ഇത്, സർക്കാരിന്‍റെയോ അവിശ്വാസികളുടെയോ ആക്ടിവിസ്റ്റുകളുടേയോ അല്ല നിങ്ങളുടെ മാത്രം വാക്കുകളാണ്
തങ്ങൾ ഒരിക്കൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട കാര്യത്തിന് അനുകൂലമായി പരമോന്നത നീതിപീഠം വിധിയെഴുതിയപ്പോൾ, ആ വിധി നടപ്പാക്കാൻ ബാധ്യതപ്പെട്ട സർക്കാരിനെതിരേ വിധി നടപ്പാക്കാൻ അനുവദിക്കാതെ, വിശ്വാസികളെന്നപേരിൽ തീവ്രവാദികളെയും സംഘടിപ്പിച്ച് കലാപം അഴിച്ചുവിടാൻ ബി.ജെ.പി.ക്ക് മാത്രമേ കഴിയൂ.
എന്നാൽ, പത്തൊൻപത് വർഷത്തിനിപ്പുറം 2018 -ൽ ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പോകാമെന്നും ശാരീരിക അവസ്ഥകളുടെ പേരിൽ സ്ത്രീകളെ മാറ്റിനിർത്തരുതെന്ന് തുല്യനീതി നടപ്പാക്കണമെന്നുമുള്ള സുപ്രീംകോടതി വിധിയുണ്ടായപ്പോൾ ആർ.എസ്.എസും രാജഗോപാലും എന്തുചെയ്യുന്നുവെന്ന് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണല്ലോ.
'എന്നാൽ, എനിക്ക് മനസ്സിലാകാത്ത ഒരു കാര്യം എന്തുകൊണ്ട് അയ്യപ്പഭക്തകളായ സഹോദരിമാരെ അയ്യപ്പസന്നിധിയിൽനിന്നും അകറ്റിനിർത്തുന്നു എന്നതാണ്. വന്യമൃഗങ്ങൾ നിറഞ്ഞ നിബിഡമായ വനമായിരുന്ന കാലത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് ഇന്നും എന്തുമാത്രം പ്രസക്തിയുണ്ടെന്ന് ബന്ധപ്പെട്ടവർ ആലോചിക്കേണ്ടതാണ്. തിക്കും തിരക്കുമാണ് സ്ത്രീകളെ അകറ്റിനിർത്താൻ കാരണമെങ്കിൽ സ്ത്രീകൾക്ക് പ്രത്യേകമായി പോകാനും തൊഴാനും ഉള്ള സൗകര്യം ഉണ്ടാക്കുകയാണ് വേണ്ടത്. നിയന്ത്രണമേർപ്പെടുത്തുകയും എന്നാൽ, അത് ലംഘിച്ചുകൊണ്ട് പോകുന്നത് തടയാൻ കഴിയാതിരിക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ അവസ്ഥയ്ക്കു പകരം പരിശുദ്ധിയോടെ സ്ത്രീകൾക്ക് തൊഴാൻ കഴിയുന്ന അന്തരീക്ഷമാണ് വേണ്ടത്.'
- ഒ. രാജഗോപാൽ
മാതൃഭൂമി ശബരിമല തീർത്ഥാടന സപ്ലിമെന്റ് 1999, പേജ്: 28
ഒ. രാജഗോപാലിനെ രാഷ്ട്രീയകേരളത്തിന് പറഞ്ഞു പരിചയപ്പെടുത്തേണ്ടതില്ലല്ലോ. ബി.ജെ.പി.യുടെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയും കേരള നിയമസഭയിലെ ആദ്യ ബി.ജെ.പി. അംഗവുമായ രാജഗോപാൽ എഴുതിയ ഈ കുറിപ്പിന്‍റെ ശീർഷകം 'സ്ത്രീകളെ ശബരിമല ദർശനത്തിന് അനുവദിക്കണം' എന്നാണ്.
ആർ.എസ്.എസും രാജഗോപാലും എന്തുചെയ്യുന്നുവെന്ന് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണല്ലോ
നോക്കൂ, 1999 -ലെ അഭിപ്രായമാണിത്. തുല്യനീതിയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചുമൊക്കെയുള്ള ആലോചനകൾ, ഇടപെടലുകൾ ശക്തമായ കാലത്തായിരുന്നു ഈ അഭിപ്രായം രേഖപ്പെടുത്തപ്പെട്ടത്. ഹിന്ദുസമൂഹത്തിൽ നിലനിന്നിരുന്ന അയിത്തം, ഗുരുവായൂരിൽ യേശുദാസിന് കടക്കാനാകാത്തത്, എന്നാൽ, ശബരിമലയിൽ നാനാജാതി മതസ്ഥർക്ക് എത്തിച്ചേരാനാകുന്നത്, തന്‍റെ ഗുരുവായ മാതാ അമൃതാനന്ദമയി എന്ന വനിത തുടങ്ങിയ കാര്യങ്ങളും ഈ എഴുത്തിൽ പരാമർശവിധേയമാകുന്നുണ്ട്.
ആർ.എസ്.എസിനും സമാന അഭിപ്രായമായിരുന്നു.
എന്നാൽ, പത്തൊൻപത് വർഷത്തിനിപ്പുറം 2018 -ൽ ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പോകാമെന്നും ശാരീരിക അവസ്ഥകളുടെ പേരിൽ സ്ത്രീകളെ മാറ്റിനിർത്തരുതെന്ന് തുല്യനീതി നടപ്പാക്കണമെന്നുമുള്ള സുപ്രീംകോടതി വിധിയുണ്ടായപ്പോൾ ആർ.എസ്.എസും രാജഗോപാലും എന്തുചെയ്യുന്നുവെന്ന് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണല്ലോ.
ഇന്ത്യയിലെ ഇതരഭാഗങ്ങളിൽ വിശ്വാസത്തിന്‍റെ പേരിൽ കലാപമുണ്ടാക്കി, ഭയപ്പെടുത്തി ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിച്ചതുപോലെ ശബരിമലയെ കലാപകേന്ദ്രമാക്കി മാറ്റിക്കൊണ്ട് കേരളത്തിൽ ചുവടുറപ്പിക്കാനുള്ള ശ്രമങ്ങളാണ് സംഘപരിവാർ നടത്തുന്നത്. അതുകൊണ്ടാണ് ബി.ജെ.പി.യും അവരെ ഭരിക്കുന്ന ആർ.എസ്.എസും ആവശ്യപ്പെട്ടിരുന്ന യുവതീപ്രവേശനത്തെ ഇപ്പോൾ എതിർക്കുന്നത്. ആത്യന്തികമായി പരാജയപ്പെട്ടുപോകുന്ന അതിക്രമമാണ് ഇതെങ്കിലും സംസ്ഥാന പ്രസിഡന്‍റ് ശ്രീധരൻപിള്ള പറഞ്ഞതുപോലെ തങ്ങളുടെ ടാക്ടിക്സിൽ കുറേപ്പേരെ തട്ടിവീഴ്ത്താൻ അവർക്കായി.
തങ്ങൾ ഒരിക്കൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട കാര്യത്തിന് അനുകൂലമായി പരമോന്നത നീതിപീഠം വിധിയെഴുതിയപ്പോൾ, ആ വിധി നടപ്പാക്കാൻ ബാധ്യതപ്പെട്ട സർക്കാരിനെതിരേ വിധി നടപ്പാക്കാൻ അനുവദിക്കാതെ, വിശ്വാസികളെന്നപേരിൽ തീവ്രവാദികളെയും സംഘടിപ്പിച്ച് കലാപം അഴിച്ചുവിടാൻ ബി.ജെ.പി.ക്ക് മാത്രമേ കഴിയൂ.
വാക്കുപാലിക്കുകയെന്നത് ജനാധിപത്യമര്യാദയാണെന്ന് ബി.ജെ.പി. മനസ്സിലാക്കണം
രാജഗോപാലിന്‍റെ കുറിപ്പിന്‍റെ അവസാനഭാഗം ഇങ്ങനെയാണ്:-
'ആധ്യാത്മിക കാര്യങ്ങളിൽ സ്ത്രീകൾ ആരുടേയും പിന്നിലല്ല എന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. ഭാരതത്തിൽ ഇന്നു ജീവിച്ചിരിക്കുന്ന ആധ്യാത്മിക ആചാര്യരിൽ എന്തുകൊണ്ടും അഗ്രിമസ്ഥലം അലങ്കരിക്കുന്നത് കേരളീയ വനിതയായ സദ്ഗുരു മാതാ അമൃതാനന്ദമയീദേവിയാണ്. ഇന്നലെവരെ ക്ഷേത്രത്തിൽ പൂജാരിമാരായി സ്ത്രീകളെ സ്വീകരിച്ചിരുന്നില്ലെങ്കിൽ ഇന്ന് സ്ഥിതി മാറിയിരിക്കുകയാണ്. അമ്മയുടെ നേതൃത്വത്തിലും നിർദേശപ്രകാരവും വനിതകളെ പൂജാരിമാരായി ഇപ്പോൾ നിയമിച്ചിട്ടുണ്ട്. ഭക്തജനങ്ങൾ അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശബരിമലയിൽ ആരാധന നടത്തുന്നതിന് സ്ത്രീകൾക്കെതിരേ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ എടുത്തുമാറ്റേണ്ടതാണെന്ന് ഞാൻ വിശ്വസിക്കുന്നു. സമൂഹത്തിൽ സ്ത്രീകൾക്ക് പുരുഷന്മാർക്കൊപ്പം എല്ലാ രംഗത്തും സ്ഥാനം നൽകിവരുന്ന ഈ കാലഘട്ടത്തിൽ ഈ ആവശ്യത്തിന് പ്രത്യേകമായ പ്രസക്തിയുണ്ട്...' (പേജ് -28)
സർക്കാരിന്‍റെയോ അവിശ്വാസികളുടെയോ ആക്ടിവിസ്റ്റുകളുടേയോ അല്ല നിങ്ങളുടെ മാത്രം വാക്കുകളാണ് മേൽപ്പറഞ്ഞത്. വാക്കുപാലിക്കുകയെന്നത് ജനാധിപത്യമര്യാദയാണെന്ന് ബി.ജെ.പി. മനസ്സിലാക്കണം. താത്കാലികലാഭത്തിനായി, സമൂഹത്തെ വർഗീയമായി വിഭജിക്കാൻ കൂട്ടുനിൽക്കുന്ന, കലാപലക്ഷ്യത്തോടെ രഥയാത്ര നടത്തുന്ന സംഘപരിവാരങ്ങൾ നിങ്ങളുടെ തന്നെ ഭൂതകാലത്തെയാണ് റദ്ദുചെയ്യുന്നത്.