ആ ഒന്നര വയസുകാരിയെ കൂടി താങ്ങാനുള്ള ബലം ഇന്ത്യൻ റെയിൽവേയുടെ നട്ടെല്ലിന് ഇല്ലെങ്കിൽ അതങ്ങ് ഇടിഞ്ഞു വീണോട്ടെ

തിരുവനന്തപുരം ചെന്നു കഴിഞ്ഞപ്പോൾ താമസത്തിനും ഭക്ഷണത്തിനുമായി നല്ലൊരു തുക വേണം. ഉള്ളതെല്ലാം വിറ്റും പലരുടെയും മുന്നിൽ കൈ നീട്ടിയും ചികിത്സ തള്ളിനീക്കി. ദാരിദ്ര്യവും പോഷകാഹാര കുറവും മരണഭയവും ഒക്കെക്കൂടി ചേച്ചിയെ എല്ലുന്തിയ വിളറിയ ഒരു രൂപമാക്കി തീർത്തു. 

memories anju boby narimattom

തിരുവനന്തപുരം ചെന്നു കഴിഞ്ഞപ്പോൾ താമസത്തിനും ഭക്ഷണത്തിനുമായി നല്ലൊരു തുക വേണം. ഉള്ളതെല്ലാം വിറ്റും പലരുടെയും മുന്നിൽ കൈ നീട്ടിയും ചികിത്സ തള്ളിനീക്കി. ദാരിദ്ര്യവും പോഷകാഹാര കുറവും മരണഭയവും ഒക്കെക്കൂടി ചേച്ചിയെ എല്ലുന്തിയ വിളറിയ ഒരു രൂപമാക്കി തീർത്തു. മരിക്കുമെന്ന് ഉറപ്പായപ്പോൾ ഓപ്പറേഷൻ തിയേറ്ററിൽ കയറി മകളെ കാണാൻ ഉള്ള അനുവാദം അപ്പനു കിട്ടി. ബോധത്തിന്റെയും മയക്കത്തിന്റെയും ഇടയിലെപ്പോളോ ആളൊരു ആഗ്രഹം പറഞ്ഞു, "നിറയെ കസവുള്ള പാട്ടുപാവാട വേണം" അതിനുള്ള പൈസ കയ്യിലില്ലെന്നു അറിഞ്ഞിട്ടും അപ്പൻ വാക്ക് കൊടുത്തു. പക്ഷെ, പാട്ടുപാവാട കിട്ടുന്നത് വരെ കാത്തുനിൽക്കാതെ ചേച്ചി പോയി.

memories anju boby narimattom

ഞാൻ ആദ്യമായി ഒരു കാറിൽ കയറുന്നത് നാലര വയസുള്ളപ്പോളാണ്. ഇരുപത്താറു വർഷങ്ങൾക്കു ശേഷവും ആ യാത്ര തെളിമയോടെ ഓർമയിലുണ്ട്.

കുറുകിയ പാലിന്‍റെ നിറമുള്ള അംബാസഡർ കാർ. ആദ്യമായാണ് ഒരു കാർ അടുത്തു കാണുന്നത്!! വണ്ടി കൊണ്ടു വന്നു നിർത്തിയപാടെ ഞാൻ ആർത്തിയോടെ ഉള്ളിലേക്ക് തല ഇട്ടു നോക്കി. നിറം മങ്ങിയ ചുവപ്പ് പ്ലാസ്റ്റിക് മാല തൂക്കിയിട്ടിരിക്കുന്നു. അമ്മയും പേരപ്പനും പേരമ്മയും കയ്യിൽ ഓരോ കൂടും തൂക്കി വന്നു കയറിക്കഴിഞ്ഞു കാർ സ്റ്റാർട്ട്‌ ചെയ്തു. ഭ്രൂ... ശബ്ദത്തോടെ അത് മുന്നോട്ടു നീങ്ങി. ഞാനാണ് സൈഡിൽ ഇരുന്നത്. ഒരു കുന്ത്രാണ്ടത്തിൽ പിടിച്ചു തിരിച്ചാൽ ജനാലച്ചില്ലു പൊങ്ങും, വണ്ടി കുഴീൽ ചാടിയാൽ തന്നെ ഹോണടിക്കും. RC ബുക്കിൽ ഓണർ ജാമ്പവാൻ ആയിരിക്കും. അത്രക്കുണ്ട് പഴക്കം. കാറ്റുകൊണ്ടു പാറുന്ന മുടിയിഴകൾ ഒതുക്കി വച്ചും, വഴിയേ പോകുന്നവർക്ക് റ്റാറ്റാ കൊടുത്തും, കുതിരപ്പുറത്തു ഇരിക്കുന്ന രാജ്ഞിയെ പോലെ ഞാനിരുന്നു ഇളിച്ചു. തല ചെരിച്ചു നോക്കിയപ്പോൾ അമ്മയിരുന്നു കരയുന്നു. "എന്തൊരു സ്ത്രീയാണിത്!!! ആറ്റുനോറ്റു കാറിൽ കേറിയപ്പോൾ ഇരുന്ന് മോങ്ങുന്നു. എന്നെപ്പോലെ സന്തോഷമായി ഇരുന്നൂടെ??, നാല് മനുഷ്യമ്മാർക്ക് റ്റാറ്റാ കൊടുത്തൂടെ? പരമകഷ്ടം.

ഏതാണ്ട് പതിനൊന്നു വർഷക്കാലം അവർ ഓരോരോ ആശുപത്രി വരാന്തകളിൽ കഴിച്ചു കൂട്ടി

അമ്മയുടെ കണ്ണീരിന്റെ അർത്ഥം പിന്നെയും കുറെ വർഷങ്ങൾ കഴിഞ്ഞാണ് എനിക്ക് മനസിലായത്.

ഞങ്ങൾ മൂന്നു പെണ്മക്കളായിരുന്നു. മൂത്ത ചേച്ചിക്ക് നാലഞ്ചു മാസം ഉള്ളപ്പോളാണ് ഹൃദയത്തിനു തകരാറുണ്ടെന്ന് അറിഞ്ഞത്. ആലുവക്ക് അപ്പുറം കണ്ടിട്ടില്ലാത്ത ഇരുപതു വയസുകാരി അമ്മയ്ക്കും ആറാം ക്ലാസ്സ്‌ മാത്രം പഠിപ്പുള്ള അപ്പനും ഉൾക്കൊള്ളാനും താങ്ങാനും കഴിയുന്നതിനു അപ്പുറമുള്ള അടി ആയിപ്പോയി അത്. സാമാന്യം ഭേദപ്പെട്ട സാമ്പത്തിക ചുറ്റുപാടുള്ള കുടുംബത്തിന്റെ അടിത്തറ ഇളകി. അന്നുതൊട്ട് ഏതാണ്ട് പതിനൊന്നു വർഷക്കാലം അവർ ഓരോരോ ആശുപത്രി വരാന്തകളിൽ കഴിച്ചു കൂട്ടി. ഗതികേട് കൊണ്ട് അമ്മയെയും ഒരു വയസുകാരി മകളെയും കോട്ടയം മെഡിക്കൽ കോളേജിൽ ആക്കി അപ്പൻ പണിക്കു പോയി തുടങ്ങി. നിർത്താതെ കരയുന്ന കൈക്കുഞ്ഞിനെയും കൊണ്ട് അമ്മ കണ്ണീരു കുടിച്ചു.

പിന്നീടങ്ങോട്ട് കുറച്ചു വർഷങ്ങൾ വലിയ കുഴപ്പമില്ലാതെ, എന്നാൽ മരുന്നിന്റെ സഹായത്തോടെ, കടന്നുപോയി. അതിനിടയിൽ ഞാനും തൊട്ടു മൂത്ത ചേച്ചിയും ഉണ്ടായി. അസുഖക്കാരിയുടെ നില വീണ്ടും മോശമായപ്പോൾ തിരുവനന്തപുരം ശ്രീ ചിത്തിരയിലേക്കു മാറ്റി. ചികിത്സക്ക് വേണ്ടി ഞങ്ങളും അങ്ങോട്ട്‌ മാറേണ്ടി വന്നു. ഒരു കുടുസു മുറിയിൽ എല്ലാരും കൂടി പോയി നിൽക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതുകൊണ്ട് കുഞ്ഞേച്ചിയെ ബന്ധുവീട്ടിലാക്കി. കരഞ്ഞു കൊണ്ട് "എന്നെക്കൂടെ കൊണ്ടു പോ " എന്ന് നിലവിളിച്ചു പുറകെ ഓടി വന്ന ഏഴു വയസുകാരിയുടെ കൈ ബലമായി വിടുവിച്ചു, കണ്ണീരോടെ എന്നെയുമെടുത്ത് അമ്മ ട്രെയിനിൽ കയറി. ജനറൽ കംപാർട്മെന്റിൽ കമ്പിയിൽ പിടിച്ചു വീഴാറായി നിന്ന വയ്യാത്ത ചേച്ചിയുടെ അവസ്ഥ കണ്ട് ഏതോ ഒരു സ്ത്രീ സീറ്റൊഴിഞ്ഞു കൊടുത്തു.

തിരുവനന്തപുരം ചെന്നു കഴിഞ്ഞപ്പോൾ താമസത്തിനും ഭക്ഷണത്തിനുമായി നല്ലൊരു തുക വേണം. ഉള്ളതെല്ലാം വിറ്റും പലരുടെയും മുന്നിൽ കൈ നീട്ടിയും ചികിത്സ തള്ളിനീക്കി. ദാരിദ്ര്യവും പോഷകാഹാര കുറവും മരണഭയവും ഒക്കെക്കൂടി ചേച്ചിയെ എല്ലുന്തിയ വിളറിയ ഒരു രൂപമാക്കി തീർത്തു. മരിക്കുമെന്ന് ഉറപ്പായപ്പോൾ ഓപ്പറേഷൻ തിയേറ്ററിൽ കയറി മകളെ കാണാൻ ഉള്ള അനുവാദം അപ്പനു കിട്ടി. ബോധത്തിന്റെയും മയക്കത്തിന്റെയും ഇടയിലെപ്പോളോ ആളൊരു ആഗ്രഹം പറഞ്ഞു, "നിറയെ കസവുള്ള പാട്ടുപാവാട വേണം" അതിനുള്ള പൈസ കയ്യിലില്ലെന്നു അറിഞ്ഞിട്ടും അപ്പൻ വാക്ക് കൊടുത്തു. പക്ഷെ, പാട്ടുപാവാട കിട്ടുന്നത് വരെ കാത്തുനിൽക്കാതെ ചേച്ചി പോയി.

ചിലവുകൾ താങ്ങാതായപ്പോൾ ഞാനും അമ്മയും അമ്മവീട്ടിലേക്കു തിരിച്ചു പോന്നതുകൊണ്ട് അയൽവീട്ടിലേക്കു ഫോൺ ചെയ്താണ് മരണവിവരം അറിയിച്ചത്. പെട്ടെന്ന് തന്നെ കാർ പിടിച്ച് എല്ലാരും കൂടി കുടയത്തൂരേക്ക് പോന്നു. അതാണ്‌ തുടക്കത്തിൽ സൂചിപ്പിച്ച എന്റെ ആദ്യ കാർ യാത്ര. മകൾ മരിച്ച ദുഃഖത്തിൽ ഇരിക്കുന്ന അമ്മ എന്തുകൊണ്ടാണ് കാർ ഓടുമ്പോൾ മരങ്ങളും പാടങ്ങളുമൊക്കെ കൂടെ ഓടുന്നത് കണ്ടു സന്തോഷിക്കാത്തതെന്നു ചിന്തിക്കാനുള്ള വിവരമേ അന്നുണ്ടായിരുന്നുള്ളു.

അതിനെ രക്ഷിക്കാൻ കഴിയാതെ പോയ ഗതികെട്ട ഒരപ്പനേം അമ്മയെയും കുറിച്ചാണ് വാർത്ത

ഇന്ന് രാവിലെ പത്രവും കയ്യിൽ പിടിച്ച് കരച്ചിലടക്കാൻ അമ്മ പാടുപെടുന്നത് കണ്ടപ്പോൾ വാർത്ത ഏതെന്നു നോക്കി. മുൻപേജിൽ തന്നെ ഉണ്ട്. പനിച്ചു പൊള്ളുന്ന, ഹൃദയത്തിനു തകരാറുള്ള ഒന്നര വയസുകാരിയെയും കൊണ്ട് പല പല കംപാര്ടുമെന്റുകൾ മാറികയറി യാത്ര ചെയ്തിട്ടും അതിനെ രക്ഷിക്കാൻ കഴിയാതെ പോയ ഗതികെട്ട ഒരപ്പനേം അമ്മയെയും കുറിച്ചാണ് വാർത്ത. ജനറലിൽ സീറ്റ് ഇല്ലാഞ്ഞതുകൊണ്ടോ തിരക്കുകൊണ്ടോ മറ്റോ സ്ലീപ്പറിലേക്കു മാറി കയറാൻ ശ്രമിച്ചെന്നും, ആട്ടിയിറക്കപ്പെട്ടുവെന്നും, TTE കനിഞ്ഞില്ലെന്നും, സഹയാത്രികർ ആരും തന്നെ കരുണയുടെ ഒരു കൈ നീട്ടിയില്ലെന്നും, പനിച്ചു പൊള്ളി ഒടുക്കം ആ കുഞ്ഞു ഹൃദയം നിന്നുപോയെന്നും ഒക്കെയാണ് പറഞ്ഞിരിക്കുന്നത്... മുഴുവൻ വായിക്കുന്നതിനു മുൻപേ കണ്ണീർപാട വന്നു മൂടി അക്ഷരങ്ങളൊക്കെയും മങ്ങിപ്പോയി. 

എനിക്കപ്പോൾ ഇട്ടിട്ടു ചായം കെട്ടുപോയ നരച്ച ഷർട്ടിട്ട്, ചേച്ചിക്ക് ഒരു സീറ്റിനു വേണ്ടി കെഞ്ചിയ അപ്പനെയും, സൂചി കുത്തി കുത്തി നീല പാട് വീണ കൈകൾ കൊണ്ട് കമ്പിയിൽ മുറുക്കെ പിടിച്ച് നിന്ന നെഞ്ചുന്തിയ ഒരു അസുഖക്കാരിയെയും ഓർമ വന്നു. അന്ന് ഏതോ ഒരു നന്മയുള്ള സ്ത്രീ എണീറ്റു കൊടുത്തില്ലെങ്കിൽ ചേച്ചി തളർന്നു വീണേനെ. ഉറപ്പായിരുന്നതെങ്കിലും എല്ലാരും ഒഴിവാക്കാൻ ശ്രമിച്ച മരണം കുറച്ചു കൂടെ വേഗത്തിൽ നടന്നേനെ.... 

എത്ര ഗതികെട്ടിട്ടു ആയിരിക്കും അസുഖം മൂർച്ഛിച്ച ഒന്നര വയസുകാരിയെയുംകൊണ്ട് ആ അപ്പനുമമ്മയും ട്രെയിനിൽ പുറപ്പെട്ടത്. എത്ര കെഞ്ചിയിട്ടുണ്ടാകും ഒരു സീറ്റിന്റെ അറ്റത്തെങ്കിലും ഇരിക്കാൻ... എത്ര കണ്ണീരൊഴുക്കി യാചിച്ചിട്ടുണ്ടാകും ഓരോ ടിക്കറ്റ് പരിശോധകന്‍റേം മുന്നിൽ... അവരിൽ ആർക്കെങ്കിലുമൊക്കെ ഒരു വിട്ടുവീഴ്ച ചെയ്യാമായിരുന്നില്ലേ? ഏതെങ്കിലും ഒരു യാത്രക്കാരന് ഒന്നൊതുങ്ങി കൊടുക്കാമായിരുന്നില്ലേ? വലിയ ഒരു ഗതികേട് കാണുമ്പോൾ പോലും ഒന്ന് കൈനീട്ടി തൊടാൻ വയ്യാത്ത വണ്ണം ഏത് മതിലായിരുന്നു നിങ്ങളുടെയും ആ കുഞ്ഞിന്റെയും ഇടയിൽ ഉണ്ടായിരുന്നത്?

നിയമം നടപ്പിലാക്കി എന്ന് മാത്രം പറയരുത്

ഇങ്ങനെ ഒരു സംഭവം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നുള്ള റെയിൽവേയുടെ ന്യായീകരണം വന്നു കഴിഞ്ഞു. പക്ഷെ, പിന്നെ എന്തിനാണ് പൊള്ളിപ്പിടക്കുന്ന കുഞ്ഞിനെയുംകൊണ്ട് അവർ ഓരോ കംപാർട്‌മെന്റുകളും മാറി മാറി കയറിയത് എന്ന ചോദ്യത്തിനുള്ള ഉത്തരം കിട്ടാത്തിടത്തോളം കാലം ന്യായീകരണം വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. നിയമം നടപ്പിലാക്കി എന്ന് മാത്രം പറയരുത്. നിയമങ്ങൾ മനുഷ്യരുടെ നന്മക്കു വേണ്ടിയുള്ളതാണ്. അത് നടപ്പിലാക്കേണ്ടത് തലച്ചോറ് കൊണ്ട് മാത്രമല്ല, ചിലപ്പോളൊക്കെ ഹൃദയം കൊണ്ട് കൂടിയാവണം.

ഒന്നേ പറയാനുള്ളൂ, ദയക്ക് വേണ്ടി യാചിക്കുന്ന രണ്ടു കുഞ്ഞിക്കണ്ണുകൾ ആയുഷ്കാലം നിങ്ങളെ വേട്ടയാടാതിരിക്കട്ടെ....!

വാൽകഷ്ണം: "നിയമം നടപ്പിലാക്കാതെ പറ്റുമോ, അതല്ലേ അവരുടെ കടമ " തുടങ്ങിയ ന്യായങ്ങളുമായി ആരും വരരുത്. ഒരമ്മ എന്ന നിലയിലും, കുട്ടികൾക്ക് അക്ഷരം പറഞ്ഞു കൊടുക്കുന്ന അധ്യാപിക എന്ന നിലയിലും, നികുതി അടക്കുന്ന വ്യക്തി എന്ന നിലയിലും ഈ വിഷയത്തിൽ ഒരൊറ്റ നിലപാടെ ഉള്ളു ; "പനിച്ചു പൊള്ളി മരണം മുന്നിൽക്കാണുന്ന ഒരൊന്നര വയസുകാരിയെ കൂടി താങ്ങാനുള്ള ബലം ഇന്ത്യൻ റെയിൽവേയുടെ നട്ടെല്ലിന് ഇല്ലെങ്കിൽ അതങ്ങ് ഇടിഞ്ഞു വീണോട്ടെ." ഈ ഒരു കാര്യത്തിൽ മറിച്ചൊരു അഭിപ്രായം പോലും കേട്ടുകൊണ്ട് നിൽക്കാനുള്ള സഹിഷ്ണുത നിലവിലില്ല.
 

Latest Videos
Follow Us:
Download App:
  • android
  • ios