സ്വര്‍ണക്കടത്തിൽ പ്രധാനമന്ത്രി നടപടി സ്വീകരിക്കുകയാണ് വേണ്ടത്, എന്താ ഭയമാണോയെന്നും കെസി വേണുഗോപാൽ

തൃശൂർ പ്രസംഗത്തിൽ 18  തവണയാണ് പ്രധാനമന്ത്രി മോദി തൻറെ ഗാരൻറി എടുത്തു പറഞ്ഞത്. മോദിയുടെ ഉറപ്പ് വികസന കാർഡാക്കി തൃശൂരും പിന്നെ കേരളവും പിടിക്കാനാണ് ബിജെപി ശ്രമം

KC Venugopal says PM Modi should take action against gold smuggling not speech kgn

തിരുവനന്തപുരം: നയതന്ത്ര സ്വർണ്ണക്കടത്ത് സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുകയല്ല, നടപടി എടുക്കുകയാണ് വേണ്ടതെന്ന് കെ സി വേണുഗോപാൽ. നടപടി എടുക്കാത്തതിന് കാരണം ഭയമാണോ അതോ അഡ്‌ജസ്റ്റ്മെന്റ് രാഷ്ട്രീയമാണോയെന്നും എഐസിസി ജനറൽ സെക്രട്ടറി ചോദിച്ചു. ഇന്ത്യ സഖ്യമല്ല മറിച്ച് എൻഡിഎയാണ് സാമ്പാർ മുന്നണിയെന്നും അദ്ദേഹം പരിഹസിച്ചു. ദില്ലിയിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിയുടെ തൃശൂർ പ്രസംഗം മനസിൽ തട്ടിയുള്ളതല്ലെന്നായിരുന്നു മറ്റൊരു വിമര്‍ശനം. മണിപ്പൂരിൽ എന്ത് സംഭവിച്ചുവെന്ന് പ്രധാനമന്ത്രി പറയണമായിരുന്നു. മണിപ്പൂരിലെ സ്ത്രീകൾക്ക് എന്തു സംഭവിച്ചു എന്ന് പറയണം. കേരളം കാത്തിരുന്നത് അതാണ്. എന്നാൽ അതേക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.

മോദിയുടെ ഗ്യാരൻറി പ്രസംഗം സംസ്ഥാനത്ത് മുഖ്യപ്രചാരണമാക്കാനുള്ള ബിജെപി നീക്കത്തെ കടന്നാക്രമിച്ച് യുഡിഎഫും എൽഡിഎഫും രംഗത്ത് വന്നിട്ടുണ്ട്. സ്വർണ്ണക്കടത്ത് പ്രധാനമന്ത്രി പരാമർശിച്ചെങ്കിലും കേസിലുണ്ടായത് ബിജെപി-സിപിഎം ഒത്തുകളിയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തുന്നു. ബിജെപിയുടെ മോഹം കേരളത്തിൽ നടക്കില്ലെന്നും സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ പരാജയപ്പെട്ടെന്നും സിപിഎം വാദിക്കുന്നു.

തൃശൂർ പ്രസംഗത്തിൽ 18  തവണയാണ് പ്രധാനമന്ത്രി മോദി തൻറെ ഗാരൻറി എടുത്തു പറഞ്ഞത്. മോദിയുടെ ഉറപ്പ് വികസന കാർഡാക്കി തൃശൂരും പിന്നെ കേരളവും പിടിക്കാനാണ് ബിജെപി ശ്രമം. പ്രധാനമന്ത്രിയുടെ മടക്കത്തിന് ശേഷം ചേർന്ന നേതാക്കളുടെ യോഗം മോദിയുടെ ഗാരൻറി ടാഗ് ലൈൻ ആക്കാൻ തീരുമാനിച്ചു. ഗാരൻറിക്കൊപ്പം മോദി പരമാർശിച്ച സ്വർണ്ണക്കടത്ത് കേസ് ബിജെപിക്കും സിപിഎമ്മിനുമെതിരെ പിടിവള്ളിയാക്കുകയായിരുന്നു യുഡിഎഫ്.

അടിസ്ഥാന ഹിന്ദു വോട്ടിനൊപ്പം മോദി വഴി ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ കൂടി ബിജെപി ലക്ഷ്യമിടുന്നുണ്ട്. എന്നാൽ മണിപ്പൂരിലെ ഗാരൻറിയെവിടെ എന്നാണ് ഇടത് ചോദ്യം. രാഹുലിനെ കേരളത്തിൽ നിന്ന് ജയിപ്പിക്കാൻ സിപിഎം-കോൺഗ്രസ് ധാരണയെന്നാണ് സതീശൻറെ ഒത്ത് കളി ആരോപണത്തിനുള്ള ബിജെപി മറുപടി.

സ്വർണ്ണക്കടത്ത് പ്രധാനമന്ത്രി പരാമർശിച്ചത് കേസ് ഒത്തുതീർപ്പായെന്ന ആരോപണങ്ങൾ തള്ളുന്നതല്ലേ എന്ന് ബിജെപി ചോദിക്കുന്നു. കേസിൽ എന്തും വരട്ടെ എന്ന് സിപിഎം പറയുന്നു. പക്ഷെ 2021 ൽ ശംഖുമുഖം പ്രസംഗത്തിൽ അമിത്ഷായും ഇപ്പോൾ മോദിയും സ്വർണ്ണക്കടത്ത് ഉന്നയിക്കുമ്പോഴും കേസ് അന്വേഷണം കാര്യമായി മുന്നോട്ട് പോകാത്തത് വിശദീകരിക്കുക സംസ്ഥാനത്തെ ബിജെപി നേതൃത്വത്തെ സംബന്ധിച്ച് ബാധ്യതയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios