അതിനു മുമ്പോ, പിമ്പോ ഇത്രയും ആഴത്തിൽ ഞാൻ ഉറങ്ങിയിട്ടില്ല!

റൂമിൽ കയറി ബാഗ് എടുത്തു വയ്ക്കുന്നതിനിടയിൽ ട്രാവൽ ഏജന്‍റ് പറഞ്ഞത്  എല്ലാം ഒരിക്കൽ കൂടി ഓർത്തു. അവിടെ എയർപോർട്ടിൽ എന്നെ വിളിക്കാൻ വണ്ടി വരും. താമസം ഹോട്ടലിൽ ആണ്. 300 ദിർഹം ഡെപ്പോസിറ്റ് നൽകണം. വിസ വരാൻ താമസം വന്നാൽ ഓരോ ദിവസവും 60 ദിർഹം നൽകണം. കേട്ടപ്പോൾ ബോധിച്ചു. വിളിക്കാൻ വണ്ടി, താമസിക്കാൻ ഹോട്ടൽ, റെഡി!!
 

deshantharam shibin

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

deshantharam shibin

ഹോർ അൽ അൻസിലെ ഫ്ലാറ്റിലെ സ്റ്റെപ് ഞാൻ ഓടി കയറുകയായിരുന്നു. സമയം കുറവാണ്. വിസിറ്റിങ് വിസയിൽ വന്ന എനിക്ക് ജോലി ശരിയായി വിസ സ്റ്റാമ്പ്‌ ചെയ്യാൻ UAE വിടണം. നോമ്പ് തുടങ്ങുന്നതിനാൽ നാട്ടിലേക്കു പോകാനുള്ള ഫ്ലൈറ്റ് നിരക്ക് എനിക്ക് താങ്ങാൻ പറ്റില്ല. അടുത്ത ചോയ്സ് കിഷ് ദ്വീപ് ആണ്. റേറ്റ് കുറവാണ്. നാട്ടിൽ പോകുന്ന വണ്‍ സൈഡ് ടിക്കറ്റ് ചാർജ് പോലും ആകുന്നില്ല.

റൂമിൽ കയറി ബാഗ് എടുത്തു വയ്ക്കുന്നതിനിടയിൽ ട്രാവൽ ഏജന്‍റ് പറഞ്ഞത്  എല്ലാം ഒരിക്കൽ കൂടി ഓർത്തു. അവിടെ എയർപോർട്ടിൽ എന്നെ വിളിക്കാൻ വണ്ടി വരും. താമസം ഹോട്ടലിൽ ആണ്. 300 ദിർഹം ഡെപ്പോസിറ്റ് നൽകണം. വിസ വരാൻ താമസം വന്നാൽ ഓരോ ദിവസവും 60 ദിർഹം നൽകണം. കേട്ടപ്പോൾ ബോധിച്ചു. വിളിക്കാൻ വണ്ടി, താമസിക്കാൻ ഹോട്ടൽ, റെഡി!!

തയ്യാറായി നിന്നപ്പോൾ സുഹൃത്ത് നിയാസ് മുഹമ്മദ് എത്തി. അവന്‍റെ വക ചെറിയൊരു ക്ലാസ്സ്‌. ഇറങ്ങിയാലുടൻ വിളിക്കണം. വിസ കാര്യങ്ങൾ എല്ലാം അവൻ നോക്കിക്കോളാം എന്ന്. ഫ്ലൈറ്റിൽ കയറി. അരമണിക്കൂർ യാത്ര. നമ്മുടെ നാട്ടിലെ KSRTC പോലൊരു ഫ്ലൈറ്റ്...

പണ്ട് പേർഷ്യ എന്നു വിളിച്ചിരുന്ന ഇറാന്‍റെ ഭാഗമാണ് ഈ ദ്വീപ്. ആദ്യകാല പ്രവാസികൾ സ്വർണവും മുത്തും വാരിയ 'പേർഷ്യ'. യുദ്ധങ്ങളിൽ തകർന്ന ഇവിടേക്ക് ഇപ്പോഴുള്ള 90 ശതമാനം യാത്രക്കാരും എന്നെപ്പോലെ വിസ മാറ്റത്തിന് പോകുന്നവരാണ്.

അവരെ മാറ്റി നിർത്തി സെക്യൂരിറ്റി ബുർഖ നൽകി

ഫ്ലൈറ്റിൽ നിന്നിറങ്ങിയവരെ സെക്യൂരിറ്റി രണ്ടു നിരയാക്കി. കറുത്ത ഡ്രസ്സ് ധരിച്ച സെക്യൂരിറ്റി, എല്ലാവരെയും സംശയത്തോടെ മാത്രം നോക്കുന്നു. വന്നിറങ്ങിയ പകുതി സ്ത്രീകൾക്കും 'ബുർഖ' ഇല്ല. അവരെ മാറ്റി നിർത്തി സെക്യൂരിറ്റി ബുർഖ നൽകി.

എമിഗ്രേഷൻ കഴിഞ്ഞിറങ്ങിയ ഞാൻ ഹോട്ടലിൽ നിന്നും എന്നെ വിളിക്കാൻ വന്ന കയ്യിൽ 'SHIBIN SHAHUMAN' എന്ന പ്ലക്കാർഡ് പിടിച്ച കാർ ഡ്രൈവറെ തിരയുകയായിരുന്നു. കുറച്ച് ആളുകൾ ആദ്യം വന്ന കോസ്റ്റർ വാനിൽ കയറി ഇരിപ്പായി. അവരെ കുറിച്ചോർത്തപ്പോൾ എനിക്ക് സങ്കടായി പാവങ്ങൾ. എനിക്ക് പോകാൻ വണ്ടി വരുമല്ലോ!

കുറച്ചധികം നേരമായിട്ടും ആരും വരാത്തതിനാൽ അടുത്ത് കണ്ട സെക്യൂരിറ്റിയോട് അറിയാവുന്ന ഇംഗ്ലീഷിൽ കാര്യം പറഞ്ഞു. അവൻ അവനറിയാവുന്ന ഇംഗ്ലീഷിൽ എന്നോടും എന്തോ പറഞ്ഞു. ഒടുക്കം എന്‍റെ ടിക്കറ്റ് കാണിച്ചപ്പോ അവൻ നേരത്തെ കണ്ട കോസ്റ്റർ വാനിലേക്ക് വിരൽ ചൂണ്ടി. അപ്പോൾ ഏകദേശം കാര്യം എനിക്ക് മനസിലായിത്തുടങ്ങി.

വണ്ടി നീങ്ങിത്തുടങ്ങിയപ്പോൾ ഒരാൾ വന്ന് എല്ലാ പാസ്‌പോർട്ടും വാങ്ങാൻ തുടങ്ങി. എന്തിനാണെന്നറിയില്ലെങ്കിലും ഞാനും കൊടുത്തു.  അടുത്തിരുന്ന തമിഴനോട് കാര്യം ചോദിച്ചു. അതു എംബസ്സിയുടെ ആളാണ് വിസ റെഡി ആകുമ്പോൾ വിസ കോപ്പി എംബസിയിൽ കാണിച്ചാൽ തിരിച്ചു കിട്ടും. തിരികെ ഫ്ലൈറ്റ് ടിക്കറ്റും അവിടുന്നാണ് തരുന്നത്.

ഗേറ്റ് കടന്നു റിസപ്ഷനിൽ ചെന്നു. ഡെപ്പോസിറ് പൈസ വാങ്ങി വച്ച അയാൾ പറഞ്ഞു "റൂം ഒഴിവില്ല. കുറച്ചു കഴിയുമ്പോൾ വിളിക്കാം. റെസ്റ്റോറന്‍റിൽ കാത്തിരിക്കൂ."

ഒരു ദിർഹം നൽകിയാൽ സുലൈമാനി, വിശക്കുന്നെങ്കിൽ ഒരു ദിർഹം കൂടി നൽകിയാൽ നീളൻ ബണ്‍ കിട്ടും. അവിടെ ഇറങ്ങിയത് മുതൽ വിശപ്പും ദാഹവും കെട്ടിരുന്നു. നല്ല ചോറും മീൻകറിയും സ്വപ്നം കണ്ട് ഞാൻ അവിടിരുന്നു. വെണ്ടയ്ക്ക മെഴുക്കുപുരട്ടിയും ചമ്മന്തിയും ഉണക്കിയ നെല്ലിക്കാ അച്ചാറും തൈരും ആവി പറന്ന ചോറും ഇടയ്ക്കിടയ്ക്ക് ഓർമയിൽ വന്നു പോയി!

മയക്കത്തില്‍ നിന്നുണര്‍ന്ന് ഞാൻ പുറത്തേക്കു ഇറങ്ങി നടന്നു. തണലു പറ്റുന്നിടത്തെല്ലാം ചെറു കൂട്ടങ്ങൾ. വന്നു പെട്ടു പോയവർ, കമ്പനി വിസ നല്‍കാത്തവർ, പോക്കറ്റ് കാലിയായവർ, തറയിൽ ഇരുന്നും മതിലിൽ ചാരിയും പരസപരം കഥകൾ പറഞ്ഞു കൊണ്ടിരിക്കുന്നു. കഥകൾ ഉള്ളിൽ ചെറിയൊരു ഭൂകമ്പം ഉണ്ടാക്കി തുടങ്ങി. കുറച്ച് ആഴ്ച്ചകൾക്കു ശേഷം പുതിയതായി വരുന്നവരോട് ഞാനും ഇവിടെ നിന്നു കഥ പറയേണ്ടി വരുമോ? പോക്കറ്റിൽ ഉണ്ടായിരുന്ന ദിർഹംസിലേക്കു ഒന്നുകൂടി അമർത്തിപ്പിടിച്ചു.

അടുത്ത് കണ്ട ഒരു ഇന്‍റർനെറ്റ്‌ കഫെയിൽ കയറി ദുബായിലേക്ക് വിളിച്ചു. "എടാ, ഞാൻ ശ്രമിക്കുന്നുണ്ട്! ചിലപ്പോൾ ഇന്നു തന്നെ ഓക്കേ ആകുമെന്ന PRO പറഞ്ഞത്, വിസ ഇട്ടാലുടൻ ഞാൻ നിന്നെ വിളിച്ചോളാം." വാച്ചിൽ ഒന്നുകൂടി നോക്കി. അഞ്ചു മണിക്ക് എംബസി അടക്കും. അതിനു മുന്നേ കിട്ടിയാൽ ഇന്നു തന്നെ തിരിച്ചു പോകാം. ഒന്നുറങ്ങാൻ പറ്റിയെങ്കിൽ സമയം പോയേനെ.

കൃത്യം നാലരക്ക് കാൾ വന്നു, "വിസ റെഡിയാണ്, മെയിൽ ചെയ്തിട്ടുണ്ട്." സർവ ശക്തിയുമെടുത്തു കഫേയിലേക്കു ഓടി. തിരക്ക് കഴിഞ്ഞു പ്രിന്‍റ് ഔട്ട്‌ എടുത്തു. തിരികെ എംബസിയിൽ എത്തുമ്പോഴേക്കും സമയം അഞ്ചു കഴിഞ്ഞു. ഇനി നാളെത്തെ മോർണിംഗ് ഫ്ലൈറ്റ് മാത്രമേ ഉള്ളൂ! ഒരുപക്ഷെ കുറച്ചു താമസിച്ചു മെയിൽ വന്നിരുന്നെങ്കിൽ ഇത്രയും നിരാശ തോന്നില്ലായിരിക്കാം.

ഒരു രാത്രി  കിഷ് ഐലൻഡിൽ കഴിയണം. തിരികെ ഹോട്ടലിൽ എത്തിയപ്പോൾ റൂം റെഡിയായി. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിഞ്ഞില്ല. മൂന്നു അലാറം മൊബൈലിൽ സെറ്റ് ചെയ്തു. ഏതിൽ എങ്കിലും എണീക്കണം. ആദ്യത്തേതിൽ തന്നെ ഉണർന്നു. അല്ലെങ്കിൽ ഉറങ്ങിയിരുന്നില്ല എന്നു പറയുന്നതാകും ശരി. കുളിക്കാനായി ബാത്റൂമിലേക്കു ഓടി. കുളിക്കാൻ പോയിട്ട് പല്ലു തേക്കാനുള്ള വെള്ളം അവിടെയില്ല, സൈഡിൽ അരക്കുപ്പി മിനറൽ വാട്ടർ കണ്ടു. അവകാശികൾ എത്തുന്നതിനു മുന്നേ അതെടുത്തു മുഖം കഴുകി. തലയിൽ വെള്ളം കുടഞ്ഞു.

യാന്ത്രികമായി എമിഗ്രേഷൻ കഴിഞ്ഞു പുറത്തിറങ്ങി

റിസപ്ഷനിൽ ചെറിയൊരു കശപിശ, ഒരു  രാത്രി ഫ്രീ ആണെന്നാണ് പറഞ്ഞിരുന്നത്. ഡെപ്പോസിറ് തിരികെ തന്നപ്പോൾ അറുപതു ദിർഹം കുറവാണ്. ഒരുപാടു ചോദിച്ചു മുഷിയാൻ നിന്നില്ല. കിട്ടിയതും കൊണ്ടിറങ്ങി. എംബസി തുറന്നിട്ടില്ല. എങ്കിലും വിസ റെഡിയായവരുടെ ഒരു നിര റെഡിയായി കഴിഞ്ഞിരുന്നു. അതിൽ ഊളിയിട്ടു കയറി ഊഴം കാത്തുനിന്നു!

ഇ -ടിക്കറ്റിങ്ങും യന്ത്ര സംവിധാനങ്ങളും അരമണിക്കൂർ യാത്രക്കപ്പുറമാണ്. ഇവിടെ നോട്ടീസ് പോലുള്ള ഒരു പേപ്പറിൽ എംബസിയുടെ സീൽ ആണ് ടിക്കറ്റ്! ദുബായിൽ വിമാനം ലാൻഡ് ചെയ്തപ്പോൾ അറിയാതെ ഒരു ദീർഘ നിശ്വാസം വിട്ടു. യാന്ത്രികമായി എമിഗ്രേഷൻ കഴിഞ്ഞു പുറത്തിറങ്ങി. ആദ്യം പോയത് ഫുഡ്‌ വാങ്ങാനായിരുന്നു വാഴയിലയിൽ പൊതിഞ്ഞ പൊതിച്ചോറ് വാങ്ങി. നല്ലൊരു കുളിക്ക് ശേഷം വയറു നിറയെ കഴിച്ചു. ശേഷം കട്ടിലിലേക്ക്. നന്നായി ഉറങ്ങി. അതിനു മുമ്പോ പിമ്പോ ഇത്രയും ആഴത്തിൽ ഞാൻ ഉറങ്ങിയിട്ടില്ല!

Latest Videos
Follow Us:
Download App:
  • android
  • ios