മുന്തിരി ലോഡുമായി പിക്കപ്പ് ലോറി, പരിശോധിച്ചേക്കാൻ രഹസ്യവിവരം, 79 കന്നാസ്, 2600 ലിറ്റർ സ്പിരിറ്റ് പിടികൂടി
ക്രിസ്തുമസ്, പുതുവത്സരം കൊഴുപ്പിക്കാന്‍ കേരളത്തിലേക്ക് സ്പിരിറ്റ് കടത്തുന്നു എന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് എക്സൈസിന്‍റെ വിവിധ സ്ക്വാഡുകള്‍ മണ്ണൂത്തി ദേശീയ പാതയില്‍ കാത്തു നിന്നത്.
തൃശ്ശൂർ: തൃശൂര്‍ മണ്ണുത്തിയില്‍ വന്‍ സ്പിരിറ്റ് വേട്ട. ബംഗലൂരുവില്‍ നിന്ന് മുന്തിരി ലോഡില്‍ ഒളിപ്പിച്ചെത്തിയ 2600 ലിറ്റര്‍ സ്പിരിറ്റാണ് എക്സൈസ് സംഘം പിടികൂടിയത്. രണ്ടുപേര്‍ അറസ്റ്റിലായി. എക്സൈസ് സംഘത്തെ വെട്ടിച്ച് കടന്നുകളഞ്ഞ കൊടുങ്ങല്ലൂര്‍ സ്വദേശിക്കായി തെരച്ചിലാരംഭിച്ചു.
ക്രിസ്തുമസ്, പുതുവത്സരം കൊഴുപ്പിക്കാന്‍ കേരളത്തിലേക്ക് സ്പിരിറ്റ് കടത്തുന്നു എന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് എക്സൈസിന്‍റെ വിവിധ സ്ക്വാഡുകള്‍ മണ്ണൂത്തി ദേശീയ പാതയില്‍ കാത്തു നിന്നത്. ബംഗലൂരുവില്‍ നിന്ന് മുന്തിരി ലോഡുമായെത്തിയ പിക്കപ്പ് ലോറി ദേശീയപാതയുടെ അരികിലൊതുക്കുകയും മറ്റൊരു കാര്‍ അടുത്തുവന്നു നിര്‍ത്തുകയും ചെയ്തതോടെ എക്സൈസ് സംഘം വാഹനം ബ്ലോക്ക് ചെയ്തു.
കാറില്‍ നിന്നിറങ്ങിയ കൊടുങ്ങല്ലൂര്‍ സ്വദേശി തിരികെക്കയറി കാര്‍ വെട്ടിച്ചെടുത്ത് കടന്നു. പിക്കപ്പില്‍ നിന്ന് മുന്തിരി ലോഡ് ഇറക്കി നടത്തിയ പരിശോധനയിലാണ് എഴുപത്തിയൊമ്പത് കന്നാസുകളിലായി സൂക്ഷിച്ച 2600 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയത്. പ്രദീപ്, ഹരി എന്നിവരാണ് പിടിയിലായത്. വ്യാജ വിദേശ മദ്യ നിര്‍മാണത്തിനാണ് സ്പിരിറ്റെത്തിച്ചതെന്നാണ് നിഗമനം. രക്ഷപെട്ട കൊടുങ്ങല്ലൂര്‍ സ്വദേശി ജിതിനായി തെരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തി.