പള്ളി കമ്മിറ്റിയുടെ മുന്‍ വൈസ് പ്രസിഡന്‍റിനും വഖഫ് നോട്ടീസ്; സർക്കാർ യോഗത്തിൽ പ്രതീക്ഷയർപ്പിച്ച് തലപ്പുഴക്കാർ

2022 ലെ പള്ളി കമ്മിറ്റിയുടെ പരാതിയിലാണ് വയനാട് തലപ്പുഴയിലെ അഞ്ച് കുടംബങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്. പരാതിയിലുള്ള 47/1 സർവെ നന്പറിലെ 4.7 ഏക്കറില്‍ വീടുകളും തലപ്പുഴ ടൗണിലെ ചില കടകളും ക്വാർട്ടേഴ്സും ഐഎൻടിയുസി ഓഫീസും ഉള്‍പ്പെടുന്നുണ്ട്. 

Waqf Notice to Ex-Vice President of mosque Committee thalappuzha five families waiting for government meeting

കൽപ്പറ്റ: മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നം പരിഹരിക്കുന്നതിന്‍റെ ഭാഗമായി അടുത്ത വെള്ളിയാഴ്ച സർക്കാർ വിളിച്ചിരിക്കുന്ന യോഗത്തിലാണ് തലപ്പുഴക്കാരുടെയും പ്രതീക്ഷ. തലപ്പുഴയിലെ ഹയാത്തുല്‍ ഇസ്ലാം ജമാ അത്ത് കമ്മിയുടെ പരാതിയില്‍ വഖഫ് നോട്ടീസ് ലഭിച്ചതില്‍ പള്ളി കമ്മിറ്റിയുടെ തന്നെ മുന്‍ വൈസ് പ്രസിഡന്‍റിറെ വീടും ഭൂമിയും ഉള്‍പ്പെട്ടിട്ടുണ്ട്. പള്ളിയിലെ ഭരണസമിതിയില്‍ തുടങ്ങിയ തർക്കമാണ് ഒടുവില്‍ വഖഫ് ഭൂമി പ്രശ്നത്തില്‍ എത്തി നില്‍ക്കുന്നതെന്നാണ് ഉയർന്നുവരുന്ന ആരോപണം.

2022 ലെ പള്ളി കമ്മിറ്റിയുടെ പരാതിയിലാണ് വയനാട് തലപ്പുഴയിലെ അഞ്ച് കുടംബങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്. പരാതിയിലുള്ള 47/1 സർവെ നന്പറിലെ 4.7 ഏക്കറില്‍ വീടുകളും തലപ്പുഴ ടൗണിലെ ചില കടകളും ക്വാർട്ടേഴ്സും ഐഎൻടിയുസി ഓഫീസും ഉള്‍പ്പെടുന്നുണ്ട്. 1963 ല്‍ മുച്ചിയില്‍ കുടുംബമാണ് 5.77 ഏക്കർ ഭൂമി വഖഫിന് നല്‍കുന്നത്. എന്നാല്‍ ഇതിലെ കയ്യേറിയെന്ന് പരാതിയുള്ള 4 ഏക്കറിലധികം വരുന്ന ഭൂമി 1974 മുതല്‍ തന്നെ ആളുകള്‍ പണം കൊടുത്ത് വാങ്ങിയവയാണ്. പിന്നീട് പട്ടയം ലഭിച്ചിട്ടുള്ള ഈ ഭൂമിയില്‍ ഇവർ നികുതിയടവും നടത്തുന്നുണ്ട്. വിപി സലീം, സിവി ഹംസ, ജമാല്‍, റഹ്മത്ത്, രവി തുടങ്ങിയ‍ അഞ്ച് പേർക്കാണ് കൈയ്യേറ്റമെന്ന പരാതിയില്‍ രേഖകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് വഖഫ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇതില്‍ സിവി ഹംസ പള്ളിയുടെ മുന്‍ വൈസ് പ്രസിഡന്‍റും തലപ്പുഴ ടൗണ്‍ പള്ളിയിലെ ഇമാം കൂടിയാണ്.

ആധാരം, അടിയാധാരം ഉൾപ്പെടെ പണം കൊടുത്ത് വാങ്ങി 1986 മുതൽ ഇവിടെ താമസം തുടങ്ങിയതാണെന്ന് സി വി ഹംസ ഫൈസി പറഞ്ഞു. ഇതിൽ മാനസിക വിഷമമുണ്ട്. 50 വർഷക്കാലം താമസിച്ച സ്ഥലത്തുനിന്ന് ഒരു സുപ്രഭാതത്തിൽ വന്ന് വഖഫ് ഭൂമിയാണ്, ദേവസ്വം ഭൂമിയാണ് എന്നൊന്നും പറ‍ഞ്ഞാൽ അം​ഗീകരിക്കാനാകില്ലെന്നും ഹംസ പറഞ്ഞു. 76 ൽ ആണ് ഇവിടെ വീട് വെച്ചതെന്നും ഈ ഭൂമിയിൽ വീട് വെച്ചവരുടെ കൈവശമെല്ലാം ആധാരം ഉൾപ്പെടെയുള്ള രേഖകളുണ്ടെന്നും നാട്ടുകാരനും പ്രതികരിച്ചു.  

ആരെയും കുടി ഒഴിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്ന് പ്രതികരിച്ച നിലവിലെ പള്ലിക്കമ്മിറ്റി ഭാരവാഹികള്‍ പ്രശ്നം വഖഫ് ബോർഡ് പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു. സ്ഥലത്തെ രേഖകളുമായി 16ന് വഖഫ് ഹെഡ് ഓഫീസിലെത്താനും 19ലെ ഓണ്‍ലൈൻ ഹിയറിങ്ങിന് ഹാജരാകാനുമാണ് 5 കുടുംബങ്ങളോടും ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ 22 ലെ മുനമ്പവുമായി ബന്ധപ്പെട്ട സർക്കാർ യോഗത്തില്‍ തങ്ങള്‍ക്കും അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് തലപ്പുഴയിലുള്ളവരുടെ പ്രതീക്ഷ. മുന്‍പ് പള്ളിക്കമ്മിറ്റിയിലുണ്ടായ തർക്കത്തിലെ അന്വേഷണമാണ് ഭൂമിപ്രശ്നത്തില്‍ എത്തിനില്‍ക്കുന്നതെന്നും ആരോപണമുണ്ട്.

റഹീമിൻ്റെ മോചനത്തിന് സമാഹരിച്ചത് 47.87 കോടി, ചെലവ് 36. 27 കോടി; ബാക്കി തുക സംബന്ധിച്ച തീരുമാനം മോചനത്തിന് ശേഷം

Latest Videos
Follow Us:
Download App:
  • android
  • ios