ഹാര്‍ദിക് പാണ്ഡ്യ എപ്പോഴാണ് പന്തെറിയുക ? മറുപടി പറഞ്ഞ് സഹീര്‍ ഖാന്‍
എന്തുകൊണ്ട് പാണ്ഡ്യ പന്തെറിയുന്നില്ലെന്ന് പലരും ചോദിച്ചിരുന്നു. അതിനെ കുറിച്ച് പ്രതികരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് ടീം ഡയറക്റ്ററായ സഹീര്‍ ഖാന്‍.
ദുബായ്: ദീര്‍ഘകാലം പരിക്കിന്റെ പിടിയിലായിരുന്നു ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. പരിക്ക് മാറി ദേശീയ ടീമില്‍ തിരിച്ചെത്തിയെങ്കിലും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യക്ക് ഒരുപരമ്പരയും ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് ഐപിഎല്‍ നടക്കുന്ന കാര്യം തീരുമാനമായത്. മുംബൈ ഇന്ത്യന്‍സിലൂടെയായിരിക്കും താരത്തിന്റെ തിരിച്ചുവരവെന്ന് എല്ലാവരും ഉറപ്പിച്ചു.
എന്നാല്‍ മത്സരങ്ങള്‍ താരം പൂര്‍ത്തിയാക്കെങ്കിലും ബാറ്റിംഗ് മാത്രമാണ് ഇതുവരെ കളിച്ചത്, പന്തെറിഞ്ഞിരുന്നില്ല. എന്തുകൊണ്ട് പാണ്ഡ്യ പന്തെറിയുന്നില്ലെന്ന് പലരും ചോദിച്ചിരുന്നു. അതിനെ കുറിച്ച് പ്രതികരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് ടീം ഡയറക്റ്ററായ സഹീര്‍ ഖാന്‍. സമീപഭാവിയില്‍ പാണ്ഡ്യ പന്തെറിയുമെന്നാണ് സഹീര്‍ പറയുന്നത്. ''പന്തെറിയണമെന്ന് പാണ്ഡ്യക്ക് അതിയായ ആഗ്രഹമുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ശരീരം അതിത് തയ്യാറായിട്ടില്ല. പന്തെറിയാന്‍ പാണ്ഡ്യയും ശ്രമിക്കുന്നുണ്ട്. അധികം വൈകാതെ പാണ്ഡ്യ പന്തെറിയുമെന്നാണ് ഞങ്ങളെല്ലാവരും പ്രതീക്ഷിക്കുന്നത്.
അദ്ദേഹത്തിന്റെ ശരീരം കൂടി ഞങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ താരം പന്തെറിയുന്നത് കാണാന്‍ ആരാധകര്‍ കുറച്ചുസമയം കൂടി കാത്തിരിക്കേണ്ടിവരും.'' സഹീര്‍ പറഞ്ഞുനിര്‍ത്തി.
എന്നാല്‍ ബാറ്റിങ്ങില്‍ ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഹാര്‍ദിക്കിന് ആയിട്ടില്ല. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 10 പന്തില്‍ 14 റണ്‍സാണ് താരം നേടിയത്. കൊല്‍ക്കത്തയ്‌ക്കെതിരെ 18 റണ്‍സിനും താരം പുറത്തായി.