ഫൈസാബാദ്, അയോധ്യയാവുമ്പോള്‍ അവളെയാണ് ഓര്‍മ്മ വരുന്നത്
ഓര്‍മ്മ ശരിയാണെങ്കില്‍ 'ഇന്ത്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യത്തില്‍ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്ന കാലത്താവണം. റീഡിംഗ് റൂമില്‍ ചെറിയൊരു രാഷ്ട്രീയ ചര്‍ച്ച നടക്കുകയായിരുന്നു.
അവള്‍ യുപിക്കാരി ആയിരുന്നു. യുപിയിലെ ഫൈസാബാദ് ആണ് എന്‍റെ നാട് എന്ന് പറയുമ്പോള്‍ അവള്‍ അഭിമാനപൂരിതയാകുമായിരുന്നു. എല്ലാവരേയും പോലെ രാഷ്ട്രീയത്തിലൊന്നും വലിയ താല്പര്യം കാണിക്കാതെ പഠനവും പ്രേമവും ലിപ്‌സ്റ്റികും ഹൃതിക് റോഷനും ഒക്കെ മാത്രമായിരുന്നു ഞാനും അവളുമായിട്ടുള്ള 'ഹിന്ദി മലയാളം' ചര്‍ച്ചകളില്‍ എപ്പോഴും നിറഞ്ഞു നിന്നിരുന്നത്.
ഇന്ത്യാ ചരിത്രത്തിലെ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ ആദ്യത്തെ കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി ഭരിക്കുന്ന കാലത്ത് ഞാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ്. ദന്തല്‍ കോളേജ് ഓട്ടോണമസ് ആയതിനു ശേഷം ദന്തല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് യൂണിയന്‍ ഇലക്ഷനില്‍ വോട്ടില്ലാത്ത കാലം. വളരെ കുറച്ച് പേരൊഴിച്ച് തികച്ചും അരാഷ്ട്രീയ വാദികളായ ഒരു കൂട്ടം മെഡിക്കോകളുടെ കൂടെ ക്ലിനിക്കിലും ഹോസ്റ്റലിലും ജീവിച്ച കാലം. കോണ്‍ഗ്രസ്, സിപിഎം എന്നൊക്കെ പറഞ്ഞാല്‍ എന്താണെന്ന് പോലും അറിയാത്തവര്‍ കൂടെ പഠിച്ചിരുന്നു എന്നു പറയുമ്പോള്‍ അത്ഭുതം തോന്നുമോ നിങ്ങള്‍ക്ക്?
സ്ത്രീവിരുദ്ധതയില്‍ അടിമുടി മുങ്ങിയ മെഡിക്കല്‍ കോളേജില്‍ 'തറവാട്ടില്‍ പിറന്ന' പെണ്‍കുട്ടികളൊന്നും രാഷ്ട്രീയം പറയുകയോ രാഷ്ട്രീയക്കാരോട് കൂട്ടു കൂടുകയോ ചെയ്യാറില്ല. റീഡിംഗ് റൂമില്‍ 'വിമന്‍സ് ഇറ' ആളുകള്‍ വായിച്ചു കീറി പറിയുമ്പോള്‍ 'ഇന്ത്യാ ടുഡേ'യും 'ദ് വീക്കും' ആരാലും ശ്രദ്ധിക്കപ്പെടാതെ അനാഥരായി കിടന്നു. രാഷ്ട്രീയ ബോധമുള്ള വിരലില്‍ എണ്ണാവുന്ന പെണ്‍പുലികളും അന്നുണ്ടായിരുന്നു എന്നു വിസ്മരിക്കുന്നില്ല.
കേരളത്തിലെ ഗവ. മെഡിക്കല്‍ കോളേജില്‍ പഠിച്ച ഏതൊരു സാധാരണ മെഡിക്കോയേയും പോലെ എനിക്കും ഉണ്ടായി നോര്‍ത്തിന്ത്യന്‍ സുഹൃത്തുക്കള്‍. അവര്‍ എക്കാലത്തും ഞങ്ങളോട് ആവശ്യത്തിനും അത്യാവശ്യത്തിനും മാത്രം ബന്ധപ്പെട്ട് ജീവിതം തള്ളി നീക്കിയിരുന്നു. രാഷ്ട്രീയേതരമായ പല 'സുപ്രധാന' വിഷയങ്ങളിലും കടുത്ത വിയോജിപ്പുകള്‍ നിലനിര്‍ത്തി കൊണ്ട് സംഘര്‍ഷങ്ങള്‍ ഇല്ലാതെ ജീവിക്കാന്‍ ഞങ്ങള്‍ ഹോസ്റ്റലുകളില്‍ ശ്രദ്ധിച്ചു. തൊട്ടടുത്ത റൂമിലെ മലയാളിയേക്കാള്‍ കിലോമീറ്ററുകള്‍ അപ്പുറത്തുള്ള ആര്‍ ഇ സിയിലെ നോര്‍ത്തിന്ത്യനെ സ്‌നേഹിച്ചും വിശ്വസിച്ചും അവര്‍ ജീവിച്ചു. മെസ് കമ്മറ്റികളിലും കുളി മുറികളിലും ഉണ്ടായ ഞങ്ങളുടെ വിയോജിപ്പുകളുടെ ശബ്ദം വല്ലപ്പോഴുമെങ്കിലും ഹോസ്റ്റല്‍ മതില്‍കെട്ടിനു പുറത്തേക്കും കേട്ടു. വെളിച്ചെണ്ണയേയും അതില്‍ പാകം ചെയ്ത ഭക്ഷണങ്ങളേയും കുറ്റം പറഞ്ഞ് അവര്‍ ഞങ്ങള്‍ക്കിടയില്‍ 'പഴം പൊരി തിന്ന്' കാലം കഴിച്ചു
അത്യാവശ്യം ഹൂ, ഹൈ ഒക്കെ ചേര്‍ത്ത് ഹിന്ദി പറയുന്ന ഞാന്‍ അവരോട് കമ്പനി അടിക്കാന്‍ പോയിരുന്നു. എന്‍റെ ബാച്ചിലെ ഏക 'നോര്‍ത്തി' പെണ്‍കുട്ടിയെ മലയാളം പഠിപ്പിക്കുന്ന ജോലി ആദ്യ ദിവസം തന്നെ ഏറ്റെടുത്ത് ഞാന്‍ തെക്ക് വടക്കന്‍ ബന്ധങ്ങള്‍ ഊഷ്മളമായി സൂക്ഷിക്കാന്‍ ശ്രദ്ധിച്ചു.
ചേരി തിരിഞ്ഞ് രാഷ്ട്രീയം പറയുന്നതിനിടയില്‍ എങ്ങനെയോ ബാബരി മസ്ജിദ് കടന്നു വന്നു
അവള്‍ യുപിക്കാരി ആയിരുന്നു. യുപിയിലെ ഫൈസാബാദ് ആണ് എന്‍റെ നാട് എന്ന് പറയുമ്പോള്‍ അവള്‍ അഭിമാനപൂരിതയാകുമായിരുന്നു. എല്ലാവരേയും പോലെ രാഷ്ട്രീയത്തിലൊന്നും വലിയ താല്പര്യം കാണിക്കാതെ പഠനവും പ്രേമവും ലിപ്‌സ്റ്റികും ഹൃതിക് റോഷനും ഒക്കെ മാത്രമായിരുന്നു ഞാനും അവളുമായിട്ടുള്ള 'ഹിന്ദി മലയാളം' ചര്‍ച്ചകളില്‍ എപ്പോഴും നിറഞ്ഞു നിന്നിരുന്നത്.
അവസാന വര്‍ഷങ്ങളില്‍ എപ്പോഴോ ആണത് നടന്നത്.
ഓര്‍മ്മ ശരിയാണെങ്കില്‍ 'ഇന്ത്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യത്തില്‍ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്ന കാലത്താവണം. റീഡിംഗ് റൂമില്‍ ചെറിയൊരു രാഷ്ട്രീയ ചര്‍ച്ച നടക്കുകയായിരുന്നു. വിരലില്‍ എണ്ണാന്‍ പോലുമില്ലെങ്കിലും ഞങ്ങള്‍ ചേരി തിരിഞ്ഞ് രാഷ്ട്രീയം പറയുന്നതിനിടയില്‍ എങ്ങനെയോ ബാബരി മസ്ജിദ് കടന്നു വന്നു.
ബാബരി കാലത്ത് ഓരോരുത്തരുടേയും നാട്ടില്‍ നടന്ന സംഭവങ്ങള്‍ ഓരോരുത്തരും പറയുകയായിരുന്നു. മലപ്പുറം ജില്ലക്കാരും കോട്ടയംകാരും കണ്ണൂരുകാരും ഒക്കെയുണ്ട് കൂട്ടത്തില്‍. ചര്‍ച്ചകള്‍ക്കിടയില്‍ എപ്പോഴോ ആണ് ഞാന്‍ ആദ്യമായി എന്റെ നോര്‍ത്തിന്ത്യന്‍ കൂട്ടുകാരിയിലെ മറ്റൊരു ഭാവം ശ്രദ്ധിച്ചത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ദിവസം അവളുടെ വീട്ടിലും മൊഹല്ലയിലും (തെരുവ്) കുട്ടികള്‍ ആയിരുന്ന അവര്‍ ലഡുവും മറ്റു മധുര പലഹാരങ്ങളും വിതരണം ചെയ്ത ഓര്‍മ്മകള്‍ അവള്‍ പങ്കുവെച്ചപ്പോള്‍ അസാധാരണമായ ആ ഭാവമാറ്റം ഞങ്ങള്‍ കാണുകയായിരുന്നു. 'മാടമ്പള്ളിയിലെ ചിത്തരോഗി'യെ പോലെ ഒന്നുമറിയാത്ത പാവം നോര്‍ത്തിന്ത്യക്കാരി ഞങ്ങള്‍ക്കിടയില്‍ വിലസുകയായിരുന്നു എന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു.
യോഗി നേടുന്ന കൈയ്യടിയുടെ അലയൊലി ഇങ്ങ് കേരളത്തിലും കേള്‍ക്കുന്നു
വര്‍ഷങ്ങള്‍ക്കിപ്പുറം അവളുടെ ഫൈസാബാദിനെ യോഗിയും കൂട്ടരും 'അയോദ്ധ്യ' എന്നു നാമകരണം ചെയ്ത വാര്‍ത്ത വായിക്കുമ്പോള്‍ ഞാന്‍ അവളെ ഓര്‍ത്തു പോകുന്നു.
രാമക്ഷേത്ര നിര്‍മ്മാണത്തിന് സമ്മര്‍ദ്ദം ചെലുത്തുന്നതിനു മുന്നോടിയായി മെഡിക്കല്‍ കോളേജിന് ദശരഥ മഹാരാജാവിന്‍റെയും എയര്‍പ്പോര്‍ട്ടിന് ശ്രീരാമ ദേവന്‍റെയും പേരും നല്‍കും എന്ന് പ്രഖ്യാപിക്കുമ്പോള്‍ യോഗി നേടുന്ന കൈയ്യടിയുടെ അലയൊലി ഇങ്ങ് കേരളത്തിലും കേള്‍ക്കുന്നു. രാഷ്ട്രീയം പറയാത്തവരും ഇടതു വലതു രാഷ്ട്രീയം പറഞ്ഞിരുന്നവും ആയ 'ശുദ്ധ' മെഡിക്കോകള്‍ പരസ്യമായി യോഗിയോടൊപ്പം കൈയ്യടിക്കുമ്പോള്‍ കൂടെ ഉണ്ടും ഉറങ്ങിയും കഴിഞ്ഞ പലരും കണ്ടിരുന്നത് ഹിന്ദു രാഷ്ട്രസ്വപ്നങ്ങള്‍ ആയിരുന്നു എന്ന് ഞാന്‍ തിരിച്ചറിയുന്നു, വേദനയോടെ.