ചെമ്പഴന്തി എസ്.എൻ കോളേജിന്‍റെ അപ്പീൽ തള്ളി സുപ്രീം കോടതി; എയിഡഡ് കോളേജുകൾ വിവരാവകാശത്തിന്‍റെ പരിധിയിൽ വരും

സംസ്ഥാന സർക്കാരിന്റെയും യുജിസിയുടെയും ഉൾപ്പെടെ ഫണ്ടുകൾ എയ്ഡഡ് കോളേജുകൾക്കും ലഭിക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഈ വാദം കൂടി കണക്കിലെടുത്താണ് സുപ്രീംകോടതി ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ തള്ളിയത്.

Supreme court says Aided colleges getting government fund comes under RTI act  rejected Chempazhanthy sn college appeal

ദില്ലി: എയിഡഡ് കോളേജുകൾ വിവരാവകാശത്തിന്‍റെ പരിധിയിൽ വരുമെന്ന ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി. സർക്കാർ ഫണ്ട് സ്വീകരിക്കുന്നതിനാൽ പൊതുസ്ഥാപനം എന്ന നിർവചനത്തിൽ എയ്ഡഡ് കോളേജുകളും ഉൾപ്പെടുമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു. വിധിയിൽ ഇടപെടാൻ ഇല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചെമ്പഴന്തി എസ് എൻ കോളേജ് അടക്കം നൽകിയ അപ്പീൽ തള്ളി കൊണ്ടാണ്  സുപ്രീം കോടതിയുടെ സുപ്രധാന വിധി.

ജസ്റ്റിസ് ജെ ബി പർദ്ദിവാലാ അധ്യക്ഷനായ ബെഞ്ചിന്‍റേയാണ് ഉത്തരവ്. അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം അടക്കം കാര്യങ്ങൾ മാത്രമാണ് സർക്കാർ നൽകുന്നതെന്നും കോളേജിന്റെ മറ്റ് അടിസ്ഥാന സൗകര്യ വികസനം അടക്കമുള്ള വിഷയങ്ങളിൽ മാനേജ്മെൻറ് ആണ് പണം ചെലവാക്കുന്നത് എന്നായിരുന്നു എസ് എൻ കോളേജിന്റെ വാദം. പൊതു സ്ഥാപനം എന്ന നിലയിൽ എയ്ഡഡ് കോളേജുകളെ നിർവചിക്കാൻ ആകില്ലെന്നും വിദ്യാർത്ഥികളുടെ ഫീസ് അടക്കമുള്ളവ സർക്കാരിലേക്ക് നേരിട്ടാണ് പോകുന്നതെന്നും കോളേജ് വാദമുന്നയിച്ചു.

എന്നാൽ സംസ്ഥാന സർക്കാരിന്റെയും യുജിസിയുടെയും ഉൾപ്പെടെ ഫണ്ടുകൾ എയ്ഡഡ് കോളേജുകൾക്കും ലഭിക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഈ വാദം കൂടി കണക്കിലെടുത്താണ് സുപ്രീംകോടതി ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ തള്ളിയത്. നിലവിലെ സാഹചര്യത്തിൽ ഹൈക്കോടതി വിധിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് സുപ്രീം കോടതി ഉത്തരവിൽ  വ്യക്തമാക്കി. സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിങ് കൗൺസൽ ഹർഷദ് വി ഹമീദ് ഹാജരായി. എസ് എൻ കോളേജിനായി അഭിഭാഷകൻ സന്തോഷ് കൃഷ്ണനാണ് ഹാജരായത്. ഈ വിധിയോടെ  സംസ്ഥാനത്തെ എയ്ഡഡ് കോളേജുകളിൽ വിവരാവകാശം വഴി ലഭിക്കുന്ന അപേക്ഷകൾക്ക് മറുപടി നൽകേണ്ടതായി വരും.

Read More : ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗിക ബന്ധം ബലാത്സംഗമല്ല, നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി

Latest Videos
Follow Us:
Download App:
  • android
  • ios