റഷ്യ - യുക്രൈയ്ന്‍ യുദ്ധം പുതിയ തലത്തിലേക്ക്; യുദ്ധമുന്നണിയിലേക്ക് മൂർച്ചകൂടിയ ആയുധങ്ങൾ
ട്രംപിന് അധികാരം കൈമാറും മുമ്പ് യുക്രൈന് കൂടുതല്‍ യുഎസ് ആയുധങ്ങൾ ഉപയോഗിക്കാനുള്ള അനുമതി ബൈഡന്‍ നല്‍കി. ഇതിനിടെ പുടിന്‍, റഷ്യയുടെ ആണവ നയം തന്നെ മാറ്റിയിരിക്കുന്നു. അതെ, യുദ്ധം ആരംഭിച്ച് രണ്ട് വര്‍ഷം തികയാന്‍ വെറും മൂന്ന് മാസമുള്ളപ്പോള്‍ റഷ്യ - യുക്രൈന്‍ യുദ്ധം പുതിയ തലത്തിലേക്ക് കടന്നിരിക്കുന്നു.
യുക്രൈയ്ൻ യുദ്ധം രൂക്ഷമാവുകയാണ്. പ്രത്യേകിച്ചും റഷ്യക്ക് അനുകൂലമായ മുന്നേറ്റമാണ് ദൃശ്യമാകുന്നത്. യുക്രൈയ്ൻ നഗരമായ ഡിനീപ്രോയിൽ പുതിയ മിസൈൽ പ്രയോഗിച്ചു റഷ്യ. അതിനിയും റഷ്യയുടെ കൈയില്‍ ബാക്കിയുണ്ട്. വേണ്ടിവന്നാൽ ഉപയോഗിക്കും എന്ന് മുന്നറിയിപ്പും നൽകി. ഒരേഷ്നെക് (Oreshnik) എന്ന മിസൈലിനെ തടുക്കാൻ പടിഞ്ഞാറൻ പ്രതിരോധ സംവിധാനങ്ങൾക്ക് കഴിയില്ലെന്നാണ് പുടിൻ അവകാശപ്പെടുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ആയിരുന്നു പ്രയോഗം.
ഒരേഷ്നെകിന് പിന്നാലെ എടിഎസിഎംഎസ്
മധ്യദൂര മിസൈൽ, ഹൈപ്പർസോണിക് സ്പീഡ്, ഒന്നിലധികം ആണവ പോർമുനകൾ പഹിക്കാൻ ശേഷിയുള്ളത്. ജർമ്മൻ ചാന്‍സലർ കഴിഞ്ഞയാഴ്ചയാണ് പുചിനെ ഫോണിൽ വിളിച്ച് സമാധാനത്തിനുള്ള സാധ്യത തേടിയത്. അതും രണ്ട് വർഷത്തെ പടിഞ്ഞാറൻ ഉപരോധത്തിന് ശേഷം. ഷോൾസിന്‍റെ നീക്കം പക്ഷേ, സമാധാനത്തേക്കാൾ ജർമ്മനിയിലെ തെരഞ്ഞെടുപ്പിൽ വോട്ട് ബാങ്ക് ഉറപ്പിക്കുകയായിരുന്നു. കിഴക്കൻ ജർമ്മനിയിലാണ് തെരഞ്ഞെടുപ്പ്. റഷ്യൻ അനുകൂലികൾ ധാരാളമുള്ള സ്ഥലം. ഷോൾസിന്‍റെ നീക്കത്തിൽ പക്ഷേ പോളണ്ടും യുക്രൈയ്നും അരിശം വ്യക്തമാക്കി. ഫ്രാൻസും യുകെയും പുറത്തു പറഞ്ഞില്ല എന്നുമാത്രം.
ട്രംപ് സർക്കാറിന്‍റെ കാര്യക്ഷമതാ വകുപ്പും ക്യാപ്പിറ്റോള്‍ കലാപകാരികൾക്കുള്ള മാപ്പും
അതിനുശേഷമാണ് ബൈഡൻ എടിഎസിഎംഎസ് (MGM-140 Army Tactical Missile System - ATACMS) മിസൈലുകൾ റഷ്യയ്ക്കുള്ളിൽ പ്രയോഗിക്കാനുള്ള അനുവാദം യുക്രൈയ്ന് നൽകിയത്. പിന്നാലെ റഷ്യയുടെ വടക്കൻ കൊറിയയും തമ്മിലെ മറ്റൊരു കച്ചവടം പുറത്തുവന്നു. സൈന്യത്ത് പകരം എണ്ണ. വടക്കന്‍ കൊറിയ നൽകിയത് സൈന്യവും പടക്കോപ്പും പകരം റഷ്യ നൽകിയത് എണ്ണ. അതും യുഎൻ ഉപരോധം ലംഘിച്ച്. 10 ലക്ഷത്തിലേറെ ബാരൽ എണ്ണ നൽകിയിട്ടുണ്ടെന്ന് യുകെയിലെ ഗവേഷണസംഘമാണ് വെളിപ്പെടുത്തിയത്. ഓപ്പൺ മാർക്കറ്റിൽ നിന്ന് എണ്ണ വാങ്ങുന്നതിന് നിരോധനമുള്ള ഒരേയൊരു രാജ്യമാണ് വടക്കന്‍ കൊറിയ. വടക്കൻ കൊറിയയ്ക്ക് ചെറിയ അളവിലേ എണ്ണ വിൽക്കാവൂ എന്നാണ് യുഎന്നിന്‍റെ അറിയിപ്പ്. വർഷം 5 ലക്ഷം ബാരൽ മാത്രം. റഷ്യ പക്ഷേ, അത്തരം റിപ്പോര്‍ട്ടുകളോടൊന്നും പ്രതികരിക്കാന്‍ പോയില്ല.
പോളിഷ് പ്രധാനമന്ത്രി ഡോണാൾഡ് ടസ്ക് (Donald Tusk) പറഞ്ഞത്, യുദ്ധം ആഗോളതലത്തിലേക്ക് വ്യാപിക്കുന്നതിന്‍റെ വക്കത്താണെന്ന്. പുടിന്‍റെ മുന്നറിയിപ്പുകൾ മുഖവിലക്കെടുക്കണമെന്നാണ് ഹംഗറിയുടെ പക്ഷം. ആണവയുദ്ധ ഭീഷണി മുമ്പില്ലാത്തവണ്ണമെന്ന് വടക്കൻ കൊറിയ. സംഗതി എന്തായാലും യുദ്ധം മറ്റൊരു തലത്തിലേക്ക് എത്തിയിരിക്കുന്നു എന്നതിൽ സംശയമില്ല. വടക്കൻ കൊറിയ കൂടി കളത്തിലിറങ്ങിയതോടെ പ്രത്യേകിച്ചും. അമേരിക്കയിൽ സർക്കാർ മാറുമ്പോൾ എന്ത് മാറ്റമുണ്ടാകുമെന്നാണ് ഇനി അറിയാനുള്ളത്. ചൈന, ട്രംപിന്‍റെ അമേരിക്കയുമായി പുതിയ വ്യാപാര യുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.
റഷ്യന്‍ ആണവനയം മാറ്റം
റഷ്യയുടെ ആണവനയം മാറുകയാണ്. ഏതൊക്കെ സാഹചര്യത്തിൽ ആണവായുധം പ്രയോഗിക്കാമെന്നതിൽ പുതിയ വ്യവസ്ഥകൾ നിലവിൽ വരുന്നു. ഇനിയങ്ങോട്ട് ആണവശക്തിയുടെ പിന്തുണയോടെ ആണവശക്തിയല്ലാത്ത രാജ്യം റഷ്യയെ ആക്രമിച്ചാൽ അതൊരു സംയുക്ത ആക്രമണമായി കണക്കാക്കും എന്നാണ് പുതിയ വ്യവസ്ഥ. അമേരിക്കയുടെ ദീർഘദൂര മിസൈലുകൾ റഷ്യൻ അതിർത്തിക്കുള്ളിൽ പ്രയോഗിക്കാൻ യുക്രൈയ്ന് അമേരിക്ക അനുമതി നൽകിയതാണ് റഷ്യയുടെ ഈ ആണവ നയം മാറ്റത്തിന് കാരണം. നിരോധിക്കപ്പെട്ട ആന്‍റി പേഴ്സണൽ മൈനുകളും (Anti Personal Mine) അമേരിക്ക നൽകിയിട്ടുണ്ട്. യുക്രൈയ്ന് പ്രയോജനപ്പെടുന്ന ആ ആയുധത്തില്‍ പക്ഷേ അമേരിക്ക പങ്കാളിയല്ലെന്ന് മാത്രം. ആയുധങ്ങള്‍ നല്‍കാന്‍ സെപ്തംബറിൽ തന്നെ നിർദ്ദേശം വന്നതാണെങ്കിലും പ്രസിഡന്‍റ് അംഗീകരിച്ചത് ഇപ്പോഴാണെന്ന് മാത്രം.
ഉയർത്തെഴുന്നേറ്റ ട്രംപ്; അടുക്കണോ അകലണോ എന്ന ആശങ്കയില്‍ ലോകം
ഏതെങ്കിലും സഖ്യത്തിലെ ഒരൊറ്റ രാജ്യമാണ് ആക്രമിക്കുന്നതെങ്കിലും സഖ്യത്തിന്‍റെ മുഴുവൻ ആക്രമണമായി ഇനി മുതൽ കണക്കാക്കപ്പെടും. അത് ഇനിയൊരു ആണവാക്രമണം അല്ലെങ്കില്‍ പോലും പ്രത്യാക്രമണം ആണവായുധം ഉപയോഗിച്ചായിരിക്കും. ആണവായുധ ഭീഷണി പണ്ടേ റഷ്യയുടെ നിഖണ്ഡുവിലുണ്ട്. പക്ഷേ, ഇപ്പോൾ അതിന്‍റെ പ്രയോഗത്തിൽ വ്യാഖ്യാനം കുറച്ച് വിപുലമായെന്ന് മാത്രം. ബെലാറൂസിനും സ്വന്തം കുടക്കീഴിൽ സംരക്ഷണമൊരുക്കുകയാണ് ക്രെംലിൻ. ആക്രമണം ബെലാറൂസിന് നേർക്കായാല്‍ പോലും അത് റഷ്യയെ ആക്രമിക്കുന്നതിന് തുല്യമായി കണക്കാക്കുമെന്നാണ് പുടിൻ അംഗീകരിച്ച നിർദ്ദേശം.
എടിഎസിഎംഎസ് മിസൈൽ
മോസ്കോ 50,000 സൈനികരെ കുർസ്കിലേക്ക് അയച്ചതോടെയാണ് മിസൈൽ പ്രയോഗത്തിൽ ബൈഡൻ അനുമതി നൽകിയത്. കുർസ്കിലേക്ക് മാത്രമാണ് ഇപ്പോഴത്തെ അനുമതി. വടക്കൻ കൊറിയൻ സൈനികരെയാണ് റഷ്യ കുർസ്കിൽ വിന്യസിച്ചത്. എടിഎസിഎംഎസ് മിസൈലുകള്‍ ഉപയഗിക്കാനാണ് അമേരിക്ക, യുക്രൈന് അനുമതി നല്‍കിയത്. അതിൽ അമേരിക്കൻ ഉദ്യോഗസ്ഥർക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. യുദ്ധം രൂക്ഷമാകാൻ കാരണമാകുമെന്ന് ചിലർ. മറ്റുള്ളവരുടെ ആശങ്ക, അമേരിക്കയുടെ പടക്കോപ്പ് കുറയുന്നതിലാണ്. യുക്രൈയ്നുള്ളിൽ ഇവ ഉപയോഗിക്കാൻ ഫെബ്രുവരിയിൽ തന്നെ അമേരിക്ക അനുമതി നൽകിയിരുന്നു. മിസൈലുകൾ ഏപ്രിലിൽ യുക്രൈയ്നിലെത്തുകയും ചെയ്തു. സെലൻസ്കി ബൈഡന് മുന്നിൽ അവതരിപ്പിച്ച വിജയപദ്ധതിയുടെ ഭാഗമായിരുന്നു ഈ മിസൈലുകൾ.
പക്ഷേ, ഈ അനുമതി യുദ്ധത്തിൽ വലിയ മാറ്റമൊന്നും വരുത്തില്ലെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥരുടെ പക്ഷം. കാരണം ഇവ നിർമ്മിക്കാനെടുക്കുന്ന സമയമാണ്. ഉളളത് പ്രയോഗിച്ച് കഴിഞ്ഞാൽ പകരം എത്തിക്കുക എളുപ്പം നടക്കാത്ത കാര്യമാണ്. അതിനേക്കാൾ ഭേദമാണ് യുക്രൈയ്ന്‍റെ ഡ്രോണുകൾ. സത്യത്തിൽ എടിഎസിഎംഎസ് മിസൈലുകളെക്കാൾ ദൂരത്തിൽ പോകുന്ന ഡ്രോണുകളുണ്ട് യുക്രൈയ്ന്. അവ നിർമ്മിക്കുന്നത് അതിവേഗത്തിലുമാണ്.
പശ്ചിമേഷ്യ; യുദ്ധത്തിന് താത്കാലിക വിരാമം വേണമെന്ന് ഇസ്രയേല്‍ സൈന്യം, സമ്മതിക്കാതെ നെതന്യാഹു
ജിയുആര്‍ (GUR) എന്ന യുക്രൈന്‍റെ പ്രതിരോധ ഇന്‍റലിജൻസ് വിഭാഗത്തിന്‍റെ മേൽനോട്ടത്തിലാണ് നിർമ്മാണം. അതീവരഹസ്യ സ്ഥലത്ത്. പക്ഷേ, റഷ്യ പലപ്പോഴും അവയുടെ ആക്രമണം തടുക്കുന്നുമുണ്ട്. വിജയം ഉറപ്പിക്കണമെങ്കിൽ ഡ്രോണുകൾ കൂട്ടത്തോടെ അയക്കണം. റഷ്യയുടെ അതിർത്തി കടന്ന് അമേരിക്കൻ മിസൈലുകൾ പ്രയോഗിക്കാൻ അനുമതി കിട്ടിയാൽ യുദ്ധത്തിന്‍റെ ഗതി മാറുമെന്നാണ് യുക്രൈയ്ന്‍റെ പ്രതീക്ഷ. പക്ഷേ അമേരിക്കൻ വാദം മറിച്ചും. ഡോണൾഡ് ട്രംപ് അധികാരമേറിയാൽ യുക്രൈയ്ന് പിന്നെ മുന്നോട്ടൊരു വഴിയുണ്ടാവില്ല ചിലപ്പോൾ. അതുകൂടി മനസിൽ കണ്ടാണ് ജോ ബൈഡൻ മിസൈൽ പ്രയോഗത്തിന് യുക്രൈയ്ന് അനുമതി നൽകിയത്. പിന്നാലെ റഷ്യ ആണവ മുന്നറിയിപ്പിന്‍റെ പരിധി കൂട്ടി മറുപടി നല്‍കി.
നോൺ പെർസിസ്റ്റൻ്റ് ആന്‍റി പേഴ്സണൽ ലാന്‍ഡ് മൈന്‍
യുക്രൈയ്ന് നോൺ പെർസിസ്റ്റൻ്റ് ആൻ്റി പേഴ്സണൽ ലാൻഡ് മൈനുകളും (Non Persistent anti personnel land mine) കൊടുത്തിരിക്കയാണ് അമേരിക്ക. ഒരാൾ അടുത്തു വരുമ്പോൾ തന്നെ പൊട്ടിത്തെറിക്കുന്നവയാണ് ഇത്തരം മൈനുകൾ. ഒരു നിശ്ചിതസമയം കഴിയുമ്പോൾ പ്രവർത്തനരഹിതമാകുന്നവ. നാല് മണിക്കൂറോ രണ്ടാഴ്ചയോ സമയം. പക്ഷേ, അവയുടെ ഉപയോഗമോ നിർമ്മാണമോ ശേഖരണമോ പാടില്ലെന്ന് 1997 -ലെ കൺവെൻഷനിലെ തീരുമാനമായിരുന്നു. റെഡ് ക്രോസ് (Red Cross) മുൻകൈയെടുത്താണ് ആ കൺവെൻഷൻ നടന്നത്. പക്ഷേ, അമേരിക്കയോ റഷ്യയോ ഈ കൺവെൻഷൻ തീരുമാനത്തിൽ ഒപ്പിട്ടില്ല. മറ്റ് 164 രാജ്യങ്ങൾ ഒപ്പിട്ടു. ഈ മൈനുകൾ യുക്രൈയ്നെ വലിയൊരു പരിധി വരെ സഹായിക്കും. റഷ്യയുടെ ചില തന്ത്രങ്ങളെ പ്രതിരോധിക്കാൻ.
യുദ്ധ മുഖത്ത് ചാവേർ സംഘങ്ങളെ അയക്കുന്ന പതിവുണ്ട് റഷ്യക്ക്. അഞ്ചോ ആറോ സൈനികർ, മോട്ടോർബൈക്കിൽ യുക്രൈയ്ൻ സൈനികരുടെയിടയിലേക്ക് പാഞ്ഞുകയറും. അവർ മരിക്കുകയോ തടവുകാരാക്കപ്പെടുകയോ ചെയ്യും. പക്ഷേ, അത് എപ്പോഴും സാധ്യമല്ലെന്ന് മാത്രമല്ല ഒരു തലവേദനയുമാണ്. അതും മിനിറ്റുകളിടവിട്ട് തുടർച്ചയായി അയക്കുമ്പോൾ. മൈനുകൾ ഇക്കാര്യത്തിൽ യുക്രൈയ്ൻ സൈനികരെ സഹായിക്കും. ബൈഡന്‍റെ അനുമതികളെല്ലാം അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പാണ്. യുദ്ധവിരുദ്ധത പ്രചാരണ വാചകമാക്കിയ ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്നതിന് തൊട്ടുമുമ്പും എന്നതും ശ്രദ്ധേയം.
ട്രംപിന്‍റെ യുദ്ധ വിരുദ്ധത, സെലൻസ്കിയുടെ പോരാട്ടം
പ്രചാരണ വേളയിലെല്ലാം യുദ്ധങ്ങളിൽ അമേരിക്ക പങ്കാളിയാവില്ലെന്ന് ആവർത്തിച്ചിരുന്നു ട്രംപ്. ആ പണം അമേരിക്കൻ നികുതിദായകരുടെ ജീവിതം മെച്ചപ്പെടുത്താൻ ഉപയോഗിക്കുമെന്നായിരുന്നു വാഗ്ദാനം. ആ ചിന്താഗതിയോട് യോജിപ്പുള്ള വോട്ടർമാരാണ് ട്രംപിന് വിജയം സമ്മാനിച്ചവരിൽ ഒരു വലിയ വിഭാഗം.അമേരിക്ക സഹായം നിർത്തിയാൽ യുക്രൈയ്ന്‍റെ പരാജയം ഉറപ്പെന്നാണ് പ്രസിഡന്‍റ് സെലൻസ്കി ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
'യുക്രൈയ്ൻ യുദ്ധം നിർത്തില്ല. തങ്ങളുടേതായ വഴികളിൽ അത് തുടരും. അമേരിക്ക സഹായിച്ചാലും ഇല്ലെങ്കിലും. പക്ഷേ, അതിജീവിക്കാൻ അതുപോര' എന്നായിരുന്നു സെലൻസ്കിയുടെ വാക്കുകൾ. അമേരിക്ക പിൻവാങ്ങിയാൽ പിന്നാലെ മറ്റ് രാജ്യങ്ങളും പിൻമാറാനുള്ള സാധ്യത കൂടും. ചെലവ് എല്ലാവർക്കും ഒരു പ്രശ്നമാണ്. ജനങ്ങളുടെ കാഴ്ചപ്പാടും. ഇനി, പിൻവാങ്ങിയില്ലെങ്കിൽ കൂടി എത്രനാൾ യുക്രൈയ്നെ താങ്ങിനിർത്തും എന്നതും മറുചോദ്യം.
അമേരിക്കൻ പ്രസിഡന്‍റെന്ന നിലയിൽ ഡോണൾഡ് ട്രംപിന്, പുടിനെ സ്വാധീനിക്കാൻ കഴിയുമെന്നാണ് സെലൻസ്കിയുടെ പക്ഷം. പക്ഷേ, റിപബ്ലിക്കൻ പാർട്ടി അംഗങ്ങൾ ഭൂരിപക്ഷവും യുക്രൈയ്ൻ ഫണ്ടിംഗിനെതിരാണ്. ട്രംപിന്‍റെ നിയുക്ത വൈസ് പ്രസിഡന്‍റ് ജെഡി വാന്‍സ് (JD Vance) കിഴക്കൻ ഏഷ്യയിലേക്ക് ശ്രദ്ധ തിരിക്കണമെന്നാണ് മ്യൂനിച്ച് സെക്യൂരിറ്റി കോണ‍്‍ഫ്രന്‍സില്‍ പ്രസംഗിച്ചത്. യുദ്ധത്തിന് പണം പാഴാക്കുന്നു എന്നാണ് അമേരിക്കയിലെ വോട്ടർമാരുടെയും അഭിപ്രായം.