'റിവോൾവിംഗ് ഡോറി'ൽ കുരുങ്ങുമോ ട്രംപ് ക്യാബിനറ്റ് നിയമനങ്ങള്‍


അറ്റോർണി ജനറലായി ട്രംപ് നിര്‍ദ്ദേശിച്ച മാറ്റ് ഗേറ്റസിന് ഭരണം ഏറ്റെടുക്കാന്‍ പോലുമായില്ല. നിര്‍ദ്ദേശം വന്ന് ആഴ്ച ഒന്ന് കഴിഞ്ഞപ്പോള്‍ തന്നെ അദ്ദേഹം പിന്മാറി. പിന്നാലെ എത്തിയത് പാം ബോണ്ടി. 

Will Trump Cabinet Appointments Get Trapped in a Revolving Door


മേരിക്കൻ നിയുക്ത പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ആദ്യഭരണകാലത്ത്, വൈറ്റ്ഹൗസിലെ 'റിവോൾവിംഗ് ഡോർ' (Revolving door) പ്രസിദ്ധമായതാണ്. ആ വാതിൽ വഴി അകത്തുവരുന്നവർ അതേ വേഗതയിൽ പുറത്തുപോകുന്നതായിരുന്നു പതിവ്. ഇത്തവണ അതിത്തിരി നേരത്തെ തുടങ്ങിയിരിക്കുന്നു. അറ്റോർണി ജനറലായി ട്രംപ് നാമനിർദ്ദേശം ചെയ്ത മാറ്റ് ഗെയ്റ്റ്സ് (Matt Gaetz) സ്വയം ഒഴിഞ്ഞു. സെനറ്റിന്‍റെ അംഗീകാരം കിട്ടില്ലെന്ന് ഏകദേശം ഉറപ്പായതാണ് കാരണം. ട്രംപ് - വാൻസ് ഭരണമേൽക്കൽ പ്രക്രിയയുടെ വേഗം കുറയ്ക്കാൻ ആഗ്രഹിക്കുന്നില്ല. തന്‍റെ നോമിനേഷൻ ഒരു വലിയ വിഷയമേയല്ലെന്നും റൂബിയോ കുറിച്ചു. സമൂഹ മാധ്യമങ്ങള്‍ വഴിതന്നെയായിരുന്നു പ്രഖ്യാപനം.

എട്ടുദിവസം കൊണ്ട് മാളിക മുകളിലുമേറി, ശേഷം തോളിൽ മാറാപ്പും ചുമന്നു മാറ്റ് ഗെയ്റ്റ്സ് എന്ന ജനപ്രതിനിധിസഭാംഗം. ഒരു വിമാനയാത്രയിലാണ് മാറ്റ് ഗെയ്റ്റ്സിന്‍റെ പേര് നിർദ്ദേശിക്കാൻ തീരുമാനമായതെന്നാണ് റിപ്പോർട്ട്. ട്രംപ് ഫോഴ്സ് വൺ (Trumo Force One) എന്ന വിമാനത്തിലെ യാത്രയിൽ നിയുക്ത പ്രസിഡന്‍റിനൊപ്പം ഉണ്ടായിരുന്നത് എലോണ്‍ മസ്കും നിയുക്ത ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസും നിയമോപദേഷ്ടാവ് ബോറിസ് എപ്ഷെറ്റിനും പിന്നെ മാറ്റ് ഗെയ്റ്റ്സുമാണ്. എപ്ഷെറ്റിനാണ് ട്രംപിനെ പറഞ്ഞു സമ്മതിപ്പിച്ചതെന്നും റിപ്പോർട്ടുണ്ട്. 

Will Trump Cabinet Appointments Get Trapped in a Revolving Door

(ട്രംപും ഭാര്യ മെലാനിയ ട്രംപും)

ട്രംപ് സർക്കാറിന്‍റെ കാര്യക്ഷമതാ വകുപ്പും ക്യാപ്പിറ്റോള്‍ കലാപകാരികൾക്കുള്ള മാപ്പും

അന്വേഷണങ്ങളിലൂടെയും കേസുകളിലൂടെയും ട്രംപ് അനുഭവിച്ച നീതികേട് ഗെയ്റ്റ്സും അനുഭവിച്ചു. അതുകൊണ്ട് ഗെയ്റ്റിസിനെതിരെ അന്വേഷണം നടത്തിയ നീതിന്യായ വകുപ്പ്, ഗെയ്റ്റ്സ് തന്നെ നയിച്ചാൽ അതൊരു മധുരപ്രതികാരം എന്നാവണം ഉദ്ദേശിച്ചത്. ട്രംപിനെന്തായാലും ആ വാദവും ഗെയ്റ്റ്സിനോട് ഒരിഷ്ടക്കൂടുതലും വന്നുവെന്നാണ് ട്രംപിന്‍റെ തന്നെ ഉപദേശകൻ വിശദീകരിച്ചത്. മാറ്റ് ഗെയ്റ്റ്സ് അന്ന് ഷോർട്ട് ലിസ്റ്റിൽ പോലുമുണ്ടായിരുന്നില്ല.  പക്ഷേ, ഉണ്ടായിരുന്ന പേരുകളോട് നിയുക്ത പ്രസിഡന്‍റിന് അത്ര തൃപ്തിയുമുണ്ടായിരുന്നില്ല.

പക്ഷേ, മാറ്റ് ഗെയ്റ്റ്സിന്‍റെ പേര് ട്രംപ് ഔദ്യോഗികമായി നിർദ്ദേശിച്ചതോടെ കടന്നൽക്കൂടിളകി. റിപബ്ലിക്കൻ നിരയിൽ നിന്നടക്കം. ട്രംപിന്‍റെ തന്നെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പ്രതികരിച്ചത് 'കാബിനറ്റ് ചരിത്രത്തിലെ ഏറ്റവുംമോശം നിയമനം' എന്നാണ്. സെനറ്റിന്‍റെ അംഗീകാരം വേണ്ടുന്നതാണ് കാബിനറ്റ് അംഗത്വം. മാറ്റ് ഗെയ്റ്റ്സ് സമിതിക്ക് മുന്നിൽ ഹാജരാകണം. അത് ഒട്ടും സുഗമമായിരിക്കില്ലെന്ന് സെനറ്റിലെ റിപബ്ലിക്കൻ നിയുക്ത നേതാവ് ജോണ്‍ താന്‍ തന്നെ പറഞ്ഞതോടെ അക്കാര്യത്തില്‍ തീരുമാനമായി. നാല് റിപബ്ലിക്കൻ അംഗങ്ങൾ എതിർക്കുമെന്നും ഡമോക്രാറ്റ് അംഗങ്ങൾ ആരും കാലുമാറില്ലെന്നും ഉറപ്പായി. അങ്ങനെ സെനറ്റിലെ തോൽവി തിരിച്ചറിഞ്ഞ് ഗെയ്റ്റ്സ് സ്വയം പിൻമാറി.

മാറ്റ് ഗെയ്റ്റ്സും കേസുകളും

ഗെയ്റ്റ്സ് നേരിടുന്നത് ഒരുപിടി കേസുകളാണ്. ലൈംഗിക അതിക്രമമടക്കം. പ്രായപൂർത്തിയാവാത്ത കുട്ടിയുമായുള്ള ബന്ധത്തിന്‍റെ പേരിലാണ് ജനപ്രതിനിധിസഭാ സമിതി അന്വേഷണം നേരിട്ടത്. അന്വേഷണ റിപ്പോർട്ട് പുറത്തുവരും മുമ്പ് ഗെയ്റ്റ്സ് ജനപ്രതിനിധി സഭാ അംഗത്വം രാജിവച്ചു. അതോടെ അന്വേഷണം വഴിമുട്ടി. സമിതി സഭാംഗങ്ങളുടെ പേരിലേ അന്വേഷണം നടത്തുകയുള്ളൂ. അപ്പോഴേക്ക് ഗെയ്റ്റിസന്‍റെ പേര് ട്രംപ് നിർദ്ദേശിച്ചിരുന്നു. ഇതോടെ ഗെയ്റ്റ്സിന്‍റെ വഴിമുട്ടിയിരിക്കയാണ്. 

Will Trump Cabinet Appointments Get Trapped in a Revolving Door

(മാറ്റ് ഗേറ്റ്സ്)

റഷ്യ - യുക്രൈയ്ന്‍ യുദ്ധം പുതിയ തലത്തിലേക്ക്; യുദ്ധമുന്നണിയിലേക്ക് മൂർച്ചകൂടിയ ആയുധങ്ങൾ

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് മാറ്റ് ഗെയ്റ്റ്സ് ഫ്ലോറിഡയിൽ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. വീണ്ടും തെരഞ്ഞെടുപ്പിനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. മാറ്റ് ഗെയ്റ്റ്സിന് ഒരു രണ്ടാമൂഴം നൽകാമെന്ന് അഭിപ്രായമുണ്ട് ചിലർക്കൊക്കെ. ട്രംപിന്‍റെ യഥാർത്ഥ പോരാളി ഗെയ്റ്റ്സാണെന്നതിൽ തർക്കമേയില്ല. എന്നും എപ്പോഴും ട്രംപിനെ പിന്തുണക്കുകയും ശക്തിയുക്തം പ്രതിരോധിക്കുകയും ചെയ്തിരുന്നു ഗെയ്റ്റസ്.അതാണ് നിയുക്ത പ്രസിഡന്‍റ് കണ്ട വലിയൊരു ഗുണം. മാത്രമല്ല, ഡീപ് സ്റ്റേറ്റിനെതിരായ തന്‍റെ പോരാട്ടത്തിൽ തന്നെ സഹായിക്കുന്നവർ മാത്രം മതി എന്ന തീരുമാനവുമുണ്ട് അതിന് പിന്നിൽ.

കാബിനറ്റംഗങ്ങളെയും അല്ലാത്തവരെയം ട്രംപ് നിർദ്ദേശിച്ചത് തന്നോടുള്ള വിശ്വസ്തത അളന്നുതൂക്കിയാണ്. നല്ല മേധാവിമാരാണോ എന്നത് അതിനൊപ്പം പരിഗണിച്ചിട്ടേയില്ല. അതാണ് ട്രംപിന്‍റെ മറ്റ് നിയമനങ്ങൾക്കുനേരെയും വിമർശകർ വാളോങ്ങുന്നത്. മാർക്കോ റൂബിയോയുടെ വിദേശകാര്യസെക്രട്ടറിയായുള്ള നോമിനേഷൻ മാത്രം അംഗീകരിച്ചു പലരും. പക്ഷേ, ബാക്കി ഇനി വരാനിരിക്കുന്നതേയുള്ളൂ. റിവോൾവിംഗ് ഡോർ എത്രതവണ അടഞ്ഞുതുറക്കുമെന്നും അറിയാനിരിക്കുന്നതേയുള്ളൂ.

പകരക്കാരി പാം ബോണ്ടി

പാം ബോണ്ടിയ്ക്കാണ് മാറ്റ് ഗെയ്റ്റ്സിന്‍റെ പകരക്കാരിയായി നറുക്കുവീണത്. പ്രോസിക്യൂട്ടറാണ്, ഫ്ലോറിഡ മുൻ അറ്റോർണി ജനറലുമാണ്. ട്രംപിന്‍റെ മുൻനിര അനുയായികളിലൊരാള്‍. ആദ്യ ഇംപീച്ച്മെന്‍റ് വിചാരണയിൽ ട്രംപിന്‍റെ ലീഗൽ ടീം അംഗമായിരുന്നു. ന്യൂയോർക്കിലെ പണം തിരിമറി കേസിലടക്കം പിന്തുണച്ചിട്ടുമുണ്ട്. വേറെയുമുണ്ട് പാം ബോണ്ടിയുടെ യോഗ്യതകൾ. 2020 -ലും ട്രംപിന്‍റെ ലീഗൽ ടീം അംഗം. വോട്ട് തിരിമറി ആരോപണക്കാലത്ത്. വൈറ്റ്ഹൗസ് ടീം അംഗവുമായിരുന്നു. ട്രംപിന്‍റെ മുൻ ജീവനക്കാർ തുടങ്ങിയ അമേരിക്ക ഫസ്റ്റ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിലെ (America First Policy Institute) ലീഗൽ ടീം മേധാവിയുമായിരുന്നു. നിയമനം കിട്ടിയാൽ നിയുക്ത പ്രസിഡന്‍റിന്‍റെ ശത്രുക്കളെ ശിക്ഷിക്കാന്‍ ഇറങ്ങുമെന്നാണ് ഇപ്പോൾ തന്നെ നൽകുന്ന സൂചന. 

Will Trump Cabinet Appointments Get Trapped in a Revolving Door

(പാം ബോണ്ടി)

സെനറ്റ് എന്ന കടമ്പ കാത്ത് ട്രംപിന്‍റെ നാമനിർദ്ദേശങ്ങൾ

കുറ്റവാളികളെ ശിക്ഷിക്കുക, അമേരിക്കയെ പിന്നെയും സുരക്ഷിതമാക്കുക, അതാണ് പാം ബോണ്ടിയുടെ നിയോഗമെന്ന് ട്രംപ് തന്നെയാണ് സമൂഹ മാധ്യമത്തില്‍ കുറിച്ചത്. റിപബ്ലിക്കൻ പക്ഷത്ത് എന്തായാലും എതിർപ്പുകൾ അധികമില്ല. ഗ്രാൻഡ് സ്ലാം തെരഞ്ഞെടുപ്പ് എന്നാണ് സെനറ്റർ ലിൻഡ്സേ ഗ്രഹാം പ്രതികരിച്ചത്. ഗെയ്റ്റ്സും ബോണ്ടിക്ക് ആശംസകളറിയിച്ചു. പാം ബോണ്ടി നിയുക്ത പ്രസിഡന്‍റിന് ഇഷ്ടപ്പെട്ട അഭിഭാഷകയാണ്. 2018 -ൽ അന്നത്തെ റിവോൾവിംഗ് ഡോറിൽ കൂടി പുറത്തായ ജെഫ് സെഷൻസിന്‍റെ പിൻഗാമിയായി പാം ബോണ്ടിയെ പരിഗണിച്ചതുമാണ്. നിയുക്ത ചീഫ് ഓഫ് സ്റ്റാഫ് ഉൾപ്പടെ എല്ലാവരുമായും നല്ല ബന്ധവുമുണ്ട്. എല്ലാംകൂടി കണക്കാക്കുമ്പോൾ റിപബ്ലിക്കൻ അംഗങ്ങൾക്കും ആശ്വാസം. 

ആകെയുള്ളൊരു പ്രശ്നം, 2014 -ൽ ബോണ്ടി സ്ഥാനാർത്ഥിയായിരുന്ന കാലത്ത് പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയിലേക്ക് ട്രംപ് ഫൗണ്ടേഷൻ നൽകിയ 25,000 ഡോളറാണ്. അത് കിട്ടിയതോടെ ട്രംപ് യൂണിവേഴ്സിറ്റിയിലെ തട്ടിപ്പ് അന്വേഷിക്കാൻ വിസ്സമ്മതിച്ചു എന്നൊരു ആരോപണം ഡമോക്രാറ്റിക് അംഗങ്ങൾ ഉന്നയിക്കുന്നുണ്ട്.ബരാക് ഒബാമ കൊണ്ടുവന്ന ഒബാമ കെയർ പിൻവലിപ്പിക്കാൻ ബോണ്ടി ശ്രമിച്ചിരുന്നു. സ്വവർഗ വിവാഹ നിരോധന നിയമം നിലനിർത്താനും ശ്രമിച്ചു. ഫ്ലോറിഡ അറ്റോർണി ജനറൽ സ്ഥാനം ഒഴിഞ്ഞശേഷം ട്രംപ്, വൈൽസ് ബന്ധമുള്ള ലോബിയിംഗ് സ്ഥാപനത്തിലാണ് ചേർന്നത്. ഒരു നായയെ മോഷ്ടിച്ചുവെന്ന കേസിലും ബോണ്ടി ഇതിനിടെ പ്രതിയായി. ഒടുവില്‍ നായയെ തിരിച്ചുകൊടുത്ത് കേസ് ധാരണയാക്കുകയാണ് ചെയ്തത്. നിലവിൽ മറ്റ് കേസുകളൊന്നുമില്ല. ബോണ്ടിയുടെ അംഗീകാരത്തിന് വലിയ പ്രശ്നങ്ങളില്ലെന്ന് വിലയിരുത്തപ്പെടാനുള്ള കാരണവും അതാണ്.

Latest Videos
Follow Us:
Download App:
  • android
  • ios