കൊന്നാലും തീരാത്ത പക; 20 വർഷത്തിനുശേഷം പുറത്തിറങ്ങി പ്രതി, ഇരയുടെ വീടിന് മുന്നിൽ പടക്കം പൊട്ടിക്കലും വിരുന്നും
പിതാവ് കൊല്ലപ്പെടുമ്പോൾ തനിക്ക് 15 -ഉം പിതാവിന് 39 -ഉം വയസ്സായിരുന്നു പ്രായം. അയൽവാസി ഏർപ്പാടാക്കിയ മൂന്ന് വാടകക്കൊലയാളികളാണ് തൻ്റെ പിതാവിനെ കൊലപ്പെടുത്തിയതെന്നും സിയാങ് വീഡിയോയിൽ വെളിപ്പെടുത്തി.
കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞ പ്രതി 20 വർഷത്തിന് ശേഷം പുറത്തിറങ്ങി ഇരയുടെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ചും വിരുന്ന് സംഘടിപ്പിച്ചും ആഘോഷിച്ചു. ചൈനയിൽ നിന്നാണ് നടുക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. കൊല്ലപ്പെട്ടയാളുടെ കുടുംബം ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലത്രെ. ഒടുവിൽ പൊലീസിന് സംഭവത്തിൽ ഇടപെടേണ്ടി വന്നു.
കൊല്ലപ്പെട്ടയാളുടെ മകൻ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഡൂയിനിൽ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവത്തെക്കുറിച്ച് ജനങ്ങൾ അറിഞ്ഞതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. വീഡിയോയിൽ, തൻ്റെ പിതാവിൻ്റെ കൊലപാതകത്തെ കുറിച്ചും കൊലപാതകിക്ക് ലഭിച്ച ശിക്ഷയെ കുറിച്ചുമെല്ലാം ഇയാൾ വിവരിക്കുന്നുണ്ട്.
“കൊലപാതകിയോട് സംസാരിക്കാൻ ഒരു അവസരം കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എൻ്റെ ദേഷ്യം തീർക്കാനല്ല, മറിച്ച് രണ്ട് കുടുംബങ്ങൾക്ക് ഇത്രയധികം വേദനയുണ്ടാക്കിയ ആ കൊലപാതകം എന്തിനായിരുന്നു എന്ന് അറിയാൻ. എന്നാൽ, മോചിപ്പിക്കപ്പെട്ട ദിവസം തന്നെ ഇങ്ങനെ പ്രകോപനപരമായ ഒരു സംഭവത്തിനാണ് സാക്ഷ്യം വഹിക്കേണ്ടി വന്നത്" എന്നാണ് കൊല്ലപ്പെട്ടയാളുടെ മകനായ സിയാങ് ഒരു വീഡിയോയിൽ പറഞ്ഞത്.
പിതാവ് കൊല്ലപ്പെടുമ്പോൾ തനിക്ക് 15 -ഉം പിതാവിന് 39 -ഉം വയസ്സായിരുന്നു പ്രായം. അയൽവാസി ഏർപ്പാടാക്കിയ മൂന്ന് വാടകക്കൊലയാളികളാണ് തൻ്റെ പിതാവിനെ കൊലപ്പെടുത്തിയതെന്നും സിയാങ് വീഡിയോയിൽ വെളിപ്പെടുത്തി. സിയാങ് പറയുന്നതനുസരിച്ച്, പിതാവിനെ കിടപ്പുമുറിയിൽ വച്ചാണ് കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം കത്തിച്ചു. സിയാങ്ങ് ഒരിക്കലും പിതാവിന്റെ മൃതദേഹം കണ്ടില്ല. പിന്നീടും, കൊലയാളികൾ കുടുംബത്തെ നിരീക്ഷിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു എന്നും സിയാങ് പറയുന്നു. പിതാവിൻ്റെ കുടുംബത്തിലുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നും യുവാവ് പറഞ്ഞു.
അതേസമയം, വീഡിയോ പ്രചരിച്ചതോടെ വലിയ ചർച്ചയാണ് ഇതേ തുടർന്ന് ചൈനയിലെ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഇങ്ങനെയാണ് എങ്കിൽ ഈ ജയിൽശിക്ഷ കൊണ്ടൊക്കെ എന്താണ് കാര്യം എന്നാണ് ആളുകൾ ചോദിക്കുന്നത്.
ഇത് അവരുടെ കാലം തന്നെ, എന്നാലും..; കണ്ണീരിന് പകരം സൂപ്പർ ഗ്ലൂ, ജപ്പാനിൽ നിന്നും വിചിത്രമായ ട്രെൻഡ്