ചരിത്ര നേട്ടവുമായി കൊച്ചി കപ്പൽ ശാല, തദ്ദേശീയമായി നിർമിച്ച ഇലക്ട്രിക് ബാർജുകൾ നോർവേക്ക് കൈമാറി
നോർവേയിലെ പ്രമുഖ സൂപ്പർ മാർക്കറ്റ് ശൃംഖലയായ 'അസ്കോ' മാരിടൈമിനാണ് ബാർജുകൾ കൈമാറിയത്, ഒരു ബാർജിന്റെ നിർമാണ ചെലവ് 65 കോടി
കൊച്ചി: കൊച്ചി കപ്പൽ നിർമാണ ശാലയ്ക്ക് ചരിത്ര നേട്ടം. ഇന്ത്യയിൽ ആദ്യമായി നിർമ്മിച്ച ആളില്ലാതെ പ്രവർത്തിക്കുന്ന ഇലക്ട്രിക് ബാർജുകൾ നോർവേക്ക് കൈമാറി. കാർബൺരഹിത ഗതാഗതം പ്രോത്സാഹിപ്പിക്കുന്ന നോർവീജിയൻ സർക്കാർ നയത്തിന്റെ ഭാഗമായാണ് കപ്പൽ ശാലയ്ക്ക് ഇലക്ട്രിക് ബാർജുകളുടെ നിർമാണ കരാർ ലഭിച്ചത്. പ്രത്യേക കപ്പലിലാണ് ബാർജുകൾ നോർവേയിലെത്തിക്കുക.
നോർവേയിലെ പ്രമുഖ സൂപ്പർ മാർക്കറ്റ് ശൃംഖലയായ 'അസ്കോ' മാരിടൈമിന് വേണ്ടിയാണ് ബാർജുകൾ നിർമിച്ചത്. 67 മീറ്റർ നീളമുള്ള ബാർജ് 1,846 കിലോ വാട്ട് ശേഷിയുള്ള ബാറ്ററിയിലാണ് പ്രവർത്തിക്കുക. 16 കണ്ടെയ‍്‍നറുകളെ വരെ വഹിക്കാൻ ഈ ബാർജുകൾക്കാകും. ഒന്നര വർഷമെടുത്താണ് ബാർജിന്റെ നിർമാണം കൊച്ചിൻ ഷിപ്പ്‍യാർഡ് പൂർത്തിയാക്കിയത്. 65 കോടി രൂപയാണ് ഒരു ബാർജിന്റെ നിർമാണച്ചെലവ്. കാർബൺരഹിത ഗതാഗത മാർഗങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള നോർവേ സർക്കാർ നയത്തിന്റെ ഭാഗമായാണ് പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ബാർജുകൾ വാങ്ങാൻ 'അസ്കോ' തീരുമാനിച്ചത്. ആകെ ചെലവിന്റെ 30 ശതമാനം നോർവേ സർക്കാരാണ് വഹിക്കുന്നത്.
'യാട്ട് സെർവന്റ്' (Yacht servant) എന്ന കപ്പലിൽ ബോട്ടുകളുടെ സഹായത്തോടെയാണ് ബാർജുകൾ കയറ്റിയത്. ഇതിനായി കപ്പൽ എട്ടടിയോളം വെള്ളത്തിലേക്ക് താഴ്ത്തി. ഒരു മാസത്തിനകം കപ്പൽ നോർവേയിലെത്തും. നോർവേയുടെ ഒളിംപിക്സ് മെഡൽ ജേതാക്കളായ തെരേസയുടെയും മാരിറ്റിന്റെയും പേരുകളാണ് ബാർജിന് നൽകുക.