വമ്പനടിക്കാരെല്ലാം പിന്നില്‍, നായകനായശേഷം പ്രഹരശേഷിയിലും സഞ്ജു 'തലൈവര്‍' തന്നെ
ഐപിഎല്‍ നായകന്‍മാരായിരുന്നിട്ടുള്ളവരില്‍ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റുള്ള താരം ഡല്‍ഹിയുടെയും പഞ്ചാബിന്‍റെയും മുന്‍ നായകനായിരുന്ന വീരേന്ദര്‍ സെവാഗിന്‍റെ പേരിലാണ്. 168 ആയിരുന്നു സെവാഗിന്‍റെ പ്രഹരശേഷി. നായകനെന്ന നിലയില്‍ രാജസ്ഥാനു വേണ്ടി 1000 റണ്‍സ് തികച്ച സഞ്ജു 144 പ്രഹരശേഷിയിലാണ് റണ്‍സടിച്ചുകൂട്ടിയത്.
ഗുവാഹത്തി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ എക്കാലത്തെയും വലിയ ടോപ് സ്കോറര്‍ എന്ന നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ മറ്റൊരു അപൂര്‍വനേട്ടം കൂടി സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. 2013 മുതല്‍ രാജസ്ഥാന് വേണ്ടി കളിക്കുന്ന സഞ്ജു മുന്‍ നായകന്‍ അജിങ്ക്യാ രഹാനെയെ പിന്തള്ളിയാണ് രാജസ്ഥാനുവേണ്ടിയുള്ള റണ്‍വേട്ടയില്‍ ഇന്നലെ ഒന്നാം സ്ഥാനത്ത് എത്തിയത്.
106 മത്സരങ്ങളിലെ 99 ഇന്നിംഗ്സുകളില്‍ നിന്ന് രഹാനെ 3098 റണ്‍സ് നേടിയപ്പോള്‍ 118 മത്സരത്തില്‍ 114 ഇന്നിംഗ്സില്‍ നിന്ന് 3138 റണ്‍സ് നേടിയാണ് റണ്‍വേട്ടയിലെ ഒന്നാമനായത്. ഇതിന് പുറമെ ക്യാപ്റ്റനെന്ന നിലയില്‍ കുറഞ്ഞത് 1000 റണ്‍സെങ്കിലും നേടിയിട്ടുള്ള ഐപിഎല്‍ നായകന്‍മാരില്‍ രണ്ടാമത്തെ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റുള്ള നായകനെന്ന നേട്ടമാണ് സഞ്ജു ഇന്നലെ സ്വന്തം പേരിലാക്കയിത്. പഞ്ചാബിനെതിരെ 25 പന്തില്‍ 42 റണ്‍സെടുത്ത് സഞ്ജു പുറത്തായിരുന്നു.
ഐപിഎല്‍ നായകന്‍മാരായിരുന്നിട്ടുള്ളവരില്‍ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റുള്ള താരം ഡല്‍ഹിയുടെയും പഞ്ചാബിന്‍റെയും മുന്‍ നായകനായിരുന്ന വീരേന്ദര്‍ സെവാഗിന്‍റെ പേരിലാണ്. 168 ആയിരുന്നു സെവാഗിന്‍റെ പ്രഹരശേഷി. നായകനെന്ന നിലയില്‍ രാജസ്ഥാനു വേണ്ടി 1000 റണ്‍സ് തികച്ച സഞ്ജു 144 പ്രഹരശേഷിയിലാണ് റണ്‍സടിച്ചുകൂട്ടിയത്.
2021ല്‍ രാജസ്ഥാന്‍റെ നായകനായി കെരഞ്ഞെടുക്കപ്പെട്ട സഞ്ജു നായകനായിട്ടുള്ള ആദ്യ സീസണില്‍ 136.72 പ്രഹരശേഷിയില്‍ 484 റണ്‍സടിച്ചപ്പോള്‍ കഴിഞ്ഞ സീസണില്‍ 146.79 പ്രഹരശേഷിയില്‍ 458 റണ്‍സടിച്ചു. ഈ സീസണില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് 97 റണ്‍സടിച്ച സഞ്ജു 170.17 പ്രഹരശേഷിയിലാണ് സ്കോര്‍ ചെയ്ത്. ഈ സീസണില്‍ ആദ്യ രണ്ട് മത്സരങ്ങളിലും രാജസ്ഥാന്‍റെ ടോപ് സ്കോററായ സഞ്ജു റണ്‍വേട്ടയില്‍ നിലവില്‍ നാലാം സ്ഥാനത്താണ്.