ആന എഴുന്നള്ളിപ്പ് മാർഗനിർദേശം ചർച്ച ചെയ്യാൻ യോഗം വിളിച്ച് വനംവകുപ്പ്; അപ്പീൽ നൽകുന്നത് പരിഗണനയിൽ

ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് അപ്പീല്‍ നല്‍കുന്നത് പരിഗണിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

elephant procession guidelines by high court latest news forest department to discuss the matter meeting on November 20

തിരുവനന്തപുരം: ഉത്സവങ്ങള്‍ക്ക് ക്ഷേത്രാങ്കണത്തിലോ മറ്റു സ്ഥലങ്ങളിലോ ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ജനക്കൂട്ടത്തില്‍ നിന്നും വാദ്യമേളങ്ങളില്‍ നിന്നും നിര്‍ദ്ദിഷ്ട അകലം പാലിക്കണമെന്നതും സമയക്രമങ്ങളും ഉള്‍പ്പെടെയുള്ള ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ അപ്പീല്‍ നല്‍കുന്നകാര്യം പരിഗണിക്കുമെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.

തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള ഉത്സവങ്ങള്‍ പരമ്പരാഗതമായ രീതിയില്‍ തന്നെ തടസമില്ലാതെ നടത്തുന്നതിനാവശ്യമായ നടപടികളാണ് വേണ്ടത്. ജനങ്ങളുടെ സുരക്ഷയും ഉത്സവങ്ങളില്‍ പങ്കെടുക്കുന്ന ആനകളുടെ സംരക്ഷണവും ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനാല്‍ പ്രായോഗിക വശങ്ങള്‍ പഠിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്.

ആന പരിപാലനം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച  2012ലെ സര്‍ക്കുലറിലെ ചട്ടങ്ങള്‍, സുപ്രീംകോടതിയുടെ 2015 ആഗസ്റ്റ് 18-ലെ ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍, കോടതിയുടെ ശ്രദ്ധയില്‍പ്പെട്ട മറ്റ് പ്രശ്നങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

കരട് നാട്ടാനപരിപാലന ചട്ടം ചര്‍ച്ച ചെയ്യുന്നതിനായി ഉപയോക്താക്കളുടെയും മറ്റു ബന്ധപ്പെട്ടവരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ഈ മാസം 20-ന് തിരുവനന്തപുരത്ത് വനം വകുപ്പ് ആസ്ഥാനത്ത് നടത്തും. ശില്‍പ്പശാലയായിട്ടായിരിക്കും പരിപാടി നടത്തുക.

തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍, ഗുരുവായൂര്‍ ദേവസ്വം, തിരുവിതാംകൂര്‍ ദേവസ്വം, മറ്റ് ബന്ധപ്പെട്ട ദേവസ്വം പ്രതിനിധികള്‍, ആനഉടമകളുടെ പ്രതിനിധികള്‍, സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍, നിയമവിദഗ്ധര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കും. വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്ന  ശില്‍പ്പശാലയില്‍ ഉരുത്തിരിഞ്ഞുവരുന്ന ആശയങ്ങളും പ്രായോഗിക വശങ്ങളും കൂടി പരിഗണിച്ചായിരിക്കും തുടര്‍നിയമനടപടികള്‍ സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക.

ആന എഴുന്നള്ളിപ്പ്: ഹൈക്കോടതി മാര്‍ഗരേഖ പ്രകാരം തൃശൂര്‍ പൂരം നടത്താൻ കഴിയില്ലെന്ന് തിരുവമ്പാടി ദേവസ്വം

ആന എഴുന്നള്ളിപ്പ്; സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'തുടർച്ചയായി 3 മണിക്കൂറിൽ കൂടുതൽ ആനകളെ നിർത്തരുത്'

Latest Videos
Follow Us:
Download App:
  • android
  • ios