സ്വപ്നപദ്ധതി കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് തിരശ്ശീല വീഴുന്നു; ടീക്കോമിന്‍റെ ഭൂമി തിരിച്ചുപിടിക്കും
ടീകോമിന് നല്‍കേണ്ട നഷ്ടപരിഹാര തുക നിശ്ചയിക്കാന്‍ കമ്മിറ്റിയേയും നിയോഗിക്കും. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് പ്രധാനപ്പെട്ട തീരുമാനങ്ങൾ ഉണ്ടായത്.
കൊച്ചി: കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി ടീക്കോമിന് നല്‍കിയ ഭൂമി തിരിച്ചു പിടിക്കാന്‍ മന്ത്രിസഭാ തീരുമാനം. പദ്ധതിയിൽ നിന്ന് പിന്‍മാറാനുള്ള ടീകോമിന്‍റ ആവശ്യപ്രകാരമാണ് നടപടി. ഇതു പ്രകാരം 246 ഏക്കര്‍ ഭൂമിയാണ് തിരിച്ചു പിടിക്കുന്നത്. സര്‍ക്കാരും ദുബായ് കമ്പനിയും പരസ്പര ധാരണയോടെ പിന്‍മാറ്റം നയം രൂപീകരിക്കും. ടീകോമിന് നല്‍കേണ്ട നഷ്ടപരിഹാര തുക നിശ്ചയിക്കാന്‍ കമ്മിറ്റിയേയും നിയോഗിക്കും. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് കൊച്ചി സ്മാർട്ട് സിറ്റിയുമായി ബന്ധപ്പെട്ടുള്ള പ്രധാനപ്പെട്ട തീരുമാനങ്ങൾ ഉണ്ടായത്.
ടീകോമിന് നഷ്ടപരിഹാരം നല്‍കുന്നത് ഉള്‍പ്പെടെ നയ തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതി രൂപീകരിച്ചു. നഷ്ടപരിഹാര തുക കണക്കാക്കുന്നതിന് സ്വതന്ത്ര ഇവാല്യുവേറ്ററെ നിയോഗിക്കും. ഇതുസംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് ഐടി മിഷന്‍ ഡയറക്ടര്‍, ഇന്‍ഫോപാര്‍ക്ക് സിഇഒ, ഒകെ ഐഎച്ച് (ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഹോള്‍ഡിംഗ് ലിമിറ്റഡ്) എംഡി ഡോ ബാജൂ ജോര്‍ജ്ജ് എന്നിവരടങ്ങുന്ന കമ്മിറ്റിയേയും ചുമതലപ്പെടുത്തി.
ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്താണ് സ്മാർട്ട് സിറ്റി പദ്ധതിക്ക് ചർച്ചകൾ തുടങ്ങിയത്. വിഎസ് സര്‍ക്കാരിന്‍റെ കാലത്ത് ടീകോമുമായി കാക്കനാട്ട് സ്മാർട്ട് സിറ്റി പദ്ധതിക്കായി കരാർ ഒപ്പിട്ടിരുന്നു. 10 വര്‍ഷം കൊണ്ട് 90,000 പേര്‍ക്ക് തൊഴിൽ നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഇതുവരെ തൊഴിൽ നല്കാനായത് എണ്ണായിരത്തിൽ താഴെ പേർക്ക് മാത്രമാണ്.
https://www.youtube.com/watch?v=Ko18SgceYX8