'ട്രോളുകളെല്ലാം കാണുന്നുണ്ട്, അത് വേദനിപ്പിക്കുന്നു'; ഒടുവില്‍ പ്രതികരിച്ച് പൃഥ്വി ഷാ
ട്രോളുകള്‍ എല്ലായ്പ്പോഴും ചിരിപ്പികാറില്ല. ഞാന്‍ എവിടെപ്പോകുമ്പോഴും ആളുകള്‍ പറയാറുള്ളത്, ഞാന്‍ പരിശീലനത്തിന് ഇറങ്ങാറില്ല എന്നാണ്.
മുംബൈ: ഐപിഎല്‍ ലേലത്തില്‍ ആരും ടീമിലെടുക്കാതിരുന്നതിനെക്കുറിച്ചും തന്നെക്കുറിച്ച് ഉയരുന്ന ട്രോളുകളെക്കുറിച്ചും പ്രതികരിച്ച് മുംബൈ താരം പൃഥ്വി ഷാ. തന്നെക്കുറിച്ച് വരുന്ന ട്രോളുകളെല്ലാം കാണുന്നുണ്ടെന്നും ചിലതെല്ലാം വേദനിപ്പിക്കുന്നതാണെന്നും പൃഥ്വി ഷാ പറഞ്ഞു.
ട്രോളുകള്‍ അത്ര നല്ല കാര്യമായിട്ട് തോന്നിയിട്ടില്ല, പക്ഷെ അത് അത്ര മോശം കാര്യവുമല്ല. എങ്കിലും ഞങ്ങള്‍ ക്രിക്കറ്റ് താരങ്ങള്‍ ഈ ട്രോളുകളെല്ലാം കാണാറുണ്ട്. മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല. പക്ഷെ ഞാന്‍ എല്ലാം കാണാറുണ്ട്.അതില്‍ എന്നെക്കുറിച്ചു വരുന്ന ട്രോളുകളും ഞാന്‍ കാണാറുണ്ട്. അത് പലപ്പോഴും വേദനിപ്പിക്കാറുണ്ട്.
ട്രോളുകള്‍ എല്ലായ്പ്പോഴും എന്നെ ചിരിപ്പികാറില്ല. ഞാന്‍ എവിടെപ്പോകുമ്പോഴും ആളുകള്‍ പറയാറുള്ളത്, ഞാന്‍ പരിശീലനത്തിന് ഇറങ്ങാറില്ല എന്നാണ്. എന്‍റെ പിറന്നാള്‍ ദിനത്തില്‍ പോലും പരിശീനത്തിനിറങ്ങിയില്ലെന്ന് പറഞ്ഞ് പരിഹസിച്ചു.അടുത്തിടെ എന്‍റെ പിറന്നാള്‍ ദിനത്തില്‍ സഹോദരിമാരോടും സുഹൃത്തുക്കളോടുമൊപ്പം നൃത്തം ചെയ്തത് പോലും ആളുകള്‍ ട്രോളാക്കി.എന്‍റെ സഹോദരിമാരുടെ സോഷ്യല്‍ മീഡിയ പേജിലാണ് അത് പോസ്റ്റ് ചെയ്തത്. എന്നിട്ടും എന്നെ ട്രോള്‍ ചെയ്തു. എനിക്ക് ഒരു ദിവസത്തേക്ക് എങ്കിലും ആഘോഷിക്കാന്‍ അവകാശമില്ലെ-പൃഥ്വി ഷാ ചോദിച്ചു.
2018ല്‍ 18-ാം വയസില്‍ ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ചുറിയുമായി അരങ്ങേറിയ പൃഥ്വിക്ക് പിന്നീട് ടീമിലെ സ്ഥാനം നഷ്ടമായി. അമിതഭാരം കാരണം, അടുത്തിടെ മുംബൈ രഞ്ജി ടീമിലെ സ്ഥാനവും പൃഥ്വി ഷാക്ക് നഷ്ടമായിരുന്നു.എന്നാല്‍ മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കായി പൃഥ്വി ഷാ വീണ്ടും കളിക്കാനിറങ്ങിയിരുന്നു. ഐപിഎല്‍ ലേലത്തില്‍ 75 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന പൃഥ്വിയെ ലേലത്തില്‍ ആരും ടീമിലെടുത്തിരുന്നില്ല.കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ താരമായിരുന്ന പൃഥ്വിക്ക് തിളങ്ങാനായിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക