ഇനിയൊരു നൂറു തവണ ആ മത്സരം കളിച്ചാലും ആ സിംഗിൾ ഞാനോടില്ല: സഞ്ജു സാംസൺ
രാജസ്ഥാൻ തുടക്കത്തിൽ തകർന്നടിഞ്ഞപ്പോൾ തനിക്കും വിജയപ്രതീക്ഷ ഇല്ലായിരുന്നുവെന്ന് രാജസ്ഥാൻ നായകനായ സഞ്ജു മത്സരശേഷം പറഞ്ഞു. മില്ലർ നന്നായി ബാറ്റ് ചെയ്യുകയും ബാറ്റിംഗ് നിരയിൽ ക്രിസ് മോറിസ് വരാനുണ്ടെന്നതും ചെറിയൊരു പ്രതീക്ഷ നൽകിയിരുന്നു.
മുംബൈ: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ മൂന്ന് വിക്കറ്റിന് കീഴടക്കി രാജസ്ഥാൻ റോയൽസ് സീസണിലെ ആദ്യ ജയം കുറിച്ചപ്പോൾ നായകനെന്ന നിലയിൽ ഒരു മലയാളി താരത്തിന്റെ ആദ്യ ഐപിഎൽ ജയം കൂടിയായി അത്. ഡൽഹിയെ 147 റൺസിലൊതുക്കിയെങ്കിലും രാജസ്ഥാന്റെ വിജയം അത്ര അനായാസമായിരുന്നില്ല. കഴിഞ്ഞ കളിയിൽ സെഞ്ചുറിയടിച്ച സഞ്ജുവടക്കം മുൻനിര 42 റൺസെടുക്കുന്നതിനിടെ കൂടാരം കയറി.
42-5 എന്ന സ്കോറിൽ പരാജയം മുന്നിൽ കണ്ട രാജസ്ഥാന് ആദ്യം ഡേവിഡ് മില്ലറും(62) അവസാനം ക്രിസ് മോറിസും(18 പന്തിൽ 36*) നടത്തിയ വെടിക്കെട്ട് ഇന്നിംഗ്സുകളാണ് അവിശ്വസനീയ വിജയം സമ്മാനിച്ചത്. കടുത്ത രാജസ്ഥാൻ ആരാധകർ പോലും വിജയപ്രതീക്ഷ കൈവിട്ടപ്പോഴായിരുന്നു ഈ ഐപിഎല്ലിലെ ഏറ്റവും വിലയേറിയ താരമായ ക്രിസ് മോറിസിന്റെ അവസാന ഓവറുകളിലെ വെടിക്കെട്ട്.
രാജസ്ഥാൻ തുടക്കത്തിൽ തകർന്നടിഞ്ഞപ്പോൾ തനിക്കും വിജയപ്രതീക്ഷ ഇല്ലായിരുന്നുവെന്ന് രാജസ്ഥാൻ നായകനായ സഞ്ജു മത്സരശേഷം പറഞ്ഞു. മില്ലർ നന്നായി ബാറ്റ് ചെയ്യുകയും ബാറ്റിംഗ് നിരയിൽ ക്രിസ് മോറിസ് വരാനുണ്ടെന്നതും ചെറിയൊരു പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ സത്യസന്ധമായി പറഞ്ഞാൽ രാജസ്ഥാൻ 42-5 എന്ന സ്കോറിൽ തകർന്നടിഞ്ഞപ്പോൾ ഞാൻ വിജയപ്രതീക്ഷ കൈവിട്ടിരുന്നു. പക്ഷെ ഞങ്ങളുടെ താരങ്ങൾ ശക്തമായി തിരിച്ചടിച്ച് വിജയം പിടിച്ചെടുത്തു. സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ സഞ്ജു പറഞ്ഞു.
പഞ്ചാബ് കിംഗ്സിനെതിരായ ആദ്യ മത്സരത്തിൽ ക്രിസ് മോറിസിന് അഞ്ചാം പന്തിൽ സിംഗിളെടുത്ത് സ്ട്രൈക്ക് കൈമാറാതിരുന്നതിനെയും സഞ്ജു ന്യായീകരിച്ചു. ഓരോ മത്സരത്തിനുശേഷവും എന്റെ പ്രകടനങ്ങളെ ഞാൻ വിശദമായി വിലയിരുത്താറുണ്ട്. അതുകൊണ്ടുതന്നെ ഇനിയൊരു നൂറു തവണ ആ മത്സരം കളിച്ചാലും ആ സിംഗിൾ ഞാനോടില്ലായിരുന്നു-സഞ്ജു പറഞ്ഞു.