'ഒരു പ്രധാനമന്ത്രി ഇങ്ങനെ ചിന്തിക്കുന്നത് രാജ്യത്തിന് നല്ലത്'; നരേന്ദ്ര മോദിയെ പ്രശംസിച്ച് സെബാസ്റ്റ്യൻ കോ
ഏഷ്യാനെറ്റ് ന്യൂസ് ഗ്രൂപ്പ് എക്സിക്യുട്ടീവ് ചെയര്‍മാൻ രാജേഷ് കൽറ വേൾഡ് അത്‌ലറ്റിക്‌സ് പ്രസിഡന്റ് സെബാസ്റ്റ്യൻ കോയുമായി നടത്തിയ പ്രത്യേക അഭിമുഖം.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ അനുഭവങ്ങൾ പങ്കുവെച്ച് വേൾഡ് അത്‌ലറ്റിക്‌സ് ചീഫ് സെബാസ്റ്റ്യൻ കോ. രാജ്യത്തിന്‍റെ ആരോഗ്യ രംഗത്തും പൗരന്മാരുടെ സ്വഭാവ രൂപീകരണത്തിലും കായിക മേഖല വഹിക്കുന്ന പങ്കിനെക്കുറിച്ച് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ഗ്രൂപ്പ് എക്സിക്യുട്ടീവ് ചെയര്‍മാൻ രാജേഷ് കൽറ സെബാസ്റ്റ്യൻ കോയുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ അദ്ദേഹം പങ്കുവെച്ചത്.
പാർലമെന്റ് ശീതകാല സമ്മേളനത്തിൻ്റെ തുടക്കത്തിലായിരുന്നു പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് സെബാസ്റ്റ്യൻ കോ പറഞ്ഞു. വലിയ ഒരു കോർപ്പറേറ്റ് മീറ്റിംഗിൽ പങ്കെടുക്കാനുണ്ടായിരുന്നിട്ടും താനുമായുള്ള കൂടിക്കാഴ്ചയ്ക്ക് നരേന്ദ്ര മോദി സമയം കണ്ടെത്തി. ഒരു പാർലമെന്റ് അംഗമായിട്ടുള്ളതിനാലും ചെറിയ കാലയളവിലാണെങ്കിലും മന്ത്രി സ്ഥാനത്ത് ഇരുന്നതിനാലും നേതാക്കൻമാരുടെ ഒരു ദിവസത്തെ തിരക്ക് എന്തായിരിക്കുമെന്ന് തനിയ്ക്ക് ഊഹിക്കാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇത്രയേറെ തിരക്കുകൾക്കിടയിലും പ്രധാനമന്ത്രിയുമായി മികച്ച രീതിയിലുള്ള ചർച്ചകളാണ് നടന്നതെന്ന് സെബാസ്റ്റ്യൻ കോ പറഞ്ഞു. താൻ നിരവധി ലോക നേതാക്കളെ കണ്ടുമുട്ടിയിട്ടുണ്ട്. എന്നാൽ, വളരെ അപൂർവമായി മാത്രമേ സമൂഹത്തിൽ സ്പോർട്സിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഒരു നേതാവുമായി ഇത്ര മികച്ച ചർച്ച നടന്നിട്ടുള്ളൂവെന്ന് സെബാസ്റ്റ്യൻ കോ കൂട്ടിച്ചേർത്തു.
രാജ്യത്തിൻ്റെ സ്വഭാവ രൂപീകരണത്തിൽ സ്പോർട്സിന് വഹിക്കാനാകുന്ന പങ്കിനെക്കുറിച്ച് നരേന്ദ്ര മോദി പലപ്പോഴും സംസാരിച്ചിട്ടുണ്ടെന്ന് സെബാസ്റ്റ്യൻ കോ ചൂണ്ടിക്കാട്ടി. ഒരു പ്രധാനമന്ത്രി ഇത്തരത്തിൽ ചിന്തിക്കുന്നത് രാജ്യത്തിന് വളരെ നല്ലതാണെന്നും ഒരു രാഷ്ട്രീയക്കാരൻ, ഒരു നേതാവ് ഇത്രയും ദീർഘകാലമായി സംസാരിക്കുന്നത് കേൾക്കുന്നത് സന്തോഷകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ദില്ലിയിലെത്തിയ സെബാസ്റ്റ്യൻ കോ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പുറമെ കായികമന്ത്രി മൻസൂഖ് മാണ്ഡവ്യയുമായും അനൗദ്യോഗികമായ കൂടിക്കാഴ്ച നടത്തിയിരുന്നു. 1980-84 കാലഘട്ടത്തിൽ ഒളിമ്പിക്സിൽ 2 തവണ 1,500 മീറ്റർ ഓട്ടത്തിൽ ചാമ്പ്യനായ വ്യക്തിയാണ് സെബാസ്റ്റ്യൻ കോ. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ അടുത്ത പ്രസിഡന്റാകാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നതും 68കാരനായ സെബാസ്റ്റ്യൻ കോ തന്നെയാണ്.