കണക്കുകളിൽ തട്ടിപ്പ് കാണിച്ച നാല് സ്പോര്‍ട്സ് കൗണ്‍സിൽ ജീവനക്കാര്‍ക്ക് സസ്പെൻഷൻ
സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്കുള്ള മെസ് ചിലവുകളിലും മറ്റും വലിയതോതിൽ ഈ ഉദ്യോഗസ്ഥര്‍ കൃത്രിമം നടത്തിയെന്നാണ് കണ്ടെത്തൽ.
തിരുവനന്തപുരം: സ്‌പോര്‍ട്സ് ഹോസ്റ്റലിലെ കുട്ടികള്‍ക്കുള്ള മെസ് ചെലവുകളിലും മറ്റും വലിയതോതില്‍ കൃത്രിമം കണ്ടെത്തിയതിനെ തുടര്‍ന്ന് കൊല്ലം ജില്ലാ സ്‌പോട്‌സ് കൗണ്‍സിലിലെ 4 ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ മുന്‍ സെക്രട്ടറിഅമല്‍ജിത്ത് കെ എസ്, നിലവിലെ സെക്രട്ടറി രാജേന്ദ്രന്‍ നായര്‍ എസ്, യു ഡി ക്ലര്‍ക്ക് നിതിന്‍ റോയ്, ഓഫീസ് അറ്റന്‍ഡന്റ് ഉമേഷ് പി എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തിയത്. സമഗ്രമായ അന്വേഷണത്തിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.
കഴിഞ്ഞ മാസം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം സ്‌പോട്‌സ് കൗണ്‍സിലില്‍ പരിശോധന നടന്നത്.
മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന സ്‌പോട്‌സ് കൗണ്‍സില്‍ സെക്രട്ടറിയും അസിസ്റ്റന്റ് സെക്രട്ടറി (ഫിനാന്‍സ്) യും 05.01.2023 ന് പരിശോധന നടത്തി. മെസ് നടത്തിപ്പുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ബില്ലുകളില്‍ വലിയ ക്രമക്കേടാണ് കണ്ടെത്തിയത്. നിലവിലില്ലാത്ത സ്ഥാപനങ്ങളുടെ പേരില്‍ സാധനം വാങ്ങിയതായി നിരവധി ബില്ലുകള്‍ ഉണ്ടാക്കി. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ ബില്ലുകളാണ് സംസ്ഥാന സ്‌പോട്‌സ് കൗണ്‍സിലില്‍ സമര്‍പ്പിച്ചിരുന്നത്.
ഓഫീസ് അറ്റന്‍ഡന്റായ ഉമേഷാണ് ബില്ലുകള്‍ എഴുതി ഉണ്ടാക്കിയിരുന്നതെന്ന് കൈയക്ഷരം പരിശോധിച്ചതില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഈ ബില്ലുകള്‍ ക്ലര്‍ക്ക് നിതിന്‍ റോയും ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ സെക്രട്ടറിമാരും പരിശോധിക്കാതെ അംഗീകരിക്കുകയുമായിരുന്നു. രണ്ട് മാസം മുമ്പ് അമല്‍ജിത്തിനെ പത്തനംതിട്ടയ്ക്ക് സ്ഥലം മാറ്റിയിരുന്നു. പത്തനംതിട്ടയില്‍ നിന്ന് രാജേന്ദ്രനെ കൊല്ലത്തും നിയോഗിച്ചു. രണ്ടുപേരുടെയും കാലയളവുകളില്‍ തട്ടിപ്പ് നടന്നിട്ടുണ്ട്.
കൊല്ലം ജില്ലാ സ്‌പോട്‌സ് ഹോസ്റ്റലില്‍ 110 കുട്ടികളുണ്ട്. ഒരു കുട്ടിയ്ക്ക് പ്രതിദിനം 250 രൂപയാണ് ഭക്ഷണ ചെലവിനായി നല്‍കുന്നത്. 150 രൂപയുടെ ഭക്ഷണം പോലും ലഭിച്ചിരുന്നില്ലെന്നാണ് കുട്ടികളില്‍ നിന്ന് മനസ്സിലാക്കുന്നത്. കൊല്ലം ജില്ലാ സ്‌പോട്‌സ് അക്കാദമിയിലെ ഗേള്‍സ് ഹോസ്റ്റലിലെ താല്‍ക്കാലിക വാര്‍ഡനെ പിരിച്ചുവിടുകയും ചെയ്തു. ഹോസ്റ്റല്‍ നടത്തിപ്പിലെ കടുത്ത അനാസ്ഥയെ തുടര്‍ന്നാണ് നടപടി. കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പോലും തട്ടിപ്പു കാണിച്ചവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ വ്യക്തമാക്കി.