പാലക്കാട് പള്ളികളിൽ എസ്‌ഡിപിഐ കോൺഗ്രസിനായി പ്രചാരണം നടത്തുന്നുവെന്ന് എ എ റഹീം; വയനാട് വിഷയത്തിലും വിമർശം

വയനാട് ദുരന്തത്തിൽ കേന്ദ്രത്തിന്റേത് ശത്രുതാപരമായ സമീപനമാണെന്നും അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമെന്നും അദ്ദേഹം പറഞ്ഞു

AA Rahim against SDPI campaigning for congress in mosque

പാലക്കാട്: പാലക്കാട് വെള്ളിയാഴ്ച ദിനം മസ്ജിദുകളിൽ എസ്ഡിപിഐ യുഡിഎഫിനായി പ്രചാരണം നടത്തുകയാണെന്ന് സിപിഎം രാജ്യസഭാംഗം എഎ റഹീം എംപി. എസ്ഡിപിഐ ലഘുലേഖകൾ വിതരണം ചെയ്‌ത് പാലക്കാട്ടെ മത്സരം യുഡിഎഫും ബിജെപിയും തമ്മിലെന്ന് പ്രചരിപ്പിക്കുകയാണ്. വി ഡി സതീശന് വാർത്താകുറിപ്പ് തയാറാക്കി കൊടുക്കുന്നത് എസ്ഡിപിഐയാണോയെന്ന് ചോദിച്ച അദ്ദേഹം മുസ്ലിം വിഭാഗത്തിൽ ഭീതി ഉണ്ടാക്കാനാണ് ശ്രമമെന്നും വിമർശിച്ചു.

ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസിന് എസ്‌ഡിപിഐയെ കൂടെ കൂട്ടണോയെന്നും അദ്ദേഹം ചോദിച്ചു. യുഡിഎഫ് ജയിച്ചാൽ കോൺഗ്രസ് കൊടിക്കൊപ്പം എസ്ഡിപിഐ കൊടി കൂടി കാണേണ്ടി വരും. പാലക്കാട് അത് സാമൂഹിക പ്രത്യാഘാതം ഉണ്ടാക്കും. കോൺഗ്രസ് വർഗീയ കളിക്കിറങ്ങുകയാണ്. ബിജെപിയെ ഭയമെങ്കിൽ എന്തിന് ഉപതെരഞ്ഞെടുപ്പിന് അവസരം ഒരുക്കി? പാലക്കാട് മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. ബിജെപി ചിത്രത്തിൽ പോലും ഇല്ലെന്നും റഹീം പറഞ്ഞു.

വയനാട് ദുരന്തത്തിൽ കേന്ദ്രത്തിന്റേത് ശത്രുതാപരമായ സമീപനമാണെന്നും അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് നാടിനോടുള്ള വിദ്വേഷത്തിന്റെ തെളിവാണിത്. താമര വിരിഞ്ഞാൽ എല്ലാം കിട്ടുമെന്നായിരുന്നു പ്രചാരണം. തൃശൂരിൽ താമര വിരിഞ്ഞിട്ടും കിട്ടിയില്ലല്ലോ? മുൻകാലങ്ങളിൽ സഹായം ചെയ്തിട്ട് പണം തിരിച്ച് ചോദിക്കുന്നതായിരുന്നു പതിവ്. ഇപ്പോൾ കൂടുതൽ ദുരന്താവസ്ഥയാണ് ഉണ്ടായത്. പാർലമെന്റ് സമ്മേളനത്തിൽ ശക്തമായി വിഷയം ഉന്നയിക്കും. സമാന മനസ്കരുമായി ആലോചിച്ച് വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തുമെന്നും റഹീം പറഞ്ഞു. വിഷയത്തിൽ പ്രതിപക്ഷവുമായി ചേർന്ന് സംയുക്ത സമരത്തിന് സിപിഎം സന്നദ്ധമാണ്. എന്നാൽ കോൺഗ്രസ് നിലപാട് എന്താണ്? പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ച് ചേർക്കുന്ന യോഗത്തിൽ കോൺഗ്രസ് എന്ത് നിലപാട് അറിയിക്കുമെന്ന് നോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios