വിദേശത്തുള്ള സുഹൃത്ത് മുഖേന വില്‍പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
വിദേശത്തുള്ള സുഹൃത്ത് വഴിയാണ് 29കാരൻ എംഡിഎംഎ സംഘടിപ്പിച്ചത്. പാതിയിൽ ഏറെ വിൽപന കഴിഞ്ഞ ശേഷമാണ് യുവാവ് അറസ്റ്റിലായത്
ഇടുക്കി: വില്‍പനയ്ക്കായി എത്തിച്ച 34 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. തൊടുപുഴ പെരുമ്പിള്ളിച്ചിറ കറുക ടാന്‍സന്‍ വീട്ടില്‍ റെസിന്‍ ഫാമി സുൽത്താന്‍(29) ആണ് വാഹന പരിശോധനയ്ക്കിടെ തൊടുപുഴ പൊലീസിന്റെ പിടിയിലായത്. പെരുമ്പിള്ളിച്ചിറ ബൈപാസ് റോഡില്‍ വെച്ചാണ് റെസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ 60 ഗ്രാമോളം എം.ഡി.എം.എ. ഉണ്ടായിരുന്നതായും ഇതില്‍ നിന്ന് വിറ്റ ശേഷമുള്ള 34 ഗ്രാം ആണ് പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു.
റെസിന്‍ ഫാമി സുൽത്താന്റെ വിദേശത്തുള്ള സുഹൃത്ത് മുഖേനയാണ് എം.ഡി.എം.എ. എത്തിച്ചതെന്നും എറണാകുളത്തു നിന്നും എത്തിച്ച് തൊടുപുഴയില്‍ വില്‍പന നടത്തുന്നതിനിടയിലാണ് റെസിന്‍ പിടിയിലാതെന്നും പൊലീസ് പറഞ്ഞു. കുറച്ചുനാളുകളായി റെസിൻ പൊലീസ് നിരീക്ഷണത്തിലായിരുന്നു. തൊടുപുഴ മണക്കാടിനു സമീപം ടയര്‍ കട ആരംഭിക്കാനിരിക്കുകയായിരുന്നു റെസിനെന്ന് പൊലീസ് പറഞ്ഞു.
രണ്ടു ദിവസം മുന്‍പ് 40 കിലോഗ്രാം കഞ്ചാവും പെരുമ്പിള്ളിച്ചിറ ഭാഗത്ത് നിന്ന് പൊലീസ് പിടികൂടിയിരുന്നു. തൊടുപുഴ എസ്.ഐ എന്‍.എസ്.റോയി, ഗ്രേഡ് എസ്.ഐ അജി, ടി.എസ്.അനി, എസ്.സി.പി.ഒ. രാം കുമാര്‍, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം