'അയ്യപ്പഭക്തരെ ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാകില്ല'; പമ്പയിലും സന്നിധാനത്തും സമരങ്ങൾ വിലക്കി ഹൈക്കോടതി

ശബരിമല ഡോളി സമരത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി.അയ്യപ്പ ഭക്തരെ ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഇനി ആവര്‍ത്തിക്കരുതെന്നും കോടതി. സംഭവത്തെ തുടര്‍ന്ന് പമ്പയിലും സന്നിധാനത്തും സമരത്തിന് വിലക്കേര്‍പ്പെടുത്തി.

sabarimala pilgrimage latest news highcourt with crucial decision banned strikes at pamba and sannidhanam can't tolerate things that affects ayyappa devotees

കൊച്ചി :ശബരിമല ഡോളി സമരത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി.അയ്യപ്പ ഭക്തരെ ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും തീർത്ഥാടന കാലയളവിൽ ഇത്തരം പ്രവർത്തികൾ ഇനി പാടില്ലെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് നിലപാടെടുത്തു. ഇതേ തുടർന്ന് പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും കോടതി വിലക്ക് ഏർപ്പെടുത്തി.

ഇന്നലെ അർദ്ധരാത്രി മുതൽ ഉച്ചവരെ ഡോളി തൊഴിലാളികൾ നടത്തിയ സമരത്തിൽ റിപ്പോർട്ട് നൽകാൻ ചീഫ് പൊലീസ് കോർഡിനേറ്റർക്ക് ഹൈക്കോടതി നിർദേശം നൽകി. ഡോളി തൊഴിലാളി സമരം പോലെയുള്ളത് ഇനി ആവർത്തിക്കരുത്. ഇത്തരം സമരങ്ങൾ ഭക്തരുടെ ആരാധനാവകാശത്തെ ബാധിക്കുമെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി. അമിതനിരക്ക് ഈടാക്കുന്നത് ഒഴിവാക്കാൻ പ്രീപെയ്ഡ് രീതിയിലേക്ക് ഡോളി സർവീസ് മാറ്റാനുള്ള ദേവസ്വം നീക്കത്തിനെതിരെയാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്.

ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചുമുള്ള ഡോളി സർവീസ് പ്രീപെയ്ഡ് ആക്കുന്നതിനുള്ള ചർച്ചകൾ ദേവസ്വം ബോർഡ് തുടങ്ങിയത്. ഒരു വശത്തേക്ക് ചുരുങ്ങിയത് 3250 രൂപ എന്ന നിരക്കിൽ ആയിരുന്നു ദേവസ്വം ബോർഡ് തീരുമാനം. എന്നാൽ ഏകപക്ഷീയമായ തീരുമാനം എന്ന് ആരോപിച്ച് അർദ്ധരാത്രി മുതൽ മുന്നൂറിലേറെ വരുന്ന ഡോളി സർവീസുകാർ പണിമുടക്കുകയായിരുന്നു. ഇതോടെ ഡോളി സർവീസിനെ ആശ്രയിച്ച് സന്നിധാനത്ത് എത്തിയ പ്രായമായവരും ഭിന്നശേഷിക്കാരും വലഞ്ഞിരുന്നു.

പിന്നീട് ശബരിമല എഡിഎമ്മുമായി സമരക്കാർ നടത്തിയ ചർച്ചയിലാണ് പണിമുടക്ക് പിൻ വലിക്കാൻ ധാരണയായത്. നാലു കേന്ദ്രങ്ങളിൽ കൗണ്ടർ തുടങ്ങി ഡോളി സർവീസ് പ്രീപെയ്ഡ് മാതൃകയിലാക്കാൻ ആണ് ആലോചന. ഡോളി സർവീസുകാർ എതിർപ്പ് പരസ്യമാക്കിയതോടെ അടിസ്ഥാന നിരക്കിൽ ഉൾപ്പെടെ ഇനി മാറ്റം വരുത്തും. ചില ഡോളി സർവീസുകാർ തീർത്ഥാടകരിൽ നിന്നും അമിത നിരക്ക് ഈടാക്കുന്നുവെന്ന് പരാതി വ്യാപകമായതിനെ തുടർന്നാണ് പ്രീപെയ്ഡ് സംവിധാനത്തെ കുറിച്ച് ആലോചിക്കാൻ ഹൈക്കോടതി ദേവസ്വം ബോർഡിനോട് നിർദ്ദേശിച്ചത്.

കൊലക്ക് കാരണം കടക്ക് മുന്നിൽ കൂടോത്രം ചെയ്തതിലുള്ള വൈരാഗ്യം; അപകടം ആസൂത്രിത ഗൂഢാലോചന, പ്രതികൾ അറസ്റ്റിൽ

ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ട സംഭവം; റിപ്പോർട്ട് തേടി ഹൈക്കോടതി ദേവസ്വം ബെഞ്ച്

 

 

Latest Videos
Follow Us:
Download App:
  • android
  • ios