കിംഗ് എന്ന് വിളിക്കുന്നത് വെറുതെയാണോ; ഭുവിക്കെതിരെ കോലിയുടെ സിക്സ് കണ്ട് വാ പൊളിച്ച് ഡൂപ്ലെസി-വീഡിയോ
ഓപ്പണിംഗ് വിക്കറ്റില്‍ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിക്കൊപ്പം 172 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് കോലി പുറത്തായത്. 12 ഫോറും നാലു സിക്സും അടങ്ങിയതായിരുന്നു കോലിയുടെ ഇന്നിംഗ്സ്. പതിവില്‍ നിന്ന് വ്യത്യസ്തമായി തുടക്കത്തിലെ തകര്‍ത്തടിച്ചാണ് കോലി ഹൈദരാബാദിനെതിരെ തുടങ്ങിയത്.
ഹൈദരാബാദ്: ഐപിഎല്ലില്‍ റണ്‍വേട്ടയില്‍ മുന്നിലുണ്ടെങ്കിലും വിരാട് കോലിയുടെ ബാറ്റിംഗ് സ്ട്രൈക്ക് റേറ്റിനെക്കുറിച്ചായിരുന്നു ഇതുവരെ വിമര്‍ശകരുടെ പ്രധാന ചര്‍ച്ച. എന്നാല്‍ ഇന്നലെ ജീവന്‍മരണപ്പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ സെഞ്ചുറിയുമായി സ്ട്രൈക്ക് റേറ്റിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളെയെല്ലാം ബൗണ്ടറി കടത്തുന്ന പ്രകടനമാണ് കോലി പുറത്തെടുത്തത്. 63 പന്തില്‍ 158.73 സ്ട്രൈക്ക് റേറ്റില്‍ 100 റണ്‍സടിച്ച കോലി ബാംഗ്ലൂരിന് സമ്മാനിച്ചത് വിജയം മാത്രമായിരുന്നില്ല, പ്ലേ ഓഫ് പ്രതീക്ഷയും കൂടിയായിരുന്നു.
ഓപ്പണിംഗ് വിക്കറ്റില്‍ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിക്കൊപ്പം 172 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് കോലി പുറത്തായത്. 12 ഫോറും നാലു സിക്സും അടങ്ങിയതായിരുന്നു കോലിയുടെ ഇന്നിംഗ്സ്. പതിവില്‍ നിന്ന് വ്യത്യസ്തമായി തുടക്കത്തിലെ തകര്‍ത്തടിച്ചാണ് കോലി ഹൈദരാബാദിനെതിരെ തുടങ്ങിയത്. ഹൈദരാബാദിന്‍റെ ഏറ്റവും മികച്ച ബൗളറും കഴിഞ്ഞ മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി മിന്നും ഫോമിലുമായിരുന്ന ഭുവനേശ്വര്‍ കുമാറിനെ കടന്നാക്രമിച്ചായിരുന്നു കോലി തുടങ്ങിയത്.
ആദ്യ ഓവറിലെ ഭുവിയുടെ ആദ്യ രണ്ട് പന്തുകള്‍ തന്നെ ബൗണ്ടറി കടത്തിയായിരുന്നു കോലി ഇന്നലെ വെടിക്കെട്ട് തുടങ്ങിയത്. പിന്നീട് 15ാം ഓവറില്‍ തന്‍റെ രണ്ടാം സ്പെല്ലിനെത്തിയപ്പോഴും ഭുവിയെ കോലി വെറുതെ വിട്ടില്ല. നാല് ബൗണ്ടറികളാണ് കോലി ആ ഓവറില്‍ നേടിയത്. ഇതില്‍ ഭുവിക്കെതിരെ എക്സ്ട്രാ കവറിന് മുകളിലൂടെ കോലി പറത്തിയ ലോഫ്റ്റഡ് കവര്‍ ഡ്രൈവ് കണ്ട് മറുവശത്തുണ്ടായിരുന്ന ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസി പോലും അത്ഭുതംകൊണ്ട് വാ പൊളിച്ചുപോയി.
ഡൂപ്ലെസി മാത്രമല്ല, കമന്‍ററി ബോക്സിലുണ്ടായിരുന്ന ഇയാന്‍ ബിഷപ്പും സുനില്‍ ഗവാസ്കറുമെല്ലാം കോലിയുടെ ബാറ്റിംഗിനെ വാനോളം പുകഴ്ത്തി. അസാമാന്യം, അയാള്‍ കൂടുതല്‍ കൂടുതല്‍ മികച്ചവനാകുന്നു, ശരിയായ സമയത്ത് തന്‍റെ ഏറ്റവും മികച്ച പ്രകടനം കോലി പുറത്തെടുത്തിരിക്കുന്നു എന്നായിരുന്നു ഇയാന്‍ ബിഷപ്പിന്‍റെ കമന്‍ററിയെങ്കില്‍ കോലിയുടെ പല കവര്‍ ഡ്രൈവുകളും കണ്ട് നമ്മള്‍ അന്തം വിട്ടിട്ടുണ്ട്. എന്നാല്‍ എക്സ്ട്രാ കവറിന് മുകളിലൂടെ ഉയര്‍ത്തിയടിക്കാനും തനിക്കാവുമെന്ന് കോലി ഇപ്പോള്‍ തെളിയിച്ചിരിക്കുന്നു. കവര്‍ ഡ്രൈവിന്‍റെ കാര്യത്തില്‍ അയാളാണ് ലോകത്തിലെ ഏറ്റവും മികച്ചവനെന്നായിരുന്നു ഗവാസ്കറുടെ മറുപടി.