വയനാടിന് സഹായം ഇനിയും വൈകും: കേന്ദ്രത്തെ പഴിച്ച് സിപിഎമ്മും കോൺഗ്രസും; സംസ്ഥാന സ‍ർക്കാരിനെതിരെ ബിജെപി

വയനാട് ദുരന്തത്തിൽ 1500 കോടി സഹായം പ്രതീക്ഷിച്ച സംസ്ഥാനത്തോട് എ‌സ്‌ഡിആർഎഫിലെ 394 കോടി രൂപ ഉപയോഗിക്കാനാണ് കേന്ദ്ര സർക്കാർ ഏറ്റവും ഒടുവിൽ പറഞ്ഞത്

Wayanad landslide disaster CPIM Congress against center BJP blames state govt

തിരുവനന്തപുരം: വയനാടിനുള്ള കേന്ദ്രസഹായം ഇനിയും വൈകും. കേരളത്തിന് പ്രത്യേക ഫണ്ട് ലഭ്യമാക്കുമോയെന്നതില്‍ അനിശ്ചിതത്വം തുടരുമ്പോള്‍ ലെവല്‍ 3 വിഭാഗത്തില്‍ ദുരന്തത്തെ പെടുത്താനുള്ള ഉന്നത തല സമിതിയുടെ നടപടികളും എവിടെയുമത്തിയിട്ടില്ല.  കേന്ദ്ര സഹായം ഔദാര്യമല്ലെന്നും, തന്നില്ലെങ്കില്‍ പിടിച്ചുവാങ്ങണമെന്നും കോൺഗ്രസ് ആവശ്യപ്പെടുമ്പോൾ കേന്ദ്രത്തിൻ്റെ അവഗണനയെ സിപിഎം പഴിക്കുന്നു. സംസ്ഥാനം പദ്ധതി സമർപ്പിക്കാത്തതാണ് ഫണ്ട് കിട്ടാത്തതിന് കാരണമായി ബിജെപി പറയുന്നത്.

എല്ലാ സംസ്ഥാനങ്ങള്‍ക്കും എന്ന പോലെ  2024-25 സാമ്പത്തിക വര്‍ഷം ദുരന്ത നിവാരണ ഫണ്ട് കേരളത്തിനും നല്‍കിയെന്നാണ് കേന്ദ്ര സ‍ർക്കാരിൻ്റെ വാദം. കൈമാറിയ 388 കോടിയില്‍ 291 കോടി രൂപ മാത്രമാണ് കേന്ദ്ര വിഹിതം. 394 കോടി രൂപ എസ്‍ഡിആര്‍എഫ് ഫണ്ടിലുണ്ടെന്ന് അക്കൗണ്ട് ജനറല്‍ അറിയിച്ചിട്ടുണ്ട്. അതിലൂടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നുമാണ് ആഭ്യന്തര സഹമന്ത്രി കേരളത്തിന്‍റെ പ്രതിനിധി കെ വി തോമസിന് നല്‍കിയ കത്തില്‍ പറയുന്നത്. വയനാടിന് പ്രത്യേക പാക്കേജായി 1500 കോടി രൂപയാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. ലെവല്‍ 3യിൽ അത്യന്തം വിനാശകരമായ ദുരന്തങ്ങളുടെ വിഭാഗത്തില്‍ വയനാടിനെ ഉൾപ്പെടുത്തുമോയെന്നും തീര്‍ച്ചയായിട്ടില്ല. ഉന്നത തല സമിതി ചേര്‍ന്ന് ഇതിൽ തീരുമാനമെടുക്കുമെന്ന് കേന്ദ്രം പറഞ്ഞിരുന്നെങ്കിലും അനിശ്ചിതത്വം തുടരുകയാണ്. 

കേന്ദ്രസ‍ർക്കാരിൻ്റേത് വിചിത്ര വാദമെന്നാണ് കെ സി വേണുഗോപാൽ വിമർശിച്ചത്. എസ്‌ഡിആ‍ർഎഫ് ഫണ്ടുപയോഗിച്ച് ഒരു വീട് വെക്കാൻ നൽകാവുന്ന പരമാവധി തുക ഒന്നര ലക്ഷമാണ്. അത്തരത്തിൽ പല നിബന്ധനകളും എസ്‌ഡിആർഎഫ് ചട്ടത്തിലുണ്ട്. ആ ഫണ്ട് ഉപയോഗിച്ച് വയനാട്ടിൽ പുനരധിവാസം സാധ്യമല്ല. കേന്ദ്രത്തിൻ്റെ ഈ വാദം സംസ്ഥാനത്തിനെ അപഹസിക്കുന്നതാണ്. അത്യന്തം വിനാശകരമായ ദുരന്തമായി വിലയിരുത്തുന്നതിന് മന്ത്രിതല സമിതിയുടെ സന്ദർശനം അവിടെ നടന്നിട്ടുണ്ട്. എന്നിട്ടും ഇക്കാര്യത്തിൽ കാലതാമസം തുടരുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. കേന്ദ്രത്തിൻ്റെ മറുപടി ഞെട്ടലുണ്ടാക്കുന്നുവെന്ന് പറ‌ഞ്ഞ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കേന്ദ്ര അവഗണയ്ക്കെതിരെ എൽഡിഎഫുമായി യോജിച്ച സമരത്തിനില്ലെന്നും പറ‌ഞ്ഞു. എൽഡിഎഫും ബിജെപിയും എപ്പോഴാണ് ഒന്നിക്കുകയെന്ന് പറയാനാവില്ലെന്നും അതുകൊണ്ടാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വയനാട്ടിലേത് കേരളം കണ്ട വലിയ ദുരന്തമാണെന്നായിരുന്നു എം വി ഗോവിന്ദൻ്റെ പ്രതികരണം. പ്രധാനമന്ത്രി സന്ദർശിച്ച് സഹായം പ്രഖ്യാപിച്ചിട്ടും ഒന്നും കിട്ടിയിട്ടില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ പുനരധിവാസത്തിന് വലിയ സഹായം കിട്ടുമായിരുന്നുവെന്നും ഇക്കാര്യത്തിൽ എന്ത് ചെയ്യണമെന്ന് പാർട്ടി തലത്തിലും സർക്കാർ തലത്തിലും ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് ദുരന്തത്തിൽ കേന്ദ്രത്തിന്റേത് ശത്രുതാപരമായ സമീപനമാണെന്ന് വിമർശിച്ച സിപിഎം എംപി എഎ റഹീം പാർലമെന്റ് സമ്മേളനത്തിൽ ശക്തമായി വിഷയം ഉന്നയിക്കുമെന്നും വ്യക്തമാക്കി. സമാന മനസ്കരുമായി ആലോചിച്ച് വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തുമെന്നും പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിക്കുന്ന യോഗത്തിൽ കോൺഗ്രസ് യോജിച്ച സമരത്തിന് തയ്യാറാകുമോയെന്നാണ് ഉറ്റുനോക്കുന്നതെന്നും റഹീം പറഞ്ഞു. 

കേരളം വ്യക്തമായ പദ്ധതി സമർപ്പിക്കാത്തതിനാലാണ് വയനാടിനുള്ള കേന്ദ്ര സഹായം വൈകുന്നതെന്നാണ് ബിജെപി നേതാവ് വി മുരളീധരൻ പറയുന്നത്. ഊഹക്കണക്കുകൾ വച്ച് കേന്ദ്രത്തിനു പണം നൽകാനാവില്ല. ബിഹാറും ആന്ധ്രയും ചെയ്തത് പോലെ പ്രത്യേക പദ്ധതികൾ തയാറാക്കി നൽകുകയാണ് കേരള സർക്കാർ ചെയ്യേണ്ടതെന്നു മുരളീധരൻ മുംബൈയിൽ പറഞ്ഞു. വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന നിലപാട് നിയമാനുസൃതമാണെന്നും നേരത്തെ മുല്ലപ്പള്ളി രാമചന്ദ്രൻ കേന്ദ്രമന്ത്രി ആയിരുന്നപ്പോഴും ഇതേ നിലപാട് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമാന നിലപാട് സ്വീകരിച്ച് സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്ത് വന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios