പാമ്പ്, പഴുതാര, ക്ഷുദ്രജീവികളുടെ ഭീതിയില്ലാതെ കുരുന്നുകൾക്കിനി പഠിക്കാം, കളിക്കാം! സൗജന്യമായി ഭൂമി നൽകി കർഷകൻ
മച്ചിപ്ലാവ് സ്വദേശിയും കര്‍ഷകനുമായ തൊട്ടുവേലി ജയ്‌സനാണ് ആറു സെന്റ് ഭൂമി സൗജന്യമായി നല്‍കിയത്
ഇടുക്കി: പാമ്പും പഴുതാരയും ക്ഷുദ്രജീവികളുടെയും ഭീതിയില്ലാതെ കുരുന്നുകൾക്കിനി കഴിയാം. കെട്ടിടം നിർമിക്കാൻ ഭൂമിയില്ലാതെ വലഞ്ഞ അടിമാലി മച്ചിപ്ലാവ് അംഗൻവാടിക്ക് സൗജന്യമായി ഭൂമി നൽകി കർഷകൻ. മച്ചിപ്ലാവ് സ്വദേശിയും കര്‍ഷകനുമായ തൊട്ടുവേലി ജയ്‌സനാണ് ആറു സെന്റ് ഭൂമി സൗജന്യമായി നല്‍കിയത്. അടിമാലി ഗ്രാമ പഞ്ചായത്ത് പരിധിയില്‍ വരുന്ന മച്ചിപ്ലാവ് 63-ാം നമ്പര്‍ അംഗന്‍വാടിക്കാണ് ഭൂമി ലഭിച്ചത്. വായനശാലക്കായി വാങ്ങിയ ഭൂമിയിലാണ് അംഗന്‍വാടി പ്രവര്‍ത്തിച്ചു വരുന്നത്.
ഇഴജന്തുക്കളുടെ ശല്യം പതിവ്
സമീപത്തെ കല്‍കെട്ടുകളിലടക്കം ഇഴജന്തുക്കളടക്കമുള്ള ക്ഷുദ്രജീവികളുടെ ശല്യവും പതിവായിരുന്നു. കുരുന്നുകള്‍ക്ക് ഓടി കളിക്കുന്നതിനടക്കം സൗകര്യങ്ങളുടെ അപര്യാപ്തതയും പ്രശ്‌നമായിരുന്നു. ഇതിനിടെയാണ് സ്വന്തമായി ഭൂമിയും കെട്ടിടവും എന്ന ആവശ്യമുയര്‍ന്നത്. മച്ചിപ്ലാവ് സ്‌കൂള്‍പടി യില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിക്ക് സമീപമേഖലയില്‍ തന്നെ ആറു സെന്റ് വരുന്ന ഭൂമിയാണ് മികച്ച കര്‍ഷകന്‍ കൂടിയായ പ്രദേശവാസി തൊട്ടുവേലില്‍ ജെയ്‌സന്‍ ജോസഫ് സൗജന്യമായി വിട്ടു നല്‍കിയത്.
20 ലക്ഷം ഫണ്ടും അനുവദിച്ചു
അംഗന്‍വാടിക്കു വേണ്ടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആര്‍. നന്ദകുമാറിന്റെ പേരില്‍ തീറാധാരം ചെയ്ത പ്രമാണം ജെയ്‌സന്‍ തന്നെ നേരിട്ടു സെക്രട്ടറിക്കു കൈമാറുകയും ചെയ്തു. ഇതിനിടെ പുതിയ കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനായി 20 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് അംഗം സോളി ജീസസും അറിയിച്ചു. ഇതിന്റെ ഫ്‌ളക്‌സും അംഗന്‍വാടിക്കു സമീപം സ്ഥാപിച്ചിട്ടുണ്ട്. വൈകാതെ കെട്ടിടം പണി നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണെന്ന് വാര്‍ഡ് മെമ്പര്‍ റൂബി സജി പറഞ്ഞു. വര്‍ഷങ്ങളായുള്ള സ്വപ്നം സാക്ഷാത്കരിക്കുന്നുവെന്ന സന്തോഷത്തിലാണ് രക്ഷിതാക്കളും പ്രദേശവാസികളും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം