'വീട്ടിൽ പോകാൻ ഇഷ്ടമുണ്ടോ' എന്ന് ചോദിച്ചാൽ അവൾ പിറുപിറുക്കും, 'ഭയമാറുക്ക്'
"ഭയമാറുക്ക്" ഈ ഒരു പദം മാത്രമാണ് നാലുവർഷമായി അവൾ പറയാറുള്ളത്. പൊലീസ് മുഖേന ബന്ധുക്കളേയും ഭർത്താവിനേയുമൊക്കെ കണ്ടുപിടിച്ചുവെങ്കിലും ആർക്കുമവളെ വേണ്ട. ഭർത്താവ് വേറെ കല്ല്യാണവും കഴിച്ചു.
ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
ആദ്യമായിട്ട് മാനസികാരോഗ്യ കേന്ദ്രത്തിന്‍റെ അകത്ത് സൂപ്രണ്ടിന്‍റെ മുറിയുടെ വാതിൽക്കൽ, കോളേജിൽ നിന്നും തന്നു വിട്ട ഫീൽഡ് വർക്ക് ചെയ്യാനുള്ള കത്തുമായി കാത്തുനിൽക്കുമ്പോൾ 'മാനസികാരോഗ്യ കേന്ദ്രം, തിരുവനന്തപുരം' എന്ന പേരു പോലും ദഹിക്കുന്നില്ലായിരുന്നു.
ഓർമ്മ വച്ച നാൾ മുതൽ സിനിമയിലൂടെയും, നർമ്മ സംഭാഷണ സദസ്സുകളിലൂടേയും ഈ സ്ഥാപനത്തെക്കുറിച്ച് പരിചയിച്ച പേരു ഇതല്ലായിരുന്നല്ലോ... 'ഊളമ്പാറ!' കേൾക്കുന്നവർക്ക് ചിരിക്കാനുള്ള പദപ്രയോഗങ്ങളിലൊന്ന്.
സൂപ്രണ്ട് ഏർപ്പാടാക്കിത്തന്ന ഉദ്യോഗസ്ഥനോടൊപ്പം വാർഡുകൾ സന്ദർശിക്കാനിറങ്ങിയപ്പോഴും, താളവട്ടത്തിലൂടേയും ഉള്ളടക്കത്തിലൂടേയും പരിചിതരായ ആ 'ആൾക്കാരെ' തേടുകയായിരുന്നു കണ്ണുകൾ... ചെവിയിൽ പൂ വച്ചും, സ്വയം ഡോക്ടറായും, വെറുതെ ചിരിച്ചും വഴിയേ പോകുന്നവരെ കേറിപ്പിടിച്ചും ഒക്കെ രസിപ്പിക്കുന്ന ഭ്രാന്തന്മാരെ.
ആദ്യം കൊണ്ടുപോയത് സ്ത്രീകളുടെ ക്രോണിക് വാർഡിലേക്കാണ്. അവിടെ നടുമുറ്റത്ത് ഹോസ് വച്ച് എല്ലാവരേയും കുളിപ്പിക്കുകയായിരുന്നു. കുളിപ്പിക്കുന്നത് അവിടുത്തെ രോഗികളായ, ഊരും പേരും ഓർത്തെടുക്കാനാവാത്ത ഒരു കൂട്ടം പെണ്ണുങ്ങളെ. ഞങ്ങൾ പെൺകുട്ടികളെ മാത്രം അകത്തേക്ക് കയറ്റി വിട്ട് മറ്റുള്ളവർ പുറത്തുനിന്നു.
നിർവ്വികാരമായ നോട്ടം. വേദനയാണോ നിസ്സഹായതയാണോ തോന്നിയതെന്ന് വേർതിരിക്കാനാവുന്നില്ല ഇന്നും
നാലു ഭാഗത്തുനിന്നും ചീറ്റുന്ന വെള്ളത്തിനു നടുവിൽ നിന്നാണവൾ ഉയർന്നു വന്നത്. കൊത്തി വച്ച പോലെ അഴകളവുകളുള്ള നഗ്നയായൊരു പെണ്ണ്, ജല കന്യകയെപ്പോലെ! ഒരു സ്വപ്നാടനത്തിലെന്ന പോലെ അവൾ ഞങ്ങൾക്ക് മുന്നിലൂടെ നടന്നു പോയി മൂലയിലുള്ള ഒരു ഇരുമ്പുകട്ടിലിൽ കയറി ഇരുന്നു. തല മൊട്ടയടിച്ചിട്ടുണ്ട്. മൂക്കുത്തിയടയാളമുള്ള മൂക്ക്. നിർവ്വികാരമായ നോട്ടം. വേദനയാണോ നിസ്സഹായതയാണോ തോന്നിയതെന്ന് വേർതിരിക്കാനാവുന്നില്ല ഇന്നും.
അന്നു മുഴുവൻ ഞങ്ങളുടെ എല്ലാവരുടേയും ഉള്ളിലുണ്ടായിരുന്നത് അവളായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ മറ്റു വാർഡുകളിലും പോയി എല്ലാവരുമായും നല്ലൊരു ബന്ധം ഉണ്ടാക്കി. അവിടുത്തെ നഴ്സിംഗ് അസിസ്റ്റന്‍റ് ചേച്ചിയാണ് അന്നൊരു ഉച്ചക്ക് അവളെക്കുറിച്ച് വിശദമായി പറഞ്ഞു തന്നത്.
കന്യാകുമാരിയിലെ ഒരു കുഗ്രാമത്തിൽ നിന്നും പതിനാറു വയസ്സിൽ 35 കാരനെ കല്ല്യാണം കഴിച്ച മല്ലികയെന്ന പെൺകുട്ടി. വിവാഹത്തിന്‍റെ അന്നുമുതൽ തുടങ്ങിയ ബലാത്സംഗത്തിൽ പേടിച്ച് മനസ്സുടഞ്ഞ് ജീവനും കൊണ്ടു സ്വന്തം വീട്ടിലേക്ക് ഓടി വന്ന ഒരുപാവം. ഭർത്താവിന്‍റെ ഇഷ്ടമാണ് ദാമ്പത്യത്തിൽ പെണ്ണിന്‍റെ കടമ എന്നുപറഞ്ഞു കൊണ്ട് വീട്ടുകാരും നാട്ടുകാരും ഭർത്താവിന്‍റെ വീട്ടിലേക്ക് തന്നെ തിരിച്ചയച്ച രാത്രി അയാളുടെ മർദ്ദനമേറ്റ്, ചോരയൊലിക്കുന്ന ശരീരവും മുറിവേറ്റ മനസ്സുമായി ആശുപത്രിയിലായവൾ. ഒടുവിൽ ഡിസ്ചാർജ്ജായി അയാളുടെ വീട്ടിലേയ്ക്കു തന്നെ പോകേണ്ടി വരുമെന്നറിഞ്ഞ് ആശുപത്രിയിൽ നിന്നും ഒരു രാത്രി എങ്ങോട്ടോ ഇറങ്ങിയോടിയ മല്ലിക!
ചെറുപ്പം തൊട്ടേ അധികമാരോടും സംസാരിക്കാത്ത വളരെ അന്തർമുഖിയായ കുട്ടിയായിരുന്നു അവൾ
തിരുവനന്തപുരം നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടന്ന അവളെ പൊലീസാണു ഇവിടെ കൊണ്ടുവന്നാക്കിയത്.
"ഭയമാറുക്ക്" ഈ ഒരു പദം മാത്രമാണ് നാലുവർഷമായി അവൾ പറയാറുള്ളത്. പൊലീസ് മുഖേന ബന്ധുക്കളേയും ഭർത്താവിനേയുമൊക്കെ കണ്ടുപിടിച്ചുവെങ്കിലും ആർക്കുമവളെ വേണ്ട. ഭർത്താവ് വേറെ കല്ല്യാണവും കഴിച്ചു. അവൾക്ക് പൈത്യമായതു കൊണ്ട് താഴെയുള്ളവരുടെ കാര്യം കഷ്ടത്തിലാവും എന്നാണത്രേ അവളുടെ അച്ഛൻ പറഞ്ഞത്.
ചെറുപ്പം തൊട്ടേ അധികമാരോടും സംസാരിക്കാത്ത വളരെ അന്തർമുഖിയായ കുട്ടിയായിരുന്നു അവൾ എന്ന് കേസ് ഹിസ്റ്ററി പറയുന്നു. ഒൻപതാം ക്ലാസ്സിൽ വച്ച് സ്കൂൾ വിട്ട് വരുമ്പോൾ എന്തോ കണ്ടു പേടിച്ചു എന്നും, രണ്ടു മൂന്നാഴ്ചയോളം കരഞ്ഞു മുറിയടച്ചിരുപ്പും ആരെങ്കിലും മിണ്ടാൻ ചെന്നാൽ ഭയങ്കര ദേഷ്യവുമൊക്കെയായിരുന്നു എന്നും ഒടുവിൽ മന്ത്രവാദിയെക്കൊണ്ടു പൂജ നടത്തി ജപിച്ചു കെട്ടിയാണു അതുമാറിയത് എന്നും ആ വീട്ടുകാർ ഡോക്ടറോടു പറഞ്ഞിട്ടുണ്ട്. എങ്കിലും, മൂടിക്കെട്ടിയ പ്രകൃതത്തിനു വലിയ മാറ്റമൊന്നുമില്ലായിരുന്നു എന്നും അതിനാലാണു പത്തു കഴിഞ്ഞ ഉടനേ കല്ല്യാണം നടത്തിയത് എന്നും അവർ പറഞ്ഞിട്ടുണ്ട്.
അവളിന്ന് ഇവിടുത്തെ ആളാണ്. വരുമ്പോൾ അക്രമാസക്തയായിരുന്നുവെങ്കിലും ഇപ്പോൾ നിയന്ത്രിക്കാനാവുന്ന നിലയിലാണ്. പരിചരണവും മരുന്നും അവളിൽ മാറ്റങ്ങൾ ഉണ്ടാക്കി. സംസാരം വളരെ കുറവാണ്. എന്നാലും, 'വീട്ടിൽ പോകാൻ ഇഷ്ടമുണ്ടോ' എന്ന് ചോദിച്ചാൽ 'ഇല്ല' എന്ന അർത്ഥത്തിൽ തലയാട്ടി അവൾ പിറുപിറുക്കും, "ഭയമാറുക്ക്"
അന്നുമുതൽ ഇങ്ങോട്ട് ഒരുപാടു രോഗികൾ കടന്നു പോയിട്ടുണ്ടെങ്കിലും മല്ലിക എന്നും എരിഞ്ഞു നിൽക്കുന്നൊരോർമ്മയാണ്. ഇന്നും തിരുവനന്തപുരത്തെ ഒരു അഗതി മന്ദിരത്തിൽ മല്ലികയുണ്ട്. സ്വയം തീർത്ത മൗനത്തിന്‍റെ കൂട്ടിൽ ഒരു മൂകപ്പക്ഷിയായി!
മല്ലിക ജീവിച്ചിരിക്കുന്ന ഒരു രക്തസാക്ഷിയാണ്. നമ്മുടെ സമൂഹത്തിന്‍റെ വിവരമില്ലായ്മയുടെ, ഹൃദയശൂന്യതയുടെ, അന്ധവിശ്വാസങ്ങളുടെ, അനാചാരങ്ങളുടെ.
നമുക്ക് ചിന്തിക്കാം, മനോരോഗികൾ സമൂഹത്തിൽ നിന്നും അകറ്റി നിർത്തപ്പെടേണ്ടവരല്ല
തമിഴ്‌നാട്ടിലെ കുഗ്രാമങ്ങളിൽ മാത്രമല്ല, വിദ്യാസമ്പന്നരായ ഈ കേരളനാട്ടിലും മാനസിക രോഗത്തിന്‍റെ ആദ്യത്തെ അറ്റാക്കുകൾ (കൗമാരത്തിൽ വരുന്നവ) ഇപ്പോഴും ചികിത്സിക്കുന്നത് മന്ത്രവാദികളും ജ്യോത്സരും മന്ത്രിച്ചൂതുന്ന മൊയ്‌ല്യാന്മാരും ഒക്കെ തന്നെയാണ്.
ആദ്യ സ്റ്റേജുകളിൽ തന്നെ കൃത്യമായ ചികിത്സയും പരിചരണവും ലഭിച്ചാൽ സാധാരണ ജീവിതം നയിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. പക്ഷെ, നമ്മുടെ സമൂഹം മനസ്സ് വക്കണം. ശരീരത്തെ ബാധിക്കുന്ന ഏതൊരസുഖത്തെപ്പോലെയും തന്നെയാണു മനസ്സിന്‍റെ രോഗവും. ശാരീരിക രോഗം ബാധിച്ച ഒരാളെ മാറി മാറി ശുശ്രൂഷിക്കുമ്പോൾ മാനസികരോഗം വന്നയാളെ ശാപത്തിന്‍റെയും ദൈവ കോപത്തിന്‍റെയും പേരു പറഞ്ഞ് ചാപ്പ കുത്തി സമൂഹത്തിൽ നിന്നും പുറന്തള്ളി ഒറ്റയ്ക്കാക്കാനാണ് നമ്മളിൽ ഒരു കൂട്ടം ഉത്സാഹിക്കുന്നത്. മല്ലികയെപ്പോലെ തിരിച്ചറിയപ്പെടാത്തതു കൊണ്ടുമാത്രം ജീവിതം നഷ്ടപ്പെട്ട ആയിരങ്ങൾ നമുക്കു ചുറ്റുമുണ്ട്.
ക്യാൻസർ, അവയവദാനം തുടങ്ങി നൂറായിരം കാര്യങ്ങൾക്ക് ബോധവൽക്കരണ പരിപാടികൾ നാടൊട്ടുക്ക് സംഘടിപ്പിക്കുന്ന നമ്മൾ മാനസികാരോഗ്യം, മാനസിക രോഗങ്ങൾ, നേരത്തേ കണ്ടുപിടിക്കാനുള്ള രീതികൾ, ശരിയായ ചികിത്സ തുടങ്ങിയവയെക്കുറിച്ച് എത്ര ബോധവാന്മാരാണ്? എത്ര ക്യാമ്പൈനുകൾ ഉണ്ട്?
നമുക്ക് ചിന്തിക്കാം, മനോരോഗികൾ സമൂഹത്തിൽ നിന്നും അകറ്റി നിർത്തപ്പെടേണ്ടവരല്ല, ചേർത്തു നിർത്തപ്പെടേണ്ടവരാണ്. അവർ നമ്മുടെ ഭാഗമാണ്. അവർക്ക് നമ്മുടെ സ്നേഹവും തുണയും പരിചരണവും ആവശ്യമുണ്ട്. നാളെ, ഇത് നമുക്കും വരാം. അന്ന് നമ്മളെ ആരും മാറ്റി നിർത്താതിരിക്കാനെങ്കിലും ഇന്ന് നമുക്കവരെ ചേർത്തു പിടിക്കാം. കൂടെയുണ്ടെന്നുറപ്പു നൽകാം.