നിലയ്ക്ക് വിശ്വാസികൾക്ക് അവിടെ പോകാൻ അവകാശമുണ്ട്

അയ്യപ്പൻ നൈഷ്ടിക ബ്രഹ്മചാരിയാണ് സ്ത്രീകൾ കടക്കരുത് എന്ന് പറയുന്നുണ്ടല്ലോ. നൈഷ്ടിക ബ്രഹ്മചര്യം എന്നൊരു നില വിശ്വാസികൾക്കിടയിലുണ്ട്. ഇല്ല എന്നുഞാൻ പറയുന്നില്ല. അത്തരം ദേവൻമാരുള്ള സ്ഥലത്ത് വടക്കേ ഇന്ത്യയിലൊക്കെ പൂജാരിയും ബ്രഹ്മചാരിയാകണം. അദ്ദേഹം കല്യാണം കഴിക്കാൻ പാടില്ല. ഇവിടത്തെ തന്ത്രി ഗൃഹസ്ഥാശ്രമം കഴിഞ്ഞ് വ്യഭിചാരത്തിലേക്ക് വരെ പോയ സംഭവം എറണാകുളത്ത് ഉണ്ടായില്ലേ? ഇതൊന്നും നമ്മൾ മറന്നുപോകരുത്. ഞങ്ങളിതൊന്നും ഇട്ടലക്കാൻ ആഗ്രഹിക്കുന്നവരല്ല. സാധാരണ നിലയ്ക്ക് വിശ്വാസികൾക്ക് അവിടെ പോകാൻ അവകാശമുണ്ട്. ആ അവകാശം നിലനിൽക്കണം. അതിനുമേൽ കുതിരകേറാൻ ആരെയും അനുവദിക്കില്ല. ഇത് നമ്മുടെ നാടിന്‍റെ ഒരവകാശമാണ്. ശബരിമല കൂടുതൽ ഭക്തജനങ്ങൾക്ക് സ്വൈര്യമായും സമാധാനമായും വരാനുള്ള സ്ഥലമാകണം. അതിനെ തടയാം എന്നാരും തെറ്റിദ്ധരിക്കരുത്.”

പന്തളം രാജപ്രതിനിധിയുടെ പ്രതികരണം

തന്ത്രിയുടേയോ പന്തളം രാജാവിന്‍റെയോ സ്വത്തല്ല ശബരിമല എന്ന മുഖ്യമന്ത്രിയുടെ നിലപാടിന് എതിരായിരുന്നു പന്തളം രാജപ്രതിനിധി ശശികുമാരവർമ്മയുടെ പ്രതികരണം. കേന്ദ്രസ‍‍ർക്കാരുമായി ഉണ്ടാക്കിയ കവനന്‍റ് ഉടമ്പടി പ്രകാരം പന്തളം രാജകുടുംബത്തിന് ശബരിമല ക്ഷേത്രത്തിൽ അവകാശം ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ അവകാശവാദം. തിരുവനന്തപുരത്ത് പോയി രേഖകൾ പരിശോധിച്ചാൽ പന്തളം കൊട്ടാരത്തിന് ശബരിമലയിൻമേലുള്ള അവകാശം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

തന്ത്രിയുടേയും രാജപ്രതിനിധിയുടേയും അവകാശവാദങ്ങൾ ചോദ്യം ചെയ്യപ്പെടുന്നു

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ പങ്കെടുത്ത തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ മുൻ പ്രസിഡന്‍റ് അഡ്വ.എം.രാജഗോപാലൻ നായർ വസ്തുതകളും ചരിത്രരേഖകളും കവനന്‍റിലെ വിശദാംശങ്ങളും നിബന്ധനകളും നിരത്തിയാണ് പന്തളം രാജപ്രതിനിധിയുടേതും തന്ത്രിയുടേയും ശബരിമലയിലെ അധികാരം സംബന്ധിച്ച അവകാശവാദങ്ങളെ ഖണ്ഡിച്ചത്.

ശബരിമല ക്ഷേത്രം പന്തളം രാജവംശത്തിന്‍റേതാണ് എന്ന് തെളിയിക്കുന്ന രേഖകളൊന്നും താൻ കണ്ടിട്ടില്ല

പത്ത് വയസ് മുതൽ അമ്പത് വയസ് വരെയുള്ള സ്ത്രീകളെ ശബരിമലയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിക്കൊണ്ട് 1991 -ൽ ഉണ്ടായ ഹൈക്കോടതി വിധിയിൽ പന്തളം കോവിലകത്തെ അന്നത്തെ പ്രതിനിധി ആയിരുന്ന രവി വർ‍മ്മ രാജായുടെ അഭിപ്രായം ജസ്റ്റിസ് പരിപൂർണ്ണൻ ഉദ്ധരിക്കുന്നുണ്ട്. ശബരിമല ക്ഷേത്രം പന്തളം രാജവംശത്തിന്‍റേതാണ് എന്ന് തെളിയിക്കുന്ന രേഖകളൊന്നും താൻ കണ്ടിട്ടില്ല എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. എന്നാൽ ഇപ്പോഴത്തെ രാജപ്രതിനിധി രാജാധികാരം വെളിവാക്കുന്ന കവനന്‍റും രേഖകളും ഉണ്ടെന്ന് പറയുന്നു.

തെറ്റിദ്ധാരണ മാറ്റാൻ അൽപ്പം ചരിത്രം തെരയണം

സുപ്രീം കോടതി വിധി അനുസരിച്ച് ഏതെങ്കിലും സ്ത്രീ ശബരിമലയിൽ ദർശനം നടത്താൻ ചെന്നാൽ നട അടച്ചുപൂട്ടുമെന്ന് തന്ത്രിയും താക്കോൽ വാങ്ങിപ്പോകും എന്ന് രാജാവും പറയുന്നത് തെറ്റിദ്ധാരണ പരത്തലാണെന്ന് അഡ്വ.എം.രാജഗോപാലൻ നായർ വിശദമാക്കുന്നു. മുഖ്യമന്ത്രിയുടെ വിശദീകരണം വ്യക്തമാണെങ്കിലും തെറ്റിദ്ധാരണ മാറ്റാൻ അൽപ്പം ചരിത്രം പറയേണ്ടതുണ്ട്.

രാജ്യവും രാജാധികാരവും സ്വത്തുക്കളുമെല്ലാം പന്തളം രാജവംശം തിരുവിതാംകൂർ രാജാവിന് കൈമാറി

പന്തളം രാജവംശം പാണ്ഡ്യ രാജവംശമാണ്. ഏകദേശം എ.ഡി 1400ആം ആണ്ടോടെയാണ് പന്തളം രാജവംശം പന്തളത്ത് എത്തുന്നത്. അവരവിടെ കുറച്ച് സ്ഥലം വാങ്ങി കൊട്ടാരം പണിത് താമസമാക്കി. കോന്നി, മലയാലപ്പുഴ, അറക്കുളം, കക്കാട് തുടങ്ങിയ പ്രദേശങ്ങളായിരുന്നു പന്തളം രാജ്യം. ശബരിമല ക്ഷേത്രവും പന്തളം രാജാവിന്‍റെ കൈവശമായിരുന്നു. മലയാളമാസം 996 ആകുമ്പോഴേക്കും രാജ്യവും രാജാധികാരവും സ്വത്തുക്കളുമെല്ലാം പന്തളം രാജവംശം തിരുവിതാംകൂർ രാജാവിന് കൈമാറി. കടം കയറി വേറെ വഴിയില്ലാതെ വന്നപ്പോഴായിരുന്നു ഇത്.

മാത്യു തരകനിൽ നിന്നും ബാലകൃഷ്ണദാസിൽ നിന്നും രണ്ട് ലക്ഷത്തി ഇരുപതിനായിരത്തി ഒന്ന് രൂപ പന്തളം രാജകുടുംബം കൊല്ലവർഷം 969 -ൽ വായ്പ്പ വാങ്ങി. ഇരുപത്തിയാറായിരത്തി നാനൂറ് രൂപയായിരുന്നു ഈ തുകയ്ക്ക് ഒരു വർഷത്തേക്കുള്ള പലിശ. മുതലും പലിശയും കൊടുത്തുതീർക്കാൻ കഴിയാതെ വന്നപ്പോൾ 996 മീനമാസം പത്താം തീയതി പന്തളം രാജ്യം പൂർണ്ണമായും തിരുവിതാംകൂർ രാജ്യം ഏറ്റെടുക്കുകയും ഈ കടം തിരുവിതാംകൂർ കൊട്ടാരത്തിൽനിന്ന് വീട്ടുകയും ചെയ്തു. അതോടുകൂടി പന്തളം കോവിലകത്തിന് ആ പ്രദേശത്തിന് മേലുള്ള അധികാരം നഷ്ടപ്പെട്ടു. ശബരിമല ഉൾപ്പെടെ നാൽപ്പത്തിയെട്ട് ക്ഷേത്രങ്ങളുടെ ഉടമാവകാശം പന്തളം കൊട്ടാരത്തിൽ നിന്ന് തിരുവിതാംകൂർ രാജ്യത്തിന് വന്നുചേർന്നു. 996 മീനമാസം പത്താം തീയതിയിലെ ഉത്തരവ് പ്രകാരം മേടമാസം എട്ടാം തീയതി ഈ സ്വത്തുക്കളെല്ലാം തിരുവിതാംകൂർ കൊട്ടാരം ഏറ്റെടുത്തു. പന്തളം പ്രദേശം പൂർണ്ണമായും തിരുവിതാംകൂറിന്‍റെ വകയായി. പന്തളം രാജാവിന്‍റെ അധികാരം പൂർണ്ണമായും നഷ്ടപ്പെട്ടു.

2011ൽ പന്തളം കൊട്ടാരം കേരള ഹൈക്കോടതിയിൽ ഒരു ഹർജി കൊടുത്തിരുന്നു

ഇത് മാത്രമല്ല, ദേവസ്വം ബോർഡ് ആക്ട് ഒന്നാം ഷെഡ്യൂളിൽ തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്ന് ദേവസ്വം ബോർഡിന് കൈമാറിയ ആയിരത്തി ഇരുന്നൂറ് ക്ഷേത്രങ്ങളുടെ പട്ടികയുണ്ട്. ആ പട്ടികയിൽ ഉൾപ്പെടുന്ന ഒരു ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ശബരിമല ക്ഷേത്രം അടക്കമുള്ള ഈ ആയിരത്തി ഇരുന്നൂറ് ക്ഷേത്രങ്ങൾ ദേവസ്വം ബോ‍‍ർഡിന് കൈമാറിയത് 1950 -ലാണ്. മന്നത്ത് പത്മനാഭൻ പ്രസിഡന്‍റും ആർ.ശങ്കർ അംഗവുമായ ദേവസ്വം ബോർഡിന് അന്ന് ക്ഷേത്രങ്ങൾ കൈമാറിയത് ശ്രീ ചിത്തിര തിരുന്നാൾ മഹാരാജാവ് ആയിരുന്നു. ഈ മുഴുവൻ ക്ഷേത്രങ്ങളുടേയും അധികാരം തിരുവിതാംകൂർ രാജവംശത്തിന് മാത്രമാണെന്ന് ഇതിൽനിന്ന് വ്യക്തമാണ്. 1811 -ൽ ബ്രിട്ടീഷ് പ്രതിനിധിയായിരുന്ന കേണൽ മൺറോയുടെ ഉത്തരവ് പ്രകാരമാണ് ഈ ക്ഷേത്രങ്ങൾ മുഴുവൻ രാജാവിന്‍റെ കയ്യിലെത്തിയതും അദ്ദേഹം അവ പരിപാലിച്ചുപോന്നത്. 1949 -ൽ ഈ ക്ഷേത്രങ്ങൾ ഒരു ഓ‍ർ‍ഡിനൻസ് പ്രകാരം കൈമാറുകയും 1950 -ൽ ഓർ‍ഡിനൻസ് ട്രാവൻകൂർ കൊച്ചി ഹിന്ദു റിലിജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ട് എന്ന നിയമമായി മാറുകയും ആയിരുന്നു. TCHRI നിയമത്തിന്‍റെ ഒന്നാം ഷെഡ്യൂളിലാണ് ഈ ക്ഷേത്രങ്ങളെക്കുറിച്ചെല്ലാം പറയുന്നത്. ശബരിമലയും അതിൽ ഉൾപ്പെടുന്ന ക്ഷേത്രമാണ്.  പന്തളം രാജവംശത്തിന് ശബരിമല ക്ഷേത്രത്തിന് മേൽ യാതൊരു ഉടമാവകാശവും ഇല്ലെന്നതിന് ഇതിനുമേൽ മറ്റൊരു തെളിവ് വേണോ എന്ന് അഡ്വ.എം.രാജഗോപാലൻ നായർ ചോദിക്കുന്നു. തിരുവിതാംകൂർ സ്റ്റേറ്റ് മാന്വലിലും തിരുവിതാംകൂർ ദേവസ്വം ബോർ‍ഡ് പ്രസിദ്ധീകരിച്ച ‘തിരുവിതാംകൂറിലെ ക്ഷേത്രങ്ങൾ’ എന്ന പുസ്തകത്തിലും ഇത് സംബന്ധിച്ച വിശദാംശങ്ങൾ കാണാമെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

2011ൽ പന്തളം കൊട്ടാരം കേരള ഹൈക്കോടതിയിൽ ഒരു ഹർജി കൊടുത്തിരുന്നു. അയ്യപ്പന്‍റെ പിതൃസ്ഥാനീയരാണ് പന്തളം കോവിലകത്തിന്‍റെ അവകാശികൾ എന്നും ശബരിമല മേൽശാന്തിയെ തെരഞ്ഞെടുക്കുന്നതിൽ അവർക്കും ഒരു അവകാശം കൊടുക്കണം എന്നുമായിരുന്നു ഹർജിയിലെ ആവശ്യം. നിങ്ങൾക്ക് ഒരു അവകാശവും തരാനാകില്ല എന്നുപറഞ്ഞ് അന്ന് ആ കേസ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. പന്തളം കൊട്ടാരം അതിന്മേൽ സുപ്രീം കോടതിയിൽ അപ്പീൽ പോയി. ആ അപ്പീലിൽ സുപ്രീം കോടതി ഇത് ഇവിടെ പരിഗണിക്കാനാകുന്ന കാര്യമല്ല, ആവശ്യമെങ്കിൽ ഒരു മധ്യസ്ഥനെ ഏർപ്പെടുത്തി കൊടുക്കാം എന്ന് നിർദ്ദേശിച്ചു. അങ്ങനെയാണ് സുപ്രീം കോടതി ജഡ്ജി ആയിരുന്ന റിട്ടയേഡ് ജസ്റ്റിസ് കെടി തോമസ് ഇക്കാര്യത്തിൽ മധ്യസ്ഥനാകുന്നത്.

തിരുവിതാംകൂർ ദേവസ്വം ബോർഡ്, പന്തളം കൊട്ടാരം, താഴമൺ തന്ത്രികുടുംബം ഈ മൂന്ന് കക്ഷികളും നേരിട്ടും അഭിഭാഷകർ മുഖേനെയും ജസ്റ്റിസ് കെടി തോമസിന്‍റെ സിറ്റിംഗിൽ പങ്കെടുത്തു. കോട്ടയത്തെ വിവിധ ഹോട്ടലുകളിൽ വച്ച് പതിനൊന്ന് പ്രാവശ്യം ജസ്റ്റിസ് കെടി തോമസ് സിറ്റിംഗ് നടത്തി. അവസാനം ജസ്റ്റിസ് കെടി തോമസ് തീരുമാനിച്ചു. പന്തളം കൊട്ടാരത്തിന് ഒരവകാശവും ഇല്ല. അദ്ദേഹം ഒരു നിർദ്ദേശം മുന്നോട്ടുവച്ചു. അവർ പിതൃസ്ഥാനീയർ എന്നൊക്കെ അവകാശപ്പെടുന്നവരാണല്ലോ, ഈ തർക്കം നീട്ടരുത് എന്തെങ്കിലും ഒരു ഒത്തുതീർപ്പ് ഉണ്ടാക്കണമെന്ന് ജസ്റ്റിസ് കെടി തോമസ് അന്ന് ദേവസ്വം ബോർഡ് പ്രസി‍‍ഡന്‍റായിരുന്ന തന്നോടും നേരിട്ട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാജഗോപാലൻ നായർ ഓർമ്മിക്കുന്നു. അങ്ങനെ ജസ്റ്റിസ് കെടി തോമസ് മുന്നോട്ടുവച്ച് ഉണ്ടാക്കിയ ഒത്തുതീർപ്പാണ് മേൽശാന്തി തെരഞ്ഞെടുപ്പിന്‍റെ നറുക്കെടുക്കാനുള്ള അവസരം.

ആ ഒരൊറ്റ അവകാശം എല്ലാവരും അംഗീകരിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിൽ വച്ചാണ് മേൽശാന്തി നിയമനത്തിനുള്ള അഭിമുഖപരീക്ഷ നടക്കുക. ആറോ എട്ടോ പേർ ചെറിയ മാർക്കിന്‍റെ വ്യത്യാസത്തിൽ അവസാന പട്ടികയിലെത്തും. അവരുടെ പേരുകൾ ഒരു പാത്രത്തിലിട്ട് ശബരിമല നടയിൽ വച്ച് ഒന്നാം തീയതി രാവിലെ നറുക്കെടുക്കും. ആ നറുക്കെടുക്കുന്നത് പന്തളം കൊട്ടാരത്തിൽ നിന്നുള്ള പത്ത് വയസിൽ താഴെ പ്രായമുള്ള ഒരു കുട്ടി ആയാൽ എന്താ എന്ന് ജസ്റ്റിസ് കെടി തോമസ് ചോദിച്ചു. ആ ഒരൊറ്റ അവകാശം എല്ലാവരും അംഗീകരിച്ചു. ദേവസ്വം ബോർഡും താഴമൺ കുടുംബവും പന്തളം കൊട്ടാരവും ഇത് സംബന്ധിച്ച ഉടമ്പടിയിൽ ഒപ്പുവച്ചു. അത് സുപ്രീം കോടതി അംഗീകരിച്ചു. മേൽശാന്തി നറുക്കെടുപ്പിൽ ഒരു കൊച്ചുകുട്ടിയെക്കൊണ്ട് നറുക്കെടുപ്പിക്കാം എന്നുള്ളത് മാത്രമാണ് നിലവിൽ ശബരിമലയ്ക്കുമേൽ പന്തളം കൊട്ടാരത്തിനുള്ള അധികാരം. ശബരിമലയ്ക്കുമേൽ പന്തളം കൊട്ടാരത്തിന് ജൻമാവകാശം ഒന്നുമില്ലെന്ന് ഇനിയെങ്കിലും സമ്മതിച്ചുകൂടേ എന്നും അഡ്വ.എം.രാജഗോപാലൻ നായർ ചോദിക്കുന്നു.

സ്ത്രീകൾ കയറിയാൽ ശബരിമല ക്ഷേത്രം അടച്ചിടുമെന്ന് തന്ത്രി

ശബരിമല തന്ത്രി കണ്ഠരര് രാജീവര് കഴിഞ്ഞ ദിവസം പറഞ്ഞത് ഇങ്ങനെ ആയിരുന്നു. “ ഞാൻ ഞങ്ങളുടെ കുടുംബത്തിലെ കാരണവർ കണ്ഠരര് മോഹനരുമായി സംസാരിച്ചിരുന്നു. അദ്ദേഹം പറഞ്ഞതനുസരിച്ച് ഒരു തീരുമാനത്തിൽ എത്തിയിട്ടുണ്ട്. ഇവര് (സ്ത്രീകൾ) മുകളിൽ എത്തുകയാണെങ്കിൽ നടയടച്ച് ഞാൻ ഇറങ്ങും, പതിനെട്ടാം പടി ഇറങ്ങിപ്പോകും. ഞാൻ വിശ്വാസികൾക്ക് ഒപ്പമാണ്.  വിശ്വാസികളെ വഞ്ചിക്കാനാകില്ല. കോടതിവിധി ഒക്കെ അവിടിരിക്കട്ടെ, ഞാൻ ഇറങ്ങിപ്പോകും.”

അങ്ങനെ നട പൂട്ടി പടിയിറങ്ങി പോകാനാകുമോ?

സ്ത്രീകൾ ശബരിമല ദർശനത്തിനെത്തിയാൽ നടപൂട്ടി താക്കോൽ രാജപ്രതിനിധിയെ ഏൽപ്പിച്ച് പടിയിറങ്ങിപ്പോകും എന്ന തന്ത്രിയുടെ നിലപാടിനേയും ദേവസ്വം ബോ‍‍ർഡ് മുൻ അധ്യക്ഷൻ അഡ്വ.എം.രാജഗോപാലൻ നായർ ഖണ്ഡിച്ചത് തന്ത്രവിധികൾ ഉദ്ധരിച്ചും ദേവസ്വം ബോർഡ് നിയമത്തിലെ വകുപ്പുകൾ ചൂണ്ടിക്കാട്ടിയും ആയിരുന്നു.

കാര്യങ്ങൾ വിശാലമായി കാണുന്ന തന്ത്രി കണ്ഠരര് രാജീവരിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല. വേദനാജനകവും നിരാശാജനകവുമാണ് അദ്ദേഹത്തിന്‍റെ നിലപാട്. താഴമൺ കുടുംബത്തിലെ ഒരു തന്ത്രിക്ക് ശബരിമല നട പൂട്ടി താക്കോലെടുത്ത് പന്തളത്ത് കൊടുത്തിട്ട് വീട്ടിൽ പോകാൻ എന്തവകാശമാണ് ഉള്ളത്? സാധാരണ ക്ഷേത്രം അടയ്ക്കുന്നതിൽ നിന്ന് വ്യത്യസ്ഥമായി ക്ഷേത്രം പൂട്ടിയിടുന്ന ചില സന്ദർഭങ്ങളുണ്ട്. ഏതെങ്കിലും അശുഭമായി സംഭവിക്കുമ്പോൾ പന്തളം കൊട്ടാരത്തോട് ചേർന്നിരിക്കുന്ന വലിയകോയിക്കൽ ക്ഷേത്രം അടച്ചിടാറുണ്ട്. രാജകുടുംബത്തിലെ അംഗങ്ങൾ മരണപ്പെടുമ്പോൾ ക്ഷേത്രം അടച്ചിടും. അത്തരത്തിൽ അശുഭമായി എന്തെങ്കിലും സംഭവിക്കുന്പോൾ അല്ലാതെ ക്ഷേത്രം പൂട്ടി താക്കോൽ കൊടുക്കാമെന്ന് ഏത് ശാസ്ത്രത്തിലാണ് പറഞ്ഞിരിക്കുന്നത് എന്നുകൂടി ബഹുമാനപ്പെട്ട തന്ത്രി വ്യക്തമാക്കണം. ഇഷ്ടംപോലെ പൂട്ടിയിട്ട് പോകാമെന്ന് ഏത് തന്ത്രശാസ്ത്രത്തിലാണ് പറഞ്ഞിരിക്കുന്നത് എന്ന് ജനത്തിനോട് പറയണം. ഭഗവാനെ പ്രതിഷ്ഠിച്ച് ആവാഹനം നടത്തി ശക്തി പകരാനാണ് നിങ്ങൾക്ക് തന്നിരിക്കുന്ന അധികാരം. ശക്തി തിരിച്ചെടുക്കാൻ നിങ്ങൾക്ക് അധികാരമുണ്ടെന്ന് ഏതെങ്കിലും തന്ത്രശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ടോ?

ദേവസ്വം ബോർഡിനേയും ഹൈക്കോടതിയേയും സുപ്രീം കോടതിയേയും തന്ത്രികുടുംബം തെറ്റിദ്ധരിപ്പിക്കുന്നു

രണ്ടാമതായി നിങ്ങൾ താക്കോൽ പന്തളത്ത് കൊടുക്കുമെന്ന് പറഞ്ഞതിന്‍റെ അർത്ഥമെന്താണെന്നും അദ്ദേഹം ചോദിച്ചു. പന്തളം കൊട്ടാരവും താഴമൺ കുടുംബവുമായുള്ള ബന്ധം എന്താണെന്ന് തനിക്ക് വ്യക്തമായി അറിയാം. തുടർന്ന് പന്തളം കൊട്ടാരം തന്ത്രികുടുംബത്തിന് എതിരെ എഴുതിക്കൊടുത്ത നിവേദനവും അദ്ദേഹം ഉയർത്തിക്കാട്ടി. 2011 മെയ് 17നാണ് പന്തളം കൊട്ടാരം തന്ത്രികുടുംബത്തിന് എതിരെ ദേവസ്വം ബോർഡിന് നിവേദനം തന്നത്. താഴമൺ തന്ത്രികുടുംബം തന്ത്രപ്രമുഖരിൽ ശൈവം, വൈഷ്ണവം എന്ന് വിവേചനമുണ്ടാക്കാൻ ശ്രമിക്കുന്നു, ദേവസ്വം ബോർഡിനേയും ഹൈക്കോടതിയേയും സുപ്രീം കോടതിയേയും തന്ത്രികുടുംബം തെറ്റിദ്ധരിപ്പിക്കുന്നു, തന്ത്രവിദ്യകളിൽ വേണ്ടത്ര പ്രാവീണ്യമില്ല എന്നുതുടങ്ങിയ ആരോപണങ്ങളാണ് അന്ന് കൊട്ടാരം ഉന്നയിച്ചത്. ശബരിമലയിൽ തന്ത്രിമാരുടെ ആവശ്യമില്ല എന്നായിരുന്നു ആ നിവേദനത്തിന്‍റെ സാരാംശം. തന്ത്രികുടുംബത്തിന് പന്തളം കൊട്ടാരത്തെക്കുറിച്ചുള്ള അഭിപ്രായവും തനിക്കറിയാം. ഒരു പ്രത്യേക സാഹചര്യം വന്നപ്പോൾ കേരളത്തിലെ ഹൈന്ദവ വികാരം ഇളക്കിവിടാനാണ് ഈ രണ്ടുകൂട്ടരും യോജിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തന്ത്രിമാർക്ക് ശബരിമലയിൽ പ്രത്യേക അധികാരമുണ്ടോ?

തിരുവിതാം കൂർ ദേവസ്വം ബോർഡ് മാന്വലിൽ നാലാം അധ്യായത്തിൽ പതിനാലാമാത് വ്യവസ്ഥയായി പറഞ്ഞിരിക്കുന്നത് മറ്റേതൊരു ദേവസ്വം ജീവനക്കാരനെപ്പോലെ തന്നയാണ് തന്ത്രിയും എന്നാണ്. ദേവസ്വം നിയമങ്ങൾ ആരെപ്പോലെയും അവർക്കും ബാധകമാണ്. ഏതൊരു ഉദ്യോഗസ്ഥനെപ്പോലെയും തന്ത്രിയെ ദേവസ്വം ബോർ‍ഡിന് നിയന്ത്രിക്കാവുന്നതാണ്. എന്നാൽ താന്ത്രിക കാര്യങ്ങളിൽ തന്ത്രിക്ക് തന്നെയാണ് പരമാധികാരം, അതിൽ തർക്കമില്ല. നട അടയ്ക്കുന്നതും തുറക്കുന്നതും അടക്കമുള്ള കാര്യങ്ങളിൽ അവർക്ക് തീരുമാനമെടുക്കാൻ അധികാരമില്ല. മുമ്പ് ഭക്തജനത്തിരക്ക് കാരണം പൂജാസമയം കൂട്ടിയത് തന്ത്രിമാരോട് ആലോചിച്ചിട്ടല്ല. അത് ദേവസ്വം ബോർഡിന്‍റെ ഭരണപരമായ തീരുമാനം ആയിരുന്നു. അത്തരം തീരുമാനങ്ങൾ തുടർന്നും എടുത്താൽ താന്ത്രികസ്ഥാനം ഉപേക്ഷിക്കുമോ? ഇത് ദേവസ്വം ബോ‍ർഡ് ഇപ്പോൾ എടുത്തുതുടങ്ങിയ തീരുമാനം അല്ല. 1122 -ൽ മഹാരാജാവിന്‍റെ കാലത്തുണ്ടായ ദേവസ്വം വിളംബരത്തിന്‍റെ ക്ലാസ് 33ൽ പറയുന്നത് തന്ത്രി ഭരണാധികാരത്തിന്‍റെ കീഴെയുള്ള ഉദ്യോഗസ്ഥൻ മാത്രമാണ് എന്നാണ്. ചെയ്യുന്ന ജോലിക്ക് തന്ത്രിക്ക് ദേവസ്വം ബോർഡ് ശമ്പളവും നൽകുന്നുണ്ട്. ദിവസശമ്പളം ആണ് തന്ത്രിമാർക്ക്. നാമമാത്രമായ 400 രൂപ ദിവസശമ്പളം 1400 രൂപയായി വർദ്ധിപ്പിച്ചുകൊടുത്തത് 2012 -ൽ താൻ ദേവസ്വം ബോ‍‍ർഡ് അധ്യക്ഷനായി ഇരുന്ന കാലത്താണെന്നും അദ്ദേഹം പറഞ്ഞു.

 

Latest Videos
Follow Us:
Download App:
  • android
  • ios