നാലുവോട്ടിന് വേണ്ടി എന്തും ചെയ്യുന്നതാണോ നിങ്ങളുടെ രാഷ്ട്രീയ ആദര്‍ശം?

'താങ്ക് യൂ മോദിജീ' എന്നുകൂടി പിണറായി വിജയൻ പറയണമായിരുന്നു. വെള്ളാപ്പള്ളി നടേശനെ ഒരു ഭാഗത്തും പുന്നല ശ്രീകുമാറിനെ മറുഭാഗത്തും നിർത്തി നവോത്ഥാനത്തിന് പോകുന്നയാളല്ലേ. നവോത്ഥാനം ശബരിമലയിൽ മാത്രം മതി എന്ന് പിണറായിജിക്ക് തോന്നിക്കാണും. അല്ലെങ്കിൽ ബില്ലിനെ പിന്തുണച്ചാൽ പെരുന്നയിൽനിന്ന് ഒരു വിളി പ്രതീക്ഷിച്ചോ? പെരുന്നയിൽ നിന്ന് അഭിനന്ദനം പോയി. പിണറായിജിക്കല്ല, മോദിജിക്ക് ആണെന്നുമാത്രം.
 

cover story on reservation by sindhu sooryakumar

മുന്നോക്കക്കാർക്ക് സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള നിയമം കഴിഞ്ഞ ദിവസം പാർലമെന്‍റ് പാസാക്കിയിരിക്കുന്നത്. ഇക്കാര്യത്തിൽ കാര്യമായ എതിർപ്പുകളൊന്നും സർക്കാരിന് നേരിടേണ്ടിവന്നില്ല. ചെയ്യുന്നത് നല്ല കാര്യമല്ല, ഭരണഘടനാതത്വങ്ങളെ അട്ടിമറിക്കുന്നതാണ് എന്ന് ഉത്തമബോധ്യമുള്ള രാഷ്ട്രീയകക്ഷികൾ പോലും മുന്നോക്കസംവരണത്തിന് ചൂട്ടുപിടിച്ചു. ഇനി അതിന്‍റെ പേരിൽ മുന്നോക്കക്കാർ തരാനിരുന്ന നാല് വോട്ട് പോകേണ്ട എന്നുമാത്രമായിരുന്നു എല്ലാ കക്ഷികളുടേയും വിചാരം.

cover story on reservation by sindhu sooryakumar

ഒരിക്കൽപ്പോലും ദളിതർക്ക് മുന്നോട്ടുവരാനുള്ള സാഹചര്യം സ്വാഭാവികമായും ഉണ്ടാകാത്ത ഒരു സമൂഹമാണ് നമ്മുടേത്. സംവരണം കൊണ്ടുമാത്രം പലയിടങ്ങളിലും കയറിപ്പറ്റാൻ കഴിഞ്ഞ പിന്നോക്ക വിഭാഗങ്ങളുള്ള ഈ രാജ്യത്ത് അവർക്കു കൊടുത്തിട്ടുള്ള പ്രത്യേക അവകാശം എന്ന സംവരണത്തെ ഇല്ലാതാക്കുന്നതിൽ എല്ലാ രാഷ്ട്രീയകക്ഷികളും ഒന്നിച്ചുനിന്നത് എന്തുകൊണ്ടാകും. ഒരു രാഷ്ട്രീയകക്ഷിക്കും ഒരു നേതാവിനും അല്ലെങ്കിൽ മുഖ്യധാരാ പൊതുസമൂഹത്തിനും പൊതുജീവിതത്തിനും ബാധകമാകാത്ത കാര്യം ആയതുകൊണ്ടുതന്നെ അക്കാര്യത്തിലെ എതിർപ്പുകളും ശക്തമായി ഉയർന്നില്ല. ഇനി കോടതിയിൽ നീതികിട്ടുമോയെന്ന് കാത്തിരുന്നു നോക്കാം എന്നുമാത്രം.

അതാണ് സർ സാമൂഹ്യമായ അനീതി എന്നു പറയുന്നത്

2019 ജനുവരി എട്ടിന് ലോക്സഭയിൽ നാലിനെതിരെ 319 വോട്ടിനും തൊട്ടടുത്ത ദിവസം ലോക്സഭയിൽ ഏഴിനെതിരെ 165 വോട്ടിനുമാണ് ഈ ഭരണഘടനാ ഭേദഗതി ബിൽ പാസ്സായത്. നരേന്ദ്രമോദിയും രാഹുൽഗാന്ധിയും മമതാ ബാനർജിയും ശരത് പവാറും കനിമൊഴിയും സീതാറാം യെച്ചൂരിയുമൊക്കെ കൈകോർത്തു പിടിച്ച് ഒരു കാര്യം നടപ്പാക്കുന്നു. 'എത്ര സുന്ദരമായ നടക്കാത്ത കാര്യം' എന്ന് ഇനിയാരും പറയരുത്. രാജ്യത്തെ സാമൂഹ്യനീതി അട്ടിമറിക്കുന്ന, ഭരണഘടനയുടെ അന്തസ്സത്ത ഇല്ലാതാക്കുന്ന, പതിനായിരക്കണക്കിന് അധസ്ഥിതരോടുള്ള വഞ്ചന നടപ്പാക്കാനാണ് ബിജെപിയും കോൺഗ്രസും സിപിഎമ്മുമെല്ലാം യോജിച്ചത്. ഇന്ത്യാമഹാരാജ്യത്തെ പിന്നോക്കക്കാരെ ചതിക്കാൻ ഇവർക്ക് അറുപത് മണിക്കൂർ മതിയായിരുന്നു.

പത്തുശതമാനം സംവരണം മുന്നോക്കക്കാർക്ക് നൽകാനാണ് തീരുമാനം. കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രി താവർചന്ദ് ഗെലോട്ട് സഭയിൽ നടത്തിയ പ്രസംഗത്തിൽ നിന്ന് ഒരു ഭാഗം ചുവടെ. "ചരിത്രമുഹൂർത്തമാണിത്. ദാരിദ്ര്യരേഖയ്ക്ക് കീഴെയുള്ള, പാവപ്പെട്ട ഒട്ടനവധിപ്പേർക്ക് അവർ അർഹിക്കുന്ന അവകാശം എത്തിക്കാൻ നമുക്കിനി കഴിയും." നിലവിൽ നിയമപരമായി നൽകിയിട്ടുള്ള അമ്പത് ശതമാനം സംവരണത്തിന് പുറമേയാണിത്. ഇത്ര വലിയ തീരുമാനമെടുക്കുമ്പോൾ അതിന് ബലം പകരുന്ന കണക്കുകളൊന്നും പുറത്തുവന്നിട്ടില്ല. അതിനെ സംബന്ധിച്ച് ആരെങ്കിലും പഠിച്ചിട്ടുണ്ടോ എന്നുമറിയില്ല. എട്ടുലക്ഷം രൂപയിൽ താഴെ വരുമാനമുള്ള, മാസവരുമാനം 65,000 രൂപ വരെയുള്ളവരാണ് സംവരണപരിധിയിൽ.ദാരിദ്ര്യരേഖ നിശ്ചയിക്കുമ്പോൾ ദിവസവരുമാനം 32 രൂപയാണ്. സംവരണാവകാശം ആകുമ്പോൾ ദിവസേന 2000 രൂപ വരുമാനം ഉണ്ടെങ്കിലും സംവരണത്തിന് അർഹതയുണ്ടാകും!

കേന്ദ്ര, സംസ്ഥാന സർവീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒക്കെ മുന്നോക്ക സംവരണ പരിധിയിലുണ്ട്. ആകെ നനഞ്ഞാൽ പിന്നെ കുളിരില്ല എന്നാണ്. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ തൊഴിലവസരങ്ങൾ ഉണ്ടാകുന്നില്ല എന്നുമാത്രമല്ല, കുറയുകയും ചെയ്യുന്നു എന്നാണ് കണക്കുകൾ. ജനുവരി എട്ടിന് ബില്ലിൻമേൽ ലോക്സഭയിൽ  നടന്ന ചർച്ചക്കിടെ കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പസ്വാൻ പറഞ്ഞതിങ്ങനെ. "പൊതുമേഖലയിൽ തൊഴിലവസരമ കുറയുന്നതിനാൽ സ്വകാര്യമേഖലയിലും സവരണം നടപ്പാക്കണം. ജുഡീഷ്യറിയിലും എല്ലാ വിഭാഗക്കാർക്കും പ്രാധിനിത്യം ഉറപ്പാക്കണം." ചുരുക്കത്തിൽ എല്ലാ രാഷ്ട്രീയകക്ഷികളും ചേർന്ന് രാജ്യത്തെ മുന്നോക്കക്കാരെയും പിന്നോക്കക്കാരെയും ഒരുപോലെ പറ്റിച്ചു.

ബിജെപി, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സിപിഎം, എൻസിപി, ആർജെഡി, ഡിഎംകെ, കോരളാ കോൺഗ്രസ്(എം), ബിഎസ്പി, എൽജെപി എന്നീ പാർട്ടികൾ സാമ്പത്തിക സംവരണത്തെ അനുകൂലിച്ച് വോട്ടുചെയ്തു. എതിർത്തത് മുസ്ലീം ലീഗും വോട്ടെടുപ്പിൽ പങ്കാതെ വിട്ടുനിന്ന അണ്ണാ ഡിഎംകെയും എം തമ്പിദുരൈയും മാത്രം. ഒരു ലക്ഷത്തോളം തൊഴിലവസരങ്ങൾ പൊതുമേഖലയിൽ മാത്രം ഇല്ലാതായി എന്നാണ് കോൺഗ്രസിന്‍റെ ആരോപണം. ഇല്ലാത്ത തൊഴിലുകൾക്ക് സംവരണം ഏർപ്പെടുത്താൻ മത്സരം. അത് മുഴുവൻ മോദി അടിച്ചെടുക്കരുത് എന്നുകരുതി പ്രതിപക്ഷവും കൂടെ ചേരുന്നു. ആ കളിയാണ് തെരഞ്ഞെടുപ്പുകാലത്തെ രാഷ്ട്രീയക്കളി. കാര്യമായൊന്നു ചർച്ച ചെയ്യണം എന്നുപോലും ആർക്കും തോന്നിയില്ല. ദോശ ചുടും പോലെയല്ലേ സാമൂഹ്യനീതി അട്ടിമറിച്ചുകളഞ്ഞത്!

ജനുവരി 7ന്, സാമ്പത്തിക സംവരണം നിയമം ആകുന്നതിനു മുമ്പ് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലെ പ്രതികരണം നോക്കുക. "നമ്മുടെ രാജ്യത്തെ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി ദയനീയാവസ്ഥയിൽ കഴിയുന്ന, അതി പിന്നോക്കാവസ്ഥയിൽ കഴിയുന്ന ആളുകളുണ്ട്. അത്തരം ആളുകൾക്ക് ഒരു നിശ്ചിത ശതമാനം സംവരണം നൽകണം എന്ന് നേരത്തേ തന്നെ സിപിഎം ആവശ്യപ്പെട്ടിട്ടുള്ളതാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണിയും പിന്നീടൊരു ഘട്ടത്തിൽ അത് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ ഭാഗമായാണ് കേരളത്തിലെ ദേവസ്വം ബോർ‍ഡിൽ പത്തു ശതമാനം സംവരണം കൊടുക്കുന്ന നില സ്വീകരിച്ചത്. ആ നയം കേന്ദ്രസർക്കാർ നടപ്പാക്കുന്നുവെങ്കിൽ സ്വാഗതാർഹമായ കാര്യമാണ്." 

'താങ്ക് യൂ മോദിജീ' എന്നുകൂടി പിണറായി വിജയൻ പറയണമായിരുന്നു. വെള്ളാപ്പള്ളി നടേശനെ ഒരു ഭാഗത്തും പുന്നല ശ്രീകുമാറിനെ മറുഭാഗത്തും നിർത്തി നവോത്ഥാനത്തിന് പോകുന്നയാളല്ലേ. നവോത്ഥാനം ശബരിമലയിൽ മാത്രം മതി എന്ന് പിണറായിജിക്ക് തോന്നിക്കാണും. അല്ലെങ്കിൽ ബില്ലിനെ പിന്തുണച്ചാൽ പെരുന്നയിൽനിന്ന് ഒരു വിളി പ്രതീക്ഷിച്ചോ? പെരുന്നയിൽ നിന്ന് അഭിനന്ദനം പോയി. പിണറായിജിക്കല്ല, മോദിജിക്ക് ആണെന്നുമാത്രം.

'SC/STക്കാരെ താൽപ്പര്യമില്ല, കണ്ട പറയനും പുലയനും കയറി നിരങ്ങാനുള്ള സ്ഥലമല്ലിത്' എന്നൊക്കെ പതിവായി കേൾക്കുകയും കാണുകയും ചെയ്യുന്നയാളുകളാണ് മിക്കവാറും നമ്മളെല്ലാവരും. താഴ്ന്ന ജാതി, ജാതിയിൽ താണവർ എന്നൊക്കെ ജീവിതത്തിൽ ഒരിക്കലെങ്കിലും പറയാത്തവർ മുന്നോക്കക്കാരിൽ ഒരാളെങ്കിലും ഉണ്ടാകുമോ? അപ്പുറത്ത് കോളനിയാണ്, അവർ അയൽപക്കക്കാരാകാൻ കൊള്ളില്ല എന്നൊരൊറ്റ കാരണത്താൽ സ്ഥലം വാങ്ങാതെയും വീടുവയ്ക്കാതെയും പോയ എത്രയോ അധികം മുന്നോക്ക വർഗ്ഗക്കാരുണ്ടാകും? ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു മുന്നോക്കക്കാരനെങ്കിലും ഇങ്ങനെ ഒരു അധിക്ഷേപം അവനവന്‍റെ ജാതിയുടെ പേരിൽ സഹിക്കേണ്ടി വന്നിട്ടുണ്ടാകുമോ? അതാണ് സർ സാമൂഹ്യമായ അനീതി എന്നു പറയുന്നത്. ആ അനീതി പരിഹരിക്കാനാണ് സംവരണം എന്ന രക്ഷാകവചം ഭരണഘടന നൽകിയിട്ടുള്ളത്. മറ്റുകാര്യങ്ങൾക്കെല്ലാം പ്രതിവിധി സാമ്പതികമായ സഹായമാണ്. അതാണ് മുന്നോക്കക്കാർക്ക് കൊടുക്കേണ്ടത്.

ആ അട്ടിമറിക്ക് അനുകൂലമായി ഒരു വോട്ട് ഹുക്കുംദേവും ചെയ്തുകാണും

OBC സംവരണം വന്നപ്പോൾ അതിനെതിരായ എതിർപ്പ് രാജ്യം കണ്ടതാണ്. എക്കാലത്തും സാമൂഹ്യനീതിക്കായുള്ള നീക്കത്തെ ഭൂരിപക്ഷം എതിർത്തിട്ടേയുള്ളൂ. സാമൂഹ്യനീതിയും സാമ്പത്തിക ബുദ്ധിമുട്ടും രണ്ടാണെന്ന് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ നമ്മളാരും പഠിക്കുന്നുമില്ല. മുന്നോക്കക്കാരെല്ലാം ധനികരല്ല, സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളവർ ലക്ഷക്കണക്കിനുണ്ടാകും. അവരെ സഹായിക്കുകയും വേണം, പക്ഷേ അതിന് വേണ്ടത് ജോലി സംവരണം അല്ല. എല്ലാവ‍ർക്കും തുല്യാവസരം എന്ന് നമ്മുടെ ഭരണഘടന പറയുന്നതിന്‍റെ അർത്ഥം ശരിയായി മനസ്സിലാക്കണം.

സംവരണത്തെപ്പറ്റി സഭയിൽ നടന്ന പഴയ ഒരു ചർച്ചയിൽ, 2016 ഏപ്രിൽ 29ന് ബിജെപി നേതാവ്, മുൻ കേന്ദ്രമന്ത്രി ഹുക്കുംദേവ് നാരായൺ യാദവ് പറഞ്ഞത് നോക്കുക, "ഞങ്ങളുടെ കുട്ടികൾ ഭക്ഷണത്തിനായി കേഴുമ്പോൾ, ജനിക്കുമ്പോഴേ പ്രധാനമന്ത്രി പദം സ്വപ്നം കാണുന്നവരാണ് മറുവശത്ത്. ഈ നാട്ടിലെവിടെയാണ് തുല്യത? സംവരണം ഉള്ളവരാണെന്നത് മോശം കാര്യമാണോ? അധികാരവും തുല്യാവകാശവും കിട്ടിയാൽ ഞങ്ങൾ ആരുടേയും ഒപ്പമെത്തും. നിങ്ങളുടേയും ഞങ്ങളുടേയും മക്കൾ ഒരുമിച്ച് പഠിക്കട്ടെ, കളിക്കട്ടെ, എന്നിട്ട് മത്സരിക്കട്ടെ, അപ്പോൾ നമുക്കു നോക്കാം."

മൂന്നു വർഷത്തിനിപ്പുറം ഇതേ ഹുക്കുംദേവിന്‍റെ സാന്നിദ്ധ്യത്തിലാണ് ഇതേ പ്രധാനമന്ത്രി സാമൂഹ്യനീതി അട്ടിമറിക്കാൻ നേതൃത്വം നൽകിയത്. ആ അട്ടിമറിക്ക് അനുകൂലമായി ഒരു വോട്ട് ഹുക്കുംദേവും ചെയ്തുകാണും. മൂന്നു വർഷത്തിനിപ്പുറം, 2019 ജനുവരി എട്ടിന് സാമ്പത്തിക സംവരണ ചർച്ചയിൽ പങ്കെടുത്ത് ഹുക്കുംദേവ് നാരായൺ യാദവ് സഭയിൽ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം കൂടി നോക്കണം, "മുന്നോക്ക സമുദായങ്ങളിലെ നിരാലംബരും ദരിദ്രരുമായവർക്കും സംവരണം നൽകുന്നതിനെ ഞാൻ സ്വാഗതം ചെയ്യുന്നു. നമുക്കെല്ലാവർക്കും ചേർന്ന് നല്ലൊരു സമൂഹം കെട്ടിപ്പടുക്കാം."

ആ തർക്കത്തിൽ ഡോക്ടർ ഭീംറാവു അംബേദ്കർ വിജയിച്ചു, സർദാർ പട്ടേൽ വഴങ്ങി

സ്വയം പിന്നോക്ക സമുദായക്കാരൻ എന്നു പറയുന്ന നരേന്ദ്രമോദിക്ക് സാമൂഹ്യ അനീതിയെപ്പറ്റി മനസ്സിലായില്ലെങ്കിൽ പിന്നെ ആർക്കു മനസ്സിലാകും? നമ്മുടെ പ്രസാർ ഭാരതി നടത്തുന്ന രാജ്യസഭാ ടിവിയിൽ വന്ന ഡോക്ടർ അംബേദ്കറിനെക്കുറിച്ചുള്ള ചിത്രത്തിൽ സംവരണത്തെപ്പറ്റി അദ്ദേഹം സർദാർ പട്ടേലുമായി തർക്കം നടത്തുന്ന ഒരു രംഗമുണ്ട്. അംബേദ്കർ ഇങ്ങനെ പറയുന്നു "ദളിതരുടെ സംവരണത്തെ ഗാന്ധിജി പിന്തുണയ്ക്കുന്നുണ്ട്. എല്ലാവർക്കും ഒപ്പമെത്താൻ ദളിതർക്ക് പ്രത്യേക പരിഗണന കൂടിയേ തീരൂ." പട്ടേലിന്‍റെ എതിർവാദം ഇങ്ങനെയാണ്, "യോഗ്യത നോക്കിയേ മുഖ്യപദവികളിൽ നിയമനം നടത്താനാകൂ എന്നങ്ങേയ്ക്ക് അറിയാമല്ലോ. ഒരു പ്രത്യേക വിഭാഗത്തിനായി സംവരണം ഏർപ്പെടുത്തിയാൽ മറ്റുള്ളവരും സംവരണം ആവശ്യപ്പെട്ട് രംഗത്തിറങ്ങും." അംബേദ്കർ ആ വാദത്തെ ഖണ്ഡിക്കുന്നത് ഇങ്ങനെയാണ്, "പട്ടേൽജീ, ഞങ്ങൾ അവഗണിക്കപ്പെട്ടവരാണ്, മർദ്ദിതരാണ്, എന്നിട്ടും ഞങ്ങൾ പിടിച്ചുനിൽക്കുന്നു. ഒരു അവസരം തരൂ... ഉയർന്നുവരുന്നത് എങ്ങനെയെന്ന് കാണിച്ചുതരാം. അതിന് സംവരണം കൂടിയേ തീരൂ."

ആ തർക്കത്തിൽ ഡോക്ടർ ഭീംറാവു അംബേദ്കർ വിജയിച്ചു, സർദാർ പട്ടേൽ വഴങ്ങി. പക്ഷേ ഇന്ന് ലോകത്തേക്കും ഉയരത്തിൽ സർദാർ പട്ടേലിന്‍റെ പ്രതിമ ഉയർന്നു നിൽക്കുമ്പോൾ അംബേദ്കർ വിഭാവനം ചെയ്ത സാമൂഹ്യനീതി തോറ്റു നിൽക്കുന്നു. നാലു വോട്ടിനു വേണ്ടി എന്തും ചെയ്യുന്ന രാഷ്ട്രീയ ആദർശം മാത്രമാണ് നമ്മുടെ രാഷ്ട്രീയപാർട്ടികൾക്ക് ഉള്ളതെന്നും അക്കാര്യത്തിൽ ബിജെപിയും കോൺഗ്രസും സിപിഎമ്മും ഒരുപോലെയാണെന്നും ഇനിയെങ്കിലും തിരിച്ചറിയണം.

Latest Videos
Follow Us:
Download App:
  • android
  • ios