ഒരു വര്‍ഷത്തോളം, ആ ക്ലാസ് മുറിയില്‍ അവള്‍ തനിച്ചിരുന്നാണ് പഠിച്ചത്
സുപ്രീം കോടതി വിധി അംഗീകരിക്കാൻ വെള്ളക്കാരായ വംശവെറിയന്മാർ തയ്യാറായില്ല. തങ്ങൾ കുത്തകയാക്കി വെച്ചിരുന്നു സ്‌കൂളുകളിലേക്ക് കറുത്ത വർഗക്കാരായ വിദ്യാർഥികളെ പ്രവേശിപ്പിക്കില്ലെന്ന് അവർ നിലപാടെടുത്തു.
സുപ്രീം കോടതി വിധി അംഗീകരിക്കാൻ വെള്ളക്കാരായ വംശവെറിയന്മാർ തയ്യാറായില്ല. തങ്ങൾ കുത്തകയാക്കി വെച്ചിരുന്നു സ്‌കൂളുകളിലേക്ക് കറുത്ത വർഗക്കാരായ വിദ്യാർഥികളെ പ്രവേശിപ്പിക്കില്ലെന്ന് അവർ നിലപാടെടുത്തു. അക്രമോത്സുകരായ കലാപകാരികൾ രംഗം കയ്യടക്കി. കറുത്ത വർഗക്കാർ സ്‌കൂളിൽ കയറുന്ന പക്ഷം സ്‌കൂൾ ബഹിഷ്ക്കരിക്കുമെന്ന് അവർ ഭീഷണി മുഴക്കി. കറുത്ത വർഗ്ഗക്കാരെ അകറ്റി നിർത്താൻ സ്‌കൂളുകൾ പ്രവേശന പരീക്ഷകൾ തട്ടികൂട്ടി. ഇവയെല്ലാം മറികടന്ന് റൂബി ബ്രിഡ്ജസ് എന്ന കറുത്ത വംശജയായ ഒരു ബാലിക സ്‌കൂൾ പ്രവേശനം നേടി. ഭീഷണിയും ബഹിഷ്കരണവും കലാപാഹ്വാനങ്ങളും വന്നു.
1951 -ലാണ് അമേരിക്കയിലെ കേൻസസ് ഡിസ്ട്രിക്ട് കോടതിയിൽ 20 സ്‌കൂൾ വിദ്യാർഥികളുടെ രക്ഷിതാക്കൾ ചേർന്ന് ഒരു ക്ലാസ് ആക്ഷൻ സ്യൂട്ട് ഫയൽ ചെയ്യുന്നത്. വെളുത്ത വർഗക്കാർക്കും കറുത്ത വർഗക്കാർക്കും വെവ്വേറെ സ്‌കൂളുകൾ ആയിരുന്നു അന്ന് കേൻസസിൽ. നഗ്നമായ ഈ വംശീയ വിവേചനത്തിന് അനുമതി നൽകുന്ന നിയമത്തെ ചോദ്യം ചെയ്തായിരുന്നു സ്‌കൂൾ വിദ്യാഭ്യാസ ബോർഡിനെതിരെ രക്ഷിതാക്കൾ കോടതിയെ സമീപിച്ചത്. വംശീയ വിവേചനത്തിന് അനുകൂലമായിട്ടായിരുന്നു ഡിസ്ട്രിക്ട് കോടതിയുടെ വിധി. വെളുത്ത വർഗക്കാർക്കും കറുത്ത വർഗക്കാർക്കും വെവ്വേറെ സ്‌കൂളുകൾ നടത്തുന്നത് ഒരു വിവേചനമായി ഡിസ്ട്രിക്ട് കോടതി കണ്ടില്ല.
ഇരു വർഗക്കാരുടെയും സ്‌കൂളുകളിൽ തുല്യ സൗകര്യങ്ങൾ ഉണ്ടോ എന്ന് മാത്രമാണ് കോടതി പരിശോധിച്ചത്. Plessy v. Ferguson കേസിലെ അമേരിക്കൻ സുപ്രീം കോടതിയുടെ 'Separate but equal doctrine' അവലംബിച്ചാണ് ഡിസ്ട്രിക്ട് കോടതി അത്തരമൊരു വിധി പുറപ്പെടുവിച്ചത്. വെളുത്ത വർഗക്കാർക്കും കറുത്ത വർഗക്കാർക്കും ഉള്ള സേവനങ്ങൾ വെവ്വേറെ ആവുന്നതിൽ വിരോധമില്ല, തുല്യമായാൽ മതി എന്നാണ് 'separate but equal doctrine' കൊണ്ട് ഉദ്ദേശിക്കുന്നത്. വെളുത്ത വർഗ്ഗക്കാർക്ക് സ്‌കൂളിൽ ലഭിക്കുന്നതിനേക്കാൾ മികച്ച സൗകര്യങ്ങൾ കറുത്ത വർഗക്കാർക്ക് സ്‌കൂളുകളിൽ ലഭിക്കുന്നുണ്ട് എന്നായിരുന്നു ഡിസ്ട്രിക്ട് കോടതിയുടെ കണ്ടെത്തൽ.
ഒരുപാട് അന്തർനാടകങ്ങൾക്ക് ഒടുവിൽ സുപ്രീം കോടതി വിധി വന്നു
വംശീയ വിവേചനത്തിന് പച്ചക്കൊടി കാണിച്ച ഡിസ്ട്രിക്ട് കോടതിയുടെ വിധിക്കെതിരെ അന്യായക്കാർ അമേരിക്കൻ സുപ്രീം കോടതിയെ സമീപിച്ചു. സമാനമായ മറ്റ് നാല് കേസുകൾ കൂടെ സുപ്രീം കോടതിക്ക് മുന്നിലെത്തി. NAACP എന്ന സന്നദ്ധ സംഘടനയായിരുന്നു ഈ കേസുകൾക്ക് പിന്നിൽ. പിൽക്കാലത്ത് യുനൈറ്റഡ് സ്റ്റേറ്റ്സ് സുപ്രീം കോടതിയുടെ ന്യായാധിപനായി മാറിയ തുർഗൂഡ് മാർഷ്യലാണ് അന്യായക്കാർക്ക് വേണ്ടി കോടതിയിൽ ഹാജരായത്. ഒരുപാട് അന്തർനാടകങ്ങൾക്ക് ഒടുവിൽ സുപ്രീം കോടതി വിധി വന്നു. വംശീയാടിസ്ഥാനത്തിൽ സ്‌കൂളുകൾ നടത്തുന്നത് ഭരണഘടന ലംഘനമാണെന്നായിരുന്നു കോടതി വിധി. Plessy V. Ferguson കേസിലെ 'separate but equal doctrine' ആ വിധിയോടെ അസാധുവായി. ഏതൊരു സ്‌കൂളിലും പ്രവേശനം നേടാനുള്ള അവകാശം 'Brown v. Board of Education of Topeka' കേസിലെ വിധിയോടെ കറുത്ത വർഗക്കാർക്ക് ലഭിച്ചു.
സുപ്രീം കോടതി വിധി അംഗീകരിക്കാൻ വെള്ളക്കാരായ വംശവെറിയന്മാർ തയ്യാറായില്ല. തങ്ങൾ കുത്തകയാക്കി വെച്ചിരുന്നു സ്‌കൂളുകളിലേക്ക് കറുത്ത വർഗക്കാരായ വിദ്യാർഥികളെ പ്രവേശിപ്പിക്കില്ലെന്ന് അവർ നിലപാടെടുത്തു. അക്രമോത്സുകരായ കലാപകാരികൾ രംഗം കയ്യടക്കി. കറുത്ത വർഗക്കാർ സ്‌കൂളിൽ കയറുന്ന പക്ഷം സ്‌കൂൾ ബഹിഷ്ക്കരിക്കുമെന്ന് അവർ ഭീഷണി മുഴക്കി. കറുത്ത വർഗ്ഗക്കാരെ അകറ്റി നിർത്താൻ സ്‌കൂളുകൾ പ്രവേശന പരീക്ഷകൾ തട്ടികൂട്ടി. ഇവയെല്ലാം മറികടന്ന് റൂബി ബ്രിഡ്ജസ് എന്ന കറുത്ത വംശജയായ ഒരു ബാലിക സ്‌കൂൾ പ്രവേശനം നേടി. ഭീഷണിയും ബഹിഷ്കരണവും കലാപാഹ്വാനങ്ങളും വന്നു.
അമേരിക്കൻ പ്രസിഡന്റ് ഐസൻഹോവർ റൂബിക്ക് സുരക്ഷയേകാൻ മാർഷൽമാരെ നിയോഗിച്ചു
ഒരു അധ്യാപിക ഒഴികെയുള്ളവർ റൂബിയെ പഠിപ്പിക്കില്ലെന്ന് നിലപാട് എടുത്തു. ബഹിഷ്‌കരണം മൂലം റൂബിക്ക് ക്ലാസ്സിൽ സഹപാഠികൾ ആരും തന്നെ ഉണ്ടായിരുന്നില്ല. ഒരു വർഷത്തോളം റൂബി ഒറ്റയ്ക്കായിരുന്നു ആ ക്ലാസ് മുറിയിൽ കഴിച്ചുകൂട്ടിയത്. വധഭീഷണി കണക്കിലെടുത്ത് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഐസൻഹോവർ റൂബിക്ക് സുരക്ഷയേകാൻ മാർഷൽമാരെ നിയോഗിച്ചു. കോടതി വിധി പൂർണ്ണമായും നടപ്പിലാക്കാൻ വീണ്ടും വർഷങ്ങൾ ഒരുപാട് വേണ്ടിവന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ സ്‌കൂളിൽ പോകേണ്ടി വന്ന ഒരു കൊച്ചു ബാലികയുടെ കഥ ഇന്ന് ഒരു അത്ഭുതമാകും. പക്ഷെ, അന്ന് അത് നീറിപ്പുകഞ്ഞ ഒരു യാഥാർഥ്യമായിരുന്നു. നിയമം വഴി സാമൂഹ്യ പരിഷ്കരണം സാധ്യമോ എന്ന് ചോദിക്കുന്നവർക്കുള്ള ലളിതമായ മറുപടി മാർഷൽമാരുടെ അകമ്പടിയോടെ സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന ആ കൊച്ചു ബാലികയുടെ നിഷ്കളങ്കമായ മുഖത്തുണ്ട്.