ഇ പി ജയരാജന്‍ പറഞ്ഞ 'ചീമേനിയിലെ കൂട്ടക്കൊല'; സത്യത്തില്‍ അന്ന് നടന്നത് എന്തായിരുന്നു?

'ജാലിയന്‍ വാലാബാഗിനു സമാനമായ സംഭവമാണിതെ'ന്നാണ് ഇ എം എസ് പറഞ്ഞത്. താരതമ്യേന ശാന്തമായ ഒരു തെരഞ്ഞെടുപ്പായിരുന്നു ചീമേനിയിൽ അന്ന് നടന്നത്. തെരഞ്ഞെടുപ്പിന്റെ അദ്ധ്വാനമൊക്കെ കഴിഞ്ഞ്, ലോക്കൽ കമ്മിറ്റി ഓഫീസിൽ കൂടിയിരുന്ന് തങ്ങളുടെ വോട്ടുകണക്കുകൾ പരിശോധിക്കവേ യാതൊരു പ്രകോപനവും കൂടാതെയായിരുന്നു പാർട്ടി സഖാക്കളെ കോൺഗ്രസ്സിന്റെ പ്രവർത്തകർ ആക്രമിച്ചത് എന്നതായിരുന്നു ഈ വിഷയത്തിലെ സിപിഎമ്മിന്റെ വാദം

cheemeni massacre facts

"ചീമേനിയിലെ ആറുപേരെ കൊന്നത് എങ്ങനെയാണെന്ന് നിങ്ങൾ കെപിസിസി പ്രസിഡന്റിനോട് ചോദിക്കണം, കിട്ടും ഉത്തരം.."  - പെരിയയിലെ ഇരട്ടക്കൊലപാതകങ്ങളെപ്പറ്റി പ്രതികരണമാരാഞ്ഞ മാധ്യമങ്ങളോട് ഇ പി ജയരാജൻ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു. അതെന്താണ് ആ സംഭവം..? എന്നാണത് നടന്നത്..?  ഈ തലമുറയിലെ അധികമാർക്കും പരിചയമില്ലാത്ത ചരിത്രത്തിലെ ഒരു ഇരുണ്ട ഏടാണ് ചീമേനി കൂട്ടക്കൊല. 1987 മാർച്ച് 23 - ഒരു തിങ്കളാഴ്ചയായിരുന്നു. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ദിവസം, വൈകുന്നേരം നൂറോളം പേരടങ്ങുന്ന ഒരു സംഘം അക്രമികൾ സിപിഎം ചീമേനി ലോക്കൽ കമ്മിറ്റി ഓഫീസ് വളഞ്ഞ്, തീയിടുകയും, രക്ഷപ്പെടാൻ ശ്രമിച്ച അഞ്ചു സിപിഎം പ്രവർത്തകരെ വെട്ടിക്കൊല്ലുകയും ചെയ്തതാണ് ജയരാജൻ പരാമർശിച്ച ചീമേനി കൂട്ടക്കൊല. യഥാർത്ഥത്തിൽ, ചീമേനിയിൽ എന്തായിരുന്നു അന്ന് നടന്നത്..?  

സി പി എമ്മിന് പറയാനുള്ളത്

അന്നത്തെ ആ സംഭവങ്ങളെപ്പറ്റി മഞ്ചേശ്വരത്തു നിന്നും സിപിഎമ്മിന്റെ എംഎൽഎ ആയിരുന്ന സി.എച്ച്. കുഞ്ഞമ്പു ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്. കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ മണ്ഡലത്തിൽ കോൺഗ്രസ്സ് പാർട്ടിക്ക് മേൽക്കൈയുള്ള ഒരു ഗ്രാമമായിരുന്നു അന്നത്തെ ചീമേനി. അവിടത്തെ  സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ നിന്നും അധികം  ദൂരമില്ലായിരുന്നു. ചീമേനി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിലേക്ക്.. അവിടെ നിന്നും പുറപ്പെട്ടുവന്ന, വാളും കത്തിയും വടികളുമടക്കം നിരവധി  ആയുധങ്ങളുമേന്തിയ  നൂറോളം വരുന്ന കോൺഗ്രസ്സ് അക്രമികൾ  സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് വളഞ്ഞാക്രമിച്ചു. 

അകത്ത് തെരഞ്ഞെടുപ്പ് വിശകലന യോഗത്തില്‍ പങ്കെടുക്കുകയായിരുന്ന മുപ്പതോളം സിപിഎം പ്രവർത്തകരെ ഓഫീസിനകത്തിട്ട്  തീയിട്ടു. പുറത്തു ചാടി ഓടി രക്ഷപ്പെടാൻ ശ്രമിച്ച നേതാക്കളിൽ നാലു പേരെ വെട്ടിക്കൊലപ്പെടുത്തി. പി കുഞ്ഞപ്പൻ, എം കോരൻ, ആലുവളപ്പിൽ അമ്പു, ചാലിൽ കോരൻ എന്നിങ്ങനെ നാലുപേർ പാർട്ടി ഓഫീസ് പരിസരത്തുവെച്ചു തന്നെ വെട്ടേറ്റു മരിച്ചു.  ബൂത്തിന്റെ ചുമതലയുണ്ടായിരുന്ന ലോക്കൽ കമ്മിറ്റി അംഗം കെ വി കുഞ്ഞിക്കണ്ണൻ ഈ സംഭവം നടക്കുന്നതിന് അല്പം ദൂരെയായി  ജംഗ്‌ഷനിൽ നിൽക്കുന്നുണ്ടായിരുന്നു. തിരിച്ചു പോകും വഴി അക്രമികൾ അദ്ദേഹത്തെയും വെട്ടിവീഴ്ത്തി. തലയിൽ ഒരു കല്ലെടുത്തിട്ട് മരണം ഉറപ്പാക്കിയാണ് അവർ മടങ്ങിയത്. അന്നത്തെ സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ സിപിഎം പ്രവർത്തകനായ ബാലകൃഷ്ണൻ ദീർഘകാലത്തെ ആശുപത്രി വാസത്തിനു ശേഷമാണ്  ജീവിതത്തിലേക്ക് തിരിച്ചു വന്നതെന്ന് സി എച്ച് കുഞ്ഞമ്പു ഓർത്തെടുക്കുന്നു.  

മറവിയുടെ ചാരം മൂടിക്കിടക്കുന്നിടത്തുനിന്നും കണ്ണും മിഴിച്ചെണീക്കുന്ന ഓർമ്മകൾക്ക് ഒരു ചെറിയ പ്രശ്നമുണ്ട്

cheemeni massacre facts

സംഭവമറിഞ്ഞ് ഇ എം എസും ഇ കെ നായനാരും ഉള്‍പ്പെടെയുള്ള ജനനേതാക്കള്‍ ചീമേനിയിലെത്തി. 'ജാലിയന്‍ വാലാബാഗിനു സമാനമായ സംഭവമാണിതെ'ന്നാണ് ഇ എം എസ് പറഞ്ഞത്. താരതമ്യേന ശാന്തമായ ഒരു തെരഞ്ഞെടുപ്പായിരുന്നു ചീമേനിയിൽ അന്ന് നടന്നത്. തെരഞ്ഞെടുപ്പിന്റെ അദ്ധ്വാനമൊക്കെ കഴിഞ്ഞ്, ലോക്കൽ കമ്മിറ്റി ഓഫീസിൽ കൂടിയിരുന്ന് തങ്ങളുടെ വോട്ടുകണക്കുകൾ പരിശോധിക്കവേ യാതൊരു പ്രകോപനവും കൂടാതെയായിരുന്നു പാർട്ടി സഖാക്കളെ കോൺഗ്രസ്സിന്റെ പ്രവർത്തകർ ആക്രമിച്ചത് എന്നതായിരുന്നു ഈ വിഷയത്തിലെ സിപിഎമ്മിന്റെ വാദം.  

cheemeni massacre facts

ഒരു പാർട്ടിയുടെ പ്രവർത്തകരിൽ നിന്നും അക്രമസംഭവങ്ങളും ഭീതിദമായ ഹത്യകളും ഒക്കെ ഉണ്ടായി പാർട്ടി തന്നെ പ്രതിരോധത്തിലാവുന്ന അവസരങ്ങളിൽ പാർട്ടിയുടെ വക്താക്കളായി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നവർ സ്വതവേ എടുത്ത് പരിചയായി പിടിക്കുന്ന ഒന്നാണ് മുൻകാലങ്ങളിൽ എതിർപാർട്ടിക്കാരുടെ ഭാഗത്തുനിന്നുണ്ടായ സമാനമായ അക്രമസംഭവങ്ങളുടെ ഓർമ്മപ്പെടുത്തലുകൾ. ഇങ്ങനെയുള്ള ഓർമ്മപ്പെടുത്തലുകൾ നടത്തുന്നതുകൊണ്ട് തരക്കേടില്ല. എന്നാൽ, മറവിയുടെ ചാരം മൂടിക്കിടക്കുന്നിടത്തുനിന്നും കണ്ണും മിഴിച്ചെണീക്കുന്ന ഓർമ്മകൾക്ക് ഒരു ചെറിയ പ്രശ്നമുണ്ട്. അയവെട്ടുന്നവർ പ്രതീക്ഷിക്കുമ്പോലെ അവ ഏകപക്ഷീയമായിക്കൊള്ളണമെന്നില്ല. 

കോണ്‍ഗ്രസ്സിന് പറയാനുള്ളത് 
 
ചീമേനി സംഭവത്തെക്കുറിച്ച് കോൺഗ്രസ്സിനും പറയാനുണ്ട് അവരുടേതായ ഒരു നേർസാക്ഷ്യം. സംഭവത്തെ കുറിച്ച് കോണ്‍ഗ്രസ് പ്രാദേശികനേതാവായ ചീമേനി കുഞ്ഞിരാമൻ പറയുന്നത് ഇങ്ങനെയാണ്, ''പാർട്ടിഗ്രാമങ്ങൾ വടക്കൻ കേരളത്തിൽ ശക്തി പ്രാപിച്ചു വരുന്ന കാലമായിരുന്നു അത്. ചീമേനി കോൺഗ്രസ്സിന്റെ ശക്തികേന്ദ്രമായിരുന്നു. അതുപോലെ സിപിഎമ്മിന്റെ ശക്തിദുർഗ്ഗമായിരുന്നു തൊട്ടടുത്തുതന്നെയുള്ള കയ്യൂർ. സിപിഎമ്മിന്റെ കയ്യൂരിലുള്ള പ്രവർത്തകർ ബൂത്തിന്റെ ഏഴയലത്തേക്ക് കോൺഗ്രസുകാരെ അടുപ്പിച്ചിരുന്നില്ല. തിരിച്ച് അതുപോലെ കോൺഗ്രസ്സ് ശക്തികേന്ദ്രങ്ങളിൽ മാർക്സിസ്റ്റുകാരെയും തെരഞ്ഞെടുപ്പിൽ  ബൂത്തുകളിൽ ഇരിക്കാൻ അനുവദിച്ചിരുന്നില്ല കാലങ്ങളായി. അത്തവണത്തെ തെരഞ്ഞെടുപ്പിൽ രണ്ടു പാർട്ടികളും തമ്മിൽ ഒരു ഒത്തുതീർപ്പിൽ എത്തുകയും പരസ്പരം ബൂത്തുകളിൽ ഓരോ ഏജന്റുമാരെ ഇരുത്താൻ ധാരണയാവുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് നടന്ന ഒരു ദിവസത്തേക്കായി ഇരു പാർട്ടികളും  തമ്മിലുണ്ടാക്കിയ  ധാരണപ്പുറത്താണത്രെ ചീമേനിയിലെ ജനപ്രിയ കോൺഗ്രസ്സ് നേതാവായിരുന്ന പിലാന്തോളി കൃഷ്ണനെ പാർട്ടി കയ്യൂർ ബൂത്തിലേക്ക് തങ്ങളുടെ ഏജന്റായി നിയോഗിക്കുന്നത്. 
 
ഏജന്റ് ആയി നിയോഗിച്ചു എന്നൊക്കെ പറയാമെങ്കിലും അത് തികച്ചും സാങ്കേതികമായ ഒരു നിയോഗമായിരുന്നു. ഒരു ബൂത്തിലെ പാർട്ടി ഏജന്റിന്റെ സ്വാഭാവികമായ കടമകളൊന്നും തന്നെ നിറവേറ്റാനുള്ള സ്വാതന്ത്ര്യം ഇങ്ങനെ പാർട്ടിഗ്രാമങ്ങളിലെ ബൂത്തുകളിൽ ചെന്നിരിക്കുന്ന എതിർ പാർട്ടി ഏജന്റുമാർക്ക് കൈവരില്ല. മിണ്ടാതെ, അനങ്ങാതെ ഒരു മൂലയ്ക്കൽ ഇരുന്നോളണം. പോളിങ്ങ് ഒക്കെ ആരുടെ ഗ്രാമമാണോ ആ പാർട്ടിക്കാരുടെ മുൻ കൈയിൽ അങ്ങ് യഥാവിധി നടന്നോളും. ഒന്നിലും തലയിടുകയും അഭിപ്രായം പറയുകയും ചെയ്യാതിരുന്നാൽ തടി കേടാവില്ല.

എന്നാൽ കയ്യൂരിൽ കോൺഗ്രസ്സ് പാർട്ടിയുടെ ബൂത്ത് ഏജന്റായി ചെന്നിരുന്ന പിലാന്തോളി കൃഷ്ണൻ അന്ന് ആ ബൂത്തിൽ  വ്യാപകമായി അരങ്ങേറിയ കള്ളവോട്ട് ചെയ്യലിനെ എതിർത്തു. മാർക്സിസ്റ്റ് ശക്തികേന്ദ്രമാണല്ലോ കയ്യൂർ. സ്വാഭാവികമായും കൃഷ്ണൻ ഒറ്റപ്പെട്ടു. അവിടെ നടന്ന സംഘർഷത്തിനിടെ   പ്രാദേശിക കമ്യൂണിസ്റ്റു പ്രവർത്തകരായ ചിലരുടെ  മർദ്ദനത്തിലും തുടർന്ന് നടന്ന കത്തിക്കുത്തിലും പിലാന്തോളി കൃഷ്ണൻ കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ചീമേനിയിലെ മാർക്സിസ്റ്റുപാർട്ടി ഏജന്റ് തിരിച്ച് കയ്യൂർക്ക് പോയി. തങ്ങളുടെ സഹപ്രവർത്തകനെ കൂട്ടാനായി ജീപ്പിൽ പുറപ്പെട്ടു കയ്യൂർക്ക് ചെന്ന ചീമേനിയിലെ കോൺഗ്രസ്സുകാർ കാണുന്നത് രക്തത്തിൽ കുളിച്ചു മരിച്ചു കിടക്കുന്ന പിലാന്തോളി കൃഷ്ണനെ ആയിരുന്നത്രെ. 

തെരഞ്ഞെടുപ്പ് കഴിഞ്ഞ് ചീമേനിയിലെ മാർക്സിസ്റ്റുപാർട്ടി ഏജന്റ് തിരിച്ച് കയ്യൂർക്ക് പോയി

cheemeni massacre facts

അന്ന്, അതേത്തുടർന്ന് ചീമേനിയിലെ കോൺഗ്രസ്സുകാർക്കിടയിൽ വ്യാപകമായ അമർഷം പൊട്ടിപ്പുറപ്പെട്ടു. പിലാന്തോളി കൃഷ്ണന്‍റെ മൃതശരീരവുമായി അതേ ജീപ്പിൽ തിരിച്ചു ചീമേനിയിലെത്തിയപ്പോഴേക്കും കോൺഗ്രസ്സ് അനുഭാവമുള്ള നൂറിലധികം പേരടങ്ങുന്ന ജനക്കൂട്ടം മണ്ഡലം കമ്മിറ്റി ഓഫീസിൽ തടിച്ചു കൂടിക്കഴിഞ്ഞിരുന്നു.  അവർ  അപ്പോൾ തന്നെ തിരിച്ചടിക്കാൻ തീരുമാനമെടുത്ത്, കയ്യിൽ കിട്ടിയ ആയുധങ്ങളുമായി ചീമേനിയിലെ മാർക്സിസ്റ്റ് പാർട്ടിയുടെ ലോക്കൽ കമ്മിറ്റി ഓഫീസിലേക്ക് പാഞ്ഞു ചെന്ന് ആക്രമണം നടത്തുകയായിരുന്നു. അതൊരിക്കലും ആഴ്ചകളോ മാസങ്ങളോ എടുത്തു കരുതിക്കൂട്ടി പ്ലാൻ ചെയ്തു നടത്തിയ അക്രമണമല്ലായിരുന്നു എന്നും അതിൽ കൊല തൊഴിലാക്കിയ കൊട്ടേഷൻ സംഘങ്ങളുടെ സാന്നിധ്യമില്ലായിരുന്നു എന്നും അവർ കൂട്ടിച്ചേർക്കുന്നു. ജനസമ്മതനായ ഒരു നേതാവിനെ, പാർട്ടികൾക്കിടയിൽ തെരഞ്ഞെടുപ്പിനുവേണ്ടി ഉണ്ടാക്കിയ പരസ്പര ധാരണ തെറ്റിച്ച് വധിച്ചതിലുണ്ടായ ക്രോധത്തെ തുടര്‍ന്ന് സംഭവിച്ചു പോയ ഒരു നിർഭാഗ്യകരമായ സംഭവമായിരുന്നു ഇത്. 

ഇരട്ടത്താപ്പ് പാർട്ടികൾ അവസാനിപ്പിച്ചാൽ മാത്രമേ നിരപരാധികളുടെ ജീവൻ നിരന്തരം പൊലിയുന്ന ഈ ദുരവസ്ഥയ്ക്ക് ഒരു അവസാനമുണ്ടാവൂ

തെരഞ്ഞെടുപ്പിനെത്തുടർന്ന് ഭരണത്തിൽ വന്ന വന്ന നായനാർ സർക്കാരിന്റെ കാലത്ത് ഈ കേസുമായി ബന്ധപ്പെട്ട നിരവധി പേരെ അറസ്റ്റു ചെയ്യുകയുണ്ടായെങ്കിലും ആക്രമണത്തിന്റെ ആൾക്കൂട്ട സ്വഭാവം നിമിത്തം കേസ് കോടതിയിൽ തള്ളിപ്പോയി. അന്ന് തെരഞ്ഞെടുപ്പ് ദിവസം കൊല്ലപ്പെട്ട പിലാന്തോളി കൃഷ്ണനു പുറമെ, പ്രസ്തുത സംഭവത്തിൽ പങ്കുണ്ടെന്ന് സിപിഎമ്മിന് ബോധ്യപ്പെട്ട മറ്റു മൂന്നു പേരെക്കൂടി സംഭവം നടന്ന് മൂന്നു വർഷത്തിനുള്ളിൽ തിരിച്ചും വകവരുത്തിയിട്ടുണ്ട്. എം.എം. ജോസ്, കെ പി സുരേന്ദ്രൻ, എബ്രഹാം എന്നിവരെയാണ് ഈ സംഭവവുമായി ബന്ധപ്പെട്ട് പിന്നീട് പലപ്പോഴായി സിപിഎമ്മുകാരാണ്  കൊലചെയ്തത് എന്നും ചീമേനി കുഞ്ഞിരാമൻ പറയുന്നു.

അങ്ങനെ ഒരു തെരഞ്ഞെടുപ്പുദിവസം നടന്ന ആ ദുർഭാഗ്യകരമായ സംഭവവും അതിനെത്തുടർന്ന് നടന്ന പ്രതികാര നടപടികളും മറ്റുമായി ആകെ ഒമ്പത് ജീവൻ അക്കാലത്ത് ചീമേനിക്ക് നഷ്ടമായി. ഇതിനൊക്കെ അടിസ്ഥാന കാരണം ഒരു പാർട്ടിക്ക് സ്വാധീനശക്തി അധികമുള്ള പ്രദേശങ്ങളിൽ മറ്റുള്ള പാർട്ടിക്കാരെ പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുന്നതാണ്. തെരഞ്ഞെടുപ്പുകളിൽ തങ്ങളുടെ പാർട്ടികൾ പ്രഘോഷണം നടത്തുന്ന പ്രത്യയശാസ്ത്രങ്ങൾക്കും  സാമാന്യ മര്യാദകൾക്കും വിരുദ്ധമായി ഗുണ്ടായിസം നടത്തുന്ന കപടമായ രാഷ്ട്രീയ പ്രവർത്തന ശൈലിയാണ്. 'നാടൊട്ടുക്കും പറഞ്ഞു നടക്കാന്‍ ഒരു തത്വശാസ്ത്രവും, തങ്ങൾക്ക് ശക്തിയേറുന്ന പ്രദേശങ്ങളിൽ തങ്ങളുടെ കാര്യങ്ങൾ എളുപ്പമാക്കാൻ തിണ്ണമിടുക്കും' എന്നുള്ള ഇരട്ടത്താപ്പ് പാർട്ടികൾ അവസാനിപ്പിച്ചാൽ മാത്രമേ നിരപരാധികളുടെ ജീവൻ നിരന്തരം പൊലിയുന്ന ഈ ദുരവസ്ഥയ്ക്ക് ഒരു അവസാനമുണ്ടാവുകയുള്ളു. അതിനുള്ള സന്മനസ്സ് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന നമ്മുടെ മുഖ്യധാരാ പാർട്ടികളിൽ നിന്നും ഇനിയെങ്കിലും ഉണ്ടായിത്തുടങ്ങുമെന്നു തന്നെ പ്രതീക്ഷിക്കാം. 
 

Latest Videos
Follow Us:
Download App:
  • android
  • ios