'അച്ഛനാണ് എന്റെ കരുത്ത്, കഴിഞ്ഞ സീസണിലെ പ്രകടനത്തില്‍ ഞാന്‍ നിരാശനായിരുന്നു'; ഉള്ളുതുറന്ന് സഞ്ജു സാംസണ്‍
കഴിഞ്ഞ സീസണില്‍ വ്യത്യസ്തമായി കഠിനാധ്വാനം ചെയ്താണ് സഞ്ജു ഐപിഎല്ലിനെത്തിയത്. എന്തൊക്കെയോ മനസില്‍ ഉറപ്പിച്ച പോലെ. ലോക്ക്ഡൗണ്‍ സമയത്ത് നടത്തിയ കടുത്ത പരിശീലനം പ്രകടനത്തില്‍ കാണാനുണ്ട്.
ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രണ്ട് മത്സരം കഴിഞ്ഞപ്പോള്‍ തന്നെ രാജസ്ഥാന്‍ റോയല്‍സ് താരം സഞ്ജു സാംസണ്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്്‌സിനെതിരെ 32 പന്തില്‍ 74 റണ്‍സാണ് താരം നേടിയത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ രണ്ടാം മത്സരത്തില്‍ 42 പന്തുകള്‍ നേരിട്ട താരം 85 റണ്‍സും നേടി. രണ്ട് മത്സരങ്ങളിലും മാന്‍ ഓഫ് ദ മാച്ചും സഞ്ജുവായിരുന്നു. കഴിഞ്ഞ സീസണില്‍ വ്യത്യസ്തമായി കഠിനാധ്വാനം ചെയ്താണ് സഞ്ജു ഐപിഎല്ലിനെത്തിയത്. എന്തൊക്കെയോ മനസില്‍ ഉറപ്പിച്ച പോലെ. ലോക്ക്ഡൗണ്‍ സമയത്ത് നടത്തിയ കടുത്ത പരിശീലനം പ്രകടനത്തില്‍ കാണാനുണ്ട്.
രണ്ട് മത്സരത്തിലും പുറത്തെടുത്ത മികച്ച പ്രകടനത്തിന്റെ കാരണം വ്യക്തമാക്കുകയാണ് സഞ്ജു സാംസണ്‍. ''കഴിഞ്ഞ സീസണിലെ പ്രകടനത്തില്‍ എനിക്ക് നിരശയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പുതിയ സീസണിന് ഒരുങ്ങുമ്പോള്‍ വ്യക്തമായ പദ്ധതിയുണ്ടായിരുന്നു. ഞാന്‍ സ്വയം ഓരോ കാര്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. എന്താണ് ജീവിതത്തില്‍ നേടേണ്ടത്.? എവിടെയാണ് ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കേണ്ടത്.? ഇങ്ങനെയെല്ലാം ചോദിച്ചുകൊണ്ടിരുന്നു. അങ്ങനെ സ്വയം ആത്മവിശ്വാസം ഉള്‍കൊണ്ടു. കഴിഞ്ഞ ഒരുവര്‍ഷത്തോളം എനിക്ക് ഇണങ്ങുന്ന രീതിയില്‍ കളിക്കാന്‍ സാധിക്കുന്നുണ്ട്. എന്റെ ശരീരത്തിലും കളിയിലും വ്യത്യാസും എനിക്ക് കാണാന്‍ സാധിക്കും.
വരുന്ന പത്തോ അതിലധികം വര്‍ഷമോ എനിക്ക് ക്രിക്കറ്റില്‍ തുടരാന്‍ സാധിക്കും. അതുകൊണ്ടുതന്നെ എല്ലാം ക്രിക്കറ്റിന് സമര്‍പ്പിക്കാനാണ് എന്റെ തീരുമാനം. കാരണം എനിക്ക് വേണ്ടതെല്ലാം ക്രിക്കറ്റാണ് നല്‍കുന്നത്. കുടുംബവും സുഹൃത്തുക്കളും നല്‍കുന്ന പിന്തുണ വലുതാണ്. എന്റെ അച്ഛന്‍ കരുത്തുറ്റ മനസിന്റെ ഉടമയാണ്. ആ കരുത്ത് തന്നെയാണ് എനിക്കും ലഭിച്ചിട്ടുള്ളത്. എന്റെ ശരീരത്തിന്റെ കരുത്തും ഞാന്‍ മനസിലാക്കുന്നു. കായികപരമായ കരുത്ത് വര്‍ധിപ്പിക്കാന്‍ ഞാന്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നു. അതിന്റെ ഫലം പുറത്തുവരുന്നത് കാണുമ്പോള്‍ വളരെ സന്തോഷം'-സഞ്ജു പറഞ്ഞു.
2019 സീസണില്‍ 12 മത്സരത്തില്‍ നിന്ന് 342 റണ്‍സാണ് സഞ്ജു സാംസണ്‍ ആകെ നേടിയത്. എന്നാല്‍ ഇത്തവണ സഞ്ജുവിന്റെ തിരിച്ചുവരവാണ് ആദ്യ രണ്ട് മത്സരത്തിലൂടെ കണ്ടത്. നാളെ കൊല്‍ക്കത്ത നൈറ്റ് റൈഡേവ്‌സിനെതിരെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത മത്സരം.