'ദില്ലി ജുമാ മസ്ജിദിലും സർവേ നടത്തണം'; എഎസ്ഐക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷന്‍

ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ, ദേവതകളുടെ വിഗ്രഹങ്ങൾ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ഹിന്ദുക്കളെ അപമാനിക്കാൻ ഔറംഗസീബ് പള്ളിയുടെ കോണിപ്പടികളിൽ ഉപയോഗിച്ചെന്നും പരാതിക്കാരൻ പറഞ്ഞു.

Hindu sena demand ASI survey in Delhi Juma masjid

ദില്ലി: ദില്ലിയിലെ പ്രശസ്തമായ ജുമാമസ്ജിദിൽ സർവേ നടത്തണമെന്നാവശ്യപ്പെട്ട് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) ഡയറക്ടർ ജനറലിന് കത്തയച്ചു. ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ പള്ളിക്കുള്ളിൽ കുഴിച്ചിട്ടിരിക്കുകയാണെന്ന് ഗുപ്ത കത്തിൽ ആരോപിച്ചു. ജോധ്പൂരിലെയും ഉദയ്പൂരിലെയും ക്ഷേത്രങ്ങൾ തകർത്താണ് ചരിത്രപ്രസിദ്ധമായ ജുമാ മസ്ജിദ് നിർമ്മിച്ചതെന്നും ഹിന്ദുസേനാ നേതാവ് കത്തിൽ ആരോപിച്ചു.

ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ, ദേവതകളുടെ വിഗ്രഹങ്ങൾ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ഹിന്ദുക്കളെ അപമാനിക്കാൻ ഔറംഗസീബ് പള്ളിയുടെ കോണിപ്പടികളിൽ ഉപയോഗിച്ചു. ഉത്തരവാദിത്തപ്പെട്ട അധികാരി എന്ന നിലയിൽ എഎസ്ഐ പള്ളിയുടെ ഘടനയെക്കുറിച്ച് സമഗ്രമായ പരിശോധന നടത്തണമെന്നും ഗുപ്ത പറഞ്ഞു. നിരവധി ക്ഷേത്രാവശിഷ്ടങ്ങളും വിഗ്രഹങ്ങളും മസ്ജിദിൻ്റെ പടിക്കെട്ടിന് താഴെ കുഴിച്ചിട്ടിട്ടുണ്ടെന്ന് കത്തിൽ ആരോപിക്കുന്നു. 

തന്റെ മതവികാരത്തെ ബാധിക്കുകയും അവിടെ അടക്കം ചെയ്തിരിക്കുന്നതായി വിശ്വസിക്കപ്പെടുന്ന ദേവതകളെ ആരാധിക്കാനുള്ള തൻ്റെ അവകാശത്തെ തടസ്സപ്പെടുത്തുകയും ചെയ്തുവെന്നും ഗുപ്ത ആരോപിച്ചു. അതേസമയം, വിഷയത്തിൽ പ്രതികരിക്കാൻ ജുമാമസ്ജിദ് അധികൃതർ വിസമ്മതിച്ചു. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ, അജ്മീര്‍ ദര്‍ഗയിലും സര്‍വേ നടത്തണമെന്നാവശ്യപ്പെട്ട് ഇവര്‍ കോടതിയെ സമീപിച്ചിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios