ഉയർത്തെഴുന്നേറ്റ ട്രംപ്; അടുക്കണോ അകലണോ എന്ന ആശങ്കയില്‍ ലോകം

ട്രംപിന്‍റെ രണ്ടാം വരവില്‍ ലോകത്തിന് ചെറുതല്ലാത്ത ആശങ്കയുണ്ട്. യൂറോപ്യന്‍ യൂണിയനും ചൈനയും വിപണയില്‍ ആശങ്കപ്പെടുമ്പോള്‍ യുദ്ധമുഖത്ത് പലസ്തീന്‍റെയും യുക്രൈയ്ന്‍റെയും ആശങ്കകളും വര്‍ദ്ധിക്കുന്നു. 

Trumps victory and the worlds concerns


2021 ജനുവരി 6 ന്‍റെ കാപ്പിറ്റോൾ കലാപമുണ്ടാക്കിയ ഞെട്ടലും വിവാദവും കാരണം റിപബ്ലിക്കൻ പാർട്ടിക്കുള്ളിൽ പോലും ഡോണൾഡ് ട്രംപ് എന്ന മുൻ പ്രസിഡന്‍റ് പുറന്തള്ളപ്പെട്ടിരുന്നു. അപ്പോഴും സ്വയം ഉടച്ചുവാർക്കാനൊന്നും ട്രംപ് തയ്യാറായില്ല. തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്ന വാദം വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്തു. പിന്തുടരുന്ന കേസുകളടക്കം എല്ലാം താൻ ഇരയാക്കപ്പെടുന്നതിന്‍റെ തെളിവായി വാദിച്ച് സ്ഥാപിക്കാൻ ട്രംപ് ശ്രമിച്ചു കൊണ്ടിരുന്നു. അപ്പോഴും ട്രംപിനൊരു തിരിച്ചുവരവ് ആരും പ്രതീക്ഷിച്ചില്ല. റിപബ്ലിക്കൻ അംഗങ്ങൾ പോലും. രണ്ടുതവണ ഇംപീച്ച് ചെയ്യപ്പെട്ട ആദ്യത്തെ പ്രസിഡന്‍റ്. സെനറ്റ് വെറുതെ വിട്ടുവെന്ന് മാത്രം. ശിക്ഷിക്കാൻ വേണ്ട മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടായില്ല. സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ നിന്നെല്ലാം ട്രംപ് ഒഴിവാക്കപ്പെട്ടു.

വിജയത്തിലേക്കുള്ള വഴികള്‍

ഒന്നിന് പുറകേ ഒന്നായി കേസുകൾ, ക്രിമിനൽ കേസിൽ കുറ്റക്കാരൻ, സ്ത്രീകളെക്കുറിച്ചുള്ള അധിക്ഷേപ കരമായ പരാമർശങ്ങൾ, നീലച്ചിത്ര നടിക്ക് പണം കൊടുത്തിട്ട് അത് കണക്കിൽ തട്ടിക്കാൻ ശ്രമിച്ചത്. ഒരു സാധാരണ മനുഷ്യനെ ഇല്ലാതാക്കാൻ അത്രയൊക്കെ മതി. ട്രംപിന്‍റെ രാഷ്ട്രീയഭാവി അവസാനിച്ചുവെന്ന് വിശ്വസിച്ചു റിപബ്ലിക്കൻ നേതാക്കളടക്കം എല്ലാവരും. . പക്ഷേ, ട്രംപ് തോറ്റുകൊടുത്തില്ല. മഗ്ഷോട്ടടക്കം എല്ലാം തന്‍റെ ഇരവാദം ഊട്ടിയുറപ്പിക്കാൻ ഉപയോഗിച്ചു മുൻപ്രസിഡന്‍റ്. എന്തിന് ട്രംപ് 'മുൻ' എന്ന വാക്ക് തന്നെ അംഗീകരിച്ചില്ല. ഉപയോഗിച്ചുമില്ല. കത്തുകളിൽ പ്രസിഡൻഷ്യൽ എന്ന് തോന്നിക്കുന്ന സീലടക്കം ഉപയോഗിച്ചു, വൈറ്റ് ഹൗസിൽ നിന്ന് താനിറങ്ങരുതായിരുന്നു എന്ന് പറഞ്ഞത് പ്രചാരണം കത്തിനിൽക്കുമ്പോൾ ആണെന്നേയുള്ളൂ.

2022 -ലെ ഇടക്കാല തെരഞ്ഞെടുപ്പ് അടുത്തപ്പോഴേക്കും റിപബ്ലിക്കൻ നേതാക്കൾ പലരും, മിച്ച മക്കോണൽ ഒഴികെ, ട്രംപിനൊപ്പം ചേർന്നു. ട്രംപ് തെരഞ്ഞെടുത്തവരാണ് ഇടക്കാല തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. അധികം പേരും തോറ്റു. പക്ഷേ. ട്രംപ് പാർട്ടിയിൽ ശക്തനായിക്കഴിഞ്ഞിരുന്നു. അതോടെ 2024 -ലെ മത്സരത്തിനും ട്രംപ് ഉണ്ടാകുമെന്നും ഉറപ്പായി. കേസുകളിലെ എതിർവിധികളും കണ്ടെത്തലുകളും തിരിച്ചടിയാകുമെന്ന റിപബ്ലിക്കൻ നേതാക്കളുടെ കാഴ്ചപ്പാടൊന്നും ട്രംപ് കണക്കിലെടുത്തില്ല. മറിച്ച്, പ്രചാരണത്തിൽ അതാണ് കേന്ദ്രബിന്ദുവാക്കിയത്. ട്രംപിന്‍റെ ജനപ്രീതിയെ ഇതൊന്നും ബാധിക്കുന്നില്ലെന്നും അഭിപ്രായ വോട്ടെടുപ്പുകൾ തെളിയിച്ചു കൊണ്ടേയിരുന്നു. അതുപോലെ ജനപ്രീതിയുള്ള മറ്റൊരാളെ കണ്ടെത്താൻ റിപബ്ലിക് പാർട്ടിക്കായില്ല. കോടതിയിലേക്കുള്ള വരവും പോക്കുമടക്കം ക്യാമറകൾ പിന്തുടർന്ന് പകർത്തി. ലൈവ് ടെലികാസ്റ്റായി ചാനലുകൾക്ക്. അതും പ്രചാരണതന്ത്രത്തിന്‍റെ ഭാഗമായിരുന്നുവെന്ന് പറയുന്നു നിരീക്ഷകർ. നോമിനേഷൻ കിട്ടി, സ്ഥാനാർത്ഥിയായി. പ്രചാരണം തുടങ്ങി.

Trumps victory and the worlds concerns

നോക്കി നില്‍ക്കെ കുറഞ്ഞ് വന്ന കമലയുടെ ജനപ്രീതി; കാരണങ്ങളെന്തൊക്കെ ?

വെടിയേറ്റ ചെവി

അതിനിടയിലാണ് ട്രംപിന് വെടിയേറ്റത്. അതും മറ്റൊരു ഫോട്ടോ ഓപ്പാക്കി ട്രംപ്. ഒരു റിയാലിറ്റി ഷോ. 'ആസൂത്രിതം' എന്നുവരെ രഹസ്യം പറച്ചിലുണ്ടായി. പക്ഷേ, ട്രംപിനെ അതൊന്നും ബാധിച്ചില്ല. അനുയായികളും ഇരവാദം പൂർണമായി ഏറ്റെടുത്തു. ഡമോക്രാറ്റുകളാണെങ്കിൽ പ്രായം ചെന്ന പ്രസിഡന്‍റെന്ന പ്രഹേളികയിൽ ചെന്നുടക്കി നിന്നു. വാക്കും ചുവടും പിഴച്ച് പലപ്പോഴും ബൈഡൻ പരിഹാസ കഥാപാത്രമായി. ബൈഡനും താനുമായി മത്സരമേയില്ലെന്നായിരുന്നു ട്രംപിന്‍റെ പരിഹാസം. ട്രംപുമായി നടന്ന സംവാദം സത്യത്തിൽ ബൈഡന്‍റെ മരണമണിയായിരുന്നു. പക്ഷേ, അപ്പോഴും ബൈഡൻ പിൻമാറാൻ വിസ്സമ്മതിച്ചു. ഡോണർമാരുടെ സമ്മർദ്ദം കൂടിയായപ്പോഴാണ് പിൻമാറ്റ തീരുമാനം ഉണ്ടായത്. അങ്ങനെയാണ് കമലാ ഹാരിസ് പ്രസിഡന്‍റ് സ്ഥാനാർത്ഥിയാവുന്നതും.

കമലയുടെ വരവ്

അതോടെ കാര്യങ്ങൾ ഒന്ന് തലകീഴ്മേൽ മറിഞ്ഞു. കമലാ ഹാരിസിനെ ഡമോക്രാറ്റുകൾ മാത്രമല്ല ജനങ്ങളും അംഗീകരിച്ചു. ഫണ്ട് ശേഖരണം കുതിച്ചുയർന്നു. ട്രംപിന് അതിന്‍റെ അടുത്തെത്താനായില്ല.  കമലാ ഹാരിസിന്‍റെ തുറന്ന ചിരിയും പരിഹാസവും അസംതൃപ്തിയും മാത്രം പ്രതിഫലിക്കുന്ന ട്രംപിന്‍റെ മുഖവും രണ്ട് ധ്രുവങ്ങളിലായിരുന്നു. പക്ഷേ, അതും അധിക നാൾ നീണ്ടില്ല. നയങ്ങളിലെ അവ്യക്തത കമലാ ഹാരിസിന്‍റെ 'അക്കിലീസ് ഹീലായി.' പരിഹാരം നിർദ്ദേശിക്കാനില്ലാത്ത രണ്ട് യുദ്ധങ്ങൾ. ബൈഡന്‍റെ ഭരണ തുടർച്ചയെന്ന വാദത്തിന്‍റെ അപകടം പ്രചാരണ സംഘവും തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. നാണ്യപ്പെരുപ്പത്തിൽ നട്ടംതിരി‍ഞ്ഞ ജനം പക്ഷേ, തിരിച്ചറിഞ്ഞു. കുടിയേറ്റത്തിലും വ്യക്തമായ കാഴ്ചപ്പാടുണ്ടായില്ല കമലാ ഹാരിസിന്.  

പക്ഷേ, ട്രംപിനും പിഴച്ചു. ബൈഡന്‍റെ തുടർച്ച എന്നത് ചൂണ്ടിക്കാണിക്കാൻ ആയില്ല. പകരം കറുത്ത വർഗക്കാരിയെന്ന അവകാശവാദത്തെയാണ് ചോദ്യംചെയ്തത്. പ്രചാരണത്തിന്‍റെ അവസാനഘട്ടത്തിൽ സത്യത്തിൽ ബലഹീനനായ, സ്വന്തം വാദങ്ങൾ മുന്നോട്ടുവയ്ക്കാൻ കഴിയാതെ കമലാ ഹാരിസിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന, വെറുതേ ദേഷ്യപ്പെടുന്ന ട്രംപിനെയാണ് കാണാനായത്. തന്‍റെ തോൽവി മുന്നിൽക്കാണുന്ന മുൻപ്രസിഡന്‍റിനെ. അതുതന്നെയാണ് കമലയുടെ ജയം ഉറപ്പിക്കാനുള്ള തുറുപ്പ് ചീട്ടായതും.

Trumps victory and the worlds concerns

പശ്ചിമേഷ്യ; യുദ്ധത്തിന് താത്കാലിക വിരാമം വേണമെന്ന് ഇസ്രയേല്‍ സൈന്യം, സമ്മതിക്കാതെ നെതന്യാഹു

നവംബറിലെ മാറ്റം

പക്ഷേ, നവംബർ അഞ്ചിന് തൊട്ടുമുമ്പത്തെ ആഴ്ചകളിൽ കാര്യങ്ങൾ പിന്നെയും മാറിമറിഞ്ഞു. നിർണായക സംസ്ഥാനങ്ങളിൽ ട്രംപ് മുന്നേറി. രണ്ടുപേരും തമ്മിലെ വ്യത്യാസം തീരെ നേർത്തതായി. കമല ഹാരിസിന്‍റെ പ്രചാരണ സംഘത്തിന് നെഞ്ചിടിപ്പേറി. ഇതിനിടെ പ്രചാരണ തന്ത്രങ്ങള്‍ ട്രംപ് ടീം  മാറ്റി. മുഖ്യധാരാ മാധ്യമങ്ങൾക്ക് പകരം ചെറുപ്പക്കാരായ പോഡ്കാസ്റ്റേഴ്സിന് അഭിമുഖങ്ങൾ കൊടുത്തു. ചെറുപ്പക്കാരായ വോട്ടർമാരെ സ്വാധീനിക്കാനുള്ള തന്ത്രം. വോട്ട് ചെയ്യാൻ താൽപര്യമില്ലാത്ത, രാജ്യത്തിന്‍റെ ഭാവിയിൽ ശുഭാപ്തി വിശ്വാസമില്ലാത്ത വിഭാഗത്തെ കൈയിലെടുക്കാനുള്ള തന്ത്രം. പോഡ്കാസ്റ്റര്‍ ജോ റോഗന്‍ ട്രംപിന് പിന്തുണയും പ്രഖ്യാപിച്ചു. അപ്പോഴും പക്ഷേ ട്രംപിന്‍റെ നിയന്ത്രണമില്ലാത്ത വാക്കുകൾ വോട്ടർമാരെ അകറ്റുമെന്ന പേടി നിലനിന്നു. കുടിയേറ്റക്കാരെ നാടുകടത്തുമെന്നും ശത്രുക്കളെ ശിക്ഷിക്കമെന്നും ട്രംപ് ആവർത്തിച്ചു കൊണ്ടിരുന്നു.

യുദ്ധവും പ്രസിഡന്‍റും

ഇസ്രയേലിനോട് അമേരിക്കയ്ക്ക് എന്നും താൽപര്യമാണ്. അതിനി ആര് ഭരിച്ചാലും അതിൽ മാറ്റമുണ്ടാവില്ല. പക്ഷേ, യുദ്ധം അവസാനിപ്പിക്കാനോ വെടിനിർത്തൽ ധാരണക്കോ പോലും ബൈഡനായില്ല എന്നത് പരാജയത്തിന്‍റെ പട്ടികയിലാണ്. ബൈഡൻ ഇറങ്ങുന്നതുവരെ നെതന്യാഹു വെടിനിർത്തലിന് തയ്യാറാവില്ല എന്ന റിപ്പോർട്ടിനോട് ബൈഡൻ പ്രതികരിക്കുക വരെ ചെയ്തിരുന്നു. ട്രംപിന്‍റെയും ഇസ്രയേൽ സ്നേഹത്തിന് അളവുകളില്ല. അത് പക്ഷേ, ട്രംപിന് തിരിച്ചടിയായതുമില്ല.

ഇസ്രയേലും  ഗൾഫ് - അറബ് രാജ്യങ്ങളുമായുള്ള കരാറുകൾ സാധ്യമാക്കിയത് ട്രംപാണ്. അതുവരെ ചില കാര്യങ്ങളിലെ സഹകരണം അടിത്തട്ടിൽ ഉണ്ടായിരുന്നെങ്കിലും ഒരു കരാറിലെത്തിയിരുന്നില്ല. ട്രംപിന്‍റെ  മരുമകൻ, ഇവാൻകയുടെ ഭർത്താവ് ജാരെഡ് കുഷ്നെറായിരുന്നു ആദ്യഭരണ കാലത്ത് ട്രംപിന്‍റെ പശ്ചിമേഷ്യൻ ഉപദേശകൻ. ജറുസേലമിലെ അമേരിക്കൻ എംബസി തുറക്കാൻ അമേരിക്കയിലെ ഒരു പ്രസിഡന്‍റുമാരും ധൈര്യപ്പെട്ടിരുന്നില്ല. പക്ഷേ, ട്രംപ് അതും ചെയ്തു. അതോടെ പലസ്തീന്‍റെ പ്രധാന ആവശ്യം പ്രസക്തമല്ലാതായി. സൗദിയൊഴിച്ച് മറ്റ് രാജ്യങ്ങൾ കരാറില്‍ ഒപ്പിട്ടതോടെ പലസ്തീൻ പ്രശ്നം തന്നെ മാഞ്ഞുപോയ പോലെയായി.

Trumps victory and the worlds concerns

അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും യുഎസ് ചാഡ്സും; അറിയാം ചരിത്രം

അബ്രഹാം അക്കോർഡ്സ് (Abaraham Accords) ഇനിയും വിപുലമാക്കും എന്നാണ് ട്രംപ് പ്രചാരണ വാഗ്ദാനമായി പറഞ്ഞത്. പക്ഷേ, മിഷിഗനിലെ വലിയൊരു ശക്തിയായ അറബ് അമേരിക്കൻ വോട്ടർമാർ പോലും അത് അവഗണിച്ചുവെന്ന് വേണം വിചാരിക്കാൻ. അവർ കൂടുതലുള്ള ഡീയര്‍ബോണ്‍ എന്ന നഗരത്തിലെ പോളിംഗ് ശതമാനം വെറും 39.6 ശതമാനമായിരുന്നു. അതിന് കാരണം യുദ്ധങ്ങൾ അവസാനിപ്പിക്കുമെന്ന ട്രപിന്‍റെ ഉറപ്പാണ്. അത് ഏതുവിധമായാലും. നെതന്യാഹു വെടിനിർത്തലിന് സമ്മതിച്ചേക്കും ചില വ്യവസ്ഥകൾ ഹമാസ് അംഗീകരിച്ചാൽ. പക്ഷേ, അതെങ്ങനെ എന്ന് വ്യക്തമല്ല, എങ്കിലും വോട്ടർമാർ ട്രംപിനെ വിശ്വസിച്ചിരിക്കുന്നു.

യുക്രൈയ്ൻ പ്രസിഡന്‍റ് സെലൻസ്കിയോട് ട്രംപിന് പണ്ടേ താൽപര്യമില്ല. ബൈഡന്‍റെ മകന്‍റെ പേരിൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന ട്രംപിന്‍റെ ആവശ്യം തള്ളിക്കളഞ്ഞതാണ് സെലൻസ്കി. റഷ്യൻ പ്രസിഡന്‍റ് പുടിനോട് ആരാധനയുമാണ് ട്രംപിന്. യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന പദ്ധതിയുടെ കരട് തയ്യറാക്കി കഴിഞ്ഞു ട്രംപ് ടീം എന്നാണ് വാള്‍ സ്ട്രീറ്റ് ജേർണലിന്‍റെ റിപ്പോർട്ട്. നേറ്റൊ അംഗത്വ ആവശ്യം 20 വർഷത്തേക്ക് യുക്രൈയ്ൻ മരവിപ്പിക്കണം. ഇപ്പോഴത്തെ മുന്നണികളിലെ യുദ്ധം അവസാനിപ്പിക്കണം. റഷ്യക്കും യുക്രൈയ്നും ഇടയിൽ സൈനിക വിമുക്ത മേഖല സ്ഥാപിക്കണം. ഇതൊക്കെയാണ് കരട്. അത് പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ബ്രിട്ടനോ പോളണ്ടോ ജർമ്മനിയോ ഫ്രാൻസോ നിരീക്ഷണമേർപ്പെടുത്തണം.  തൽകാലം യുക്രൈയ്നുള്ള സൈനിക പിന്തുണ അവസാനിപ്പിക്കില്ല. മുമ്പത്തെ റിപ്പോർട്ടുകൾ കടക വിരുദ്ധമായിരുന്നെങ്കിലും. ചർച്ചകളാകാമെന്ന് പുടിൻ പറഞ്ഞു. പക്ഷേ, യുക്രൈയ്ൻ നിശബ്ദമാണ്. സ്വന്തം മേഖല വിട്ടുകൊടുക്കുന്നത് അംഗീകരിച്ചാൽ ഇത്രയും നാൾ സെലൻസ്കി നടത്തിയ ഒറ്റയാൾ പോരാട്ടത്തിന് അർത്ഥമില്ലാതെയാകും. റഷ്യൻ പട്ടാളത്തിന്‍റെ കൂട്ടക്കുരുതിയിൽ മരിച്ച യുക്രൈയ്നിയൻ ജനതയുടെ ജീവത്യാഗത്തിനും അ‍ർത്ഥമില്ലാതെയാകും. യുദ്ധം അവസാനിക്കണം. പക്ഷേ, അതിലെ നഷ്ടങ്ങൾ യുക്രൈയ്ന് മാത്രമാകുമ്പോൾ അതിൽ കാവ്യനീതിയില്ല. ട്രംപിന് പക്ഷേ, അതൊരു പ്രശ്നമേയല്ല. സമാധാനദൂതനായുള്ള അവതാരം പ്രിയമാണ് താനും.

ഒപ്പം സമ്പന്നർ

ട്രംപിനെ സഹായിക്കാൻ എലൺ മസ്ക് അടക്കം സമ്പന്നരും ഉണ്ടായിരുന്നു രംഗത്ത്. മസ്ക് കോടികളാണ് ട്രംപിന് വേണ്ടി ചെലവാക്കിയത്. ട്വിറ്റർ എന്ന എക്സ് ട്രംപിന്‍റെ പ്രചാരണ വാഹനമായി. റോബർട്ട് എഫ് കെന്നഡി ജൂനിയര്‍ ഇവരൊക്കെ ട്രംപിനൊപ്പം നിന്നു, കമലാ ഹാരിസിനും താരപിന്തുണയിൽ കുറവുണ്ടായില്ല. അത് പക്ഷേ മറ്റൊരു വിഭാഗമായിരുന്നു. ഓപ്പറ വിൻഫ്രേ, ടെയ്‍ലർ സ്വഫ്റ്റ് അങ്ങനെ പോയി ആ പട്ടിക. പക്ഷേ, അപ്പോഴും ബൈഡനെന്ന മുൻഗാമിയെ കുടഞ്ഞെറിയാൻ കമലാ ഹാരിസിനാവുന്നില്ലെന്ന നിരീക്ഷണം കൂടുതൽ ശക്തമായിക്കൊണ്ടിരുന്നു. വിദേശനയത്തിലടക്കം ബൈഡന്‍റെ പരാജയം ആവർത്തിക്കാനാണോ കമലാ ഹാരിസിന്‍റെ പുറപ്പാട് എന്ന ചോദ്യവും ശക്തമായി. യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിലും അവ്യക്തത നിഴലിച്ചു.

കുടിയേറ്റവും ട്രംപും

അനധികൃത കുടിയേറ്റത്തിൽ കൂട്ട നാടുകടത്തൽ എന്നാണ് ട്രംപ് നൽകിയിരിക്കുന്ന വാഗ്ദാനം. കുടിയേറ്റക്കാര്‍ കാരണം അക്രമം കൂടുന്നെന്നും തങ്ങളുടെ തൊഴിലവസരങ്ങൾ പോകുന്നുവെന്നുമുള്ള പരാതി വ്യാപകമാണ്. അതിനുള്ള പരിഹാരമാണ് അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുമെന്ന വാക്ക്. എന്നിട്ടും ലറ്റീനോകളുടെ വോട്ട് കൂടുതൽ കിട്ടിയത് ട്രംപിനാണ്. കൂട്ട നാടുകടത്തൽ പ്രായോഗികവുമല്ല, നിയമക്കുരുക്കളും കോടികളുടെ ചെലവുമാണ് പ്രത്യാഘാതം. ലോജിസ്റ്റിക്കൽ വെല്ലുവിളികള്‍ വേറെ. അതൊന്നും വിഷയമല്ല എന്നാണ് ട്രംപിന്‍റെ വാക്ക്, ഒബാമയുടെ കാലത്തും ട്രംപിന്‍റെയും ബൈഡന്‍റെയും കാലത്തും നാടുകടത്തൽ നടന്നിട്ടുണ്ട്. ഇത്രയും വലിയ തോതിലല്ലെന്നുമാത്രം.

സമ്പദ് രംഗത്തിന് ജീവൻ നൽകാൻ 19 -ാം നൂറ്റാണ്ടിലേത് പോലെയുള്ള നികുതികൾ കൊണ്ടുവരും എന്നാണ് വാക്ക്. നശിച്ച വ്യവസായങ്ങൾ വീണ്ടെടുക്കുമെന്നും. മിഡ് വെസ്റ്റിനെ കൈയിലെടുക്കാൻ അത്തരം വാഗ്ദാനങ്ങൾ മുമ്പുമുണ്ടായിരുന്നു.  ഗ്രാമമേഖലകളും ബ്ലൂ കോളർ മേഖലകളും വിദ്യാഭ്യാസം കുറഞ്ഞവരും ട്രംപിന് വോട്ട് ചെയ്തു. 2016 -ലും ട്രംപിനെ സഹായിച്ചത് ഗ്രാമ മേഖലകളാണ്.

നിയമ പോരാട്ടങ്ങള്‍

ഡോണൾഡ് ട്രംപിന്‍റെ പേരിലുള്ള കേസുകളെന്താവും എന്നത് ചോദ്യമാണ്. ക്രിമിനൽ കേസിൽ അപ്പീൽ അനുവദിച്ചേക്കും. പക്ഷേ അതിന് വർഷങ്ങളുമെടുക്കും. തെരഞ്ഞെടുപ്പ് അട്ടിമറിയിലെ ക്രിമിനൽ ആരോപണം ഇനി നിലനിൽക്കില്ല. പ്രസിഡന്‍റിനെ പ്രോസിക്യൂട്ട് ചെയ്യാൻ പറ്റില്ല. ക്ലാസിഫൈഡ് രേഖകളിലെ കേസ് അവസാനിപ്പിക്കാൻ ചർച്ച തുടങ്ങിക്കഴിഞ്ഞു. ജോർജിയ തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണക്കേസ് നീണ്ടുനീണ്ടുപോകും. ഡിസ്ട്രിക്റ്റ് അറ്റോണിയുടെ പേരിലുണ്ടായ ഒരാരോപണം കാരണം. അല്ലെങ്കിൽ ഡിസ്മിസൽ. സ്വയം മാപ്പ് നൽകാം ട്രംപിന് പക്ഷേ, ക്രിമിനൽ കേസിൽ പറ്റില്ല. മാപ്പ് നൽകൽ ഇതുവരെയുണ്ടായിട്ടുമില്ല.

Trumps victory and the worlds concerns

സമാധാന ഉടമ്പടി; നസ്റള്ളയ്ക്ക് സമ്മതം പക്ഷേ കീഴ്മേൽ മറിച്ചത് നെതന്യാഹു, ഒടുവില്‍

യൂറോപ്പും ട്രംപും

യൂറോപ്യൻ നേതാക്കൾക്ക് ട്രംപിന്‍റെ വിജയം അപകട സൂചനകളാണ് നൽകുന്നത്. സഖ്യങ്ങളിൽ നിന്നും ധാരണകളിൽ നിന്നുമുള്ള പിൻമാറ്റം, കാലാവസ്ഥാ വ്യതിയാനത്തിലെ നയം മാറ്റം. ചൈനയ്ക്ക് വ്യാപാരയുദ്ധമാണ് ആശങ്ക. അത് പ്രകടമാക്കിയും കഴിഞ്ഞു. ഇറക്കുമതികൾക്ക് നികുതി ട്രംപിന്‍റെ പ്രചാരണ വാഗ്ദാനമാണ്. യൂറോപ്പ് അമേരിക്കയിൽ വിൽക്കുന്ന കാറുകൾക്ക് നികുതി കൂട്ടുമെന്ന് പ്രഖ്യാപിക്കയും ചെയ്തു. ട്രംപ് വിജയിച്ചതോടെ ബിഎംഡബ്യു, മെർസിഡിം വോൾക്സ്വാഗന്‍ എന്നിവയുടെ ഓഹരി വില 5 മുതൽ 7 ശതമാനം വരെ ഇടിഞ്ഞു. അമേരിക്കയാണ് ജർമ്മൻ കാറുകളുടെ ഏറ്റവും വലിയ വിപണി. മുമ്പ് യൂറോപ്യൻ സ്റ്റീൽ അലൂമിനിയം ഇറക്കുമതിക്ക് നികുതി ചുമത്തിയപ്പോൾ ലീവൈ ജീൻസിനും ഡേവിഡ്സണ്‍ മോട്ടോർ സൈക്കിളിനും നികുതി ചുമത്തി തിരിച്ചടിച്ചിരുന്നു യൂറോപ്പ്. ഇതൊക്കെ ആവർത്തിച്ചാൽ ആഗോള സമ്പദ് വ്യവസ്ഥയെ തന്നെ അത് ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. ഒരു ട്രാൻസ് അറ്റ്‍ലാൻഡിക് വ്യാപാരയുദ്ധം മുന്നിൽകാണുന്നു യുകെയും.

ട്രംപും വൈറ്റ് ഹൌസും പിന്നെ ക്യാബിനറ്റും

വിജയമുറപ്പായപ്പോൾ തന്നെ ട്രംപ് കാബിനറ്റിലും വൈറ്റ്ഹൗസിലും കയറിപ്പറ്റാനുള്ള ശ്രമങ്ങൾ തുടങ്ങി പലരും. എലൺ മസ്ക്, റോബർട്ട് എഫ് കെന്നഡി ജൂനിയർ അങ്ങനെ പലരുടേയും പേരുകൾ കേട്ടുതുടങ്ങി ആദ്യമേതന്നെ. പക്ഷേ, ട്രംപ് ആദ്യം പ്രഖ്യാപിച്ചത് ചീഫ് ഓഫ് സ്റ്റാഫായി സുസന്‍ വെൽസിന്‍റെ നിയമനമാണ്. യുക്രൈയ്ൻ പ്രസിഡന്‍റിനോട് ട്രംപ് ഫോണിൽ സംസാരിച്ചപ്പോൾ എലൺ മസ്കും അതിൽ പങ്കെടുത്തു എന്നത് കുറച്ച് അമ്പരപ്പിക്കുന്നതാണ്. പക്ഷേ, ട്രംപിന്‍റെ മുൻ ഭരണകാലത്തും ഇതൊക്കെ പതിവായിരുന്നു.

പ്രസിഡന്‍റ് ജോ ബൈഡൻ ഡോണൾഡ് ട്രംപിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. സുഗമമായ അധികാര കൈമാറ്റവും ഉറപ്പ് നൽകി. 2021 -ലെ കാപ്പിറ്റോൾ കലാപം ആവർത്തിക്കില്ല എന്നാവണം ഉദ്ദേശിച്ചത്. കമലാ ഹാരിസിനെ പ്രശംസിച്ച ബൈഡൻ അവരുടെ വ്യക്തിത്വത്തെ ബഹുമാനിക്കുന്നുവെന്നും അറിയിച്ചു. എന്തായാലും അമേരിക്കൻ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥർ ചില ചർച്ചകൾ തുടങ്ങിയെന്നാണ് റിപ്പോർട്ട്.  ട്രംപിന്‍റെ ഉത്തരവുകൾ മുൻകൂട്ടി കണ്ടാണ് ആലോചനകൾ. സർക്കാരിൽ തന്‍റെ വിശ്വസ്തർ മാത്രം മതിയെന്നും അഴിമതിക്കാരെ പുറത്താക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഡീപ് സ്റ്റേറ്റ് രാജ്യത്തെ നശിപ്പിക്കാൻ സമ്മതിക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചത് ഈ വർഷമാദ്യം നടന്ന റാലിയിലാണ്.

പൊലീസിന്‍റെ ചുമതലകൾക്ക് സൈന്യത്തെ നിയോഗിക്കുക,  കൂട്ട നാടുകടത്തൽ എന്നിവയും പ്രഖ്യാപനങ്ങളിലുണ്ട്. അതൊക്കെ എങ്ങനെ അനുസരിക്കണമെന്നാണ് കൂടിയാലോചന. മുമ്പത്തെ സൈനിക നേതൃത്വവും ട്രംപുമായി തെറ്റിയിരുന്നു പലപ്പോഴും. ആണവായുധം പ്രയോഗിക്കാനുള്ള ട്രംപിന്‍റെ അധികാരത്തിന് തടയിടാൻ ശ്രമിച്ചിരുന്നു അന്നത്തെ സൈനിക മേധാവി. വഴിതെറ്റിയ ബ്യൂറോക്രാറ്റ്സ് വേണ്ട എന്ന നിലപാടിൽ എല്ലാ വകുപ്പുകളിലും ആശങ്കയുണ്ട്. വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കനും പ്രതിരോധകാര്യ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും രണ്ട് വകുപ്പിലെയും ഉദ്യോഗസ്ഥരെ ആശ്വസിപ്പിക്കാൻ കത്തുകള്‍ അയക്കുകയാണ്. നിങ്ങൾ ദേശസ്നേഹികളാണ് എന്ന് ബ്ലിങ്കനും നിയമപരമായ ഉത്തരവുകൾ മാത്രം സൈന്യം അനുസരിച്ചാൽ മതി എന്ന് ഓസ്റ്റിനും ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നു. വരാനിരിക്കുന്നത് പ്രവചിക്കാൻ പറ്റില്ലെങ്കിലും അധികാര കൈമാറ്റങ്ങളിലെ പ്രതിസന്ധികൾ സാധാരണമാണ് എന്നും.

Latest Videos
Follow Us:
Download App:
  • android
  • ios