പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും സ്ത്രീ മരിച്ചു; ദാരുണ സംഭവം അല്ലു അർജുനെ കാണാൻ ആളുകൾ ഒഴുകിയെത്തിയതോടെ
ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി. ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലാണ് സംഭവം.
ഹൈദരാബാദ്: പുഷ്പ 2 റിലീസിനോട് അനുബന്ധിച്ച് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. പ്രീമിയർ ഷോയ്ക്ക് എത്തിയ അല്ലു അർജുനെ കാണാൻ വലിയ ഉന്തും തള്ളുമുണ്ടായി. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി. ഇതിനിടയിൽ പെട്ടാണ് സ്ത്രീ മരിച്ചത്. ഒരു കുട്ടി അടക്കം രണ്ട് പേർ ബോധം കെട്ട് വീണു. ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) യാണ് മരിച്ചത്. ഭർത്താവ് ഭാസ്കറിനും മക്കളായ തേജിനും (9) സാൻവിക്കും (7) ഒപ്പമാണ് സന്ധ്യ തിയറ്ററിൽ രേവതി പ്രീമിയർ ഷോ കാണാൻ എത്തിയത്. തിക്കിലും തിരക്കിലും പെട്ട് വീണ് പോയ രേവതിക്ക് പോലീസ് ഉദ്യോഗസ്ഥർ അടക്കം എത്തി സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി 11 മണിക്ക് ഉള്ള പുഷ്പ 2 പ്രീമിയർ കാണാൻ അല്ലു അർജുൻ എത്തുമെന്ന് അവസാന നിമിഷമാണ് വിവരം ലഭിച്ചത്. ഇതോടെ ആളുകൾ സന്ധ്യ തിയറ്ററിലേക്ക് വലിയ തോതിൽ ഒഴുകിയെത്തുകയായിരുന്നു.
അതിനിടെ ബെംഗളൂരുവിൽ നാളെ രാവിലെ നാല് മണിക്ക് സിനിമ റിലീസ് ചെയ്യില്ല. എല്ലാ മെട്രോ നഗരങ്ങളിലും പുലർച്ചെ 4 മണിക്ക് സിനിമ റിലീസ് ചെയ്യും എന്നായിരുന്നു അണിയറക്കാരുടെ പ്രഖ്യാപനം. എന്നാൽ ബെംഗളൂരുവിൽ പുലർച്ചെയുള്ള റിലീസിന് കർണാടക ഡിജിപി അനുമതി നിഷേധിച്ചു. എല്ലാ തിയേറ്ററുകളോടും നാളെ രാവിലെ ആറ് മണിക്ക് സിനിമ റിലീസ് ചെയ്യാൻ ഉത്തരവിട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം