'ഞാൻ അധികാരമേൽക്കും മുൻപ് ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ...'; ഹമാസിന് അന്ത്യശാസനവുമായി ട്രംപ്
ഇസ്രയേലിന് ശക്തമായ പിന്തുണ നൽകുമെന്നും ഡോണൾഡ് ട്രംപ്
വാഷിങ്ടണ്‍: ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. താൻ അധികാരത്തിലേറുമ്പോഴേക്കും ബന്ദികളെ വിട്ടയക്കണമെന്നാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. ഗാസയിലെ ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കാനും 14 മാസം മുമ്പ് പിടികൂടിയ ബന്ദികളെ മോചിപ്പിക്കാനും കഴിയുന്ന കരാറിലെത്താൻ ബൈഡൻ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. പിന്നാലെയാണ് ട്രംപിന്‍റെ ഭീഷണി.
താൻ അഭിമാനപൂർവ്വം യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് പ്രസിഡന്‍റായി ചുമതലയേൽക്കുന്ന 2025 ജനുവരി 20-ന് മുമ്പ് ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ, വലിയ പ്രത്യാഘാതം നേരിടേണ്ടി വരും എന്നാണ് ട്രംപിന്‍റെ ഭീഷണി. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി ഉത്തരവാദികൾക്കെതിരെ ഉണ്ടാകും. അതുകൊണ്ട് ബന്ദികളെ ഇപ്പോൾ തന്നെ മോചിപ്പിക്കണമെന്നാണ് ട്രംപ് പറഞ്ഞത്. ഇസ്രയേലിന് ശക്തമായ പിന്തുണ നൽകുമെന്നും ട്രംപ് വ്യക്തമാക്കി.
ഒക്‌ടോബർ 7-നാണ് ഇസ്രയേൽ - ഹമാസ് യുദ്ധം തുടങ്ങിയത്. അന്ന് 1,208 പേർ കൊല്ലപ്പെട്ടു. 251 ഇസ്രയേൽ പൌരന്മാരെ ഹമാസ് ബന്ദികളാക്കി. ഇവരിൽ 35 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. 97 പേർ ഇപ്പോഴും ഹമാസിന്‍റെ പിടിയിലാണ്. ഇസ്രയേലിന്‍റെ പ്രത്യാക്രമണത്തിൽ 44,429 പേർ ഗസയിൽ കൊല്ലപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം