'ഇത്തരം പീഡനങ്ങൾ സർക്കാർ അവസാനിപ്പിക്കണം'; അഖില നന്ദകുമാറിനെതിരെ കേസെടുത്തതിൽ ശശി തരൂർ

അഖില നന്ദകുമാറിനെതിരെ കേസെടുത്തതിൽ പ്രതികരണവുമായി ശശി തരൂർ എംപി

Shashi Tharoor reacts to the case filed against Asianet News reporter Akhila Nandakumar ppp

തിരുവനന്തപുരം: വാർത്താ റിപ്പോർട്ടിങ്ങിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി ശശി തരൂർ എംപി. പ്രൊഫഷണലായി ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്കെതിരെ ഉണ്ടാകുന്ന നടപടികളിൽ നിരാശയുണ്ടെന്ന് തരൂർ കുറിച്ചു.  മാധ്യമസ്വാതന്ത്ര്യം നമ്മുടെ ജനാധിപത്യത്തിന് ഒഴിച്ചുകൂടാനാവാത്തതാണെന്നും സംസ്ഥാനത്തിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'നിങ്ങള്‍ പറയുന്നതിനോട് ഞാൻ വിയോജിച്ചേക്കാം, പക്ഷെ അത് പറയാനുള്ള നിങ്ങളുടെ അവകാശത്തിനായി ഞാൻ മരണം വരെ നിലകൊള്ളും' - എന്ന ഫ്രഞ്ച് എഴുത്തുകാരൻ വോൾട്ടെയറിന്റെ പ്രസിദ്ധമായ ക്വാട്ടും ട്വീറ്റിനൊപ്പം അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

കുറിപ്പിങ്ങനെ..

'പ്രൊഫഷണലായി ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്കെതിരെ ഉണ്ടാകുന്ന നടപടികളെക്കുറിച്ച് കേൾക്കുമ്പോൾ നിരാശ തോന്നുന്നു. മാധ്യമസ്വാതന്ത്ര്യം നമ്മുടെ ജനാധിപത്യത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്, നമ്മുടെ സംസ്ഥാനത്തിന് അത് അത്യന്താപേക്ഷിതവുമാണ്. ഇത്തരം പീഡനങ്ങൾ സർക്കാർ അവസാനിപ്പിക്കണം'- എന്നുമാണ് തരൂർ ട്വീറ്റ് ചെയ്തതത്.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയുമായി ബന്ധപ്പെട്ട വാർത്ത അഖില നന്ദകുമാർ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തയുടെ പശ്ചാത്തലത്തിൽ ആർഷോക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ആർഷോയുടെ പരാതിയിലായിരുന്നു അഖിലയ്ക്കെതിരെ കേസെടുത്തത്. പ്രതിഷേധങ്ങൾ ഉയരുമ്പോഴും കേസ് പിൻവലിക്കാൻ തയ്യാറാകാത്ത പൊലീസ് നടപടി വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കി.

Read more: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖിലയ്ക്കെതിരായ കേസ്: സിപിഎമ്മിന്റെ കപടമുഖത്തിന് ഉദാഹരണം; രാജീവ് ചന്ദ്രശേഖര്‍

അഖിലക്കെതിരെ കേസെടുത്ത പൊലീസ് നടപടിയിൽ ഏഷ്യാനെറ്റ് ന്യൂസിന് പിന്തുണയുമായി മാധ്യമ ലോകവും രംഗത്തുവന്നു. മലയാള മനോരമ, മാതൃഭൂമി, മാധ്യമം, കേരള കൗമുദി ഉൾപ്പെടെയുള്ള മലയാള മാധ്യമങ്ങൾ പൊലീസ് കേസെടുത്ത സർക്കാർ നിലപാടിനെ വിമർശിച്ച് രം​ഗത്തെത്തി.  പാർട്ടി സെക്രട്ടറിയുടെ ധാർഷ്ട്യ ഭീഷണി പാർട്ടിക്കുള്ളിൽ മതി. ഇത് ചൈനയോ ഉത്തര കൊറിയയോ അല്ലെന്ന് മലയാള മനോരമയുടെ മുഖപ്രസം​ഗത്തിൽ പറയുന്നു. വാര്‍ത്തകൾ തങ്ങള്‍ക്ക് അനുകൂലമായാല്‍ വാഴ്ത്തുകയും വിമര്‍ശനപരമായാല്‍ അവയുടെ വായടപ്പിക്കാനുമുള്ള പ്രവണത ഭരിക്കുന്നവരിലും പാര്‍ട്ടി നേതാക്കളിലും ഏറി വരികയാണ് എന്നതിന്‍റെ അവസാന ഉദാഹരണമാണ് കേസെന്നും മലയാള മനോരമ നിരീക്ഷിക്കുന്നുണ്ട്.

സമ​ഗ്രാധിപത്യത്തിന്റെ ലക്ഷണം പ്രകടമാവുന്നുവെന്ന് മാതൃഭൂമി പറഞ്ഞു. സർക്കാരിന്റെ മാധ്യമ വിരുദ്ധ നിലപാടുകൾ അക്കമിട്ട് നിരത്തിക്കൊണ്ടായിരുന്നു മാതൃഭൂമിയുടെ വിമർശനം. സർക്കാർ വീഴ്ച്ചകൾക്ക് പിഴയിടേണ്ടത് മാധ്യമങ്ങൾക്കല്ലെന്ന് മാധ്യമം അഭിപ്രായപ്പെട്ടു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ച് പരാതികള്‍ നിലനില്‍ക്കെയാണ് മാര്‍ക്സിസ്റ്റു പാര്‍ട്ടിയുമായി ബന്ധം പുലര്‍ത്തുന്നയാള്‍ തന്നെ ഭരണത്തേയും പാര്‍ട്ടിയേയും പ്രതിക്കൂട്ടില്‍ കയറ്റുന്നതെന്നും മാധ്യമം വിശദമാക്കുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios