ക്രിസ്മസ് ബമ്പർ ലോട്ടറി അച്ചടി ആരംഭിച്ചു; ടിക്കറ്റുകൾ എത്തുന്നത് 2 ആഴ്ച വൈകി; വിൽപന കുറയാൻ സാധ്യത
സമ്മാനഘടനയിൽ മാറ്റം വരുത്തിയതോടെ മുടങ്ങി കിടന്ന ക്രിസ്മസ് ബമ്പർ ലോട്ടറിയുടെ അച്ചടി ആരംഭിച്ചു.
തിരുവനന്തപുരം: സമ്മാനഘടനയിൽ മാറ്റം വരുത്തിയതോടെ മുടങ്ങി കിടന്ന ക്രിസ്മസ് ബമ്പർ ലോട്ടറിയുടെ അച്ചടി ആരംഭിച്ചു. ബമ്പർ ലോട്ടറി ഇറങ്ങേണ്ട സമയത്തേക്കാൾ രണ്ടാഴ്ച വൈകിയാണ് ടിക്കറ്റുകള്‍ വിപണിയിലെത്തുന്നത്. സമ്മാന ഘടനയിലുണ്ടായ തർക്കം കാരണം ടിക്കറ്റുകള്‍ വൈകിയതിനാൽ വിറ്റുവരവ് കാര്യമായി കുറയാൻ സാധ്യതയുണ്ട്.
ഈ മാസം നാലിനായിരുന്നു പൂജാബമ്പർ നറുക്കെടുപ്പ്. അന്നു തന്നെ ക്രിസ്മസ് ബമ്പർ പുറത്തിറങ്ങേണ്ടതായിരുന്നു. ബമ്പറുകള്‍ പുറത്തിറങ്ങുന്ന ആദ്യ രണ്ടാഴ്ചയും നറുക്കെടുപ്പിന് തൊട്ടു മുമ്പുള്ള ആഴ്ചകളിലുമായി വൻ വിൽപ്പന നടത്തുന്നത്. പക്ഷെ ക്രിസ്മസ് ബമ്പർ ഇനിയും രണ്ട് ദിവസം കൂടി കഴിയണം. ശബരിമല സീസണറായതിനാൽ കച്ചവടം കൂടുമായിരുന്നു. ഈ രണ്ടാഴ്ച നഷ്ടപ്പെട്ട ഭാഗ്യാന്വേഷകരെ ഇനി കിട്ടിയെന്നും വരില്ല.
കഴിഞ്ഞ വർഷം 42 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റിരുന്നു. സമ്മാനഘടനയിലുണ്ടായ തർക്കമാണ് ടിക്കറ്റുകള്‍ പുറത്തിറങ്ങുന്നതിന് തടസ്സമായത്. ഈ വർഷം പുതിയ സമ്മാന ഘടനയാണ് ധനമന്ത്രി അംഗീകരിച്ചത്. 1000, 2000, 5000 സമ്മാനങ്ങളുടെ എണ്ണം കുറച്ചിരുന്നു. ഇതോടെ ടിക്കറ്റുകള്‍ ഏറ്റെടുക്കില്ലെന്ന് ഏജൻറുമാർ വാശിപിടിച്ചു. ലോട്ടറി തൊഴിലാളി ക്ഷേമി നിധി ബോർഡ് ഇടഞ്ഞതോടെ ലോട്ടറി തുടങ്ങി അച്ചടി നിർത്തിവച്ചു.
കഴിഞ്ഞ വർഷത്തെ അതേ സമ്മാനഘടനയിൽ ഈ വർഷവും ടിക്കറ്റുകള്‍ പുറത്തിറക്കാനാണ് സർക്കാർ ഇപ്പോള്‍ തീരുമാനിച്ചത്. പഴയ സമ്മാന ഘടന അനുസരിച്ച് 12 ലക്ഷം അച്ചടിച്ചു കഴിഞ്ഞത്. വീണ്ടും പുതിയ ടിക്കറ്റുകള്‍ ഇറക്കാൻ തീരുമാനിച്ചതോടെ 12 ലക്ഷം ടിക്കറ്റുകളും അച്ചടിക്കാൻ ചെലവായ തുകയും നഷ്ടമാകും. 15 ലക്ഷം രൂപയുടെ നഷ്ടമെങ്കിലും ഇതുവഴി മാത്രം ലോട്ടറിവകുപ്പിനുണ്ടാകും. ബാക്കിയുള്ള ദിവസങ്ങളിൽ വിൽപ്പന കാര്യമായി നടന്നില്ലെങ്കിൽ ക്രിസ്മസ് ബമ്പറിൽ സര്‍ക്കാരിൻെറ ടിക്കറ്റ് കീറാൻ സാധ്യതയുണ്ട്.