അസാധാരണ ത്രില്ലര്‍: 'സൂക്ഷ്‍മദര്‍ശിനി' റിവ്യൂ
ത്രില്ലറുകളുടെ സാമ്പ്രദായിക കഥാപശ്ചാത്തലങ്ങളെ മറികടക്കുന്ന ചിത്രം
ഒടിടി പ്ലാറ്റ്‍ഫോമുകളുടെ കടന്നുവരവോടെ സിനിമാപ്രേമികള്‍ ഏറ്റവുമധികം കണ്ടുകൊണ്ടിരിക്കുന്ന ജോണറുകളിലൊന്നാണ് ത്രില്ലര്‍, സിനിമകളായും സിരീസുകളായും. അറ്റന്‍ഷന്‍ സ്പാന്‍ കുറഞ്ഞ കാലത്തെ പ്രേക്ഷകരെ ഹുക്ക് ചെയ്ത് നിര്‍ത്തുന്നതില്‍ മിക്കപ്പോഴും വിജയിക്കാറുള്ള ത്രില്ലറുകളില്‍ പക്ഷേ ആവര്‍ത്തിക്കുന്ന ഒരു ഘടകം ഡാര്‍ക് ആയ കഥാപശ്ചാത്തലങ്ങളായിരിക്കും. എന്നാല്‍ സത്യന്‍ അന്തിക്കാടിന്‍റെയും മറ്റും സിനിമകളില്‍ നാം കണ്ടു പരിചയിച്ച അയല്‍പക്ക പശ്ചാത്തലത്തില്‍ ഒരു ത്രില്ലര്‍ കഥയുടെ ചുരുള്‍ നിവര്‍ന്നാലോ? അത്തരത്തില്‍ വേറിട്ട പരിശ്രമവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ എം സി ജിതിന്‍.
നസ്രിയ നസീമും ബേസില്‍ ജോസഫും ബിഗ് സ്ക്രീനില്‍ നായികാ നായകന്മാരായി ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന കൗതുകവുമായാണ് സൂക്ഷ്മദര്‍ശിനി തിയറ്ററുകളിലേക്ക് എത്തിയത്. സൂക്ഷ്‍മദര്‍ശിനിയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നസ്രിയയാണ്. മറ്റാരും കാണാത്ത ഡീറ്റെയ്‍ലിംഗോടെ കാര്യങ്ങളെ നോക്കിക്കാണാന്‍ കഴിയുള്ള പ്രിയദര്‍ശിനിയായാണ് നസ്രിയ അവതരിപ്പിക്കുന്നത്. സൂക്ഷ്മമായി കാര്യങ്ങളെ ദര്‍ശിക്കുന്ന പ്രിയദര്‍ശിനിയില്‍ നിന്നാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ തന്നെ അണിയറക്കാര്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ഒരു കോര്‍പറേറ്റ് കമ്പനിയില്‍ ജോലി നോക്കുന്ന ഭര്‍ത്താവും മകളുമൊത്ത് മധ്യവര്‍ഗ കുടുംബങ്ങള്‍ താമസിക്കുന്ന ഒരു അയല്‍പക്കത്താണ് പ്രിയദര്‍ശിനിയുടെ താമസം. പഠനം പൂര്‍ത്തിയാക്കിയ പ്രിയദര്‍ശിനി ജോലിക്കായുള്ള അന്വേഷണത്തിലുമാണ്. ഒരിക്കല്‍ അവരുടെ അയല്‍പക്കത്തേക്ക് മാനുവല്‍ എന്ന ചെറുപ്പക്കാരന്‍ അമ്മയുമൊത്ത് വരികയാണ്. ചുറ്റുവട്ടത്ത് ഉള്ളവരുടെ സൗഹൃദവും അംഗീകാരവും വേഗത്തില്‍ നേടിയെടുക്കുന്ന മാനുവല്‍ പക്ഷേ പ്രിയദര്‍ശിനിയ്ക്ക് മുന്നില്‍ ചില സംശയങ്ങളാണ് സൃഷ്ടിക്കുന്നത്. കാര്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാനും നിഗമനങ്ങളില്‍ എത്താനും കഴിവുള്ള പ്രിയദര്‍ശിനി തന്‍റെ മനസില്‍ തോന്നുന്ന സംശയങ്ങള്‍ക്ക് പിന്നാലെ, തന്‍റേതായ രീതിയില്‍ പോവുകയാണ്. അയല്‍പക്കത്തെ തന്‍റെ സുഹൃത്തുക്കളുടെ സഹായത്തോടെ ഒരു വീട്ടമ്മ നടത്തുന്ന ഇന്‍വെസ്റ്റിഗേഷനാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. മുന്നോട്ടുള്ള യാത്രയിലെ ഓരോ തിരിവിലും കൂടുതല്‍ സര്‍പ്രൈസുകളാണ് അവരെ കാത്തിരിക്കുന്നത്, ഒപ്പം പ്രേക്ഷകരെയും. ബേസില്‍ ജോസഫ് ആണ് മാനുവല്‍ ആയി എത്തുന്നത്.
ത്രില്ലറുകളുടെ സാമ്പ്രദായിക കഥാപശ്ചാത്തലങ്ങളെ മറികടക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ലിബിന്‍ ടി ബി, അതുല്‍ രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ്. മലയാളത്തില്‍ സമീപകാലത്ത് വന്നിട്ടുള്ളതില്‍ ഏറ്റവും മികച്ച തിരക്കഥകളിലൊന്നാണ് സൂക്ഷ്മദര്‍ശിനിയുടേത്. വായിച്ച് കേള്‍ക്കുമ്പോള്‍ത്തന്നെ ഏതൊരാളെയും ആകര്‍ഷിക്കുന്ന കഥ. അതിന്‍റെ ഭാവം ഒട്ടും ചോരാതെ ഗംഭീര ദൃശ്യഭാഷ ഒരുക്കിയിട്ടുണ്ട് എം സി ജിതിന്‍. സിനിമ കണ്ടുകഴിയുമ്പോള്‍ മറ്റൊരു അഭിനേത്രിയെ സങ്കല്‍പ്പിക്കാനാവാത്ത വിധത്തില്‍ പ്രിയദര്‍ശിനിയെ ഗംഭീരമാക്കിയിട്ടുണ്ട് നസ്രിയ. ബോയ് നെക്സ്റ്റ് ഡോര്‍ ഇമേജിലുള്ള കഥാപാത്രമെങ്കിലും ബേസില്‍ ഇതുവരെ ചെയ്തതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് മാനുവല്‍. മാനുവലിനെ ബേസിലും സ്വതസിദ്ധമായ രീതിയില്‍ നന്നാക്കിയിട്ടുണ്ട്. സിദ്ധാര്‍ഥ് ഭരതന്‍, കോട്ടയം രമേശ്, മനോഹരി ജോയ്, അഖില ഭാര്‍ഗവന്‍, ദീപക് പറമ്പോല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
പശ്ചാത്തലം മികച്ച രീതിയില്‍ സെറ്റ് ചെയ്തിട്ട് മുന്നോട്ടുപോക്കില്‍ ആ ഇംപാക്റ്റ് സൃഷ്ടിക്കാന്‍ സാധിക്കാത്ത ചിത്രങ്ങളുണ്ട്. എന്നാല്‍ തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ രീതിയില്‍ കഥപറച്ചിലില്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്നു എന്നതാണ് സൂക്ഷ്മദര്‍ശിനിയുടെ മികവ്. അതിനുവേണ്ടി യുക്തിയെ ചോദ്യം ചെയ്യുന്ന, ഇരുത്തി ആലോചിച്ചാല്‍ ഇത് എന്തെന്ന് തോന്നുന്ന ഏച്ചുകെട്ടിയ ട്വിസ്റ്റുകളൊന്നും ചിത്രത്തില്‍ ഇല്ലതാനും. ത്രില്ലര്‍ സിനിമകളുടെ ആചാര്യന്‍ ആല്‍ഫ്രഡ് ഹിച്ച്കോക്കിനുള്ള ആദരം കൂടിയാണ് ചിത്രമെന്ന് റിലീസിന് മുന്‍പ് സംവിധായകന്‍ പറഞ്ഞിരുന്നു. സാധാരണ ജീവിത പരിസരങ്ങളിലെ അസാധാരണത്വങ്ങളിലേക്ക് ക്യാമറ ഫോക്കസ് ചെയ്ത ഹിച്ച്കോക്കിയന്‍ അപ്രോച്ച് സൂക്ഷ്മദര്‍ശിനിയില്‍ കാണാം. ക്ലീന്‍ വിഷ്വല്‍സ് ആണ് ഛായാഗ്രാഹകന്‍ ശരണ്‍ വേലായുധന്‍റേത്. ക്രിസ്റ്റോ സേവ്യര്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. നേരത്തെ ഭ്രമയുഗത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ക്രിസ്റ്റോ കഥയ്ക്ക് ആവശ്യമായത് മാത്രം സൂക്ഷ്മമായി നല്‍കിയിട്ടുണ്ട്. ശരണിന്‍റെ ഛായാഗ്രഹണത്തിലുമുണ്ട് ആ സൂക്ഷ്മത. സാങ്കേതിക ഘടകങ്ങളില്‍ ഒന്ന് പോലും ഓവര്‍ ദി ടോപ്പ് ആയി പാളാത്ത ചിത്രം ആദ്യാവസാനം പറയുന്ന വിഷയത്തില്‍ മാത്രമാണ് ശ്രദ്ധ ഊന്നുന്നത്. ത്രില്ലര്‍ ഫാന്‍സിനെ മാത്രം ലക്ഷ്യം വച്ചുള്ള ചിത്രമല്ല സൂക്ഷ്മദര്‍ശിനി. മറിച്ച് എല്ലാത്തരം പ്രേക്ഷകര്‍ക്കും കാണാന്‍ പറ്റിയ ചിത്രമാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളിലേക്ക് എണ്ണപ്പെടേണ്ട ചിത്രം.
2018 ല്‍ പുറത്തിറങ്ങിയ നോണ്‍സെന്‍സ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് എം സി ജിതിന്‍. വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രമായിരുന്നു ഇത്. കരിയറിലെ രണ്ടാം ചിത്രത്തിലൂടെ വന്‍ തിരിച്ചുവരവ് നടത്തിയ സംവിധായകരുടെ നിരയിലേക്ക് ഒരാള്‍ കൂടി കസേര വലിച്ചിട്ട് ഇരിക്കുകയാണ്.