ജനാധിപത്യ കേരളം ഈ കാഴ്ചകൾ കണ്ടുകൊണ്ട് തന്നെയാണിരിക്കുന്നത്; 'ലക്ഷണമൊത്ത ഫാസിസ്റ്റ്', പിണറായിക്കെതിരെ വേണുഗോപാൽ

രാജ്യത്ത് ഫാസിസം അതിന്റെ പത്തിവിടർത്തിയാടുന്ന സംഘപരിവാർ കാലത്തെ നാണിപ്പിക്കും വിധമാണ് പിണറായി വിജയന്റെ പ്രവർത്തനങ്ങളെന്നും വേണുഗോപാൽ വിമർശിച്ചു

K C Venugopal responce on police case against asianet news reporter akhila nandakumar Maharajas mark list controversy asd

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രംഗത്ത്.  എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതാതെ പാസായ സംഭവം സത്യസന്ധമായി റിപ്പോർട്ട് ചെയ്തതിന്‍റെ പേരിൽ കേസെടുത്ത പൊലീസിന്റെ അസ്വാഭാവിക നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.

ഏഷ്യാനെറ്റ് റിപ്പോർട്ടർക്കെതിരായ കേസ്: 'ചങ്ങലയ്ക്ക് ഭ്രാന്ത്' പിണറായി പൊലീസ് അന്വർത്ഥമാക്കുന്നു: സുരേന്ദ്രൻ

രാജ്യത്ത് ഫാസിസം അതിന്റെ പത്തിവിടർത്തിയാടുന്ന സംഘപരിവാർ കാലത്തെ നാണിപ്പിക്കും വിധമാണ് പിണറായി വിജയന്റെ പ്രവർത്തനങ്ങളെന്നും വേണുഗോപാൽ വിമർശിച്ചു. സി പി എമ്മിന്റെ വഴിവിട്ട നടപടികൾ തുറന്നുകാണിക്കുന്ന മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത് കൂച്ചുവിലങ്ങിടാൻ ശ്രമിക്കുന്ന പിണറായി വിജയൻ ലക്ഷണമൊത്ത ഫാസിസ്റ്റാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. ജനാധിപത്യ സമൂഹം ഈ കാഴ്ചകൾ കണ്ടുകൊണ്ട് തന്നെയാണിരിക്കുന്നതെന്ന് സി പി എമ്മിനെയും പിണറായി വിജയനെയും ഓർമിപ്പിക്കുന്നുവെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.

കെ സി വേണുഗോപാലിന്റെ കുറിപ്പ് പൂർണരൂപത്തിൽ

സർക്കാരിനോ സി.പി.ഐ.എമ്മിനോ എതിരായി വാർത്ത റിപ്പോർട്ട് ചെയ്താൽ ഗൂഢാലോചനക്കുറ്റം ചുമത്തി കേസെടുത്ത് വായ്മൂടിക്കെട്ടുന്ന ഫാസിസ്റ്റ് കാലമാണ് കേരളത്തിൽ ഇപ്പോൾ. മഹാരാജാസ് കോളേജ് മാർ‍ക്ക് ലിസ്റ്റ് വിവാദത്തിൽ സത്യസന്ധമായി വാർത്ത റിപ്പോർട്ട്‌ ചെയ്യാൻ പോയ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്ത പൊലീസിന്റെ അസ്വാഭാവിക നടപടി ജനാധിപത്യ വിരുദ്ധമാണ്. ഒപ്പം കെ.എം.എം.എല്ലിലെ അനധികൃത നിയമനങ്ങൾ പുറത്തുകൊണ്ടുവന്നതിന്റെ പേരിൽ മലയാള മനോരമ ദിനപത്രത്തിന്റെ  കൊല്ലം ബ്യൂറോ ചീഫ് ജയചന്ദ്രൻ ഇലങ്കത്തിനെതിരെയും കേസെടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ മൊഴിയെടുക്കാൻ പോലീസ് ശ്രമം നടത്തി. ഫാസിസം അതിന്റെ പത്തിവിടർത്തിയാടുന്ന സംഘപരിവാർ കാലത്തെ നാണിപ്പിക്കും വിധമാണ് പിണറായി വിജയന്റെ പ്രവർത്തനങ്ങൾ.

ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ അനിഷേധ്യ ഭാഗമാണ് അഭിപ്രായ പ്രകടനത്തിനും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യം. അത് തടസ്സപ്പെടാത്ത സാഹചര്യം ഈ നാട്ടിൽ ഉണ്ടായേ തീരൂ. വ്യത്യസ്തമായ അഭിപ്രായപ്രകടനങ്ങള്‍ക്ക് പൊതുമണ്ഡലത്തില്‍ ഇടമുണ്ടാകണം. അതാണ് ജനാധിപത്യത്തിൻ്റെ സൗന്ദര്യം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. മറിച്ചായാല്‍ ആത്യന്തികമായി ജനാധിപത്യം തന്നെ അപകടപ്പെടും. അങ്ങനെ ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തിവെയ്ക്കുന്ന പ്രവർത്തനമാണ് ദേശീയ തലത്തിൽ മോദിസർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. തങ്ങൾക്ക് വഴങ്ങാത്തവരുടെ മേൽ വിലക്ക് ഏർപ്പെടുത്തിയും ഓഫീസുകളിൽ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് റെയ്ഡ് നടത്തിയും ബി.ജെ.പി നടത്തുന്ന ഫാസിസ്റ്റ് പ്രവർത്തനങ്ങൾ ഈ വർഷത്തെ വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്‌സിൽ ഇന്ത്യയുടെ റാങ്ക് 161ാം റാങ്കിലേക്ക് കൂപ്പുകുത്തിച്ചുകളഞ്ഞു. 2022-ൽ ഇത് 150ാം റാങ്ക് ആയിരുന്നു. മാധ്യമപ്രവർത്തകരുടെ സ്ഥിതി വളരെ ഗുരുതരമാണെന്ന് വിലയിരുത്തുന്ന 31 രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ ഇടംപിടിച്ചിട്ടുണ്ട്.

രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യം പോറൽ കൊള്ളാതെ നിലനിൽക്കുവാൻ ജനാധിപത്യ വിശ്വാസികൾ ശക്തമായ ചെറുത്തുനിൽപ്പ് നടത്തുന്നതിനിടെയാണ് അതേ മാതൃക അവലംബിച്ചുകൊണ്ട് മറുവശത്ത് പിണറായി വിജയൻ ഭരണകൂടം മാധ്യമ സ്വാതന്ത്ര്യത്തിന് മേൽ കടന്നുകയറ്റം നടത്തുന്നത്. സ്വതന്ത്രമായ മാധ്യമ പ്രവർത്തനം പോലും വെല്ലുവിളി നേരിടുന്ന സാഹചര്യമാണ് ഇന്ന് കേരളത്തിലും നിലനിൽക്കുന്നത്. ബി.ജെ.പി ഭരണകൂടങ്ങൾ വാഴുന്ന സംസ്ഥാനങ്ങളുടെ അതേ അവസ്ഥ. കേരളത്തിലെ മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ ഭരണകൂട കടന്നുകയറ്റം അങ്ങേയറ്റം അപലപനീയമാണ്. സി.പി.ഐ.എമ്മിന്റെ വഴിവിട്ട നടപടികൾ തുറന്നുകാണിക്കുന്ന മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത് കൂച്ചുവിലങ്ങിടാൻ ശ്രമിക്കുന്ന പിണറായി വിജയൻ ലക്ഷണമൊത്ത ഫാസിസ്റ്റാണ്. ഭരണഘടന ഉറപ്പാക്കുന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് മേലുള്ള ഈ കടന്നുകയറ്റം ഒട്ടും അംഗീകരിക്കാനാവില്ല. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി തെരുവിലിറങ്ങുകയും അധര വ്യായാമം നടത്തുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടവും അതിനെ നയിക്കുന്ന  സി.പി.ഐ.എമ്മും  കേരളത്തിലെ മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും ഇത്തരത്തിൽ നേരിടുന്നത് വഴി അവരുടെ ഇരട്ടത്താപ്പാണ് പുറത്തുവന്നിരിക്കുന്നത്. ജനാധിപത്യ സമൂഹം ഈ കാഴ്ചകൾ കണ്ടുകൊണ്ട് തന്നെയാണിരിക്കുന്നതെന്ന് സി.പി.ഐ.എമ്മിനെയും പിണറായി വിജയനെയും ഓർമിപ്പിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios