കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് പുക, പിന്നാലെ കത്തിയമർന്നു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴക്ക്
കോഴിക്കോട് വടകരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുക ഉയരുന്നത് കണ്ട് കാല്‍നടയാത്രക്കാരാണ് വാഹനം നിര്‍ത്തിച്ചത്. ഡ്രൈവര്‍ കാറിൽ നിന്ന് ഉടൻ ഇറങ്ങിയതിനാൽ വലിയ അപകടമൊഴിവായി.
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വടകരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ദേശീയ പാതയിൽ പുതിയ സ്റ്റാൻഡിന് സമീപം രാവിലെ ഏഴുമണിയോടെയാണ് അപകമുണ്ടായത്.അടക്കാതെരു സ്വദേശി കൃഷ്ണമണിയുടെ കാറിനാണ് തീപിടിച്ചത്. രാവിലെ ഇന്ധനം നിറച്ച ശേഷം വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം.
റോഡിലൂടെ ഓടിക്കൊണ്ടിരിക്കെ കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് കാല്‍നടയാത്രക്കാരാണ് വാഹനം നിര്‍ത്തിച്ചത്. തുടര്‍ന്ന് ഡ്രൈവര്‍ കാറിൽ നിന്ന് ഉടൻ ഇറങ്ങി സ്ഥലത്ത് നിന്ന് മാറുകയായിരുന്നു. ഡ്രൈവര്‍ ഇറങ്ങിയതിന് പിന്നാലെ തന്നെ കാറിൽ തീ ആളി പടര്‍ന്നു. തുടര്‍ന്ന് വടകര അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചയത്. തീപിടിത്തത്തിൽ കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നു.